Sathyadarsanam

ഏകരക്ഷകനായ ഈശോയും ഇതരമതങ്ങളോടുള്ള കത്തോലിക്കാസഭയുടെ ബന്ധവും

ആമുഖം

ഏകരക്ഷകനായ ഈശോയിലൂടെ പൂര്‍ണമായും ലോകത്തിന് നല്കപ്പെട്ട ദൈവികവെളിപാടിന്റെ സംരക്ഷണം പരിശുദ്ധ സഭക്ക് ആകമാനം ഭരമേത്പിക്കപ്പെട്ടിരിക്കുന്നു. ഈ വെളിപാടിന്റെ പൂര്‍ണമായ ഉള്‍ക്കൊള്ളലിലേക്ക് ദൈവജനം കാലാകാലങ്ങളില്‍ വളരുകയും ചെയ്യുന്നു. ഇതരമതങ്ങളോടുള്ള ബന്ധം എങ്ങനെയായിരിക്കണം, എപ്രകാരമായിരിക്കണം എന്നതിനെക്കുറിച്ചും സഭയുടെ പ്രബോധനങ്ങള്‍ ഈ വ്യക്തതയിലേക്ക് വന്നുകൊണ്ടിരുന്നു എന്നതിന്റെ തെളിവാണ് രണ്ടാം വത്തിക്കാന്‍ സൂനഹദോസിലും തുടര്‍ന്നും സഭ പ്രകടിപ്പിച്ച ഉള്‍ക്കാഴ്ചകള്‍. ദൈവത്തിന്റെ രക്ഷണീയപദ്ധതി ഒന്നാണെന്നും അത് മറ്റെല്ലാ ജനതകളെയും ഉള്‍ക്കൊള്ളുന്നതാണെന്നും അവിടെ എല്ലാ മതങ്ങള്‍ക്കും സംസ്കാരങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത സ്ഥാനമുണ്ടെന്നും കൗണ്‍സില്‍ അംഗീകരിച്ചു. ഇപ്രകാരം ഇതരമതങ്ങള്‍ക്ക് രക്ഷാകരചരിത്രത്തിലുള്ള സ്ഥാനം അംഗീകരിക്കുമ്പോള്‍ത്തന്നെ ഈശോയില്‍ പൂര്‍ത്തിയായ രക്ഷാകരകര്‍മ്മത്തെയും ദൈവികവെളിപാടിനെയും സഭ ഊന്നിപ്പറയുകയും ചെയ്യുന്നു. ഇതരമതങ്ങളിലുള്ള അപൂര്‍ണമോ അവ്യക്തമോ ആയ ദൈവദര്‍ശനങ്ങളെ വ്യക്തമാക്കാനും പൂര്‍ത്തിയാക്കാനും അങ്ങനെ ഏകസത്യദൈവത്തിലേക്ക് അവരെ അടുപ്പിക്കാനുമുള്ള ഉത്തരവാദിത്വം ദൈവികവെളിപാടിന്റെ പൂര്‍ണത അവകാശപ്പെടുന്ന തിരുസ്സഭക്കുണ്ട്. നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രസംഗിക്കുക എന്ന മിശിഹായുടെ കല്പന പ്രാവര്‍ത്തികമാക്കുന്ന വര്‍ത്തമാനകാലരീതികളിലൊന്നാണ് ഇതരമതങ്ങളോട് നടത്തുന്ന സംവാദം അല്ലെങ്കില്‍ സംഭാഷണം. നേരിട്ടുള്ള സുവിശേഷപ്രഘോഷണവും ഇതരമതങ്ങളോടുള്ള സംവാദവും സഭയുടെ സുവിശേഷവത്കരണത്തിന്റെ രണ്ട് മാനങ്ങളാണ്.

1. വത്തിക്കാന്‍ സൂനഹദോസിന്റെ കാഴ്ചപ്പാടുകള്‍

രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ 16 രേഖകള്‍ പുറപ്പെടുവിച്ചു. സ്വഭാവമനുസരിച്ച് അവയെ മൂന്നായി മനസ്സിലാക്കാം.

1. പ്രമാണരേഖകള്‍ 4 (constitutions – 3 dogmatic constitutions & 1 pastoral constitution) – വിശ്വാസസംബന്ധമായ, ദൈവശാസ്ത്രപരമായ രേഖകള്‍
2. കല്പനകള്‍ 9 (decrees) – പ്രായോഗികജീവിതത്തെ നേരിട്ട് ബാധിക്കുന്ന നിയമങ്ങള്‍
3. പ്രഖ്യാപനങ്ങള്‍ 3 (declarations) – പ്രത്യേകവിഷയങ്ങളെക്കുറിച്ചുള്ള സഭയുടെ നിശ്ചയങ്ങള്‍

ഇവയില്‍ പ്രമാണരേഖകളും കല്പനകളും കത്തോലിക്കര്‍ കര്‍ശനമായി അനുസരിക്കേണ്ടവയാണ്. പ്രഖ്യാപനങ്ങളുടെ കടപ്പെടുത്തലിന് കാര്‍ക്കശ്യം കുറവാണെങ്കിലും അവയിലെ നിശ്ചയങ്ങള്‍ അനുസരിക്കേണ്ടവ തന്നെയാണ്. അക്രൈസ്തവമതങ്ങളോടുള്ള സഭയുടെ നിലപാടുകളെ സംബന്ധിച്ച് വിശദീകരിക്കുന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രഖ്യാപനമാണ് Nostra Aetate എന്നറിയപ്പെടുന്നത്. ഇതരമതങ്ങളെ യാതൊരുവിധത്തിലും അംഗീകരിക്കുകയില്ല എന്ന് വാദിക്കുകയും വാശിപിടിക്കുകയും ചെയ്യുന്ന ചിലരെങ്കിലും ഈപ്രമാണരേഖ മുഴുവനായും ചില വാചകങ്ങള്‍ മാത്രമായും തെറ്റായി വ്യാഖ്യാനിക്കുകയും പഠിപ്പിക്കുകയും ചെയ്യാറുണ്ട്. വത്തിക്കാന്‍സൂനഹദോസിനെത്തന്നെ തള്ളിപ്പറയാനുള്ള കാരണമായി ഈ രേഖയെ ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഇപ്രകാരം സൂനഹദോസിന്റെ പ്രബോധനങ്ങളെ സ്വീകരിക്കാതിരിക്കാന്‍ ഒരു യഥാര്‍ത്ഥ ക്രൈസ്തവവിശ്വാസിക്ക് സാധിക്കുകയില്ല. സ്വീകരിക്കാതിരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവന്‍ സ്വയം ക്രൈസ്തവസഭയില്‍ നിന്ന് പുറത്താവുകയാണ് ചെയ്യുന്നത് (ശീശ്മ).

“ഇതരമതങ്ങളില്‍ സത്യവും വിശുദ്ധവുമായവയൊന്നും കത്തോലിക്കാസഭ നിഷേധിക്കുന്നില്ല. ആത്മാര്‍ത്ഥമായ ബഹുമാനത്തോടെ ആ പ്രവര്‍ത്തനരീതികളെയും ജീവിതശൈലികളെയും പരിഗണിക്കുന്നു. സഭ മുറുകെപ്പിടിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നവയില്‍ നിന്ന് പലകാര്യങ്ങളിലും അവ വ്യത്യസ്തങ്ങളാണെങ്കിലും പലപ്പോഴും എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന നിത്യസത്യത്തിന്റെ രശ്മി അവ സംവഹിക്കുന്നുണ്ട്” (NA 2). ഈ ഭാഗം വളരെയേറെ വിമര്‍ശിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നുവെന്നത് ഒരു സത്യമാണ്. ഇതരമതങ്ങളില്‍ നിത്യസത്യത്തിന്‍റെ രശ്മികളുണ്ട് എന്ന് സഭ പഠിപ്പിക്കുമ്പോള്‍ അതുകൊണ്ടുദ്ദേശിക്കുന്നത് എന്താണ്? ഇതിനുള്ള ഉത്തരമാണ് ഇവിടെ വിശദീകരിക്കപ്പെടുന്നത്. (വെളിപാട് (revelation) സംബന്ധിച്ച സഭാപ്രബോധനത്തിന്റെ വീക്ഷണകോണില്‍ നിന്നല്ല, മതാന്തരസംവാദത്തിന്റെ പ്രായോഗികപരിപ്രേക്ഷ്യമാണ് ഈ വ്യാഖ്യാനത്തിന്റെ രീതിശാസ്ത്രം).

2. എന്താണ് ഇതരമതങ്ങളിലെ നിത്യസത്യത്തിന്റെ രശ്മികള്‍?

ഇതരമതങ്ങളിലുള്ള സത്യത്തിന്‍റെ രശ്മികളെക്കുറിച്ച് വത്തിക്കാന്‍ സൂനഹദോസ് പരാമര്‍ശിച്ചതിനെ മനസ്സിലാക്കണമെങ്കില്‍ ക്രൈസ്തവസഭയെന്ന സംഘടിത സംവിധാനത്തിന്‍റെ പുറത്തുനിന്നുകൂടിയുള്ള ഒരു ചിന്ത ആവശ്യമാണ്. സഭക്ക് പുറമേ രക്ഷയില്ല (extra eccleassiam nulla salus) എന്ന വാദഗതി അതിശക്തമായി നിലനിന്ന കാലഘട്ടങ്ങളില്‍ ചിന്തിക്കുന്ന മനുഷ്യര്‍ പലരും സഭയോട് ചോദിച്ചത് അങ്ങനെയെങ്കില്‍ സഭക്കു പുറത്തുള്ളവര്‍ നശിച്ചുപോകുമെന്നാണോ പറയുന്നത് എന്നായിരുന്നു. സഭ അതെയെന്ന് ഉത്തരം പറയുകയും കൂടുതല്‍ വിശാലമായ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയും ചെയ്തു. തന്റേതല്ലാത്ത കാരണത്താല്‍ ക്രിസ്തുവിനെയും സഭയെയും അറിയാനാവാത്തവരും നശിച്ചുപോകുമോ? ഇതരമതങ്ങളില്‍ വിശ്വസിക്കുകയും യഥാര്‍ത്ഥസത്യവിശ്വാസത്തിലേക്ക് മാറാന്‍ അശക്തരായിരിക്കുകയും ചെയ്യുന്നവരുടെ കാര്യം എങ്ങനെയായിരിക്കും? ഇവരൊക്കെ നശിച്ചുപോകുന്നവരാണെങ്കില്‍ ഈശോ സകലജനപദങ്ങള്‍ക്കും വേണ്ടിയുള്ള സദ്വാര്‍ത്തയാണെന്ന് പറയുന്നതെങ്ങനെയാണ്? എല്ലാവരും ക്രൈസ്തവരായാല്‍ മാത്രമേ രക്ഷ പ്രാപിക്കുകയുള്ളുവെങ്കില്‍ ക്രൈസ്തവവിശ്വാസമെന്താണെന്ന് അറിയുക പോലും ചെയ്യാതെ മരിച്ചുപോയ കോടിക്കണക്കിന് മനുഷ്യരുടെ അവസ്ഥയെന്തായിരിക്കും? ക്രിസ്തുവിനു മുന്പ് മരിച്ചുപോയവര്‍, രക്ഷകനെ ഇനിയും കാത്തിരിക്കുന്ന യഹൂദര്‍ എന്നിവരുടെ അവസ്ഥയെന്തായിരിക്കും? ഇങ്ങനെ നിരവധിയായ ചോദ്യങ്ങളെ ദൈവശാസ്ത്രപരമായി അഭിസംബോധന ചെയ്യാനുള്ള ശ്രമം കൂടി വത്തിക്കാന്‍ സൂനഹദോസ് നടത്തിയിട്ടുണ്ട്.

സഭ മാത്രമാണ് രക്ഷയുടെ മാര്‍ഗ്ഗമെന്ന് സ്ഥാപിക്കുന്പോള്‍ ദൈവത്തെക്കുറിച്ചുള്ള അറിവില്‍ കത്തോലിക്കാസഭക്ക് ഇതമതവിശ്വാസങ്ങളില്‍ നിന്നുള്ള വ്യത്യാസമെന്താണ്, എന്തുകൊണ്ടാണ് കത്തോലിക്കാവിശ്വാസം ആധികാരികമാണെന്ന് പറയുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൂടി വിശദീകരിക്കേണ്ടതുണ്ട്. മതബോധനഗ്രന്ഥം (രണ്ടാം വത്തിക്കാന്‍ സൂനഹദോസിന് ശേഷമാണ് മതബോധനഗ്രന്ഥം രൂപപ്പെടുന്നത്) ആരംഭിക്കുന്നത് ഈ ദൈവത്തെക്കുറിച്ചുള്ള അറിവ് മാനവവംശത്തിന് എങ്ങനെ ലഭിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ്. ദൈവത്തെക്കുറിച്ച് അറിയണമെങ്കില്‍ ദൈവം തന്നെ വെളിപ്പെടുത്തണം. ദൈവത്തിന്‍റെ തന്നെ വെളിപാടുകളാണ് ദൈവത്തെ അറിയാനുള്ള മാര്‍ഗ്ഗമെങ്കില്‍ ഈ വെളിപാടുകള്‍ ലഭിക്കുന്നത് എവിടെ നിന്നാണ്? ദൈവത്തിന്‍റെ ആദ്യവെളിപാട് ദൈവത്തിന്‍റെ സൃഷ്ടിയായ പ്രപഞ്ചവും അതിലുള്ളവയുമാണ് (ഇവിടെ മനസ്സിലാക്കേണ്ടത് ഈ ദൈവികവെളിപാടിന് എല്ലാ മനുഷ്യരും അവകാശികളാണ് എന്നാണ്).

3. പൊതുവെളിപാടും പ്രത്യേകവെളിപാടും (General and Special revelations)

എല്ലാവര്‍ക്കും പൊതുവായി ലഭിക്കുന്ന ദൈവികവെളിപാടിന്‍റെ ആദിരൂപം സൃഷ്ടപ്രപഞ്ചമാണ്. സൃഷ്ടപ്രപഞ്ചത്തെ ധ്യാനിച്ചും അതിന്‍റെ സത്യങ്ങളെ പിഞ്ചെന്നും ദൈവമെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാന്‍ തന്‍റെ ബുദ്ധി മനുഷ്യന്‍ ഉപയോഗിക്കേണ്ടതുണ്ട്. ഇപ്രകാരം ബുദ്ധിയുപയോഗിച്ച് പ്രപഞ്ചത്തില്‍ നിന്ന് ദൈവമെന്ന യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയുന്ന എല്ലാ ജനവിഭാഗങ്ങളും (അവരേത് പേരില്‍ ദൈവത്തെ വിളിച്ചാലും) ദൈവികവെളിപാടിന്‍റെ തന്നെ ഉടമസ്ഥരാണ്. അവരിലെല്ലാം നിലനില്‍ക്കുന്നുവെന്ന് സഭ തിരിച്ചറിയുന്ന സത്യത്തിന്‍റെ രശ്മികളില്‍ ചിലത് ഇതാണ്. ഇത്തരത്തില്‍ തിരിച്ചറിയുന്ന ദൈവസങ്കല്‍പങ്ങളെല്ലാം ഒരുപോലെയാകണമെന്നില്ല, ഒരേ ഗുണനിലവാരമുള്ളവയാകണമെന്നില്ല, ഒരേ ശൈലിയിലുള്ളവയാകണമെന്നില്ല – എങ്കിലും അവയില്‍ പല അളവുകളില്‍ സത്യത്തിന്‍റെ സാന്നിദ്ധ്യമുണ്ട്.

വെളിപാടിന്‍റെ മറ്റൊരു തലം വ്യക്തികള്‍ക്കും നേരിട്ട് ലഭിക്കുന്ന വെളിപാടും ഒരു ജനതക്ക് പൊതുവായി ലഭിക്കുന്ന ദൈവാനുഭങ്ങളും ആണ്. ഇത്തരത്തിലുള്ള വെളിപാടുകള്‍ സംഘടിതമതങ്ങളുടെ രൂപീകരണത്തിലേക്ക് നയിക്കുന്നു. അബ്രാഹത്തിന് ലഭിച്ച വെളിപാടാണ് അബ്രാമികമതങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നത് (ഇന്ന് യഹൂദമതം കത്തോലിക്കാവിശ്വാസത്തില്‍ നിന്ന് വളരെ അകലെയാണെങ്കിലും നാം അവരുടെ പൂര്‍വ്വികര്‍ക്ക് ലഭിച്ച വ്യക്തിപരമായ വെളിപാടുകളെ അംഗീകരിക്കുന്നുവെന്നത് വളരെയധികം ചിന്തനീയമായ കാര്യമാണ്). മറ്റു മതങ്ങളുടെയും രൂപീകരണത്തിലേക്കും വളര്‍ച്ചയിലേക്കും നയിച്ചത് അവയുടെ സ്ഥാപകര്‍ക്കു വ്യക്തിപരമായുള്ള വെളിപാടുകളും ജനതക്ക് പൊതുവായുള്ള അനുഭവങ്ങളുമാണ്. അവയെയും നിഷേധിക്കുക സാധ്യമല്ല. അബ്രാഹത്തിന് മാത്രമാണ് വ്യക്തിപരമായി ദൈവം വെളിപ്പെടുത്തിയിട്ടുള്ളത് എന്നതും ഇസ്രായേലിന് മാത്രമാണ് ദൈവികമായ അനുഭവങ്ങള്‍ അനുവദിച്ചിട്ടുള്ളത് എന്നും വ്യാഖ്യാനിക്കുമ്പോള്‍ നാം ദൈവത്തെ പക്ഷപാതം കാണിക്കുന്നവനായും ഒരു ചെറുജനതയിലേക്ക് മാത്രമായി തന്‍റെ ഇടപെടലുകളെ നിജപ്പെടുത്തിയ സ്വാര്‍ത്ഥനായും മറ്റുമൊക്കെ മനസ്സിലാക്കേണ്ടി വരും. പഴയനിയമപുസ്തകങ്ങള്‍ പരിശോധിക്കുന്പോള്‍ ഇസ്രായേല്‍ ജനത്തിന് തന്നെ ഈ വിധത്തിലുണ്ടായിരുന്ന ചിന്തയുടെ ഫലമായി നിലനിന്നിരുന്ന മേല്‍ജാതിചിന്തയും അതുവഴി വംശീയമായിത്തന്നെ തുടച്ചുനീക്കപ്പെട്ട നിരവധി ജനതകളെയും കണ്ടെത്താന്‍ സാധിക്കും. ദൈവത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണ് തങ്ങളെന്ന അവകാശവാദമായിരുന്നു (സഭക്ക് പുറമേ രക്ഷയില്ല എന്ന വാദത്തിന്‍റെ പ്രാകൃതരൂപമായി ഈ വാദത്തെ മനസ്സിലാക്കാവുന്നതാണ്) ദൈവം ചിന്തിച്ചിട്ടു പോലുമുണ്ടാകാനിടയില്ലാത്ത ഇത്തരം വംശീയവിദ്വേഷത്തിന്‍റെയും വെറിയുടെയും പിന്നിലുണ്ടായിരുന്നത്.

4. ദൈവികവെളിപാടിന്റെ വളര്‍ച്ചാസ്വഭാവം (Progressive nature of revelation)

എന്നാല്‍ അവയൊന്നും ദൈവികവെളിപാടിന്‍റെ ഭാഗമല്ലായിരുന്നോ എന്ന് ഇന്ന് ചോദിക്കുമ്പോള്‍ വിശുദ്ധ ഗ്രന്ഥവ്യാഖ്യാതാക്കള്‍ നല്കുന്ന വിശദീകരണം അവ വെളിപാടുകള്‍ തന്നെയായിരുന്നു എന്നാല്‍ അവ അവയുടെ യഥാര്‍ത്ഥ അര്‍ത്ഥത്തിലും അതിന്‍റെ പൂര്‍ണ്ണതയിലും തിരിച്ചറിയുന്നതില്‍ അവര്‍ പരാജയപ്പെട്ടു എന്നതാണ്. വെളിപാടിന് വളര്‍ച്ചാസ്വഭാവമുണ്ടത്രേ (progressive nature). ഒരു ജനതക്ക് ലഭിക്കുന്ന ദൈവികവെളിപാടുകളില്‍ അവര്‍ ഉറച്ചുനില്‍ക്കുമ്പോള്‍ നൂറ്റാണ്ടുകളുടെ അറിവുകള്‍ കൂടുതല്‍ വ്യക്തതയോടെയും ബോദ്ധ്യത്തോടെയും അത്തരം വെളിപാടുകളെ ഉള്‍ക്കൊള്ളാന്‍ അവരെ പ്രാപ്തരാക്കും. ഇസ്രായേല്‍ ജനത്തിന്‍റെ തന്നെ ദൈവാനുഭവത്തില്‍ ഈ അവ്യക്തതകളും വളര്‍ച്ചയുടെ ശൈലിയുമൊക്കെയുണ്ടായിരുന്നു. മറ്റു മതപാരമ്പര്യങ്ങളിലും അതിനാല്‍ത്തന്നെ വെളിപാടുകളുടെ ശരിയായ ആഗിരണവും വ്യാഖ്യാനവും നടന്നിട്ടില്ലായെന്ന് നാം മനസ്സിലാക്കുന്നു.

ദൈവം തന്നെത്തന്നെ വെളിപ്പെടുത്തിക്കൊണ്ട് തന്നെക്കുറിച്ചുള്ള അറിവിലേക്ക് വളരാന്‍മനുഷ്യനെ അനുവദിക്കുന്നുവെന്ന് വിശ്വസിക്കുന്ന ക്രൈസ്തവവിശ്വാസത്തില്‍ ദൈവം തന്നെ മനുഷ്യനായി അവതരിച്ചതായിരുന്നു ഏറ്റവും വലിയ വെളിപാട്. ഏറ്റവും വ്യക്തതയുള്ള വെളിപാടിന്‍റെ അവകാശികളായി അങ്ങനെ ക്രൈസ്തവര്‍ മാറുകയാണ്. ഇവിടെയാണ് ഈശോയുടെ ഏകരക്ഷകസ്ഥാനത്തിന്റെ സവിശേഷത. ഇവിടെ ഈശോ മനുഷ്യനായി അവതരിച്ചിരിക്കുന്നത് സകലജനപദങ്ങള്‍ക്കും വേണ്ടിയാണ്. യഹൂദജനത്തിന് മാത്രമോ, ക്രൈസ്തവര്‍ക്ക് മാത്രമോ അല്ല. ഈശോയിലൂടെ പൂര്‍ണ്ണമാക്കപ്പെട്ട ദൈവികവെളിപാടിന് എല്ലാവരും തുല്യ അവകാശികളാണ്. ഈശോയിലൂടെ രക്ഷ കരഗതമായിരിക്കുന്നത് മനുഷ്യവംശത്തിന് മുഴുവനായിട്ടാണ് (കാരണം നാം വായിക്കുന്നത് വചനം മാംസമായി എന്നാണ് – യഹൂദനായി എന്നോ ക്രൈസ്തവനായി എന്നോ അല്ല). മനുഷ്യത്വം സ്വീകരിച്ച ദൈവം മനുഷ്യത്വത്തെ ആകമാനമാണ് ദൈവത്വത്തിലേക്ക് സ്വീകരിച്ചത്. പരിശുദ്ധ ത്രിത്വത്തിലൊരാളായ പുത്രന്‍ തമ്പുരാന്‍ മനുഷ്യത്വം സ്വീകരിക്കുന്നതോടെ ദൈവികപ്രകൃതിയിലേക്ക് മനുഷ്യത്വം കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടതാണ് മനുഷ്യവംശത്തിന് കൈവന്ന രക്ഷ. ഇത് ക്രൈസ്തവര്‍ക്ക് മാത്രമാണെന്ന് വ്യാഖ്യാനിക്കുന്നത് തികച്ചും അന്യായമാണ് – അക്രൈസ്തവമാണ്.

5. ഏകരക്ഷകനായ ഈശോയും ദൈവികവെളിപാടിന്റെ പൂര്‍ണതയും

ഈശോയാണ് അവസാന വെളിപാടെന്നും (DV 4) ഈശോയിലൂടെ ദൈവം ലോകത്തോട് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞെന്നും (ബനഡിക്ട് പാപ്പാ) സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്പോള്‍ ഈശോയുടെ സാര്‍വ്വത്രികമാനത്തെയാണ് ഊന്നിപ്പറയുന്നത്. ഇനി വീണ്ടും മറ്റു മതവിശ്വാസങ്ങളിലേക്ക് വരിക. ഈശോ അവര്‍ക്കെല്ലാം വേണ്ടിയാണ് നല്കപ്പെട്ടിരിക്കുന്നത് – ഈശോയുടെ രക്ഷകത്വം ലോകം മുഴുവന്‍ പ്രഘോഷിക്കപ്പെടേണ്ടതും അവ്യക്തവും അപൂര്‍ണ്ണവുമായ തങ്ങളുടെ ദൈവികാനുഭവങ്ങളില്‍ നിന്ന് അവരെല്ലാം രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുവരികയും ചെയ്യേണ്ടതുണ്ട്. ഇവയില്‍ നിന്നെല്ലാം മനസ്സിലാക്കേണ്ട ചില സത്യങ്ങളുണ്ട്

1. ഇതരമതങ്ങളിലെ സത്യത്തിന്‍റെ രശ്മികളെ സഭക്ക് നിഷേധിക്കാനാവില്ല – കാരണം മനുഷ്യബുദ്ധിയില്‍ നല്കപ്പെടുന്ന ദൈവികവെളിപാടുകള്‍ക്ക് മനുഷ്യവംശം മുഴുവന്‍ തുല്യ അവകാശികളാണ്.

2. സഭക്ക് പുറമേ രക്ഷയില്ല എന്ന് പറയുന്നത് വിശാലമായ അര്‍ത്ഥത്തില്‍ മനസ്സിലാക്കണം – ഈശോയല്ലാതെ വേറെ രക്ഷകനില്ലായെന്ന് കൂടി അതിനെ മനസ്സിലാക്കി വായിക്കണം. ഈശോയിലൂടെ കരഗതമായ രക്ഷ മനുഷ്യവംശത്തിന് സ്വന്തമായിക്കഴിഞ്ഞു. എങ്കിലും ഈശോയിലൂടെ കരഗതമാകുന്ന രക്ഷയെ ഏവരും അംഗീകരിക്കുകയും ഏറ്റുപറയുകയും വേണം.

3. മാമ്മോദീസാ സ്വീകരിച്ച് സഭയില്‍ അംഗമാകാത്തവര്‍ രക്ഷിക്കപ്പെടില്ല എന്ന് പറയാന്‍തിരുസ്സഭക്കോ ഭൂമിയിലാര്‍ക്കും തന്നെയോ സാധ്യമല്ല – കാരണം നമുക്കറിയാത്ത മാര്‍ഗ്ഗങ്ങളിലൂടെ ദൈവം അവരെയും തന്‍റെ രക്ഷയിലേക്ക് അടുപ്പിക്കും എന്ന അതിതീവ്രമായ വിശ്വാസബോദ്ധ്യം തിരുസ്സഭക്കുണ്ട്.

4. ഇതരമതങ്ങളില്‍ സത്യത്തിന്‍റെ രശ്മികളുണ്ട് എന്ന് പറയുന്പോള്‍ ഈശോ ഏകരക്ഷകനാണെന്ന സത്യത്തില്‍ സഭ അല്പം പോലും വെള്ളം ചേര്‍ക്കുന്നില്ല. കാരണം, ആ ആശയത്തിന്റെ തുടര്‍ച്ച ഇപ്രകാരമാണ്, “സഭ ഇടവിടാതെ “വഴിയും സത്യവും ജീവനുമായ” (യോഹ. 14,6) മിശിഹായെ പ്രഘോഷിക്കുന്നു. പ്രഘോഷിക്കാന്‍ അവള്‍ കടപ്പെട്ടുമിരിക്കുന്നു. അവനിലാണ് മനുഷ്യര്‍ മതജീവിതത്തിന്റെ പൂര്‍ണ്ണത കണ്ടെത്തുന്നതും ദൈവം സര്‍വ്വത്തേയും തന്നോടുതന്നെ അനുരഞ്ജിപ്പിച്ചതും” (NA 2).

5. മതാന്തരസംവാദങ്ങള്‍ സുവിശേഷപ്രഘോഷണത്തിന്‍റെ തന്നെ മാര്‍ഗ്ഗങ്ങളാണ്. പ്രകൃതിയിലൂടെയും വ്യക്തിപരമായും എല്ലാവര്‍ക്കും ലഭിക്കുന്ന ദൈവികവെളിപാടിന്‍റെ പൊതുഅനുഭവങ്ങളില്‍ നിന്നുകൊണ്ട് പരസ്പരം സംവദിക്കുകയും അത്തരം സംവാദങ്ങളിലൂടെ ക്രിസ്തുവെന്ന ഏകരക്ഷകനിലേക്ക് താത്വികമായും സംഘടിതമായും അവരെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുക എന്നത് ഇത്തരം സംവാദങ്ങളുടെ ഉദ്ദേശമാണ്.

6. ഇതരമതങ്ങള്‍ തെറ്റാണെന്നും പൈശാചികമാണെന്നും പറയാന്‍ നമുക്ക് അവകാശമില്ല – അവരുടെ ദൈവാനുഭവങ്ങളിലും അവര്‍ അവ്യക്തതയുള്ളവരും വെളിപാടുകളെ നിഷ്കൃഷ്ടാര്‍ത്ഥത്തില്‍ തിരിച്ചറിയാന്‍ അപ്രാപ്തരും അവയെ വ്യാഖ്യാനിക്കുന്നതില്‍ അവഗാഹമില്ലാത്തവരുമായിരിക്കാം. ഈശോയിലൂടെ കരഗതമായ ദൈവികവെളിപാടിന്‍റെ വ്യക്തത കൈയ്യാളുന്നവര്‍ കരുണയോടും അനുഭാവത്തോടും കൂടെ അവരുടെ ദൈവാനുഭങ്ങളെ (ദൈവികവെളിപാടുകളെ) ശുദ്ധീകരിക്കുകയാണ് വേണ്ടത്. സത്യം ഒന്നു മാത്രമേയുള്ളു എന്നതിനാല്‍ ഇത്തരം ശുദ്ധീകരണങ്ങള്‍ ഏവരെയും സത്യവിശ്വാസത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. ഇതിന് പരിശ്രമിക്കാതെ നമ്മുടെ കനമുള്ള ബോദ്ധ്യങ്ങള്‍ അവരില്‍ അടിച്ചേല്‍പിക്കാന്‍ശ്രമിക്കുന്നത് തികച്ചും അപ്രായോഗികവും നീതികേടുമാണ്. ഇത്തരം ശുദ്ധീകരണം നടക്കാന്‍ഏറ്റവും വലിയ സാധ്യതകള്‍ നിലനില്‍ക്കുന്നത് അബ്രാമികമതങ്ങളില്‍ത്തന്നെയാണ് എന്നതുകൊണ്ടാണ് സഭ അവയോട് സവിശേഷതാത്പര്യം കാണിക്കുന്നത്.

7. വെളിപാട് സ്വീകരിക്കുകയും അതിലെ സത്യത്തിന്‍റെ ഉള്ളടക്കത്തെ പരിശോധിക്കുകയും ചെയ്യുന്പോള്‍ പൗരസ്ത്യമതപാരന്പര്യങ്ങളെയും സെമിറ്റിക് പാരന്പര്യത്തെയും വിലമതിക്കുന്നതിന്‍റെ കാരണം ദൈവികവെളിപാടുകളെ മനസ്സിലാക്കുന്നതില്‍ പലയിടങ്ങളിലും അവ പുലര്‍ത്തുന്ന സാധര്‍മ്മ്യങ്ങള്‍ പരിഗണിച്ചാണ്.

8. സര്‍വ്വമതപ്രാര്‍ത്ഥനകള്‍

സര്‍വ്വമത പ്രാര്‍ത്ഥനകള്‍ നടത്തുന്നത് സഭയ്ക്ക് ഏകദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിന്റെ ഫലമായിട്ടാണ് എന്നാണ് പലരും വാദിക്കുന്നത്. സഭാപ്രബോധനങ്ങളെ മനസ്സിലാക്കാന്‍ ശ്രമിക്കാതെയും അതിനുള്ള അവധാനത കാണിക്കാതെയും നടത്തുന്ന വൈകാരികപ്രതികരണങ്ങള്‍ മാത്രമാണ് ഇത്. യഥാര്‍ത്ഥത്തില്‍ കത്തോലിക്കാസഭയുടെ ഏകദൈവവിശ്വാസത്തിന്റെ അടിയുറച്ച പ്രഖ്യാപനമാണ് സര്‍വ്വമതപ്രാര്‍ത്ഥനകള്‍. ഒരേയൊരു ദൈവമേയുള്ളൂ എന്നും എല്ലാവരും പ്രാര്‍ത്ഥിക്കുന്നത് ഏകദൈവത്തോടാണ് എന്നും അടിയുറച്ച് വിശ്വസിക്കുന്ന കത്തോലിക്കാസഭക്ക് മറ്റു മതങ്ങളുടെ പ്രാര്‍ത്ഥനകളെ പൈശാചികമെന്നോ നിരര്‍ത്ഥകമെന്നോ എഴുതിത്തള്ളാനാവില്ല. ദൈവദര്‍ശനത്തെയും ദൈവികസാന്നിദ്ധ്യത്തെയും കുറിച്ച് ലോകത്ത് ഏതൊരു മതത്തേയുംകാള്‍ ആധികാരികതയോടെ സംസാരിക്കാനും ഇടപെടാനും തിരുത്തലുകള്‍ നല്കാനും കഴിയുന്ന കത്തോലിക്കാസഭ ഈയൊരു ഉദ്യമത്തില്‍ ഏര്‍പ്പെടുന്നത് തന്നെ വലിയൊരു സുവിശേഷപ്രഘോഷണമാണ്. ഇവിടെ ഏകരക്ഷകനായ ഈശോ തള്ളിപ്പറയപ്പെടുകയോ ഏകദൈവവിശ്വാസം ബലികഴിക്കപ്പെടുകയോ ചെയ്യുന്നില്ല. എപ്പോഴും സത്യദൈവവിശ്വാസത്തിന്റെ പൂര്‍ണതയിലേക്ക് എല്ലാ മതങ്ങളും വളര്‍ന്നുവരണം എന്നതുതന്നെയാണ് പരിശുദ്ധ കത്തോലിക്കാസഭയുടെ കാഴ്ചപ്പാടും പ്രബോധനവും. കത്തോലിക്കാസഭയുടെ ദൈവശാസ്ത്രപരവും വിശാലവുമായ ഈ വീക്ഷണങ്ങളുടെ ഉള്ളടക്കം ദഹിക്കാത്തവരാണ് തങ്ങളുടെ സ്വന്തം ധാരണകളുടെ പൊട്ടക്കുളത്തിലും പിടിവാശികളിലും ഉറച്ച്നിന്ന് നിരന്തരമായി ദൈവജനത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

സമാപനം

വലിയൊരു പരിപ്രേക്ഷ്യത്തില്‍ നിന്നുകൊണ്ടാണ് നാം സഭയുടെ ഇതമതദൈവശാസ്ത്രത്തെ മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടത്. നമ്മുടെ ഇടുങ്ങിയ ബോദ്ധ്യങ്ങളുടെ ഇത്തിരിവെട്ടത്തില്‍ ബൈബിളും സഭാപ്രബോധനങ്ങളും വായിച്ചാല്‍ അവയെല്ലാം നമ്മുടെ അടിസ്ഥാനവിശ്വാസങ്ങളെ തള്ളിപ്പറയുന്നതായി അനുഭവപ്പെടും. നാമറിയുന്നതിലും ചിന്തിക്കുന്നതിലും വളരെക്കൂടുതല്‍ അറിയുകയും ചിന്തിക്കുകയും ചെയ്യുന്നവരാണല്ലോ സിനഡുകളില്‍ സന്നിഹിതാരയതും ഒരുമിച്ചു പ്രാര്‍ത്ഥിച്ചതും ചിന്തിച്ചതും. അവരുടെ തീരുമാനങ്ങളില്‍ ദൈവാത്മാവിന്‍റെ ഇടപെടലുകളുണ്ടായിട്ടില്ലെന്ന് പറഞ്ഞാല്‍ അത് ക്രൈസ്തവവിശ്വാസത്തെത്തന്നെ അപഹസിക്കലാകും. കൗണ്‍സിലുകളുടെ തീരുമാനങ്ങളും പ്രബോധനങ്ങളും കാലം കഴിയുന്തോറും കൂടുതല്‍ വ്യക്തതയിലേക്ക് കടക്കുന്നുണ്ട്. ദൈവികവെളിപാട് ഈശോയില്‍പൂര്‍ണ്ണമാണെന്ന് പഠിപ്പിക്കുമ്പോഴും അത് വാക്കുകളിലും ആശയങ്ങളിലും ആവിഷ്കരിക്കുന്നതില്‍ തിരുസ്സഭ തന്നെയും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രാര്‍ത്ഥിച്ചും ചിന്തിച്ചും ദൈവശാസ്ത്രപരമായ ചര്‍ച്ചകളിലേര്‍പ്പെട്ടും ഈശോയിലൂടെ അവതരിപ്പിക്കപ്പെട്ട ദൈവികസത്യത്തെ കൂടുതല്‍ കൃത്യതതയോടെ ആവിഷ്ക്കരിക്കാന്‍ നമുക്ക് പരിശ്രമിക്കാം. സിനഡ് പഠനങ്ങളെ തള്ളിപ്പറഞ്ഞും സഭാപ്രബോധനങ്ങളെ പുച്ഛിച്ചും ദൈവശാസ്ത്രത്തിന്‍റെ വളര്‍ച്ചയുടെ പടവുകളെ അവഗണിക്കുന്നവര്‍ ദൈവാത്മാവിന്‍റെ നിമന്ത്രണങ്ങളോട് തന്നെയാണ് പുറംതിരിയുന്നത്.

Noble Thomas Parackal

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *