Sathyadarsanam

കുരിശിൻറെ വചനം ഭോഷത്തമാകുന്നത് എപ്പോൾ…


സിസ്റ്റർ : ജോസിറ്റ സി.എം. സി

സഭയുടെ ചരിത്രത്തിന്റെ ഏടുകളിൽ കുരിശ് ഒരു വിവാദവിഷയമായ അടയാളമാണ്. പൗലോസ്ശ്ളീഹാ ഓർമ്മിപ്പിക്കുന്നു ‘നാശത്തിലൂടെ ചരിക്കുന്നവർക്കു കുരിശിൻ്റെ വചനം ഭോഷത്തമാണ്’ (1cor1:18). സഭയുടെ വിശുദ്ധപാരമ്പര്യങ്ങളും സഭ കടന്നുവന്ന ചരിത്രവഴികളും മനസിലാക്കാൻ ശ്രമിക്കാത്ത ഒരു വിശ്വാസിയെ സംബന്ധിച്ചു കുരിശിൻ്റെ വചനം ഒരു ഭോഷത്തംമായി തന്നെ തുടരും. പീഢ സഹിച്ചു മൂന്നാണികളിൽ കിടക്കുന്ന ഈശോ ഒരു ചരിത്ര യാഥാർത്ഥ്യമാണ്. ഈ ചരിത്ര യാഥാർത്ഥ്യം എൻ്റെ വിശ്വാസത്തിൻ്റെ വിഷയമാകുന്നത് അവിടുത്തെ ഉയിർപ്പിലാണ്. വ്യക്തമായി പറഞ്ഞാൽ ക്രൈസ്തവവിശ്വാസത്തിത്തിൻ്റെ അടിസ്ഥാനം ഈശോയുടെ മരണത്തിലുള്ള വിശ്വാസം മാത്രമല്ല ഈശോയുടെ ഉയിർപ്പിലുള്ള വിശ്വാസം കൂടിയാണ്. എങ്ങനെയാണ് സഭാചരിത്രത്തിൽ കുരിശിനോടുള്ള ഭക്തി ഉടലെടുത്തതെന്നു നോക്കാം.
നാലാം നൂറ്റാണ്ടുവരെ സഭയുടെ പാരമ്പര്യത്തിലോ ചരിത്രത്തിലോ കുരിശിനെ ഇന്നത്തെ രീതിയിൽ പരസ്യമായി വണങ്ങിയിരുന്ന ഒരു പാരമ്പര്യം പ്രചാരത്തിൽ ഉണ്ടായിരുന്നതായി കാണുന്നില്ല. കാരണം റോമാസാമ്രാജ്യത്തിൽ വധശിക്ഷ നടപ്പാക്കിയിരുന്നത് കുരിശിലൂടെയാണ്. എന്നാൽ കോൺസ്റ്റന്റൈൻ ചക്രവർത്തി റോമാസാമ്രാജ്യത്തിലെ ഔദ്ദ്യോഗികമതമായി ക്രിസ്തുമതത്തെ പ്രഖൃാപിച്ചതുവഴി ക്രൂശീകരണം വധശിക്ഷയായി തുടരുന്നത് നിർത്തലാക്കുകയും ക്രിസ്തിയകലയിലും ശവസംസ്‌കാരസ്മാരകങ്ങളിലും ക്രൂശിതരൂപം പ്രചാരത്തിലാവുകയും ചെയ്തു .
AD 326 ൽ കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ ഹെലേന രാജ്ഞി ജെറുസലേമിലേക്കു ഒരു തീർത്ഥാടനം നടത്തി. ഈ തീത്ഥാടനവേളയിൽ യൂദാസ് സിറിയൻകാസ് എന്ന വ്യക്തിയുടെ സഹായത്തോടെ ഈശോയുടെ യഥാർത്ഥ കുരിശു കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. അവസാനം മൂന്നു കുരിശുകൾ കണ്ടെത്തി. ഇതിൽ ഏതാണ് ഈശോയുടെ കുരിശ് എന്ന് കണ്ടെത്താൻ ജെറുസലേമിൻ്റെ പ്രാന്തപ്രദേശത്തുനിന്നു ഒരു കുഷ്ഠരോഗിയെ കൊണ്ടുവന്നു സ്പര്ശിച്ചുനോക്കി എന്നാൽ മൂന്നാമത്തെ കുരിശു സ്പര്ശിച്ചപ്പോൾ കുഷ്ഠരോഗി സുഖം പ്രാപിച്ചു. (ചരിതകാരന്മാരുടെ ഇടയിൽ ഇതൊരു (Legend) കരുതപ്പെടുന്നു). ഈ കുരിശു പിന്നീട് കോൺസ്റ്റന്റുനോപ്പിളിലേക്കു കൊണ്ടുപോയി എന്നാൽ ഈ കുരിശിൻ്റെ ഒരു ഭാഗം ജറുസലേമിലെ ബിഷപ്പും സൂക്ഷിച്ചു. വർഷങ്ങൾക്കുശേഷം ഈ കുരിശിൻ്റെ ഭാഗങ്ങളാണ് ലോകമെമ്പാടുമുള്ള ദൈവാലയങ്ങളിൽ ഈശോയുടെ കുരിശിൻ്റെ തിരുശേഷിപ്പായി സൂക്ഷിക്കുന്നത്. അതുപോലെ നാലാം നൂറ്റാണ്ടിൽ തന്നെ ഈശോയുടെ കുരിശു കണ്ടെത്തിയ ഈ സ്ഥലത്തുതന്നെ കോൺസ്റ്റന്റൈൻ ചക്രവർത്തി ഒരു ബസിലിക്ക നിർമ്മിക്കുകയും സെപ്റ്റംബർ 14 വി. കുരിശിൻ്റെ പുകഴ്ചയുടെ തിരുന്നാളും ഈ ബസ്സിലിക്കയുടെ സമർപ്പണത്തിന്റെ തിരുനാളുമായി സഭയിൽ ആഘോഷിക്കാൻ ആരംഭിക്കുകയും ചെയ്തു.

നാലാം നൂറ്റാണ്ടു മുതലുള്ള ചരിത്ര രേഖകൾ നോക്കിയാൽ നമുക്ക് കാണാം വിവിധ അപ്പസ്റ്റോലിക പാരമ്പര്യങ്ങളോട് ചേർന്ന് വ്യത്യസ്തങ്ങളായ കുരിശുകൾ രൂപപ്പെട്ടതു കാണാം. അവയിൽ ചില ഉദാഹരണങ്ങളാണ് ലാറ്റിൻ കുരിശ്, ഗ്രീക്ക് കുരിശ്, അർമേനിയൻ കുരിശ്. ഇവയെല്ലാം തന്നെ പരസ്പരം വത്യസ്തങ്ങളുമാണ്. എല്ലാ കുരിശുകളും വണ്ക്കയോഗ്യങ്ങളാണെങ്കിലും ഓരോ സഭയും അവരുടെ കുരിശുകൾ ഉപയോഗിക്കുന്നു. ലാറ്റിൻ സഭ ഗ്രീക്ക് സഭയുടെ കുരിശോ ബൈസറൈറയി൯ സഭ ലാറ്റിൻ സഭയുടെ കുരിശോ ഉപയോഗിക്കുന്നതായി കാണുന്നില്ല. ഓരോ സഭയും അവരുടെ വി. പാരമ്പര്യങ്ങളും ദൈവശാസ്ത്രവും അനുസരിച്ചു രൂപകല്പനചെയ്ത കുരിശ് ഉപയോഗിക്കുന്നു. ഇവിടെ നാം മനസിലാക്കേണ്ട ഒരു യാഥാർഥ്യം ശ്ളീഹന്മാരിലൂടെ കൈമാറിക്കിട്ടിയ മിശിഹാനുഭവമാണ് ഇതിൻ്റെയെല്ലാം അടിസ്ഥാനം. പന്ത്രണ്ടു ശ്ളീഹന്മാരും ഈശോയെ അറിഞ്ഞതും അനുഭവിച്ചതും പന്ത്രണ്ടു വിധത്തിലായിരുന്നു. അതുപോലെ അവർ മിശിഹാ പ്രഘോഷണത്തിൽ നൽകിയ ഊന്നലുകൾക്കും വത്യാസങ്ങൾ ഉണ്ടായിരുന്നതായി കാണാം. ചിലർ ഈശോയുടെ പീഡാസഹനമരണത്തിനു പ്രാധാനൃം കൊടുത്തപ്പോൾ മറ്റുചിലർ ഈശോയുടെ ഉത്ഥാനത്തിനു ഊന്നൽ നൽകി. രണ്ടവത്തിക്കാൻ കൗൺസിൽ അടിവരായിട്ടുപ്രസ്താവിക്കുന്ന സത്യവും ഇതിൽനിന്നും വ്യത്യസ്തമല്ല (UR.14). അതിനാൽ ഓരോ സഭയുടെയും തനതായ പാരമ്പര്യത്തിൽനിന്നു രൂപംകൊണ്ട കുരിശ് ആ സഭയുടെ വിശ്വാസ പാരമ്പര്യത്തെയാണ് വിളിച്ചോതുന്നത്. അതിനാൽ ഒരുസഭയുടെ വിശ്വാസപാരമ്പര്യം മറ്റൊരുസഭയുടെ വിശ്വാസപാരമ്പര്യത്തെക്കാൾ മെച്ചമെന്നു പറയാൻ സാധ്യമല്ല. അങ്ങനെ ആരെങ്കിലും അവകാശപെടുന്നുവെങ്കിൽ അത് അജ്ഞതയെന്നെ പറയേണ്ടു.

പൗരസ്ത്യ സുറിയാനി ദൈവശാസ്ത്ര വിഷ്ണമനുസരിച്ചു ഈശോയുടെ മരണം കഴിഞ്ഞുപോയ ഒരു ചരിത്രസംഭവമാണ്. അത് അവിടുത്തെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിലേക്കുള്ള ഒരു കവാടമാണ്. ഇപ്പോൾ ഈശോ പീഡാസഹനത്തിനും മരണത്തിനും അതീതനാണ്. അതിനാൽ പൗരസ്ത്യസുറിയാനി പാരമ്പര്യം അനുസരിച്ചു കുരിശിനെ മഹത്വീകൃതനായ മിശിഹായിൽനിന്നു വേർതിരിച്ചുകാണാൻ സാധ്യമല്ല. അതുകൊണ്ടാണ് ഈ പാരമ്പര്യത്തിൽ കുരിശ് എന്ന പദം ഉപയോഗിച്ചുകാണുന്നില്ല പകരം രണ്ടു വാക്കുകൾ ഉപയോഗിക്കും മാർ സ്ലീവാ , സ്ലീവാ ഖദീശ (കന്തീശ) . മാർ സ്ലീവാ എന്ന പദം മിശിഹാ എന്ന വ്യക്തിയെ ആണ് ഉയർത്തികാണിക്കുന്നത് എന്നാൽ സ്ലീവാ ഖദീശ എന്ന പദം കുരിശ് എന്ന വസ്തുവിനെ (object) സൂചിപ്പിക്കുന്നു. ഇവിടെ തിയോഡോർ പഠിപ്പിക്കുന്നുത് ശ്രദ്ദേയമാണ് , ‘’സഹനത്തിനും അതുവഴി ഉളവായ എല്ലാ ഫലങ്ങൾക്കും അവർ സ്ലീവാ എന്നാണ് പറഞ്ഞത്. എല്ലാം ഒരു നാമത്തിൽ അവർ ഉൾകൊള്ളിച്ചു. എന്തന്നാൽ ബലഹീനനെപ്പോലെ കുരിശിൽ (സ്ലീവാ ഖദീശ) തറക്കപെട്ടു എങ്കിലും ദൈവത്തിൻ്റെ ശക്തിയാൽ അവൻ ജീവിക്കുന്നവനാണ്’’.
അതുപോലെ കർത്താവിൻ്റെ രണ്ടാമത്തെ വരവുമായി ബന്ധപ്പെടുത്തികൂടിയാണ് പൗരസ്ത്യസുറിയാനിസഭ സ്ലീവായെ കാണുന്നത്. മൂന്നാംനൂറ്റാണ്ടു മുതൽ പിതാക്കന്മാരുടെ കൃതികളിൽ നമുക്കിത് കാണാൻ സാധിക്കും. വി. അപ്രേം പറയുന്നു ” സകലത്തിൻ്റെയും നാഥൻ – മിശിഹാരാജ റെ – പ്രത്യാഗമനത്തിനുമുമ്പായി ഈ രക്ഷാകരസ്ലീവാ സൂര്യൻ്റെ ശോഭയെ വെല്ലുന്ന ചെങ്കോലെന്നപോലെ ആകാശത്തു പ്രത്യക്ഷപ്പെടും. രണ്ടാം നൂറ്റാണ്ടിൽ എഴുതപെട്ട – Epistola Apostolorum എന്ന കൃതിയിൽ ഈശോ ശിഷ്യന്മാരോട് ഇപ്രകാരം പറയുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു, ‘’ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ ഞാൻ ലോകത്തിലേക്കുവരുമ്പോൾ എൻ്റെ സ്ലീവാ എൻ്റെ മുമ്പിൽ പോകും” നിസ്സിബിസ്സിലെ മെത്രാപ്പോലീത്തായിരുന്ന അബ്ബ്‌ദിശോ (1318) പറയുന്നു ” നമ്മുടെ കർത്താവിൻ്റെ യുഗാന്ത്യവെളിപാടിൽ വനമേഘങ്ങളിൽ പ്രത്യക്ഷമാകാൻ പോകുന്ന സ്ലീവായുടെ അടയാളമാണ് ഇന്ന് നമുക്ക് സ്ലീവാ”. വി. കുർബാനയിൽ കാറോസൂസായിൽ നാം ഇങ്ങനെ പ്രാർത്ഥിക്കുന്നു. ”ഞങ്ങളുടെ ഉത്ഥാനവും പ്രതീക്ഷയുമായ മിശിഹായെ, അങ്ങു സ്ലീവായടയാളത്തോടുകൂടി വനമേഘങ്ങളിൽ ആഗതനാകുമ്പോൾ അങ്ങയുടെ വലതുഭാഗത്തു അണിനിരക്കുവാൻ ഞങ്ങളെ അർഹരാക്കണമേ”. ഉത്ഥാനം ചെയ്തവനും ലോകത്തിൽ പ്രതാപത്തോടെ വരുവാനിരിക്കുന്നവനുമായ മിശിഹയെയാണ് ‘സ്ലീവാ’ പ്രതിനിധാനം ചെയ്യുന്നത്. ക്രൂശിതരൂപം ഈശോയുടെ മരണം നമ്മെ അനുസ്മരിപ്പിക്കുമ്പോൾ അവിടുത്തെ ‘സ്ലീവാ’ മരണം മുതൽ പുനരാഗമനം വരെയുള്ള രക്ഷാകരരഹസ്യങ്ങൾ നമുക്കു മുൻപിൽ അനാവൃതമാകുന്നു.

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *