Sathyadarsanam

അമലിന്റെ ന്യൂനപക്ഷ പോരാട്ടങ്ങൾ

മൽ സിറിയക് ജോസ് ചങ്ങനാശേരി അതിരൂപതയിലെ ഒരു യുവാവാണ്. ഇദ്ദേഹം കുറച്ചുനാളായി കഠിനമായ ഒരു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലെ തുലോം തുച്ഛമായ ഒരു ന്യൂനപക്ഷം ആയിട്ടും താനുൾപ്പെടുന്ന ക്രൈസ്തവ സമൂഹത്തിന് ന്യൂനപക്ഷ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിലെ കടുത്ത അനീതികൾക്കെതിരെയാണ് അദ്ദേഹത്തിന്റെ പോരാട്ടം. ക്രൈസ്തവ സമുദായത്തിന്റെ ഉന്നതിക്കും അഭിവൃദ്ധിക്കും വേണ്ടി ഉപയോഗിക്കേണ്ട കഴിവുകളും ക്രിയാത്മകതയും മുഴുവനും പലരും ഗ്രൂപ്പ് വഴക്കുകൾക്കും ചക്കുളത്തിപ്പോരുകൾക്കുമായി ഉപയോഗിച്ച് പാഴാക്കുമ്പോൾ അമലിന്റെ ശ്രദ്ധ അവയിലൊന്നുമല്ല. ഈ സമുദായത്തിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ആണ്. ജോലിയില്ലാതെ വലയുന്ന യുവജനങ്ങൾ അദ്ദേഹത്തെ വിഷമിപ്പിക്കുന്നു.

ന്യൂനപക്ഷ ആനുകൂല്യങ്ങൾ ലഭിക്കുവാൻ എല്ലാവിധ ആർഹതയും ഉണ്ടായിട്ടും ചില സ്ഥാപിത താൽപര്യങ്ങളുടെ പേരിൽ ഈ സമുദായത്തിന് അത് നിഷേധിക്കപ്പെടുന്നത് അദ്ദേഹത്തെ വളരെയധികം വേദനിപ്പിക്കുന്നു. ( യാതൊരു തത്വദീക്ഷയുമില്ലാതെ 80:20 അനുപാതത്തിൽ ന്യൂനപക്ഷ ആനുകൂല്യങ്ങൾ ഒരു സമുദായത്തിനു മാത്രം കുത്തകയായി നൽകുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്). ഇതിനുവേണ്ടി അദ്ദേഹം തന്റെ വിലയേറിയ സമയവും പണവും ചെലവഴിച്ച് ധാരാളം പഠനങ്ങൾ നടത്തി നിരവധി വസ്തുതകൾ കണ്ടെത്തി. തന്റെ കണ്ടെത്തലുകളും വസ്തുതയും പുറംലോകത്തെ അറിയിക്കുന്നതിനും അദ്ദേഹം വഴി കണ്ടെത്തി. ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളെ നിരന്തരമായി വിളിച്ച് സമ്മർദ്ദം ചെലുത്തി. കൂടാതെ ഈ ആവശ്യം ഉന്നയിച്ച് പോസ്റ്റ്കൾ തയ്യാറാക്കി സോഷ്യൽ മീഡിയയിലൂടെ നിരന്തരം പ്രചരിപ്പിച്ചു.

അതും പോരാഞ്ഞിട്ട് ധാരാളം പേരെക്കൊണ്ട് കമ്മീഷന് നിവേദനങ്ങൾ സമർപ്പിപ്പിച്ചു. ഈ പരിശ്രമങ്ങളുടെയും സമ്മർദ്ദങ്ങളുടെയും ഫലമായി അദ്ദേഹത്തിന്റെ ജില്ലയായ കോട്ടയം ജില്ലയിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്തുവാനായി കഴിഞ്ഞ ജൂൺ 29ന് ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ സംബന്ധിക്കണമെന്ന് ആവശ്യപ്പെടും ഇതിലേക്ക് റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് അറിയിച്ചു കൊണ്ടും താൻ തയ്യാറാക്കുന്ന റിപ്പോർട്ടിൽ വിവരങ്ങൾ നൽകി സഹായിക്കണം എന്ന് അഭ്യർത്ഥിച്ചു കൊണ്ടും അദ്ദേഹം ധാരാളം പോസ്റ്റുകളും മെസ്സേജുകളും നൽകി. എന്നാൽ അദ്ദേഹത്തിന്റെ ഈ പ്രവർത്തനങ്ങളോട് സഹകരിക്കാൻ അധികം പേരെ ഒന്നും ലഭിച്ചില്ല.

അതിൽ അദ്ദേഹത്തിന് കടുത്ത വിഷമവും വേദനയും ഉണ്ടായിരുന്നു. എങ്കിലും ഏതാനും ചിലരുടെ സഹകരണത്തോടുകൂടി താൻ തയ്യാറാക്കിയ റിപ്പോർട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ മുൻപാകെ സമർപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ട് സ്വീകരിച്ച കമ്മീഷൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുവാൻ വരെ തയ്യാറായി. ഇതിനോട് ചേർന്ന് റിപ്പോർട്ടുകൾ സമർപ്പിക്കുവാൻ കമ്മീഷൻ തുടർന്നും അവസരമൊരുക്കിയിട്ടുണ്ട് അമലിനെ പോലെ ഈ സമുദായത്തിലെ ഉന്നതിക്ക് വേണ്ടി പ്രവർത്തിക്കുവാൻ ഏതാനും പേരെ കൂടി എങ്കിലും ലഭിച്ചിരുന്നു എങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ പലർക്കും താല്പര്യം ഗ്രൂപ്പ് വഴക്കുകളിലും ചാനൽ ചർച്ചകളിലും ആഭ്യന്തര പ്രശ്നങ്ങളിലും പരസ്യമായ വിഴുപ്പലക്കലുകളിലും ആണ്. സമുദായത്തിന്റെ അടിയന്തര പ്രശ്നങ്ങളെ പലരും പരിഗണിക്കുന്നു പോലുമില്ല. പലർക്കും ഇത്തരം പ്രശ്നങ്ങളെ കുറിച്ച് യാതൊരു വിവരവും ഇല്ല എന്നുള്ളതും വാസ്തവമാണ്.

സംഘടിതമായ നിന്ന് ന്യൂനപക്ഷ ആനുകൂല്യങ്ങൾ നേടിയെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. മറുവശത്ത് ഒരു സമുദായം ഇരട്ട ആനുകൂല്യങ്ങൾ പറ്റുന്നുണ്ട് എന്ന് ഓർക്കണം.OBC സംവരണവും ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ 80 % വും അവർ കയ്യടക്കി വച്ചിരിക്കയാണ്. നിങ്ങൾ ഇപ്പോൾ മനസിൽ വിചാരിക്കുന്നതു പോലെ അമലിനെ പുകഴ്ത്താനൊന്നുമല്ല ഈ കുറിപ്പ്. നമുക്ക് ലഭിക്കേണ്ട അവകാശങ്ങൾക്കു വേണ്ടി പോരാടുവാനുള്ള നിങ്ങളുടെ കടമയെ ഓർമ്മിപ്പക്കാൻ വേണ്ടി മാത്രമാണ്.

NB. ന്യൂനപക്ഷ കമ്മീഷൻ കോട്ടയം ജില്ലയിൽ ഉള്ളവർക്ക് ക്രൈസ്തവു പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് അയച്ചു കൊടുക്കാൻ ഇനിയും അവസരം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ താമസിയാതെ തന്നെ ഇത്തരം യോഗങ്ങൾ വിളിച്ചു ചേർക്കുന്നതാണ്. അവയോടെങ്കിലും സഹകരിക്കാൻ എല്ലാവർക്കും കടമ ഉണ്ട് എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. മറ്റ് ഏതാനം ജില്ലകളിലെ തീയതികൾ താഴെ കൊടുക്കുന്നു. എല്ലാവരും സഹകരിക്കുക.

എറണാകുളം -15/7/2019,

ആലപ്പുഴ-20/07/2019,

പത്തനംതിട്ട-27/7/2019,

കൊല്ലം-03/8/2019,

തിരുവനന്തപുരം-17/8/2019,

ഇടുക്കി-31/8/2019,

തൃശൂർ-7/9/2019,


മലപ്പുറം-19/09/2019.

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *