Sathyadarsanam

ഇന്ത്യയിലെ മാർത്തോമ്മാ നസ്രാണികളുടെ ഇടയില വലിയ നോമ്പിന്റെ ഭാഗമായി ആചരിക്കുന്ന ‘കൊഴുക്കട്ട ശനിയാഴ്ച’ (ലാസറിന്റെ ശനിയാഴ്ച)

പൌരസ്ത്യ സഭകളിലെല്ലാം ഈ ദിനം ലാസറിന്റെ ശനിയാഴ്ചയായി അറിയപ്പെടുന്നു.മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യത്തില്‍ നാല്പതാം വെള്ളിക്കു ശേഷം വരുന്ന രണ്ട് ദിവസങ്ങള്‍ സന്തോഷത്തിന്‍റേതാണ് – കൊഴുക്കട്ട ശനിയും ഓശാന ഞായറും. അങ്ങനെ ഈശോയുടെ നാല്പതു നോമ്പിനെ അനുസ്മരിച്ച് നോമ്പുനോറ്റ ശേഷം കഷ്ടാനുഭവ ആഴ്ച്ചയില്‍ നോമ്പിന്‍റെ മറ്റൊരു തലത്തിലേയ്ക്കു വിശ്വാസികള്‍ കടക്കുകയും ചെയ്യുന്നു…

മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യത്തിലെ കൊഴുക്കട്ട ശനിയുടെ ഉത്ഭവം എങ്ങനെ?

പേതൃത്ത ഞായറാഴ്ച വൈകുന്നേരത്തെ റംശാ നമസ്കാരത്തോടെ അഥവാ സായാഹ്‌ന നമസ്കാരത്തോടെ മാർ തോമാ നസ്രാണികൾ വലിയ നോമ്പിലേക്കു പ്രവേശിക്കുന്നു. കർത്താവ് നാൽപതു നാൾ ഉപവസിച്ചതിന്റെ ഒാർമ്മയ്ക്കായും, അവസാന പത്തു ദിവസമായ വിശുദ്ധവാരത്തിനു മുന്നൊരുക്കമായും ഓശാനയുടെ തലേ ശനിയാഴ്ചയായ നാൽപത്തിയൊന്നാം നാൾ വിശേഷമായി ആചരിക്കുന്നു. അന്നേദിവസം നസ്രാണി ഭവനങ്ങളിൽ പ്രധാന വിഭവമായി കൊഴുക്കട്ട ഉണ്ടാക്കുന്നതുകൊണ്ട് ആ ദിവസത്തെ വിളിക്കുന്ന പേരാണ് ‘കൊഴുക്കട്ട ശനിയാഴ്ച’.
മറിയം ഉപയോഗിച്ച സുഗന്ധ പത്രത്തിന്റെ ഉരുണ്ട ചുവടുഭാഗത്തെ ഓർമിപ്പിക്കുന്ന (ശർക്കരയും തേങ്ങായും സുഗന്ധവർഗങ്ങളും ചേർത്ത) കൊഴുക്കോട്ടാ ഉണ്ടാക്കി ഗൃഹനാഥൻ അതിൽ സ്ലീവാ വരച്ചു കുടുംബാംഗങ്ങൾക്ക് കൊടുത്തിരുന്നു. അതുകൊണ്ട് ഈ ദിനത്തെ കൊഴുക്കോട്ടാ ശനി എന്നു വിളിക്കുന്നു. കൊഴുക്കോട്ടാ കഴിക്കുന്നത്‌ ഉപവാസലംഘനമായി കരുതിയിരുന്നില്ല!

“അതായത് പെസഹായ്ക്ക് ആറു ദിവസം മുൻപ് ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയിൽ സാക്ഷാൽ ഈശോ മിശിഹാ ലാസറിന്റെ ഭവനത്തിലെത്തുമ്പോൾ ലാസറിന്റെ സഹോദരിമാരായ മര്ത്തായും മറിയവും തിടുക്കത്തിൽ മാവുകുഴച്ചുണ്ടാക്കിയ വിഭവം കൊണ്ട് ഈശോയ്ക്ക് വിരുന്നു നൽകി. വലിയ വിരുന്നായ പെസഹായ്ക്കു മുൻപ് ഈശോ ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു അത്.
ആ വിരുന്നിന്റെ അനുസ്മരണമായാണ് പരമ്പരാഗത രീതിയില് അരിപ്പൊടികൊണ്ട് കൊഴുക്കട്ടയുണ്ടാക്കി ‘കൊഴുക്കട്ട ശനിയാഴ്ച’യായി ആചരിക്കുന്നത്. ഇതിന് ‘ലാസറിന്റെ ശനിയാഴ്ച’ എന്നും പറയും. മിശിഹായുടെ രക്ഷാകര ചരിത്രങ്ങൾ മുഴുവൻ നസ്രാണി മക്കൾ ഇത്തരത്തിൽ പ്രാർത്ഥനയോടെ ധ്യാനിക്കുന്നു.

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *