Sathyadarsanam

മാര്‍ നെസ്‌തോറിയസിന്റെ കൂദാശ: വിശ്വാസാനുഭവത്തില്‍ വളരുന്ന സഭയുടെ പ്രാര്‍ത്ഥനക്രമം

റവ. ഡോ. പോളി മണിയാട്ട്

മൂന്നാം നൂറ്റാണ്ടുമുതല്‍ ആറാം നൂറ്റാണ്ടുവരെ പൗരസ്ത്യ സുറിയാനി സഭകളിലും ഗ്രീക്ക് സഭകളിലുമുണ്ടായ ആരാധനക്രമ ദൈവശാസ്ത്ര വളര്‍ച്ചയുടെ ഉത്തമനിദര്‍ശനമാണ് മാര്‍ തെയദോറിന്റെയും മാര്‍ നെസ്‌തോറിയസിന്റെയും കൂദാശക്രമങ്ങള്‍. ഈ രണ്ടു കൂദാശക്രമങ്ങളും അവയുടെ നാമഹേതുകരായ പിതാക്കന്മാരാല്‍ എഴുതപ്പെട്ടവയല്ല എന്നാണ് ഈ കൂദാശക്രമങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ആറാം നൂറ്റാണ്ടില്‍ പൗരസ്ത്യ സുറിയാനി പാത്രിയാര്‍ക്കീസായിരുന്ന മാര്‍ ആബാ കോണ്‍സ്റ്റാന്റിനോപ്പിള്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടെ പ്രചാരത്തിലിരുന്ന മാര്‍ തെയദോറിന്റെയും മാര്‍ നെസ്‌തോറിയസിന്റെയും നാമത്തിലുള്ള കൂദാശകള്‍ (അനാഫൊറകള്‍) കൊണ്ടുവന്ന് സുറിയാനിയിലേക്ക് പരിഭാഷപ്പെടുത്തി. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന്റെ തനിമയുള്ള മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശക്രമത്തിലെ പല ഘടകങ്ങളും ഈ പരിഭാഷയിലേക്ക് കൂട്ടിച്ചേര്‍ത്ത് നവീകരിച്ചതാണ് പിന്നീട് പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിന്റെ അവിഭാജ്യ ഭാഗമായിത്തീര്‍ന്ന ഈ രണ്ടു കൂദാശക്രമങ്ങളും.

അപ്പസേതോലിക പൈതൃകത്തിന്റെ ചുവടുപിടച്ച് വളര്‍ന്നുവന്ന മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശക്രമത്തിന്റെ (ഒന്നാമത്തെ കൂദാശക്രമത്തിന്റെ) ദൈവശാസ്ത്രാഭിമുഖ്യങ്ങള്‍ കലര്‍പ്പില്ലാതെ പുതിയ കൂദാശക്രമത്തിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ പൗരസ്ത്യ സുറിയാനി സഭകള്‍ ശ്രദ്ധചെലുത്തി. പൗരസ്ത്യ രത്‌നമെന്ന് (ഏലാാമ ഛൃശലിമേഹല) വിഖ്യാതമായിത്തീര്‍ന്ന ഒന്നാമത്തെ കൂദാശയുടെ ആരാധനാദൈവശാസ്ത്രത്തിന്റെ ജീവാത്മകമായ വളര്‍ച്ചയായിട്ട് തെയദോറിന്റെയും നെസതോറിയസിന്റെയും കൂദാശകളെ കാണാന്‍ കഴിയും.

പെസഹാരഹസ്യത്തിന്റെ ആചരണംതന്നെയായ ബലിയര്‍പ്പണത്തിന് പൗരസ്ത്യ സുറിയാനി കൂദാശക്രമങ്ങളെല്ലാം ഊന്നല്‍ നല്‍കുന്നുണ്ട്. മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശക്രമത്തില്‍ മുകുളാവസ്ഥയിലാണ് ഈ ദൈവശാസ്ത്രാഭിമുഖ്യമുള്ളതെങ്കില്‍ മാര്‍ തെയദോറിന്റെയും മാര്‍ നെസ്‌തോറിയസിന്റെയും കൂദാശക്രമങ്ങളില്‍ ഇത് ഇലകള്‍ ചാര്‍ത്തി പുഷ്പിച്ച് ഫലം ചൂടിയ തരത്തില്‍ വികാസം പ്രാപിച്ചിട്ടുണ്ട്.

2018 സെപ്റ്റംബര്‍ 8-ന് സീറോ മലബാര്‍ സഭയില്‍ പ്രാബല്യത്തില്‍ വന്ന മാര്‍ നെസ്‌തോറിയസിന്റെ കൂദാശക്രമം ആരാധനക്രമപരമായ ലാളിത്യത്താലും വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനാനുഭവമേകുന്ന ഹൃദ്യതയാലും ദൈവശാസ്ത്രസമ്പന്നതയാലും സീറോ മലബാര്‍ സഭയുടെ ആരാധനാപൈതൃകത്തിന് വലിയൊരു മുതല്‍ക്കൂട്ടായി തീര്‍ന്നിരിക്കുന്നുവെന്ന് നിസ്സംശയം പറയാം. എന്നാല്‍ മാര്‍ നെസ്‌തോറിയസിന്റെ കൂദാശയിലെ പ്രാര്‍ത്ഥനകളെ യഥോചിതം മനസ്സിലാക്കാന്‍ ശ്രമിക്കാതെ മുന്‍വിധികളോടെ ഈ കൂദാശക്രമത്തിനെതിരേ പ്രചരണങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ ഈ കൂദാശയുടെ ആരാധനക്രമപരവും ദൈവശാസ്ത്രപരവുമായ പ്രാധാന്യത്തെക്കുറിച്ച് പഠക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പരി. കുര്‍ബാനയെക്കുറിച്ചുള്ള പിതാക്കന്മാരുടെ പ്രബോധനങ്ങളുടെയും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെയും ആധുനിക ദൈവശാസ്ത്ര ചിന്തകളുടെയും വെളിച്ചത്തിലാണ് നെസ്‌തോറിയസിന്റെ കൂദാശക്രമത്തെ വിലയിരുത്തേണ്ടത്. ഈ കൂദാശക്രമത്തെ മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശയോടും മാര്‍ തെയദോറിന്റെ കൂദാശയോടും തുലനം ചെയ്യുമ്പോള്‍ പൗരസ്ത്യ സുറിയാനി കൂദാശകളുടെ പൊതു ഘടകങ്ങള്‍ (കൂശാപ്പാ, പ്രാര്‍ത്ഥനാഭ്യര്‍ത്തന, സമാധാനാശംസ, ഡിപ്റ്റിക്‌സ്, കാറോസൂസ, പരിശുദ്ധന്‍ കീര്‍ത്തനം, സൃഷ്ടി, രക്ഷ, പവിത്രീകരണം എന്നീ പ്രമേയങ്ങളെ ആസ്പദമാക്കിയുള്ള ഗ്ഹാന്തകള്‍) ഈ മൂന്നു കൂദാശക്രമങ്ങളിലും സന്നിഹിതമാണെന്ന് കാണാം. (പ്രതിപാദനത്തിന്റെ സൗകര്യാര്‍ത്ഥം മാര്‍ അദ്ദായിയുടെയും മാര്‍ മാറിയുടെയും കൂദാശയെ ഒന്നാമത്തെ കൂദാശയെന്നും മാര്‍ തെയദോറിന്റെ കൂദാശയെ രണ്ടാമത്തെ കൂദാശയെന്നും മാര്‍ നെസ്‌തോറിയസിന്റെ കൂദാശയെ മൂന്നാമത്തെ കൂദാശയെന്നും ഇവിടെ സൂചിപ്പിക്കുന്നു). മൂന്നാമത്തെ കൂദാശയിലെ മദ്ബഹാപ്രവേശന പ്രാര്‍ത്ഥന ഒന്നാമത്തെ കൂദാശയിലെ ഒന്നാം ഗ്ഹാന്ത തന്നെയാണ്. രണ്ടാമത്തെ കൂദാശയിലെ മദ്ബഹാപ്രവേശനപ്രാര്‍ത്ഥന മൂന്നാമത്തെ കൂദാശയിലെ ഒന്നാം ഗ്ഹാന്തയായി കൊടുത്തിരിക്കുന്നു. ഈ മൂന്നു കൂദാശക്രമങ്ങളും ബലിയര്‍പ്പണത്തെ സംബന്ധിച്ച് പൊതുവായ ആഭിമുഖ്യം പുലര്‍ത്തുന്നുവെന്നതിനുള്ള തെളിവാണ് ഇത്തരം പ്രാരംഭ പ്രാര്‍ത്ഥനകള്‍ ഈ കൂദാശകളിലെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബലിയര്‍പ്പണത്തിനുള്ള ഒരുക്കത്തിന്റെ ഈ പ്രാര്‍ത്ഥനകളില്‍ പരി. കുര്‍ബാനയുടെ അര്‍ത്ഥവും പ്രാധാന്യവും വ്യക്തമാക്കുന്നുണ്ട്.

പിതാവായ ദൈവത്തിന്റെ അഭിഷിക്തനായ മിശിഹായുടെ ശരീരരക്തങ്ങളാകുന്ന ദിവ്യരഹസ്യങ്ങളുടെ ശുശ്രൂഷയാണ് പരി. കുര്‍ബാനയര്‍പ്പണമെന്ന് ഒന്നാമത്തെ കൂദാശയുടെ ഒന്നാം ഗ്ഹാന്തയിലും മൂന്നാമത്തെ കൂദാശയുടെ മദ്ബഹാപ്രവേശനപ്രാര്‍ത്ഥനയിലും വ്യക്തമാക്കുന്നു. ശരീരരക്തങ്ങളുടെ ദിവ്യരഹസ്യങ്ങള്‍ പരികര്‍മ്മം ചെയ്യേണ്ടത് തികഞ്ഞ സ്‌നേഹത്തോടും ഉറച്ച വിശ്വാസത്തോടുംകൂടെയാവണമെന്ന് ഈ പ്രാര്‍ത്ഥന നിഷ്‌കര്‍ഷിക്കുന്നു. പരി. കുര്‍ബാനയര്‍പ്പണം പെസഹാരഹസ്യത്തിന്റെ ഓര്‍മ്മയാചരണം തന്നെയാണെന്ന് മൂന്നാമത്തെ കൂദാശയുടെ ഒന്നാം ഗ്ഹാന്ത പ്രാര്‍ത്ഥനയില്‍ ഏറ്റുപറയുന്നുണ്ട്: ”…അങ്ങയുടെ പ്രിയപുത്രന്റെ പീഡാനുഭവത്തിന്റെയും മരണത്തിന്റെയും സംസ്‌കാരത്തിന്റെയും ഉത്ഥാനത്തിന്റെയും ഓര്‍മ്മയാചരണമായ സജീവവും പരിശുദ്ധവും സ്വീകാര്യവുമായ ഈ ബലി അങ്ങയുടെ മുമ്പാകെ ഞാന്‍ സമര്‍പ്പിക്കട്ടെ.”(മൂന്നാമത്തെ കൂദാശക്രമം, പേജ് 13).

ഇന്ന് അര്‍പ്പിക്കപ്പെടുന്ന വി. കുര്‍ബാന മിശിഹാ രക്തംചിന്തി കാല്‍വരിയിലെ കുരിശില്‍ അര്‍പ്പിച്ച അതേ ബലിയുടെ രക്തരഹിതമായ ആവിഷ്‌കാരമാണ് അഥവാ കൗദാശികാവിഷ്‌കാരമാണെന്ന് മൂന്നാമത്തെ കൂദാശയുടെ ഭാഷണ കാനോന വ്യക്തമാക്കുന്നു. മൂലരൂപത്തില്‍ ‘രക്തരഹിതമായ’ എന്ന വിശേഷണമുണ്ടെങ്കിലും ഇപ്പോള്‍ പ്രസിദ്ധീകരിച്ച തക്‌സയില്‍ ‘രക്തരഹിതമായ’ എന്ന വിശേഷണം ഒഴിവാക്കിയിരിക്കുകയാണ്. മിശിഹാ അര്‍പ്പിച്ച ബലി രക്തരഹിതബലിയാണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുള്ളതിനാലാണ് ആ വിശേഷണം ഒഴിവാക്കിയിരിക്കുന്നത്. ”മനുഷ്യവംശത്തിന്റെ ആദ്യഫലമായ മിശിഹായുടെ രക്തരഹിതമായ കുര്‍ബാന സര്‍വ്വ സൃഷ്ടികള്‍ക്കുംവേണ്ടി സകലത്തിന്റെയും നാഥനായ ദൈവത്തിന് എല്ലായിടത്തും അര്‍പ്പിക്കപ്പെടുന്നു” എന്ന ആശയമാണ് മൂലരൂപത്തിലുള്ളത്. ഇന്ന് അര്‍പ്പിക്കപ്പെടുന്ന ബലി രക്തരഹിതമായ ബലിയര്‍പ്പണമാണെങ്കിലും അത് യാഥാര്‍ത്ഥത്തില്‍ മിശിഹാ കാല്‍വരിയില്‍ രക്തം ചിന്തിയര്‍പ്പിച്ച അതേ ബലിയുടെ കൗദാശികാവിഷ്‌കാരമാണെന്നാണ് ഭാഷണ കാനോന പ്രഖ്യാപിക്കുന്നത്. ഈശോമിശിഹായുടെ ബലിയര്‍പ്പണത്ത പ്രവാചകന്മാര്‍ പ്രതീകങ്ങളിലൂടെ സൂചിപ്പിച്ചതെന്നും ശ്ലീഹന്മാര്‍ പരസ്യമായി പ്രസംഗിച്ചതെന്നും രക്തസാക്ഷികള്‍ ജീവാര്‍പ്പണംകൊണ്ട് സ്വന്തമാക്കിയതാണെന്നും മല്പാന്മാര്‍ ദൈവാലയങ്ങളില്‍ വ്യാഖ്യാനിച്ചതാണെന്നും പുരോഹിതന്മാര്‍ വിശുദ്ധ പീഠത്തിന്മേല്‍ സമര്‍പ്പിച്ചതെന്നും ജനതകള്‍ പാപപ്പരിഹാരത്തിനായി സ്വീകരിച്ചതെന്നും ഭാഷണ കാനോനയില്‍ വിശേഷിപ്പിക്കുന്നു. പഴയനിയമത്തിലൂടെ സൂചിപ്പിക്കപ്പെട്ടതും പ്രവചിക്കപ്പെട്ടതുമാണ് ഈശോയുടെ മരണത്തിന്റെ ബലിയായ കുര്‍ബാന. ഈ കുര്‍ബാനയുടെ സഭയിലുള്ള ആഘോഷത്തിന്റെ വ്യത്യസ്ത തലങ്ങളിലേക്കാണ് ഭാഷണ കാനോനയിലെ വിശേഷണങ്ങള്‍ ശ്രദ്ധ തിരിക്കുന്നത്.

നമ്മുടെ രക്ഷയ്ക്കായി ഈശോ മിശിഹാ പൂര്‍ത്തിയാക്കിയ പെസഹാരഹ്യത്തെ അനുസ്മരിക്കാന്‍ ഭാഷണ കാനോനയുടെ സമാപനത്തില്‍ മ്ശംശാന ആഹ്വാനം ചെയ്യുന്നുണ്ട്. ”തന്റെ ശരീരത്താല്‍ നമ്മുടെ ദുഃഖത്തെ സന്തോഷമായി പകര്‍ത്തുകയും തന്റെ ജീവരക്തം നമ്മുടെ ഹൃദയങ്ങളുടെമേല്‍ തളിക്കുകയും ചെയ്ത നമ്മുടെ രക്ഷകനായ മിശിഹാ നമുക്കുവേണ്ടി പൂര്‍ത്തീകരിച്ച അദ്ഭുതാവഹമായ രക്ഷാപദ്ധതിയെ നിങ്ങള്‍ ഓര്‍ക്കുകയും നൈര്‍മ്മല്യത്തോടും ശ്രദ്ധയോടുംകൂടി പ്രാര്‍ത്ഥിക്കുകയും ചെയ്യുവിന്‍.” (മൂന്നാമത്തെ കൂദാശക്രമം, 18).

തുടരും…

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *