Sathyadarsanam

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണ്: KCBC വിദ്യാഭ്യാസ കമ്മീഷൻ

സംസ്ഥാന സ്‌കൂൾ കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി തൃശൂരിൽ നടത്തിയ പത്രസമ്മേളനത്തിലെ പ്രസ്താവനകൾ വസ്തുതാ വിരുദ്ധവും രാഷ്ട്രീയ പ്രേരിതവും നീതി നിഷേധവുമാണെന്നു KCBC വിദ്യാഭ്യാസ കമ്മീഷൻ കുറ്റപ്പെടുത്തി. NSS മാനേജ്‌മന്റ് മാത്രമാണ് ഭിന്നശേഷി സംബന്ധമായ നിയമങ്ങൾ പാലിക്കുന്നത് എന്ന മന്ത്രിയുടെ പ്രസ്താവന നീതി നിഷേധവും സത്യവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്നു KCBC വിദ്യാഭ്യാസ കമ്മീഷൻ വിലയിരുത്തി.

കേരള ഗവണ്മെന്റ് ഭിന്നശേഷി മേഖലയിൽ സംവരണം തുടങ്ങുന്നതിനു മുൻപേ ഭിന്നശേഷി മക്കളെ ചേർത്തുനിർത്തുന്ന കത്തോലിക്ക സഭയുടെ കീഴിലുള്ള എല്ലാ സ്കൂളിലും ഭിന്നശേഷി സംവരണത്തിനായുള്ള എല്ലാ ഒഴിവുകളും മാറ്റി വച്ചുകൊണ്ടു സത്യവാങ്മൂലം നല്കിയിട്ടുള്ളതാണ്. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട സർക്കാരിന്റെ എല്ലാ നിർദ്ദേശങ്ങളും ക്രിസ്ത്യൻ മാനേജ്മെന്റുകൾ പാലിച്ച് പോരുന്നുണ്ട്.

വസ്തുതകൾ ഇതായിരിക്കെ പൊതുജന സമക്ഷം ഈ വസ്തുതകൾക്കു വിരുദ്ധമായി വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന അപക്വവും രാഷ്ട്രീയ പ്രേരിതവും സാമൂഹിക, സാമൂദായിക ചേരിതിരിവ് ഉണ്ടാക്കുവാൻ ലക്‌ഷ്യം വച്ച് നടത്തുന്നതുമാണെന്നു KCBC വിദ്യാഭ്യാസ കമ്മീഷൻ കുറ്റപ്പെടുത്തി.

ഈ വിഷയത്തിൽ NSS നു ലഭിച്ച സുപ്രീം കോടതി വിധിയിൽ സമാന സ്വഭാവമുള്ള മറ്റു മാനേജ്മെന്റുകളുടെ കാര്യത്തിലും ഈ വിധി ബാധകമാക്കാം എന്നിരിക്കെ മറ്റുള്ളവരും സുപ്രീം കോടതിയിൽ നിന്നും സമാന വിധി വാങ്ങണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പിടിവാശി നീതി നിഷേധവും സത്യവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണ്.

മേൽ പറഞ്ഞ സുപ്രീം കോടതി വിധിയോടെ കേരള സർക്കാരിന് തീരുമാന മെടുക്കാം എന്നിരിക്കെ വീണ്ടും കോടതിയിൽ പോകണമെന്ന് ശഠിക്കുന്ന വിദ്യാഭ്യാസ മന്ത്രി ഫലത്തിൽ കേരള ഗവൺമെന്റിന്റെ കഴിവുകേടിനെയാണ് സൂചിപ്പിക്കുന്നത്.

മാത്രമല്ല ഇക്കാര്യത്തിൽ ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ നിന്നും ക്രിസ്ത്യൻ മാനേജ്‌മന്റ് കൺസോർഷ്യവും സമാനമായ വിധി നേടിയിട്ടുള്ളതാണ്. ഇക്കാര്യങ്ങളെല്ലാം മറച്ചുവെച്ചു കൊണ്ട് വിദ്യാഭ്യാസ മന്ത്രി നടത്തിയ പ്രസ്താവന ദുഷ്ടലാക്കോടെയാണെന്നു പറയാതെ വയ്യ.

നൂറുകണക്കിന് ദിവസവേതനക്കാരായ അദ്ധ്യാപകർക്ക് വേതനം ലഭിക്കാത്തതു പ്രധാന അദ്ധ്യാപകരുടെ കൃത്യവിലോപമാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പ്രധാന അദ്ധ്യാപകാർക്കെതിരെ നടത്തിയ പച്ചക്കള്ളമാണെന്നും വിദ്യാഭ്യാസ മന്ത്രി മാപ്പു പറയണമെന്നും KCBC വിദ്യാഭ്യാസ കമ്മീഷൻ ആവശ്യപ്പെട്ടു.

Bishop Joshua Mar Ignathios
Chairman, KCBC Education Commission

Fr. Antony Vacko Arackal Secretary,

KCBC Education Commission

Leave a Reply

Your email address will not be published. Required fields are marked *