Sathyadarsanam

താൻ കേട്ട ഏറ്റവും ശക്തമായ വചനപ്രഘോഷണം എറിക്ക ചാർലിയുടേത്: ആർച്ച് ബിഷപ്പ്. മാർ. തോമസ് തറയിൽ

ചങ്ങനാശ്ശേരി: അമേരിക്കയില്‍ കൊല്ലപ്പെട്ട ഇന്‍ഫ്ലുവെന്‍സറും ക്രൈസ്തവ വിശ്വാസിയുമായിരിന്ന ചാര്‍ലി കിര്‍ക്കിന്റെ ഭാര്യ എറിക്ക കഴിഞ്ഞ ദിവസം നടത്തിയ അനുസ്മരണ പ്രഭാഷണം, താന്‍ കേട്ട ഏറ്റവും ശക്തമായ വചനപ്രഘോഷണമാണെന്നു ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍. ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച് ഘാതകനോട് ക്ഷമിക്കുന്നതായി പ്രഖ്യാപിച്ചുള്ള എറിക്കയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിന്നു.

കേവലം 30 വർഷം ജീവിച്ച ഒരു ചെറുപ്പക്കാരന് ഒരു ലക്ഷത്തോളം ആൾക്കാർ അന്ത്യോപചാരം അർപ്പിച്ചുവെന്നും അനേക ലക്ഷങ്ങൾ ഓൺലൈനായി പങ്കെടുത്തുവെന്നും ഇത് ചരിത്രത്തില്‍ തന്നെ വിരളമായ സംഭവമാണെന്നും ആര്‍ച്ച് ബിഷപ്പ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അനുസ്മരിച്ചു. ആഴമായ വിശ്വാസത്തിൽ അടിയുറച്ചു തന്റെ പ്രിയ ഭർത്താവിന്റെ ഘാതകന് മാപ്പു നൽകിയ അവർ നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമായിരിന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.

“കിരാതമായ ഈ വധത്തിനു ശേഷം നാം അക്രമങ്ങളൊന്നും കണ്ടില്ല. കലാപങ്ങളും പൊട്ടിപുറപ്പെട്ടില്ല. നമ്മൾ വിപ്ലവങ്ങളും കണ്ടില്ല. അതിനു പകരം, നാം കണ്ടത്, എന്റെ ഭർത്താവ് ഈ രാജ്യത്തു കാണാൻ ആഗ്രഹിച്ച ‘പുനരുജ്ജീവനം’ ആയിരുന്നു. കഴിഞ്ഞ ആഴ്ച അനേകർ ഈ ദശാബ്ദത്തിൽ ആദ്യമായി ബൈബിൾ തുറന്നു വായിച്ചു. അനേകം ആളുകൾ തങ്ങളുടെ ബാല്യത്തിനുശേഷം ആദ്യമായി പ്രാർത്ഥിക്കുന്നത് നാം കണ്ടു. അനേകർ ജീവിതത്തിലാദ്യമായി പള്ളിയിൽ പോകുന്നത് നമ്മൾ കണ്ടു”. ഈ അടുത്ത കാലത്തു താന്‍ കേട്ട ഏറ്റവും ശക്തമായ വചനപ്രഘോഷണം ആയിരുന്നു എറിക്കയുടേതെന്ന വാക്കുകളോടെ ആദരാഞ്ജലികൾ അര്‍പ്പിച്ചുക്കൊണ്ടാണ് ആര്‍ച്ച് ബിഷപ്പിന്റെ പോസ്റ്റ് അവസാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *