
ആർച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടം
കേരളത്തിന്റെ മലയോരങ്ങൾ ഒരു സഹസ്രാബ്ദം മുന്പുമുതലെങ്കിലും കാർഷിക മേഖലയായിരുന്നു. ഇവിടത്തെ കൃഷികൾ സംബന്ധിച്ച ചരിത്രരേഖകൾ 15ാം നൂറ്റാണ്ടുമുതലുള്ളവ ലഭ്യമാണ്. യൂറോപ്യൻ വ്യാപാരികൾ ഇവിടെനിന്നു വ്യാപകമായി മലഞ്ചരക്കുകൾ വാങ്ങിയിരുന്നു. തിരുവതാംകൂറിന്റെയും മറ്റു നാട്ടുരാജ്യങ്ങളുടെയും പ്രധാന വരുമാനം പശ്ചിമഘട്ട മലയോര പ്രദേശങ്ങളിൽ വിളയുന്ന ഏലവും കുരുമുളകും മറ്റുമായിരുന്നു. തുടർന്ന് സ്വാതന്ത്ര്യാനന്തരം, 1950കളിൽ കേരളത്തിൽ പട്ടിണി വ്യാപകമായപ്പോൾ നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി മധ്യതിരുവിതാംകൂറിൽനിന്നു നാടും വീടും വിട്ട് വടക്ക് മലബാറിലേക്കും തെക്ക് അന്പൂരി ഭാഗത്തേക്കും കിഴക്ക് മലയോര മേഖലകളിലേക്കും കർഷകർ കുടിയേറി. ഇപ്രകാരം കുടിയേറാൻ “ഗ്രോ മോർ ഫുഡ്’ അടക്കമുള്ള പദ്ധതികളുമായി സർക്കാർ വലിയ പ്രോത്സാഹനം നൽകി.
എന്നാൽ വന്യമൃഗങ്ങളോടും സാംക്രമികരോഗങ്ങളോടും വീരോചിതമായി പടപൊരുതി കാർഷിക ഉൽപന്നങ്ങൾ വിളയിച്ച് നാടിന്റെ പട്ടിണി മാറ്റാൻ മുഖ്യപങ്കുവഹിച്ച കർഷകർ ഇന്നും കണ്ണീർ കയത്തിലാണ്. കേരളത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് പതിറ്റാണ്ടുകളായി വിലപ്പെട്ട സംഭാവനകൾ നൽകിയ കർഷകരോട് മാറിമാറിവന്ന സർക്കാരുകൾ കടുത്ത അവഗണനയാണ് കാണിച്ചു പോരുന്നത്. സർക്കാരിന്റെ പദ്ധതികളോട് സഹകരിച്ച കർഷകർ ഇന്ന് വഞ്ചിക്കപ്പെട്ടിരിക്കുന്നുവോ? അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോലപ്രദേശങ്ങൾ (ഇഎസ്എ) നിർണയിക്കുന്ന കാര്യത്തിൽ സംഭവിക്കുന്നത്. കേരളത്തിന്റെ തെക്ക് തിരുവനന്തപുരം ജില്ലയിലെ അന്പൂരി, കള്ളിക്കാട്, വാഴിച്ചാൽ തുടങ്ങി ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ ധാരാളം വില്ലേജുകൾ ഉൾപ്പെടെ 123 വില്ലേജുകളെ ഗുരുതരമായി ബാധിക്കുന്ന ഒരു പ്രശ്നത്തിൽ ശാസ്ത്രീയവും നീതിപൂർവ്വവും സുതാര്യവുമായ ഒരു നിലപാടെടുക്കാൻ കേരള സർക്കർ അമാന്തം കാണിക്കരുത്.
പി. എച്ച്. കുര്യൻ കമ്മിറ്റിയുടെ പിഴവുകൾ
കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരം 13108 ച.കി.മി. സ്ഥലവും, ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം 9993.7 ച.കി.മീ. സ്ഥലവും കേരളത്തിൽ ഇഎസ്എ പരിധിയിൽ പെടും. എന്നാൽ സംസ്ഥാന സർക്കാർ 2018 ൽ പി.എച്ച്. കുര്യൻ കമ്മിറ്റിയെ നിയമിച്ച് ഈ പ്രശ്നം പഠിച്ചതിന്റെ അടിസ്ഥാനത്തിൽ 31 വില്ലേജുകൾ ഉൾക്കൊള്ളുന്ന 1333.24 ച.കി.മീ പ്രദേശം ഈ പരിധിയിൽ നിന്ന് വീണ്ടും ഒഴിവാക്കി 8656.4 ച.കി.മീ ൽ 92 വില്ലേജുകൾ മാത്രം ഉൾക്കൊള്ളുന്ന പുതിയ ശിപാർശ കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്. എന്നാൽ ഈ ശിപാർശയിൽ പ്രധാനമായും രണ്ട് പ്രശ്നങ്ങളാണ് സംഭവിച്ചത്.
ഒന്നാമതായി, കസ്തുരിരംഗൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നതും എന്നാൽ ഉമ്മൻ കമ്മിറ്റി ഒഴിവാക്കിയിരുന്നതുമായ പല സ്ഥലങ്ങളും (ഏകദേശം 700 ച.കി.മീ) പി. എച്ച്. കുര്യൻ കമ്മിറ്റി ഈ 92 വില്ലേജുകളിൽ വീണ്ടും കൂട്ടിച്ചേർത്തു. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരം 2015 ൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച ജിയോ കോർഡിനേറ്റിലെ പല വില്ലേജുകളിലെയും ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും കുര്യൻ കമ്മിറ്റി വീണ്ടും റിസർവ് ഫോറസ്റ്റ് ആയി മാർക്ക് ചെയ്തു എന്നുള്ളത് കർഷകർക്കും പൊതുസമൂഹത്തിനും അംഗീകരിക്കാൻ സാധിക്കുന്നതല്ല.
രണ്ടാമത് കുര്യൻ കമ്മിറ്റി ഉപയോഗിച്ചിട്ടുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തന്നെ വിലയിരുത്തുന്പോൾ ഇനിയുമേറെ വില്ലേജുകൾ ഒഴിവാക്കപ്പെടാനുണ്ടെന്നു വ്യക്തമാണ്. തിരുവനന്തപുരം ജില്ലയുടെ ഭാഗമായ അന്പൂരി, കള്ളിക്കാട്, വില്ലേജുകൾ ഇപ്രകാരം ഒഴിവാക്കപ്പെടാൻ അർഹതയുള്ളവയാണ്. ഒരു വില്ലേജിൽ 20 ശതമാനമോ അതിൽ കൂടുതലോ പ്രദേശം ഇഎസ്എയിൽ വന്നാൽ മാത്രമേ പ്രസ്തുത വില്ലേജ് മുഴുവനായും ഇഎസ്എയിൽ പെടുകയുള്ളൂവെന്നാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാട്. എന്നാൽ അന്പൂരിയിൽ 9.6 ശതമാനവും കള്ളിക്കാട്ടിൽ 2.6 ശതമാനവും ഭൂമി മാത്രമാണ് ഇഎസ്എ പരിധിയിൽ വരുന്നത്. ഈ വില്ലേജുകൾ രണ്ടും പൂർണ്ണമായും ഇഎസ്എയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.
ജനസാന്ദ്രത ഒരു ച.കി.മീ. ൽ 100 ൽ കൂടുതൽ ഉണ്ടെങ്കിൽ ആ പ്രദേശത്തെയും ഇഎസ്എയിൽ നിന്ന് ഒഴിവാക്കേണ്ടതാണ്. എന്നാൽ 2011ലെ കണക്കുപ്രകാരം അന്പൂരിയിൽ ഒരു ച.കി.മീ.ൽ 243 പേരും കള്ളിക്കാട്ടിൽ 127 പേരും അധിവസിക്കുന്നു. കൂടാതെ നെയ്യാർ റിസർവ് വനംവകുപ്പ് കയ്യാലകൾ കെട്ടി, ജണ്ടകൾ സ്ഥാപിച്ച് ജനവാസകേന്ദ്രങ്ങളെ വനപ്രദേശങ്ങളിൽനിന്നു വേർതിരിച്ചിട്ടുമുണ്ട്.
1914 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ റിമോട്ട് സെൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തിയ ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കുന്നത് ഈ വനമേഖലകൾ മാറ്റമില്ലാതെ തുടരുകയാണെന്നാണ്. അതായത് ഇവിടെ വനഭൂമി കയ്യേറ്റമോ, വനനശീകരണമോ നടന്നിട്ടില്ല. കൂടാതെ ഇവിടെ റെഡ് കാറ്റഗറിയിൽ പെട്ട വ്യവസായശാലകളോ പാറമടകളോ മണൽവാരൽ കേന്ദ്രങ്ങളോ ഇല്ല. അതായത് ഈ പ്രദേശങ്ങൾ തികച്ചും പരിസ്ഥിതിസൗഹൃദ പ്രദേശങ്ങൾ തന്നെയാണ്. എന്നിട്ടും ഈ മേഖല ഇഎസ്എ യിൽ ഉൾപ്പെടുത്തിയിരിക്കുന്നതിന്റെ യുക്തി മനസിലാക്കാൻ സാധിക്കുന്നില്ല.
ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ പിഴവ്
കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ വ്യാപകമായ പരാതി ഉയർന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ രൂപംകൊടുത്ത ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി, കസ്തൂരിരംഗൻ റിപ്പോർട്ടിൽപെട്ട 123 വില്ലേജുകളിലെ ജനവാസകേന്ദ്രങ്ങളിൽ ഗ്രൗണ്ട് ട്രൂത്തിംഗ് നടത്തി വനവും കൃഷിയിടങ്ങളും വേർതിരിച്ചു. 9107 ച.കി.മീ. വനവും 886 ച.കി.മീ പുറന്പോക്കു ഭൂമിയും മാത്രം ഉൾപ്പെട്ട 9993.7 ച.കി.മീ. സ്ഥലമാണ് ഇഎസ്എ പരിധിയിൽ വരുന്നതായി റിപ്പോർട്ട് ചെയ്തത്.
ഈ ശിപാർശ കേരളസർക്കാരും കേന്ദ്രസർക്കാരും അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 2014 ൽ കേന്ദ്രസർക്കാർ കരടുവിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിനെ തുടർന്ന് 123 ഇഎസ്എ വില്ലേജുകളിൽ ഇഎസ്എ-നോണ് ഇഎസ്എ വേർതിരിച്ചുള്ള മാപ്പുകളും അതിന്റെ 187 ജിയോ കോഡിനേറ്റുകളും കേന്ദ്രസർക്കാരിനു സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ ഉമ്മൻ കമ്മിറ്റിക്ക് ഒരു പിഴവ് സംഭവിച്ചു.
കസ്തൂരിരംഗൻ റിപ്പോർട്ടനുസരിച്ച് നാച്ചുറൽ ലാൻഡ്സ്കേപ്പ് 12477 ച.കി.മീ മാത്രമാണ്. അതേ റിപ്പോർട്ടിൽ ഇഎസ്എ 13108 ച.കി.മീ. ആയിട്ടാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. ഉമ്മൻ കമ്മിറ്റി കണ്ടെത്തിയ 3114.3 ച.കി.മീ കുറയ്ക്കേണ്ടിയിരുന്നത് 12477 ച.കി.മീ ഏരിയയിൽ നിന്നായിരുന്നു.
എന്നാൽ കുറച്ചിരിക്കുന്നത് 13108 ച.കി.മീ.ൽ നിന്നാണ്. ഒപ്പം കേരളത്തിലെ 123 വില്ലേജുകളിലെ വനഭൂമിയുടെ വിസ്തീർണ്ണം 9107 ച.കി.മീ എന്ന് കണക്കാക്കിയതിലും തെറ്റുപറ്റിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഗ്രൗണ്ട് ട്രൂത്തിംഗ് വഴി ഇത് തിരുത്തുവാൻ പലപ്രാവശ്യം രേഖകൾ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാനത്തുനിന്ന് അനുകൂല സമീപനം ഉണ്ടായില്ല. ഉമ്മൻ കമ്മിറ്റി അനുസരിച്ച് തയ്യാറാക്കിയ ഇഎസ്എ മാപ്പിൽ ഈ തിരുത്തൽ വരുത്താതെ അന്തിമ വിജ്ഞാപനം ഇറക്കിയാൽ അത് ജനങ്ങളെ പ്രതികൂലമായി ബാധിക്കും.
ജിയോ കോർഡിനേറ്റുകൾ പര്യാപ്തമല്ല
ജിയോ കോർഡിനേറ്റ് ലൊക്കേഷൻ അന്തരീക്ഷത്തിൽ നിന്നുള്ള വിലയിരുത്തലായതിനാൽ സാധാരണക്കാർക്ക് ഇതിന്റെ അതിർത്തി തിരിച്ചറിയാൻ സാധിക്കുകയില്ല. സർവേ ഡീ മാർക്കേഷൻ നടത്താതെ ഭൂമിയുടെ അതിരുകൾ വ്യക്തമാവുകയില്ല. അതിനാൽ കേരളാ സർവേ ആൻഡ് ബൗണ്ടറീസ് ആക്ട് അനുസരിച്ച് സർവേ ഡീ മാർക്കേഷൻ നടത്തി ഓരോ വ്യക്തിയുടെയും ഭൂമി ഏതു വിഭാഗത്തിൽപ്പെടുന്നു എന്നു വ്യക്തമാക്കാതെ അന്തിമവിജ്ഞാപനം ഉണ്ടാകരുത്. അതോടൊപ്പം ഇപ്പോൾ നിർദ്ദേശിക്കപ്പെടുന്ന കോർ, നോണ് കോർ അവ്യക്തത പരിഹരിക്കാനും തയ്യാറാകണം. അടുത്തകാലത്താണ് കോർ, നോണ് കോർ എന്നീ പദങ്ങൾ പ്രയോഗത്തിൽ വരുന്നത്. ഇവയുടെ കാര്യത്തിൽ വ്യക്തതയില്ല. ഈ തരംതിരിവ് കർഷകർക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടില്ല.
കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണം
സർക്കാർ കർഷകരോദനങ്ങൾ കേട്ടില്ലെന്നു നടിക്കരുത്. കർഷകതാത്പര്യം സർക്കാർ പരിഗണിക്കണം. പശ്ചിമഘട്ടത്തിലെ ജനവാസമേഖലകളിൽ കൃഷിയിടങ്ങളും തോട്ടങ്ങളും പൂർണമായും ഇഎസ്എയിൽ നിന്ന് ഒഴിവാക്കി, വില്ലേജ് അടിസ്ഥാന യൂണിറ്റ് എന്ന മാനദണ്ഡം മാറ്റിവെച്ച്, റിസർവ് ഫോറസ്റ്റ്കളും ലോകപൈതൃക പ്രദേശങ്ങളും, സംരക്ഷിത പ്രദേശങ്ങളും മാത്രം ഇഎസ്എയിൽ ഉൾപെടുത്തി കേരളത്തിന്റെ ഇഎസ്എ മാപ്പിൽ തത്തുല്യമായ മാറ്റങ്ങൾ വരുത്തി അന്തിമവിജ്ഞാപനത്തിനായി സംസ്ഥാന സർക്കാർ ശുപാർശ ചെയ്യണം എന്നതാണ് കർഷകരുടെ നിലപാട്. പൊതുസമൂഹം ഇതിനോട് യോജിക്കും എന്നതിൽ യാതൊരു സംശയവുമില്ല. ജനപ്രതിനിധികളും സർക്കാർ സംവിധാനങ്ങളും ഈ ദിശയിൽ ചിന്തിച്ച് നിഷ്പക്ഷവും നീതിപൂർവ്വവും സുതാര്യവുമായ ഒരു തീരുമാനമെടുക്കണം.
അതായത്, കേരളത്തിലെ ലക്ഷോപലക്ഷം വരുന്ന ജനങ്ങളെ വളരെ ഗുരുതരമായ ഒരു പ്രതിസന്ധിയിലേക്ക് തള്ളിവിടാതെ കേരളത്തിന്റെ റവന്യൂഭൂമി പൂർണമായും ഇഎസ്എ പരിധിയിൽ നിന്നൊഴിവാക്കി, മുഴുവൻ വനഭൂമിയും സംരക്ഷിതമേഖലകളും ലോകപൈതൃക പ്രദേശങ്ങളും മാത്രം ഉൾപ്പെടുത്തി അന്തിമവിജ്ഞാപനം ഇറക്കാൻ സഹായകമായ ഉറച്ച നിലപാട് സ്വീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഈ പ്രശ്നം ശാശ്വതമായി പരിഹരിക്കേണ്ടതാണ്.










Leave a Reply