മാർ തോമസ് ഇലവനാൽ
കല്യാൺ രൂപത മെത്രാൻ & ലിറ്റർജി കമ്മീഷൻ ചെയർമാൻ
ഈശോയിൽ ഏറ്റവും പ്രിയപ്പെട്ട സഹോദരി സഹോദരങ്ങളെ,
നവീകരിക്കപ്പെട്ട കുർബാന ക്രമം 2021 നവംബർ 28 തീയതിയോടെ പ്രാബല്യത്തിൽ വരികയാണല്ലോ. നമ്മുടെ കുർബാനയുടെ പ്രാരംഭത്തിൻ്റേയും വളർച്ചയുടെയും ചരിത്രം ചുരുക്കമായെങ്കിലും നമ്മൾ ഓർത്തിരിക്കേണ്ടതാണ്. വിശ്വാസത്തിൽ നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ ദൈവാനുഭവത്തോട് ബന്ധപ്പെടുത്തിയാണ് നമ്മുടെ കുർബാനയെ നമ്മൾ മനസ്സിലാക്കേണ്ടത്. എൻ്റെ കർത്താവേ എൻ്റെ ദൈവമേ എന്ന മാർ തോമാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം കുർബാനയിൽ നമ്മൾ പ്രഘോഷിക്കുന്നതിൻ്റെ നിദർശനമായി കുർബാനയിലെ പ്രാർത്ഥനകൾ എല്ലാം തന്നെ ഞങ്ങളുടെ കർത്താവായ ദൈവമേ എന്നു വിളിച്ചാണ് നമ്മൾ ആരംഭിക്കുന്നത്. കർത്താവിൽ നിന്ന് എനിക്ക് ലഭിച്ചതും ഞാൻ നിങ്ങളെ ഭരമേല്പിച്ചതുമായ കാര്യം എന്നാണ് വിശുദ്ധ കുർബാനയെ കുറിച്ച് പ്രതിപാദിക്കുമ്പോൾ വിശുദ്ധ പൗലോസ് ശ്ലീഹ പറയുന്നത്. അതുപോലെ കർത്താവിൽ നിന്ന് ലഭിച്ച മാതൃകാ വിശുദ്ധ തോമാശ്ലീഹാ നമ്മുടെ പൂർവ്വ പിതാക്കൾക്ക് നൽകി.
എന്നാൽ മൂന്നാം നൂറ്റാണ്ടോടുകൂടിയാണ് സഭയിൽ ആരാധന ക്രമം നിയതുരൂപം പ്രാപിക്കുന്നത്. വിശുദ്ധ തോമാശ്ലീഹായുടെ തന്നെ വിശ്വാസ അനുഭവം പൈതൃകമായി ലഭിച്ച പേർഷ്യൻ സഭയിലെ എദ്ദേസായിലാണ് പൗരസ്ത്യ സുറിയാനി ആരാധനക്രമം രൂപപ്പെട്ടത്. എദ്ദേസൻ സഭയും കേരളത്തിലെ മാർത്തോമാ നസ്രാണി സമൂഹവും തോമാശ്ലീഹായുടെ വിശ്വാസപൈതൃകം പൊതു സമ്പത്തായി കരുതി. അതുകൊണ്ട് എദ്ദേസായിൽ രൂപപ്പെട്ട പൗരസ്ത്യ സുറിയാനി ആരാധനക്രമം നമ്മളും സ്വന്തമായി സ്വീകരിച്ചു. വിശുദ്ധ തോമാശ്ലീഹായുടെ ശിഷ്യനായിരുന്ന മാർ അദ്ദായിയുടെയും മാർ മാറിയുടേയും പേരിലുള്ള അനാഫൊറ അഥവാ കൂദാശക്രമം ആരംഭത്തിൽ രൂപപ്പെട്ടു എന്നാണ് പണ്ഡിതരുടെ അഭിപ്രായം. ക്രിസ്തീയ ലോകത്ത് തന്നെ ഏറ്റവും പുരാതനമായ അദ്ദായി-മാറി അനാഫൊറ നമ്മുടെ സഭയുടെ അമൂല്യ സമ്പത്താണ്.
നമ്മുടെ സഭയുടെ ആദിമ നൂറ്റാണ്ടുകൾ മുതൽ തന്നെ പൗരസ്ത്യ സുറിയാനി ആരാധനക്രമം ആണ് നമ്മൾ ഉപയോഗിച്ചുകൊണ്ടിരുന്നത്. മാത്രമല്ല നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലും രൂപംകൊണ്ട മാർ തെയദോറിൻ്റെയും മാർ നെസ്തോറിയസിൻ്റെയും അനാഫൊറകളും ഇവിടെ ഉപയോഗിക്കുവാൻ തുടങ്ങി. അങ്ങനെ പതിനാറാം നൂറ്റാണ്ട് വരെ പൗരസ്ത്യ സുറിയാനി ആരാധനക്രമ ശൈലികളും പാരമ്പര്യങ്ങളും ഇവിടെ അവികിലമായി നിലനിന്നിരുന്നു. 1599 ൽ ഉദയംപേരൂർ സൂനഹദോസോട്കൂടിയാണ് സീറോ മലബാർ കുർബാന തക്‌സയില് മാറ്റങ്ങളും നവീകരണങ്ങളും കൂട്ടിച്ചേർക്കലുകളും വന്നു തുടങ്ങിയത്. 1962 ൽ പുനരുദ്ധരിച്ച് മലയാളത്തിൽ പ്രസിദ്ധീകരിച്ച കുർബാനക്രമം 1968 ൽ ഏതാനും ഭേദഗതികളോടെ നവീകരിക്കുകയും പരീക്ഷണാർത്ഥം ഉപയോഗിക്കുവാൻ പൗരസ്ത്യ സഭകൾക്കു വേണ്ടിയുള്ള തിരുസംഘത്തിൽ നിന്ന് അനുവാദം ലഭിക്കുകയും ചെയ്തു. തുടർന്നും ആവശ്യമായ മാറ്റങ്ങൾ വരുത്തി നവീകരിച്ചത് റോമിൻ്റെ അനുവാദത്തോടുകൂടി തക്‌സ പുനപ്രസിദ്ധീകരിക്കുകയുണ്ടായി. എന്നാൽ, ഈ നവീകരണ പ്രക്രിയയിൽ വന്ന അപര്യാപ്തതകൾ പരിഗണിച്ചും പരീക്ഷണാർത്ഥമുള്ള കാലാവധി പൂർത്തിയാകുന്നു എന്നതും കണക്കിലെടുത്ത് 1980 ൽ കുർബാന തക്‌സയുടെ നിയതമായ ടെക്സ്റ്റ് പ്രസിദ്ധീകരിക്കുവാൻ സീറോ മലബാർ ഹയരാർക്കിയോട് റോം ആവശ്യപ്പെടുകയുണ്ടായി. അതനുസരിച്ച് 1983 ൽ കുർബാനയുടെ നവീകരിച്ച പതിപ്പ് സീറോ മലബാർ സഭ റോമിൽ സമർപ്പിച്ചു.
അങ്ങനെ കുർബാനയുടെ മലയാളം ടെക്സ്റ്റ് 1985 ഡിസംബർ പത്തൊമ്പതാം തീയതി പൗരസ്ത്യ തിരുസംഘം അംഗീകരിച്ച് നൽകുകയും 1986 ഫെബ്രുവരി എട്ടാം തീയതി ജോൺപോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്ത് വച്ച് വി.കുർബാന അർപ്പിച്ചു ഉദ്ഘാടനം ചെയ്യുകയും ഉണ്ടായി. എന്നാൽ 1989 ഏപ്രിൽ മൂന്നാം തീയതിയാണ് പൗരസ്ത്യ തിരുസംഘം റാസ കുർബാനയുടെ ഔദ്യോഗിക ഇംഗ്ലീഷ് പതിപ്പ് അംഗീകരിച്ച് നൽകിയത്. അഞ്ചുവർഷത്തേക്ക് പരീക്ഷണാർത്ഥം നൽകപ്പെട്ട ഈ കുർബാന ടെക്സ്റ്റിൽ അതിനിടെ മാറ്റങ്ങൾ വരുത്തരുതെന്നും റോമിൽ നിന്ന് നിർദേശം നൽകിയിരുന്നു. വാസ്തവത്തിൽ 1994 മുതൽ നവീകരിക്കാനുള്ള സാധ്യതയും സ്വാതന്ത്ര്യവും സീറോ മലബാർ സഭയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ, വിവിധ കാരണങ്ങൾ മൂലം നവീകരണം നീണ്ടു പോയെങ്കിലും ആ കാലയളവ് മുതൽ വി.കുർബാന തക്‌സയുടെ നവീകരണത്തിനായുള്ള ചർച്ചകളും പഠനങ്ങളും സഭയിൽ സജീവമായി തുടരുന്നുണ്ടായിരുന്നു. 1999 ൽ കൂടിയ സിനഡ്, കുർബാനയുടെ നവീകരണ പ്രവർത്തനങ്ങളെ കുറിച്ചും ആരാധനക്രമ ആഘോഷത്തിൽ ഐക്യത്തിൻ്റെ ആവശ്യത്തെ കുറിച്ചും വിശദമായി ചർച്ച ചെയ്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കുകയുണ്ടായി. അതനുസരിച്ച് 2000 ആണ്ട് ജൂലൈ 3 ദുക്റാന തിരുനാൾ മുതൽ സീറോ മലബാർ സഭയിൽ എല്ലായിടത്തും ഒരേ രീതിയിൽ അതായത് കുർബാനയുടെ ആരംഭം മുതൽ വരെയുള്ള ഭാഗം ജനാഭിമുഖമായും അനാഫൊറ മുതൽ കുർബാന സ്വീകരണം ഉൾപ്പെടെയുള്ള ഭാഗം ജനങ്ങൾ നിൽകുന്ന അതേ ദിശയിൽ തന്നെ ബലിപിഠ അഭിമുഖമായും കുർബാന സ്വീകരണശേഷമുള്ള ഭാഗം ജനാഭിമുഖമായും നടത്തുവാൻ തീരുമാനിക്കുകയുണ്ടായി.
കുർബാന നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 2015 മുതൽ കൂടുതൽ ഊർജ്ജിതമായി. സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റിയും ബന്ധപ്പെട്ട രൂപത സമിതികളും മെത്രാൻമാരുടെ പ്രത്യേക കമ്മിറ്റിയും ഏറെ നാളത്തെ പഠനത്തിനും വിചിന്തനത്തിനും ചർച്ചകൾക്കും ശേഷം സീറോ മലബാർ കുർബാനയുടെ നവീകരിച്ച പതിപ്പ് 2020 ജനുവരി സിനഡിൽ സമർപ്പിച്ചു. സിനഡ് അടിയന്തര പ്രാധാന്യത്തോടെ കുർബാന നവീകരണത്തെക്കുറിച്ചും കമ്മീഷൻ സമർപ്പിച്ച ടെക്സ്റ്റിനെക്കുറിച്ചും ഐക്യത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്തശേഷം ടെക്സ്റ്റ് റോമിലേക്ക് അംഗീകാരത്തിനു വേണ്ടി അയക്കുവാൻ ശുപാർശചെയ്തു. അതനുസരിച്ച് പരിശുദ്ധ സിംഹാസനത്തിന് അംഗീകാരത്തിനായി അയക്കുകയും 2021 ജൂൺ 9 ന് അംഗീകാരം ലഭിക്കുകയും ചെയ്തു. ഈ നവീകരിച്ച കുർബാനക്രമം ആണ് 2021 നവംബർ 28 മുതൽ പ്രാബല്യത്തിൽ വരുന്നത്.
പുതിയ ഈ ക്രമത്തിൽ കാലാനുസൃതമായി ഭാഷാശുദ്ധി വരുത്തുകയും മൂലരൂപത്തോട് കൂടുതൽ യോജിക്കുന്ന പദപ്രയോഗങ്ങൾ ഉപയോഗിക്കുകയും മാർ അദ്ദായി മാർ മാറി കൂദാശക്രമത്തിന് പുറമേ, മാർ തെയദോറിൻ്റെയും മാർ നെസ്തോറിയസിൻ്റെയും പേരിലുള്ള കൂദാശക്രമങ്ങൾ തക്‌സയിൽ കൂട്ടിച്ചേർക്കുകയും കൂദാശകർമ്മവിധികൾ (rubrics) കൂടുതൽ വ്യക്തമായും ചെയ്തിട്ടുണ്ട്. കുർബാനയുടെ ടെക്സ്റ്റിനോടൊപ്പം ചേർക്കാനുള്ള പ്രോപ്രിയ പ്രാർത്ഥനകൾ നവീകരിച്ചും ഉറവിടത്തോട് കൂടുതൽ വിശ്വസ്തത പുലർത്തുന്ന രീതിയിലുമാണ് തയ്യാറാക്കി ചേർത്തിട്ടുള്ളത്. ഫ്രാൻസിസ് മാർപാപ്പയും പൗരസ്ത്യസഭകൾക്കായുള്ള തിരുസംഘവും സീറോമലബാർ സിനഡും തീരുമാനിച്ച് ആഹ്വാനം ചെയ്തത്പോലെ നവീകരിച്ച കുർബാന ക്രമം ഏകീകൃത അർപ്പണരീതിയും ഈ വർഷത്തെ മംഗളവാർത്തക്കാലം ആദ്യ ഞായർ മുതൽ നമുക്ക് ആരംഭിക്കാം. ദൈവം നമ്മെ എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.










Leave a Reply