
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കേരളം ലഹരിയില്‍
കേരളത്തിലേയ്ക്ക് ഒഴുകിയെത്തുന്ന മയക്കുമരുന്ന് ലഹരിയുടെ കോടാനുകോടി രൂപയുടെ കണക്കുകള്‍ ആരെയും ഞെട്ടിക്കും. ഇതിന്റെ വ്യാപന വിപണനശൃംഖല കൂടിയറിയുമ്പോഴാണ് സാക്ഷര സംസ്ഥാനത്ത് ഭാവിയില്‍ വരാന്‍പോകുന്ന തലമുറകളുടെ ജീവിത തകര്‍ച്ചയുടെ രൂക്ഷത വിലയിരുത്തേണ്ടത്. ഓരോ ദിവസങ്ങളിലും ജനമറിയുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതുമായ ലഹരിപിടുത്ത വാര്‍ത്തകള്‍ ഒരു വെറും സാമ്പിളുകള്‍ മാത്രം. അഫ്ഗാനിസ്ഥാന് മാത്രം ഉല്പാദിപ്പിക്കുന്ന മാരക രാസമയക്കുമരുന്നായ എം.ഡി.എം.എ. കടത്തു നടത്തിയ സംഘത്തെ 2021 ഓഗസ്റ്റില്‍ കസ്റ്റംസ് പിടികൂടിയിരുന്നു. ചിലരെ വിട്ടയച്ചു. പിന്നീട് വീണ്ടും അറസ്റ്റ് ചെയ്തു. അഫ്ഗാന് ലഹരി കേരളത്തില്‍ വിറ്റഴിക്കണമെങ്കില് അതിന്റെ വിപണന ശൃംഖലയേത്? അന്വേഷണങ്ങള്‍ പലതും ആദ്യത്തെ ഓളങ്ങള്‍ക്കുശേഷം അട്ടിമറിക്കപ്പെടുമെന്നാണ് ഇന്നലകള്‍ നല്കുന്ന പാഠം. കാരണം എല്ലാ തലങ്ങളിലേയ്ക്കും അധോലോകസംഘങ്ങളുടെ വന്‍ സ്വാധീനം കടന്നുചെന്നിരിക്കുന്ന ഭീകരത നമ്മെ വിഴുങ്ങുന്നു. ഹെറോയിനും ഹാഷിഷും കഞ്ചാവും ചെറിയ ഇനങ്ങള്‍ മാത്രം. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ മാത്രമല്ല വിവിധ ജില്ലകളിലേയ്ക്കും ഉള്‍നാടന്‍ പ്രദേശങ്ങളിലേയ്ക്കും മയക്കുമരുന്നു ശൃംഖല വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവാണ് കൊല്ലത്തുനിന്നുള്ള അറസ്റ്റ്.
കഴിഞ്ഞ 3 മാസത്തിനിടയില്‍ പിടികൂടിയത് 4000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നുകളാണ്. സംസ്ഥാനത്തെ ഒരു മാസത്തെ നികുതി വരുമാനം പോലും ഇത്രയും വരില്ല. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാരും പലപ്പോഴായി അറസ്റ്റുചെയ്യപ്പെട്ടു. ലഹരി കടത്തിന്റെ മുഖ്യകേന്ദ്രമായി കൊച്ചി മാറിയെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. മയക്കുലഹരിയുടെ ഇടത്താവളമായി മധ്യകേരളം മാറുമ്പോള്‍ ആഗോള ലഹരിക്കടത്തിന് ഒത്താശ ചെയ്യുന്നവര്‍ കേരളത്തിലാരൊക്കെ എന്ന ചോദ്യമുദിക്കും. ആഭ്യന്തര ലഹരിവിപണിയിലൂടെ മധ്യകേരളത്തില്‍ ലക്ഷ്യംവെയ്ക്കുന്ന ജനവിഭാഗങ്ങളേതെന്ന ചോദ്യവും പ്രസക്തം.
അതിമാരക ലഹരിമരുന്നായ എംഡിഎംഎയുടെ ഉല്പാദനം നടക്കുന്നത് അഫ്ഗാനിസ്ഥാനിലാണ്. താലിബാനാണ് മുഖ്യനിര്മ്മാതാക്കളും. ഈ ലഹരിമരുന്നാണ് കൊച്ചിയില്‍ നിന്ന് പിടിക്കപ്പെട്ടത്. അതിനാല്‍തന്നെ താലിബാന് കേരള ബന്ധം വളരെ വ്യക്തമാണ്. ഇവര്‍ ലക്ഷ്യം വെയ്ക്കുന്നത് ആണ് പെണ് വ്യത്യാസമില്ലാതെ കേരളത്തിലെ ഈര്ജ്ജസ്വലതയുള്ള യുവതലമുറയേയും. കോവിഡ് 19ന്റെ നിയന്ത്രണ നിരോധന കാലഘട്ടത്തില്‍പോലും സര്‍വ്വനിയമങ്ങളെയും നിയന്ത്രണങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് എംഡിഎംഎ മയക്കുമരുന്ന് കടത്തും കച്ചവടവും ഏറെ വ്യാപകമായി എന്ന് സംശയിക്കപ്പെടുന്നു. യുവതലമുറയെ ലഹരികള്‍ക്ക് അടിമകളാക്കി സംവാഹകരായി മാറ്റിയെടുക്കുക, സാവധാനം ഭീകരവാദപ്രസ്ഥാനങ്ങളിലേയ്ക്ക് നയിക്കുക, തീവ്രവാദപ്രവര്‍ത്തനങ്ങള്‍ ഇവരുടെ പ്രവര്‍ത്തനമേഖലകളിലേയ്ക്ക് സാവധാനം വ്യാപിപ്പിക്കുക. അനന്തരഫലമോ കേരളത്തിലെ വരുംതലമുറയുടെ നാശവും അരക്ഷിതാവസ്ഥയും. ഇതിന്റെ സൂചനകള്‍ വൈകിയെങ്കിലും കേരളസമൂഹം തിരിച്ചറിഞ്ഞിട്ടും തിരുത്തലുകള്‍ക്ക് തയ്യാറാകാത്തതാണ് ഏറെ ദുഃഖകരം. അത്രമാത്രം ബലഹീനമാണ് സാക്ഷരസമൂഹത്തിന്റെ രാഷ്ട്രീയ അടിമത്വവും പ്രതിരോധ പ്രതികരണശക്തിയും. അഫ്ഗാനില്മാത്രം ഉല്പാദിപ്പിച്ചിരുന്ന എംഡിഎംഎ ലഹരിയുടെ നിര്‍മ്മാണം തെക്കെ ഇന്ത്യയിലും വ്യാപകമായിത്തുടങ്ങിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
(കാബൂളിലെ മലയാളം: അഭയാർത്ഥികളും ഭീകരരും: നാളെ)










Leave a Reply