സ്വര്‍ണ്ണക്കടത്ത് ആര്‍ക്കുവേണ്ടി?
ഒറ്റവാക്കില്‍ ഒതുങ്ങുന്നതല്ല സ്വര്‍ണ്ണക്കടത്തെന്ന പദപ്രയോഗത്തിന്റെ അര്‍ത്ഥതലങ്ങള്‍. ഇതിന്റെ പിന്നിലുള്ള രാജ്യാന്തര ബന്ധങ്ങളെയും മാഫിയാസംഘങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയുമ്പോള്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മലയാളികളുമുണ്ടെന്നു തിരിച്ചറിയുമ്പോഴാണ് കേരളത്തിലെ സാധാരണ ജനത അന്തംവിട്ടുപോകുന്നത്. ആഫ്രിക്കയിലെ സിയറ ലിയോണിലെ സ്വര്ണ്ണഖനിയെക്കുറിച്ച് നമ്മള് അറിഞ്ഞിട്ട് അധികനാളായിട്ടില്ല. ഘാന, ടാന്‍സാനിയ, കോംഗോ, നൈജര്‍, സാംബിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ ഏറ്റവും വലിയ കരിഞ്ചന്ത സ്വര്‍ണ്ണമാണ്. കുടില്‍ വ്യവസായം പോലെയാണിവിടെ സ്വര്‍ണ്ണ കരിഞ്ചന്ത. വന്‍ മാഫിയ സംഘങ്ങളും ആഗോള ഭീകരപ്രസ്ഥാനങ്ങളും അധോലോക ബിസിനസ്സ് സംഘങ്ങളും രാഷ്ട്രീയ ഭരണരംഗത്തെ സ്വാധീന ശക്തികളും ഈ രാജ്യാന്തര അധോലോക മാഫിയ ശൃംഖലയില്‍ ഇന്ന് കൈകോര്‍ക്കുന്നു.
ആഫ്രിക്കന്‍ ഖനികളില്‍ നിന്ന് പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് നിയന്ത്രണങ്ങളോ നിയമങ്ങളോ ബാധകമില്ലാതെ എത്തുന്ന അസംസ്കൃത സ്വര്‍ണ്ണം സംസ്കരിച്ച് ഇന്ത്യയിലേയ്ക്ക് കടത്തുന്നു. ഈ രാജ്യാന്തര കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി കേരളം മാറിയിരിക്കുന്നുവെന്നും ഇതിലൂടെ ലഭ്യമാകുന്ന ലാഭവിഹിതം ഭീകരപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്കും, ഇവരുടെ ബിനാമികളിലൂടെ രാഷ്ട്രീയ, വിദ്യാഭ്യാസ, വ്യവസായ, ബിസിനസ്സ് മേഖലകളിലെ മുമ്പൊരിക്കലുമില്ലാത്ത കടന്നുകയറ്റത്തിനും മതതീവ്രവാദപ്രവര്ത്തനങ്ങള്ക്കും ചെലവഴിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. അടുത്ത കാലങ്ങളില്‍ പ്രത്യേകിച്ച് കോവിഡ് കാലത്തുപോലും സംസ്ഥാനത്തെ ചില കേന്ദ്രങ്ങളിലുണ്ടായ വന്‍ സാമ്പത്തിക വളര്‍ച്ചയുടെയും ഭൂമിക്കച്ചവടങ്ങളുടെയും പിന്നാമ്പുറങ്ങളും സാമ്പത്തിക സ്രോതസ്സുകളും അന്വേഷണ വിധേയമാക്കാനുള്ള ആര്‍ജ്ജവം ഭരണനേതൃത്വങ്ങള്ക്കുണ്ടോ?
സ്വര്‍ണ്ണക്കടത്ത് തടയാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ലന്നുള്ള 2021 ഓഗസ്റ്റ് 30ന് ഹൈക്കോടതി നടത്തിയ പരാമര്‍ശം ഗൗരവമേറിയതാണ്. കസ്റ്റംസ് ജാഗ്രത പുലര്‍ത്തിയിട്ടും നിരന്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടും സ്വര്‍ണ്ണക്കടത്ത് ദിനംതോറും കുതിക്കുന്നതിനര്ത്ഥം സര്‍ക്കാര്‍ സംവിധാനങ്ങളെപ്പോലും വിലയ്ക്കുവാങ്ങി വിരല്‍ത്തുമ്പില്‍ നിര്‍ത്തുന്ന അവസ്ഥയിലേയ്ക്ക് മാഫിയ സംഘങ്ങള്‍ ഈ നാട്ടില്‍ വളര്ന്നുവിലസുന്നുവെന്നാണ്. ഇത് നാളെ ജനങ്ങളുടെ ജീവനും സ്വത്തിനും വെല്ലുവിളിയുയര്‍ത്തുമെന്നുറപ്പാണ്. വോട്ടുരാഷ്ട്രീയത്തിന്റെ മറവില്‍ ഇതിനെ താലോലിക്കുകയാണോ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളുമെന്ന ചിന്ത സാധാരണ പൗരനില്‍ ഉയരുന്നു.
(കേരളം ലഹരിയില്‍: നാളെ)
ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
സെക്രട്ടറി, കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍










Leave a Reply