കെപിസിസി നയരൂപീകരണ സമിതിയുടെ ആദ്യ അധ്യക്ഷൻ്റെ രംഗപ്രവേശം അടിപൊളിയായി. ശശിതരൂരിനോടൊപ്പം തിരഞ്ഞെടുപ്പു മാനിഫെസ്റ്റോ തയ്യാറാക്കാൻ നിയുക്തനായ മഹാനാണ് ജോൺ സാമുവൽ. ചാണ്ടി ഉമ്മനെയും ചാണ്ടി പിന്താങ്ങിയ പാണക്കാട് സാദിഖലി ടീമിൻ്റെ പച്ച വർഗീയതയെയും ന്യായീകരിക്കാൻ അടൂർ എന്ന കനപ്പെട്ട തൂലികാനാമത്തിൽ ഒളിച്ചിരുന്ന് കെപിസിസി യുടെ നയക്കാരൻ ഒരു തീസിസ് മുന്നോട്ടു വച്ചിരിക്കുകയാണ് – വർഗീയ ധ്രുവീകരണം ലക്ഷ്യം വച്ചുള്ള ബിജെപിയുടെ പൊളിറ്റിക്കൽ എൻജിനിയറിങ്ങിൻ്റെ ഭാഗമായ സോഷ്യൽ മീഡിയ കാപ്സ്യൂളുകൾ അപ്പാടെ വിഴുങ്ങി, വിവരദോഷികളായ ക്രിസ്ത്യാനികൾ മുസ്ലീങ്ങൾക്കും കോൺഗ്രസിനും എതിരേയും പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുകയാണത്രേ… അതിന് മെത്രാന്മാരെയും ചില അച്ചന്മാരെയും ബിജെപിക്കാർ തിരഞ്ഞെടുത്തിരിക്കുന്നത്രേ! അതിൻ്റെ ഭാഗമായാണത്രേ ചാണ്ടി ഉമ്മൻ്റെ നിഷ്കളങ്കമായ ഹാഗിയാസോഫിയാ ബാർ പ്രസംഗം ചിലർ വിവാദമാക്കി മാറ്റിയത്! https://www.facebook.com/js.adoor/posts/10225346529798679
ഇന്ദിരാഗാന്ധിക്കു ശേഷം വർഗീയ കാർഡുകളിയിലേക്ക് ചുവടുറപ്പിച്ച ഒരു പാർട്ടിയുടെ ദയനീയാവസ്ഥ ഇത്തരം തിയറികൾ കൊണ്ട് മറച്ചു പിടിക്കാനാകുമോ?
ഭരണഘടനയിലേക്ക് ഒരു ട്രോജൻ കുതിര
മുത്തലാഖിലൂടെ മുസ്ലീം സ്ത്രീകൾ അനുഭവിച്ചിരുന്ന കൊടും ക്രൂരതയ്ക്കെതിരേ 1985-ലുണ്ടായ ഷാ ബാനോ ബീഗം കേസു വിധിയിലൂടെ സുപ്രീംകോടതി കൃത്യമായ നിലപാടെടുത്തപ്പോൾ, വിറളി പൂണ്ട മുസ്ലീംപുരുഷമേധാവിത്വത്തിൻ്റെ വക്താക്കളെ സുഖിപ്പിക്കാൻ 1986-ൽ പാർലിമെൻ്റിൽ മുസ്ലീം സ്ത്രീകൾക്കെതിരേ നിയമനിർമാണം നടത്തിയത് രാജീവ് ഗാന്ധിയുടെ കോൺഗ്രസായിരുന്നു. അങ്ങനെ, ഇന്ത്യൻ ജനാധിപത്യത്തിലേക്ക് മതാധിപത്യത്തിൻ്റെയും പുരുഷാധിപത്യത്തിൻ്റെയും ട്രോജൻ കുതിരകളെ കോൺഗ്രസ് കടത്തിവിട്ടു. (അതിൻ്റെ പേരിൽ ആ മന്ത്രിസഭയിൽ നിന്ന് രാജി വച്ച കാബിനറ്റ് പദവിയുണ്ടായിരുന്നയാളാണ് ഇന്നത്തെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ!).
രാജീവിൻ്റെ മുസ്ലീം പുരുഷപ്രീണനത്തിൽ നിന്ന് ശരിക്കും ഗുണം കിട്ടിയത് മുസ്ലീം സ്ത്രീപ്രീണനം നടത്തിയ മോദിക്കാണ്. 1986-ൽ കോൺഗ്രസ് പാസാക്കിയ ആ ബില്ലിന് ഏതാണ്ടു സമാനമായ പേരോടെ (Muslim Women (Protection of Rights on Marriage) Act) 2019-ൽ മോദി സർക്കാർ മുത്തലാഖ് നിരോധന ബിൽ പാർലിമെൻ്റിൽ പാസാക്കിയപ്പോൾ, മുസ്ലീം സ്ത്രീകൾക്ക് നീതിയും സമത്വവും ഉറപ്പാക്കാൻ ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും കൂടെയുണ്ട് എന്ന ഭാവാത്മക സന്ദേശം പരത്താൻ തീവ്രഹിന്ദുത്വവാദിയും കോർപ്പറേറ്റുകളുടെ അംബാസഡറും തനി ഫാസിസ്റ്റുമായ മോദിക്കായി…
അയോധ്യയെന്ന ട്രോജൻ കുതിര
1992-ൽ ബാബറി മസ്ജിദ് പൊളിക്കാനായി കുതിച്ച അദ്വാനിയുടെ രഥയാത്രയ്ക്ക് നരസിംഹറാവുവിൻ്റെ നിശ്ശബ്ദ പിന്തുണ പകർന്നു നല്കിയ കുതിരശക്തി കോൺഗ്രസിൻ്റെ അടിത്തറ ഇത്രമാത്രം ഇളക്കുമെന്നു കാണാൻ അന്ന് എത്ര കോൺഗ്രസുകാർക്ക് കഴിഞ്ഞു? ഭൂരിപക്ഷ വർഗീയതയുടെ ആ മെഗാ പൊളിറ്റിക്കൽ എൻജിനീയറിങ്ങിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആകെ പതറിപ്പോയി! ഇന്ത്യൻ രാഷ്ട്രീയത്തിലെ ട്രോജൻ കുതിരയായി മാറിയ മൃദുഹിന്ദുത്വം പുലർത്തിയ കോൺഗ്രസ് തീവ്രഹിന്ദുത്വപ്പാർട്ടിയായ ബിജെപിക്ക് അധികാരം താലത്തിൽ വച്ചു കൈമാറുകയായിരുന്നു. ആ പൊളിറ്റിക്കൽ എഞ്ചിനീയറിങ്ങിൽ അഴിമതിക്കും വലിയൊരു പങ്കുണ്ടായിരുന്നു … എന്നന്നേക്കുമായി ഒരു മൂലയിലായിപ്പോയ കോൺഗ്രസ് പാർട്ടി ഇപ്പോൾ രാമക്ഷേത്ര നിർമാണത്തിനായി പിരിവ് എടുത്തും കൊടുത്തുംകൊണ്ടിരിക്കുകയാണ്! ഭൂരിപക്ഷത്തിൻ്റെ എണ്ണം ഭീകരമാണ്!
പാപപ്പരിഹാര ട്രോജൻ കുതിരകൾ
നരസിംഹറാവുവിൻ്റെ പാപത്തിന് പില്ക്കാല കോൺഗ്രസ് പരിഹാരം ചെയ്തു കൊണ്ടിരിക്കുന്നത് പരിധിയില്ലാത്ത മുസ്ലീം പ്രീണന ശ്രമങ്ങളിലൂടെയാണ്. ഒപ്പം, അറിഞ്ഞോ അറിയാതെയോ തീവ്രവാദത്തിന് ചൂട്ടുപിടിച്ചു കൊടുക്കാനും കോൺഗ്രസിന് ഇടയാകുന്നുണ്ട്.
ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിൻ്റെ സാമൂഹിക-വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥകൾ പഠിക്കാൻ വേണ്ടി 2005 മാർച്ചിൽ മൻമോഹൻ സിങ് സച്ചാർ കമ്മിറ്റിയെ നിയമിച്ചു. മറ്റു ന്യൂനപക്ഷങ്ങളുടെ അവസ്ഥയിൽ കോൺഗ്രസിന് അത്ര ആശങ്ക ഉണ്ടാകാതിരുന്നതിൻ്റെ കാരണം രണ്ടാണെന്നു വ്യക്തമാണ് – ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷത്തിൻ്റെ എണ്ണം; ബാബറി മസ്ജിദിൻ്റെ ക്ഷീണം.
സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ ഉപദേഷ്ടാവായി പല പതിറ്റാണ്ടുകൾ ചെലവഴിച്ച അഹമ്മദ് പാട്ടീൽ അന്തരിച്ചു. ഇനി എന്തു തരം ഉപദേശം ആരിൽ നിന്നാണ് ലഭിക്കാൻ പോകുന്നത് എന്നതും പ്രധാനപ്പെട്ടതാണ്.
കമ്മ്യൂണിസ്റ്റു പാർട്ടിയിലെ ട്രോജൻ കുതിരകൾ
2006 നവംബറിൽ തയ്യാറായ സച്ചാർ കമ്മിറ്റി റിപ്പോർട്ട് ചാടിപ്പിടിച്ചത് കേരളത്തിലെ ഇടതു സർക്കാരാണ്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും തദ്ദേശ സ്വയംഭരണ കാര്യ മന്ത്രിയും ആയിരുന്ന പാലൊളി മുഹമ്മദ് കുട്ടിയെ അധ്യക്ഷനാക്കി ഒരു പതിനൊന്നംഗ കമ്മിറ്റിയെ 2007 ഒക്ടോബർ 15-ാം തീയതി ഇടതു സർക്കാർ നിയമിച്ചു. (കമ്മിറ്റിയംഗങ്ങളിൽ കെ.ടി. ജലീലും ഫസൽ ഗഫൂറും അംഗങ്ങളായിരുന്നു എന്നതും ശ്രദ്ധേയമാണ്). 80:20 എന്ന കൊടും ചതിയുടെ അനുപാതം അങ്ങനെ കേരളത്തിലെ മറ്റു ന്യൂനപക്ഷങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് 2008 മുതൽ കേരള സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
മദനിയെ കൂടെ കൂട്ടാൻ ശ്രമിച്ചു പേരുദോഷം നേടിയ ആളാണ് പിണറായി. അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലെ ട്രോജൻ കുതിരയായ കെ.ടി. ജലീലിൻ്റെ ‘പുതിയ നിയമനിർമാണ’ങ്ങളും ‘ഖുറാൻ’ വിതരണവും യുഎഇ കൊൺസുലേറ്റു കുണ്ടാമണ്ടികളും ഏവരുടെയും കൺമുമ്പിലൂടെ നിർബാധം കുതിച്ചുപായുകയാണ്.
പക്ഷേ, 80:20 വിഷയത്തിൽ ഇടഞ്ഞു നില്ക്കുന്ന ക്രിസ്ത്യാനികളെ അനുനയിപ്പിക്കാൻ പിണറായി സർക്കാർ, അസ്വാരസ്യങ്ങൾ കൂടാതെയല്ലെങ്കിലും, ചില ബുദ്ധിപ്രയോഗങ്ങളൊക്കെ നടത്തുന്നുണ്ട്. EWS ഉം നാടാർ വിഭാഗങ്ങളുടെ OBC പ്രവേശവും കേരള കോൺഗ്രസ് എം. ബാന്ധവവും ജെ.ബി. കോശി കമ്മീഷൻ്റെ നിയമനവും അധ്യാപക നിയമന പ്രശ്നം പരിഹരിച്ചതുമെല്ലാം അത്തരം ശ്രമങ്ങളുടെ ഭാഗമാണ്.
മിസോറാമിലെ ട്രോജൻ കുതിര
ഇതിനിടയിൽ രസകരമായ ചില കാഴ്ചകളും ഉണ്ട്. മോദിജിക്ക് കേരളത്തിലെ ക്രിസ്ത്യാനികളോട് വല്ലാത്ത പ്രേമം! ഓർത്തഡോക്സു – യാക്കോബായ മെത്രാന്മാരെ കാണുന്നു … കത്തോലിക്കാ കർദിനാളന്മാരെ കുശലാന്വേഷണത്തിനു ക്ഷണിക്കുന്നു…
പക്ഷേ, 84 വയസ്സുള്ള ജെസ്യൂട്ട് അച്ചൻ സ്റ്റാൻ സ്വാമി ജയിലിൽത്തന്നെയാണ്… കണ്ടാലറിയില്ലേ, അദ്ദേഹം മാവോയിസ്റ്റാണെന്ന്! കണ്ഡമാലും ഗ്രഹാം സ്റ്റെയിൻസും ഫിലിപ്പും തിമോത്തിയും ഉത്തരേന്ത്യൻ ക്രൈസ്തവ പീഡനങ്ങളുമെല്ലാം വെറും തോന്നലുകൾ മാത്രം…! കേരളം തന്നെ ചിലർക്ക് ഭാരതം!
ഗവർണർ ശ്രീധരൻപിള്ള മിസോറാംകാരുടെ മനം കവർന്നത്രേ! അതുകൊണ്ടാണത്രേ അദ്ദേഹത്തിന് കേരളത്തിലേക്ക് പലപ്പോഴായി ദീർഘയാത്രകൾ ചെയ്യേണ്ടിവന്നിരിക്കുന്നത്… അദ്ദേഹത്തിൻ്റെ പുസ്തകം കേരള ഗവർണർ മുഹമ്മദുഖാനെക്കൊണ്ട് കർദിനാളിനു കൊടുത്തു പ്രകാശനം ചെയ്താലേ ശരിയാകൂ എന്നായിരുന്നു ദേവവിധി! മതേതരത്വം പൂത്തുലയുന്ന ഇത്തരം പുസ്തക പ്രകാശനങ്ങൾ നടന്നാൽത്തന്നെ ഇവിടത്തെ പ്രശ്നങ്ങൾ ഒട്ടുമിക്കതും തീരും. പ്രശ്നംവയ്ക്കലിൻ്റെ ഓരോരോ മായാജാലങ്ങൾ…! ഗുഡ് നസ്സ് ടിവിയിൽ മിസോറാം ഗവർണറുമായുള്ള ഇൻ്റർവ്യൂ ഉണ്ടായിരുന്നു. എത്ര ഉദാത്തമായ ആശയങ്ങൾ…!
ചാണ്ടി ഉമ്മനും ജോൺ സാമുവലും
എം.എം. ഹസൻ്റെ ലേറ്റസ്റ്റ് വീരശൂര കൃത്യം മുല്ലപ്പള്ളി അറിഞ്ഞല്ലത്രേ… അല്ലേലും, ജമാഅത്തേ ഇസ്ലാമിയുടെ ഏത് ആദർശത്തോടാണ് ഇവിടെ പാർട്ടികൾക്ക് എതിർപ്പ്? ഈന്തപ്പഴമൊക്കെ എല്ലാവർക്കും കിട്ടുന്നതല്ലേ? കേരളത്തിൽ ഇസ്ലാമിസ്റ്റു തീവ്രവാദം വളരാനും സംസ്ഥാനം ഭീകരപ്രവർത്തനത്തിൻ്റെ ഹബ്ബായി മാറാനും പരവതാനി വിരിച്ചു കൊടുക്കുന്നതിൽ ഏറ്റവും കൂടുതൽ വിജയിച്ചത് ഏതു മുന്നണിയായിരുന്നു, ഏത് മുന്നണിയാണ് എന്ന ചോദ്യം കേരള സമൂഹം ചോദിക്കുകയേ അരുത്…
ഹാഗിയ സോഫിയ വിഷയത്തിൽ മുസ്ലീം യൂത്ത് ലീഗ് നേതാവിൻ്റെ വർഗീയ പരാമർശങ്ങളും മുസ്ലീം ലീഗിൻ്റെ മുഖപത്രത്തിൻ്റെ വ്യക്തമായ വർഗീയ നിലപാടും സംബന്ധിച്ച് എഴുമാസത്തോളം കോൺഗ്രസ് നേതാക്കൾ ദീക്ഷിച്ച വിനീതമായ മൗനവും അതിനൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനു ചുക്കാൻ പിടിക്കാൻ കേന്ദ്രനേതൃത്വം ഭരമേല്പിച്ച സാക്ഷാൽ ഉമ്മൻ ചാണ്ടിയുടെ ഏക പുത്രൻ ചാണ്ടി ഉമ്മൻ്റെ ന്യായീകരണവും കൃത്യമായ പൊളിറ്റിക്കൽ എഞ്ചിനീയറിങ്ങിൻ്റെ ഭാഗമാണ്. കെപിസിസി നയരൂപീകരണ സമിതി അധ്യക്ഷൻ്റെ FB പോസ്റ്റും കൂടിയായപ്പോൾ കാര്യം വ്യക്തം – ഇസ്ലാമിസ്റ്റു വർഗീയത വളർത്തുക തന്നെയാണ് കോൺഗ്രസിൻ്റെ നയം! ഇതിൽ കോൺഗ്രസിനെ കുറ്റം പറയാനാവില്ല. ഇക്കാണുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസല്ല. അത് ഇന്ദിരാഗാന്ധി വരെയേ ഉണ്ടായിരുന്നുള്ളൂ. ഇനി മുസ്ലീം ലീഗിൻ്റെ വിടുപണി ചെയ്യുന്ന ഒരു കോൺഗ്രസേ ഇവിടെ ഉണ്ടാകൂ. കാരണം, എണ്ണം ഭീകരമാണ്!
ചോദ്യം ഒന്നേയുള്ളൂ: ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരു പോലെ തള്ളിപ്പറയുന്ന, യഥാർത്ഥ മതേതരജനാധിപത്യത്തിനായി നിലകൊള്ളുന്ന ഒരു രാഷ്ട്രീയപ്പാർട്ടി ഇവിടെ വിജയകരമായി എപ്പോഴെങ്കിലും നിലവിൽവരുമോ?
ഫാ. ജോഷി മയ്യാറ്റിൽ










Leave a Reply