Sathyadarsanam

വെരൂർ പള്ളിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം

വെരൂർ പള്ളിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതം

പ്രിയ സുഹൃത്തുക്കളെ,

ചർച്ച് ആക്ട് നടപ്പിലാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെ മറുനാടൻ മലയാളി എന്ന ഓൺലൈൻ വാർത്താ ചാനൽ ചങ്ങനാശേരി അതിരൂപതയിലെ വെരൂർ സെൻ്റ്‌ ജോസഫ്സ് ഇടവകയെ കരുവാക്കിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തുന്ന ദുഷ്പ്രചരണങ്ങളുടെ നിജസ്ഥിതി വെളിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുറുപ്പ് എഴുതുന്നത്.

ചർച്ച് ആക്ടും ഇടവക ഭരണ സംവിധാനങ്ങളും

ഇടവകകളിലെ ഭരണസംവിധാനങ്ങൾ കാലാകാലങ്ങളായി നിലവിലുള്ളതും സർക്കാർ അംഗീകരിച്ചിട്ടുള്ളതും ഏതു ഭരണസംവിധാനങ്ങളെക്കാളും മികവു പുലർത്തുന്നവയുമാണ് എന്ന് വിശ്വാസികളും പൊതുസമൂഹവും മനസിലാക്കിയിട്ടുള്ളതുമാണല്ലോ . ഇത് രൂപതയിൽ നിന്നു നിയമിക്കുന്ന വികാരിയുടെയും ഇടവകക്കാർ തെരഞ്ഞെടുക്കുന്ന കൈക്കാരൻമാരുടെയും കൂട്ടുത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നത്. ഇതിന് ഇടവകാംഗങ്ങളുടെ സമിതികളായ പാരീഷ് കൗൺസിലിനോടും പൊതുയോഗത്തോടും ഉത്തരവാദിത്തമുണ്ട്. പൊതുയോഗത്തിൽ ഇടവകയിലെ എല്ലാ കുടുംബങ്ങളുടെയും പ്രതിനിധികൾക്ക് അംഗത്വമുണ്ട്. പൊതുയോഗം നിശ്ചയിക്കുന്ന ഓഡിറ്റേഴ്സ് മാസം തോറും ഓഡിറ്റ് ചെയ്ത് അംഗീകരിക്കുന്ന കണക്കുകൾ പാരീഷ് കൗൺസിൽ മീറ്റിംഗിൽ അവതരിപ്പിച്ച് പാസാക്കുകയും തുടർന്ന് അർദ്ധവാർഷിക , വാർഷിക കണക്കുകൾ പൊതുയോഗത്തിൻ്റെ മുമ്പാകെ അവതരിപ്പിച്ച് പാസാക്കുകയും ചെയ്യുന്നു. തുടർന്ന് ഇവ രൂപതാ കേന്ദ്രത്തിലും സമർപ്പപ്പിച്ച് അംഗീകാരം വാങ്ങുന്നു. കൂടാതെ 12 A രജിസ്ട്രേഷൻ നിയമപ്രകാരം ചാർട്ടേഡ് അകൗണ്ടൻറ് എക്സ്ടേണൽ ഓഡിറ്റ് നടത്തി കണക്കുകൾ ഗവൺമെൻ്റിൽ സമർപ്പിക്കുകയും ചെയ്യുന്നു. ഈ സംവിധാനം വളരെ മികവുറ്റതായതുകൊണ്ട് ക്രമക്കേടുകൾ നടന്നാൽ കൃത്യമായി കണ്ടെത്താൻ സാധിക്കും. ഇതിലും മികച്ചതും ജനാധിപത്യപരമായി പ്രവർത്തിക്കുന്നതുമായ മറ്റെന്തു സംവിധാനമാണ് പകരം വയ്ക്കാനുള്ളത്?. ചർച്ച് ആക്ട് കൊണ്ടുവന്ന് വിശ്വാസികൾ കാലാകാലങ്ങളായി സ്വരുകൂട്ടി വച്ചിരിക്കുന്ന സഭാ സമ്പത്ത് സർക്കാർ കയ്യേറുകയും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഭരണം ഏറ്റെടുക്കുകയും ചെയ്താൽ അഴിമതിരഹിത ഭരണം സാധ്യമാകും എന്നു ചിന്തിക്കുന്നത് എത്ര മൗഢ്യമാണ്. രാഷ്ട്രീയക്കാർ നേതൃത്വം നൽകുന്ന വിവിധ ബോർഡുകളുടെയും കോർപ്പറേഷനുകളുടെയും സർക്കാർ വകുപ്പുകളുടെ തന്നെയും നിലവിലുള്ള സ്ഥിതി എല്ലാ വിശ്വാസികൾക്കും പൊതുജനങ്ങൾക്കും അറിവുള്ളതാണല്ലോ. മഹാഭൂരിപക്ഷം വികാരിയച്ചൻമാർ നല്ലവരും കൈക്കാരൻമാർ സത്യസന്ധരുമാണെന്ന് വീഡിയോ അവതാരകനായ ശ്രീ ഷാജൻ സ്കറിയ തന്നെ സാക്ഷ്യപ്പെടുത്തുന്ന സ്ഥിതിക്ക് ഏതാനം ചില പാകപ്പിഴകളുടെ പേരിൽ മികവുറ്റ ഒരു ഭരണ സംവിധാനത്തെ തന്നെ ഇല്ലാതാക്കണോ എന്നത് എല്ലാവരും ചിന്തിക്കേണ്ട വിഷയമാണ് .

കടഞ്ഞെടുത്ത കഥകൾ

ഇനി വെരൂർ ഇടവകയിലേക്കു വരാം. ‘വെരൂർ സെൻ്റ് ജോസഫ് ഇടവകയിലെ കഥയാണ്’ എന്നു പറഞ്ഞാണ് അവതാരകൻ ഇടവകയെക്കുറിച്ചുളള പരാമർശം ആരംഭിക്കുന്നത്. അതിനർത്ഥം അദ്ദേഹം പറയാൻ പോകുന്ന കാര്യങ്ങൾക്ക് യാഥാർത്ഥ്യവുമായി ബന്ധമൊന്നുമില്ല പകരം വേണ്ടത്ര എരിവും പുളിയും ചേർത്ത് നന്നായി പാചകം ചെയ്തെടുത്ത ഒരു കഥ ( cooked Story) യാണ് ഇത് എന്ന സത്യം അദ്ദേഹം അറിയാതെ തന്നെ അദ്ദേഹത്തിൻ്റെ ഉപബോധമനസ് വിളിച്ചു പറയുകയാണ്. അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങളുടെ നിജസ്ഥിതി പരിശോധിച്ചാൽ നമുക്ക് ഈ കാര്യം വ്യക്തമാകും.@darsanamnews

ആരോപണം 1- സ്വർണവള കാണാനില്ല

2019 മെയ് മാസത്തിൽ ഇടവകയ്ക്കു ലഭിച്ച സ്വർണ്ണവള കാണാനില്ല എന്നാണ് ഒന്നാമത്തെ ആരോപണം. എന്നാൽ ഇത് വികാരിയച്ചൻ കൈക്കാരൻമാരുടെ സാന്നിധ്യത്തിൽ കൈപ്പറ്റിയതും ഉടൻ തന്നെ രസീത് എഴുതി നൽകിയതും തുടർന്ന് ചങ്ങംകരി ഫിനാൻസിൽ വളയുടെ തൂക്കവും സ്വർണ്ണമാറ്റും പരിശോധിച്ചതും (4gm 11.0 mg) ആദ്യം പള്ളിയുടെ രഹസ്യ അറയിലും തുടർന്ന് നിലവിൽ സമീപത്തുള്ള കാനറാ ബാങ്കിൻ്റെ ലോക്കറിലും സൂക്ഷിച്ചിട്ടുള്ളതുമാകുന്നു. ഇതും ഇതിനു മുമ്പും ലഭിച്ചിട്ടുള്ള വളകൾ കൃത്യമായി കണക്കിൽ ഉള്ളവയാണ്. ഈ പളളിക്ക് സ്വർണം സംഭാവനയായി ലഭിക്കുക എന്നത് വളരെ ചുരുക്കമായി മാത്രം സംഭവിക്കുന്ന കാര്യമാണ്.ഇവിടെ വൻ തോതിൽ സ്വർണ്ണം ലഭിക്കുന്നു എന്ന പ്രചരണം ഖേദകരമാണ്.

ആരോപണം – 2 സണ്ടേസ്കൂൾ അക്കൗണ്ടിൽ തിരിമറി നടന്നു.

സണ്ടേസ്കൂൾ അകൗണ്ട് പള്ളിക്കാര്യത്തിൽ നിന്നല്ല കൈകാര്യം ചെയ്യുന്നത്. അത് വികാരിയച്ചനും ഏതാനം അധ്യാപകരുമടങ്ങുന്ന ഒരു സമിതിയുടെ സ്വതന്ത്ര ചുമതലയിലാണ്. ബാങ്ക് അകൗണ്ടുകൾക്ക് പാൻ കാർഡ് നിർബന്ധമാക്കിയപ്പോൾ ചെറിയ ഒരു അകൗണ്ടിനു വേണ്ടി പ്രത്യേക പാൻകാർഡ് എടുക്കുന്നതിലുള്ള അസൗകര്യം നിമിത്തം ഫെഡറൽ ബാങ്കിലുള്ള സണ്ടേസ്കൂളിൻ്റെ അകൗണ്ട് പിൻവലിച്ച് സൗകര്യാർത്ഥം തുക (2 ലക്ഷം രൂപ) ചാസിൻ്റെ ( സഹകരണ സംഘം) അകൗണ്ടിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. എന്നാൽ ചാ സിൻ്റെ അകൗണ്ടിൽ നിയമപ്രകാരം ഒരു തവണ പരമാവധി പതിനായിരം രൂപ മാത്രമേ നിക്ഷേപിക്കാൻ സാധിക്കൂ. ആഴ്ചയിൽ 2 പ്രാവശ്യം മാത്രമാണ് ചാസിൻ്റെ ഓഫീസ് തുറന്നു പ്രവർത്തിക്കുന്നത്. അതിനാൽ ഇപ്രകാരം നിക്ഷേപം പൂർണ്ണമാകാൻ ഏതാണ്ട് മൂന്നു മാസമെടുത്തു. ഇതിന് കൈക്കാരൻമാരുമായി യാതൊരു ബന്ധവുമില്ല. മാത്രമല്ല പണം ബ്ലയ്ഡിനു കൊടുത്തു എന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്.@darsanamnews

ആരോപണം 3 – കാരുണ്യ വീട് പദ്ധതിയിൽ ക്രമക്കേട് നടന്നു

കാരുണ്യവീട് ഭവന നിർമ്മാണ പദ്ധതിക്കായി ഇടവകയുടെ രസീത് ഉപയോഗിച്ച് പിരിവ് നടത്തി സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റി പദ്ധതി നടപ്പാക്കിയിരിക്കുന്നു എന്ന ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. ഇത് പൂർണ്ണമായും ഇടവകയുടെ പദ്ധതിയാണ്. സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റിക്ക് ഇതിൻ്റെ നടത്തിപ്പു ചുമതല മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൻ്റെ കണക്കുകൾ ഇടവകയുടെ കണക്കുകൾക്കൊപ്പം ഇൻ്റേണൽ ഓഡിറ്റ് ചെയ്തിട്ടുള്ളതും തുടർന്ന് അതിരൂപത ഓഡിറ്റ് നടത്തി അംഗീകരിച്ചിട്ടുള്ളതും കൂടാതെ ചാർട്ടേഡ് അകൗണ്ടൻ്റ് ഓഡിറ്റ് നടത്തി കണക്കുകൾ ഗവൺമെൻ്റിനു സമർപ്പിച്ചിട്ടുള്ളതുമാകുന്നു. ഇതിൻ്റെ നിർമ്മാണ ചുമതലയുള്ള 13 അംഗ എക്സിക്യൂട്ടിവ് കമ്മറ്റിയിലും 50 അംഗ ജനറൽ ബോഡിയിലും ഇതിൻ്റെ സമഗ്ര റിപ്പോർട്ട് അവതരിപ്പിച്ച് അംഗീകാരം നേടിയിട്ടുള്ളതുമാണ്. ഏതൊരു ഇടവകാംഗത്തിനും ഈ കണക്കുകൾ നേരിട്ട് പരിശോധിക്കാൻ അവസരമുണ്ടായിരിക്കുന്നതാണ്.@darsanamnews

ആരോപണം 4 – നിർമ്മാണ പ്രവർത്തനങ്ങൾക്കു ക്വട്ടേഷൻ ഇല്ല

ഇടവകയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ചട്ടങ്ങളെല്ലാം പാലിച്ചു മാത്രമാണ് നടത്തിപ്പോരുന്നത്. പാരീഷ് കൗൺസിൽ നിശ്ചയിക്കുന്ന ഉപസമിതി ക്വട്ടേഷൻ വിളിച്ച് നിലവാരമുള്ള എൻജിനീയർ എസ്റ്റിമേറ്റ് എടുത്ത് മാത്രമാണ് അവ നടത്തപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട രേഖകളും രജിസ്റ്ററുകളും നിലവിലുള്ളപ്പോഴാണ് വാസ്തവ വിരുദ്ധമായ ഈ ആരോപണം ഉന്നയിക്കുന്നത്. ഒരു നിർമ്മാണ പ്രവർത്തനം പൂർത്തിയാകുമ്പോൾ അടിയന്തര പ്രാധാന്യമുള്ള അഡീഷണൽ വർക്കുകൾക്ക് അധിക തുക ചെലവാക്കേണ്ടി വരിക നമ്മുടെ നിത്യജീവിതത്തിൻ്റെ ഭാഗമാണ്. ഇതു മാത്രമാണ് പള്ളിയിലും സംഭവിച്ചിട്ടുള്ളത്.

ഈ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ചർച്ചകളും വിശദീകരണങ്ങളും ധാരാളം നടന്നിട്ടുള്ളതാണ്. ഇടവകാംഗങ്ങളെയും പൊതു സമൂഹത്തെയും കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. ഇനിയും ബോധ്യപ്പെട്ടിട്ടില്ല എന്നു നടിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ അപവാദ പ്രചരണങ്ങൾ നടത്തുന്നവർക്ക് തങ്ങളുടെ ന്യൂസ് വാല്യൂ ഉയർത്തുക, ചർച്ച് ആക്ടിന് വഴിമരുന്നിടുക എന്നീ ലക്ഷ്യങ്ങൾ മാത്രമാണ് ഉള്ളത്. ഇത്തരക്കാരുടെ ദുഷ്പ്രചരണങ്ങൾക്കെതിരെ കരുതൽ പുലർത്തണമെന്ന് അഭ്യർത്ഥിച്ചു കൊണ്ട് നിർത്തുന്നു.

വിശ്വസ്തതയോടെ

വെരൂർ സെൻ്റ് ജോസഫ്സ് ഇടവകയിലെ പള്ളിക്കമ്മറ്റി

Leave a Reply

Your email address will not be published. Required fields are marked *