വെള്ളാശേരി ജോസഫ്
ജനുവരി 2 മന്നത്ത് പത്മനാഭൻറ്റെ ജന്മദിനമായി പലരും കൊണ്ടാടി. പക്ഷെ അനാചാരങ്ങളും, അന്ധ വിശ്വാസങ്ങളും, ആർഭാടങ്ങളും ഒഴിവാക്കാനുള്ള മന്നത്തിൻറ്റെ ആഹ്വാനം എത്ര പേർ ഉൾക്കൊള്ളിട്ടുണ്ട്? അലസജൻമിത്വവും, മാടമ്പി സ്വഭാവവും ഒക്കെ ഉപേക്ഷിച്ച് ആധുനിക വിദ്യാഭ്യാസം പകർന്നുതരുന്ന മൂല്യങ്ങൾ ഉൾക്കൊള്ളാനായിരുന്നു സമുദായങ്ങങ്ങളോട് മന്നം കൂടുതലും ആഹ്വാനം ചെയ്തിരുന്നത്. നായർ സമുദായത്തിന്റെ അധഃപതനത്തിൻറ്റെ കാരണം നാല് ‘കെട്ടുകൾ’ ആണെന്ന് വർഷങ്ങൾക്കു മുൻപേ മന്നത്ത് പത്മനാഭൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് ഇതൊക്കെയാണ്: താലികെട്ട്, കുതിരകെട്ട്, നാലുകെട്ട്, കേസുകെട്ട്. ആലോചിച്ചാൽ അതൊക്കെ കിറുകൃത്യവുമാണ്. ജീവിതകാലം മുഴുവൻ അധ്വാനിച്ചു ഉണ്ടാക്കുന്ന സമ്പത്താണ് നാലുകെട്ട് എന്ന വലിയ വീട്. താലികെട്ട് പെൺമക്കളുടെ ആഡംബര വിവാഹമാണ്. കുതിരകെട്ട് ക്ഷേത്രങ്ങളിലെ ഉത്സവ കോലാഹലം അതിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളുമാണ്. പ്രതാപം കാണിക്കാൻ പല നായർ തറവാട്ടുകാരും തങ്ങളുടെ നാട്ടിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവം കെങ്കേമമായി നടത്തി. കേസുകെട്ട് കോടതി വ്യവഹാരങ്ങൾക്ക് പറയുന്നതാണ്.
മന്നത്ത് പത്മനാഭൻ മാത്രമല്ലാ; ചരിത്രകാരനായ പ്രൊഫസർ എം.ജി.എസ്. നാരായണനും, മറ്റു പല എഴുത്തുകാരും ഫ്യുഡൽ മൂല്യങ്ങളിൽ അഭിരമിച്ചിരുന്ന സ്വന്തം സമുദായത്തിന് വലിയ മഹിമയൊന്നും ചാർത്തികൊടുക്കുന്നില്ലാ. എം.ടി. വാസുദേവൻ നായർ, പി. കേശവദേവ്, തകഴി ശിവശങ്കര പിള്ള, എസ്.കെ. പൊറ്റക്കാട് – ഇവരുടെയൊക്കെ കൃതികളിൽ മരുമക്കത്തായ വ്യവസ്ഥിതിയിലും, കൂട്ടുകുടുംബങ്ങളിലും നിലനിന്നിരുന്ന പലതും നിശിതമായ വിമർശിക്കപ്പെടുന്നു. കാരണവൻമാരുടെ അമിതമായ അധികാരം, തമ്മിൽ തല്ല്, ആർഭാടത്തോടെയുള്ള താലികെട്ട് കല്യാണങ്ങൾ, ഒരിക്കലും അവസാനിക്കാത്ത വസ്തു തർക്കവും കേസുകളും – ഇതൊക്കെ കഴിഞ്ഞ നൂറ്റാണ്ടിലെ നായർ തറവാടുകൾ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങളായിരുന്നു. ഈ എഴുത്തുകാരൊക്കെ സ്വന്തം സമുദായത്തെ ഇകഴ്ത്തി കാണിക്കുമെന്ന് സുബോധമുള്ള ആർക്കും കരുതാനും ആവില്ലല്ലോ.
മംഗലശേരി തറവാടും, പച്ചാഴി തറവാടും തമ്മിൽ നാട്ടിൽ മേൽക്കോയ്മയ്ക്ക് വേണ്ടി നടത്തിയ ശീതയുദ്ധമാണ് പി. കേശവദേവിൻറ്റെ പ്രസിദ്ധമായ ‘അയൽക്കാർ’ എന്ന നോവലിൻറ്റെ പ്രമേയം. ക്ഷേത്രത്തിലെ ഉൽസവ പറമ്പിലും, നാട്ടുകാർ തമ്മിലുള്ള കലഹങ്ങളിലും എന്നുവേണ്ട ഒരു ഗ്രാമത്തിൽ സംഭവിക്കാവുന്ന എല്ലാ ഭിന്നതകളും ഈ രണ്ടു തറവാട്ടിലും പെട്ടവർ കക്ഷി ചേർന്നു. രണ്ടു കൂട്ടരും തല്ലുണ്ടായപ്പോൾ ഗുണ്ടകളെ ഇറക്കി. സ്ത്രീകൾ അങ്ങോട്ടുമിങ്ങോട്ടും ഏഷണിയും പരദൂഷണവും നടത്തി. മംഗലശേരി തറവാട്ടിലെ സ്ത്രീകൾക്കെതിരേ ‘സ്വഭാവ ദൂഷ്യം’ എന്ന ആരോപണവും പച്ചാഴി തറവാട്ടിലെ സ്ത്രീകൾ നാട്ടിൽ ഉയർത്തി. തറവാടുകളിലെ സ്ത്രീകളുടെ ‘സ്വഭാവ ദൂഷ്യം’ അന്നൊക്കെ നിസാര സംഗതിയല്ലല്ലോ. അതൊക്കെ ഗ്രാമ ചന്തകളിൽ പറഞ്ഞു പരത്തിയത് വലിയ കോലാഹലത്തിലാണ് അവസാനിച്ചത്. അവസാനം എന്ത് സംഭവിച്ചു? രണ്ടു തറവാട്ടിലേയും ആണുങ്ങൾ തല്ലിലും വെട്ടിലുമായി അനേകം കേസുകളിൽ പ്രതികളായി. കേസിൽ പ്രതികളാകുമ്പോഴും ആഢ്യത്വവും, പ്രഭുത്വവും കുറക്കാൻ സാധിക്കില്ലല്ലോ. രണ്ടു കൂട്ടരും ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന വക്കീലൻമാരേ തങ്ങൾക്ക് വേണ്ടി ഇറക്കി. കേസുകളുടെ ചെലവിനായി രണ്ടു കൂട്ടരും തറവാടിൻറ്റെ ഭൂമി അന്യാധീനപ്പെടുത്തി. അവസാനം തെളിവെടുപ്പും, വിചാരണയും, ശിക്ഷയുമൊക്കെയായി പോലീസ് സ്റ്റേഷനിലും, കോടതിയിലും, ജയിലിലും ഇരു കൂട്ടരും ജീവിതം പാഴാക്കിയപ്പോൾ രണ്ടു തറവാടുകളുടേയും സമ്പത്ത് കാര്യമായി ചോർന്നു.
കേരളത്തിലെ ഒരു കാലഘട്ടത്തിലെ സംഭവങ്ങളുടെ നേർക്കാഴ്ചയാണ് പി. കെശവദേവിൻറ്റെ പ്രശസ്തമായ ‘അയൽക്കാർ’ എന്ന നോവലിൽ കാണിച്ചു തരുന്നത്. കുട്ടനാട്ടിലെ ആറു തലമുറകളുടെ കഥ പറഞ്ഞ തകഴി ശിവശങ്കര പിള്ളയുടെ ‘കയറിൽ’ താലികെട്ട് കല്യാണങ്ങളുടെ സചിത്രമായ വിവരണമുണ്ട്. സ്ത്രീകൾക്ക് വിലപിടിപ്പുള്ള സ്വർണം, വസ്ത്രങ്ങൾ – ഇവയൊക്കെ ആഘോഷങ്ങൾക്ക് ഒഴിച്ച് കൂടാത്തതാണല്ലോ. വിഭവ സമൃദ്ധമായ സദ്യയും ഈ ആഘോഷങ്ങളുടെ ഒക്കെ ഭാഗവും ആണല്ലോ. കര ഒട്ടാകെ ആണല്ലോ അന്നൊക്കെ സദ്യക്ക് ആളെ വിളിക്കുന്നത്. സദ്യ ഉണ്ട് ആളുകൾ ഏമ്പക്കം വിട്ട് എഴുന്നേറ്റ് പോകുന്നത് കാണുന്നതായിരിക്കാം ഒരുപക്ഷെ ആഢ്യത്വവും, പ്രഭുത്വവും പേറുന്ന ചിലർക്ക് അഭിമാനിക്കാൻ വക നൽകിയത്!!!
കുട്ടനാട്ടിൽ ഇത്തരത്തിൽ വള്ള സദ്യ നടത്തി മുടിഞ്ഞുപോയ തറവാടുകളുണ്ട്. പിൽക്കാലത്ത് ഈ സദ്യകളൊക്കെ പല സിനിമകൾക്കും പ്രമേയമായി. ‘ജലോത്സവം’ എന്ന സിനിമ അത് നന്നായി കാണിക്കുന്നുണ്ടല്ലോ. സിബി മലയിലിൻറ്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 2004-ൽ പുറത്തിറങ്ങിയ ജലോത്സവത്തിൽ നെടുമുടി വേണുവിൻറ്റെ ക്യാരക്റ്റർ സ്വന്തം കുടുംബത്തിൻറ്റെ ഭൂമി പോലും വളളംകളിക്ക് വേണ്ടി അന്യാധീനപ്പെടുത്തുന്നതാണല്ലോ ആ സിനിമയിൽ കാട്ടിത്തരുന്നത്. വളളംകളിയെ നെഞ്ചിലേറ്റിയ ഒരു തലമുറ ആ വളളംകളിയുടെ ഭാഗമായുള്ള ചിലവ് മറക്കുമ്പോഴുള്ള പ്രശ്നമാണ് ‘ജലോത്സവം’ കാട്ടിത്തരുന്നത്. പണ്ടത്തെ ‘സ്മാർത്ത വിചാരം’ നമ്പൂതിരി സ്ത്രീകളുടെ ‘സ്വഭാവ ദൂഷ്യം’ മുൻനിർത്തിയുള്ള കുറ്റവിചാരണ ആയിരുന്നെങ്കിലും അത് നടത്തുന്ന തറവാട്ടിൽ സ്മാർത്തൻമാർക്കും അവരുടെ അനുയായികൾക്കും നല്ല സദ്യ ഒരുക്കണമായിരുന്നു. എം. ടി. – യുടെ പരിണയത്തിൽ അത് കാണിച്ചിട്ടുണ്ട്. സ്മാർത്ത വിചാരം നടത്തി പല കുടുംബങ്ങളും തകർന്ന കാര്യം അറിയാമോ എന്ന് മനോജ് കെ. ജയൻറ്റെ ക്യാരക്റ്റർ ചോദിക്കുന്നുമുണ്ട് പരിണയത്തിൽ.
ഇരുപതാം നൂറ്റാണ്ടിൻറ്റെ തുടക്കത്തിൽ നാട്ടു രാജ്യങ്ങളും, പ്രഭുക്കളും അവരുടെ യുദ്ധ വീര്യന്മാരും തമ്മിലുള്ള നിരന്തരമായ സംഘടനങ്ങൾക്ക് ബ്രട്ടീഷ് ഭരണത്തിൻറ്റെ ആധിപത്യത്തിൽ കുറച്ചൊക്കെ മാന്ദ്യം സംഭവിച്ചു. അതൊക്കെ കൂടാതെ പകർച്ച വ്യാധികളേയും, രോഗങ്ങളേയും കുറേയൊക്കെ കീഴ്പ്പെടുത്തിയപ്പോൾ ജനങ്ങളുടെ മരണനിരക്ക് കുറഞ്ഞു; ആയുർദൈർഖ്യം കൂടി. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ ഭൂമി പിന്നീട് അനേകം അംഗങ്ങളിൽ വീതിക്കപ്പെട്ടു. അപ്പോൾ തറവാടുകളിലെ കൃഷി ഭൂമി മാത്രം ആശ്രയിച്ചു ജീവിക്കാൻ പറ്റാത്ത അവസ്ഥ അന്നത്തെ വലിയ അംഗങ്ങളുള്ള കുടുംബങ്ങളിൽ നിലവിൽ വന്നു. എം. ടി. -യുടെ ‘നാലുകെട്ട്’ ആ ഭൂമി വീതം വെയ്പിൻറ്റെ പ്രശ്നങ്ങളൊക്കെ പറയുന്നുണ്ടല്ലോ. മലയാളി ശരിക്കും അപ്പോഴാണ് പ്രവാസിയായി മാറി തുടങ്ങിയത്. ഒന്നാം ലോക മഹാ യുദ്ധത്തിലും, രണ്ടാം ലോക മഹാ യുദ്ധത്തിലും ധാരാളം മലയാളി പുരുഷൻമാർ പങ്കെടുത്തു. സൈന്യത്തിൽ അന്നൊക്കെ ചേർന്നത് രാജ്യസ്നേഹം മൂലം അല്ലായിരുന്നു. ബ്രട്ടീഷുകാരോട് രാജ്യസ്നേഹത്തെ പ്രതി കൂറ് കാട്ടേണ്ട കാര്യമൊന്നും ഇല്ലല്ലോ. തറവാടുകളിലെ ദാരിദ്ര്യം തന്നെയായിരുന്നു സൈന്യത്തിൽ ചേരാൻ അന്നൊക്കെ കാരണമായത്.
ഇന്ന് ആളുകൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത തരത്തിലുള്ള ദാരിദ്ര്യം ഒരു നൂറ്റാണ്ട് മുമ്പ് വരെ കേരളത്തിൽ ഉണ്ടായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൻറ്റെ അവസാന ദശകങ്ങളിൽ പോലും കേരളത്തിൽ ജീവിച്ചിരുന്ന മഹാ ഭൂരിപക്ഷം പേരും ഓടു മേഞ്ഞ വീടുകളിൽ താമസിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വളരെ ചുരുക്കം പ്രഭു കുടുംബങ്ങളെ മാറ്റി നിർത്തിയാൽ ബാക്കി എല്ലാവരും ഓല മേഞ്ഞ വീടുകളിൽ ആയിരിന്നു താമസം. ദളിതരും, ആദിവാസികളും, പാവപ്പെട്ടവരും കുടിലുകളിലും, പുല്ലു മേഞ്ഞ ചെറ്റ പുരകളിലും ആയിരിന്നു താമസം എന്നാണ് സെൻസസ് റിപ്പോട്ടുകൾ വ്യക്തമായി പറയുന്നത്. ഈ ദാരിദ്ര്യമൊക്കെ മറന്നുകൊണ്ട് ആരും കേരളത്തിലെ ഇന്നലെകളെ നോക്കി കാണരുത്.
അന്നത്തെ ദാരിദ്ര്യാവസ്ഥയിൽ നിന്നും അഭിവൃദ്ധിക്ക് വേണ്ടി മലയാളി കുടിയേറ്റം തുടങ്ങുന്നത് അപ്പോഴാണ്. സാമുദായികമായി ചിന്തിച്ചാൽ നായർ/മേനോൻ വിഭാഗങ്ങളിൽ ഉള്ള പലരും സിലോൺ, സിംഗപ്പൂർ മേഖലകളിലേക്ക് 1950 – നു ശേഷം പോയി ജോലി ചെയ്തു. ‘സിംഗപ്പൂരിൽ നിന്നുള്ള മേനോൻ’ എന്നതൊക്കെ പണ്ടത്തെ സിനിമകളിൽ കേൾക്കാവുന്ന ഒരു ഡയലോഗായിരുന്നല്ലോ. സിലോണിലും പലരും അന്നൊക്കെ ജോലി ചെയ്തിരുന്നല്ലോ. ‘ഇത് ശ്രീലങ്കാ പ്രക്ഷേപണ നിലയം’ എന്നു പറഞ്ഞുകൊണ്ട് അന്നൊക്കെ മലയാളികൾക്ക് വേണ്ടി സിലോണിൽ നിന്ന് വാർത്തകളും, മറ്റു പരിപാടികളും റേഡിയോയിൽ വന്നിരുന്നല്ലോ. പിന്നീട് ഡെൽഹി, ബോംബെ, മദ്രാസ്, ബാൻഗ്ലൂർ എന്നെ സ്ഥലങ്ങളിലേക്ക് വൻപിച്ച തോതിൽ ആളുകൾ ജോലിക്ക് പോയി. മുംബയിൽ പത്തു ലക്ഷത്തിലധികം മലയാളികൾ ഇന്നിപ്പോൾ ഉണ്ട്. ഡൽഹിയിലും അതിനടുത്തുള്ള സംഖ്യ ഉണ്ട്. മുസ്ലീങ്ങളും കഴിഞ്ഞ കുറെ ദശകങ്ങളായി ഗൾഫിൽ നിന്നുള്ള വരുമാനം കൊണ്ട് അവരുടെ സാമ്പത്തിക, വിദ്യാഭ്യാസ നിലവാരം മെച്ച പെടുത്തി കൊണ്ടിരിക്കയാണ്. ചുരുക്കത്തിൽ പറഞ്ഞാൽ പുറത്തു നിന്നുള്ള വരുമാനമാണ് കേരളത്തിൻറ്റെ ഇന്നത്തെ സാമ്പത്തിക അടിത്തറ. അതിനെ സാമുദായികമായി കാണേണ്ട കാര്യമില്ല.
കൃഷിഭൂമിയെ ജീവിത വരുമാനം ആക്കാൻ പറ്റാതിരുന്ന മലയാളിയുടെ സ്വോഭാവികമായ ഒരു പരിവർത്തനമാണ് പ്രവാസിയായി മാറിയത്തിലൂടെ കാണുന്നത്. “ചദ്രനിൽ പോയാലും നായരുടെ ചായ കട കാണാം” – എന്ന് തമാശ പറയാറുണ്ടെങ്കിലും, അതിൽ കാര്യമുണ്ട്. ഇന്ന് ലോകത്തിലെവിടെയും മലയാളികൾ ഉണ്ട്. അവർ അയക്കുന്ന പണം കൊണ്ടാണ് കേരളം പച്ച പിടിക്കുന്നത്. ഇങ്ങനെ കേരളത്തിലെ സാമൂഹ്യ-സാമ്പത്തിക ചരിത്രം സുദീർഘമായ നോക്കി കാണേണ്ടതിനു പകരം മറ്റു സമുദായങ്ങളെ ചൂണ്ടികാട്ടി അവരാണ് തങ്ങളുടെ പിന്നോക്കാവസ്ഥക്ക് കാരണം എന്നു പറയാനാണ് ഇന്നിപ്പോൾ ബി.ജെ.പി. – യും, സംഘ പരിവാറുകാരും ശ്രമിക്കുന്നത്. കേരളത്തിൻറ്റെ കഴിഞ്ഞ ഒന്നുരണ്ട് നൂറ്റാണ്ടുകളിലുണ്ടായ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങൾ മനസിലാക്കുക ദുഷ്കരമായ കാര്യമാണല്ലോ.
അതേസമയം തങ്ങളുടെ മേധാവിത്ത്വം നഷ്ടപ്പെട്ടതിന് മറ്റു സമുദായങ്ങളെ കുറ്റപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണല്ലോ. കേരളത്തിൻറ്റെ സാമൂഹ്യ മാറ്റങ്ങളെ കുറിച്ച് സുദീർഘമായ എഴുതിയിട്ടുള്ള പ്രൊഫസർ റോബിൻ ജെഫ്രി തൻറ്റെ ‘The Decline of Nair Dominance’ അതല്ലെങ്കിൽ ‘നായർ മേധാവിത്ത്വത്തിൻറ്റെ പതനം’ എന്ന പുസ്തകത്തിൽ ഈ സാമൂഹ്യ മാറ്റത്തെ കുറിച്ച് കുറെയൊക്കെ പ്രദിപാദിച്ചിട്ടുണ്ട്. പ്രൊഫസർ റോബിൻ ജെഫ്രിയുടെ പ്രഖ്യാതമായ ‘The Decline of Nayar Dominance: Society and Politics in Travancore’ എന്ന പുസ്തകവും, എം. ടി. വാസുദേവൻ നായരുടെ ‘നാലുകെട്ടും, തകഴിയുടെ ജ്ഞാനപീഠം കിട്ടിയ ‘കയർ’ – ഉം, എസ്. കെ. പൊറ്റക്കാടിൻറ്റെ ‘ഒരു ദേശത്തിൻറ്റെ കഥ’ – യും, പി. കേശവദേവിൻറ്റെ ‘അയൽക്കാർ’ എന്ന നോവലും ഒക്കെ പറയുന്നത് ഒരു കാലഘട്ടത്തിൻറ്റെ കഥയാണ്. ഈ പുസ്തകങ്ങളൊക്കെ പറയുന്നത് കള്ളമല്ലാ. മന്നത്ത് പത്മനാഭൻ വിവരിക്കുന്നത് പോലുള്ള ‘കെട്ടുകൾ’ കൊണ്ട് സ്വയം മുടിഞ്ഞുപോയ വേറൊരു കൂട്ടം കേരളത്തിൽ കാണില്ല.
മിഥ്യാഭിമാനം കാരണം പല സമുദായഗംങ്ങളും ഇതൊക്കെ നിഷേധിക്കും. കാരണം സമുദായഗംങ്ങൾക്ക് അവരുടെ പൂർവികരുടെ കഥ അഭിമാനത്തിൻറ്റെ പ്രശ്നമാണ്. ആ മിഥ്യാഭിമാനം ഇന്ത്യയിൽ എല്ലായിടത്തും കാണാം. “ഇസ്സത്ത് കാ സവാൽ ഹേ” – എന്നാണല്ലോ ഉത്തരേന്ത്യയിൽ പറയപ്പെടാറുള്ളത്. അഭിമാനത്തെ തൊട്ടു കളിക്കുന്ന ഒന്നിനോടും കോമ്പ്രമൈസ് ഇല്ലെന്ന് സാരം.
സ്ഥിരം നാലുകെട്ടുകളും, കൊട്ടാരങ്ങളും, കോവിലകങ്ങളും കാണിക്കുന്ന നമ്മുടെ മലയാള സിനിമകൾ മൂലമാണ് ആ പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ ചിഹ്നങ്ങൾ മലയാളിയിലേക്ക് വീണ്ടും എത്തുന്നത് എന്നാണ് തോന്നുന്നത്. സിനിമയുടെ മായാജാലത്തിൽ വീണ ചില മലയാളികളെങ്കിലും മിഥ്യാഭിമാനത്തിൽ അഹങ്കരിക്കുന്നു. പഴയ ഫ്യുഡൽ സംസ്കാരത്തിൻറ്റെ ചിഹ്നങ്ങളിലൊന്നായ മുറ്റത്തു പനമ്പട്ട തിന്നുകൊണ്ടിരിക്കുന്ന ആനയെ നമ്മുടെ സിനിമകളിൽ പ്രദർശിപ്പിക്കുന്നത് കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിൻറ്റെ നോവലിലെ പോലെ ‘ൻറ്റുപ്പാപ്പെക്കൊരാനയുൺഡായിർന്നു’ എന്ന രീതിയിൽ പലരും അഹങ്കരിക്കുന്നു. പക്ഷെ ഇങ്ങനെ മിഥ്യാഭിമാനത്തിൽ അഭിരമിക്കുന്ന ചിലരുടെ യഥാർത്ഥ കുടുംബ ചരിത്രം തേടി പോയാൽ ചിലപ്പോൾ അവസാനം ആ ആന കുഴിയാന ആയി തീരാൻ സാധ്യതയുണ്ട്.
പണ്ട് നായന്മാരും നമ്പൂതിരിമാരും ഭൂ പ്രഭുക്കന്മാരായിരുന്നു എന്നുള്ളത് അങ്ങേയറ്റം വികലമായ ചരിത്ര ബോധമാണ്. ഭൂ പരിഷ്കരണ നിയമം കൊണ്ട് വരുന്നതിനു മുൻപ് കേരളത്തിലെ നമ്പൂതിരിമാരെല്ലാം ജന്മികൾ ആയിരുന്നെന്നാണ് ചിലരുടെയെങ്കിലും വിചാരം. എന്നാൽ ജാതിയെ ആധികാരികമായ പഠനം നടത്തിയിട്ടുള്ള പി. കെ. ബാലകൃഷ്ണൻ ‘ജാതി വ്യവസ്ഥിതിയും കേരളം ചരിത്രവും’ എന്ന പുസ്തകത്തിൽ പറയുന്നത് നാലിലൊന്നു നമ്പൂതിരിമാരോ, അതിൽ താഴെയോ മാത്രമേ ജന്മിമാർ ആയിരിന്നുട്ടുള്ളൂ എന്നാണ്. എന്ന് വെച്ചാൽ മഹാ ഭൂരിപക്ഷം നമ്പൂതിരിമാരും ദരിദ്ര നാരായണന്മാർ ആയിരുന്നെന്നു സാരം. കുടുംബ ക്ഷേത്രങ്ങളിൽ നിന്നുള്ള ഭക്ഷണം കൊണ്ട് ജീവിച്ച നമ്പൂതിരിമാരായിരുന്നു ഭൂരിപക്ഷവും എന്ന് വേണം കരുതാൻ. എം.ടി. കഥയിലെ കട്ടി കഞ്ഞിവെള്ളം കുടിച്ചിട്ട് കിടക്കുന്ന അപ്പുണ്ണിയും, ഊണിൻറ്റെ വിളിയോർത്ത് തറവാട് മുറ്റത്തു കുത്തിയിരിക്കുന്നവരും കേരളത്തിലെ ഒരു കാലത്തെ സാമൂഹ്യ ചിത്രം തന്നെയായിരുന്നു. നരേന്ദ്ര പ്രസാദ് ഒരിക്കൽ പറഞ്ഞത് അപ്പുണ്ണിയുടെ കഥ തൻറ്റെ തന്നെ കഥയായിരുന്നു എന്നാണ്. എം.ടി. തന്നെ താൻ പട്ടിണി കിടന്ന കഥ പറഞ്ഞിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധ കാലത്തും, രണ്ടാം ലോക മഹായുദ്ധ കാലത്തും കേരളത്തിലെ തറവാടുകളിൽ നിന്ന് അനേകം പേർ ബ്രട്ടീഷ് കൂലി പട്ടാളത്തിൽ ചേർന്നത് രാജ്യ സ്നേഹം കൊണ്ടല്ലായിരുന്നു; മറിച്ച് തറവാടുകളിലെ ദാരിദ്ര്യം തന്നെയായിരുന്നു അതിനു കാരണം. കേരളം ഒരിക്കലും വലിയ പടയോട്ടങ്ങളെയോ, വലിയ സാമ്രാജ്യങ്ങളെയോ സൃഷ്ടിച്ചിട്ടില്ല. സിന്ധു-യമുന-ഗംഗാ സമതലങ്ങളിൽ ഉടലെടുത്തത് പോലെ ഒരു സാമ്രാജ്യം പോലും കേരള ചരിത്രത്തിലില്ല. മർവാഡികളെ പോലെയോ, ചെട്ടിയാർമാരെ പോലെയോ ഉള്ള ഒരു വ്യാപാര സമൂഹവും കേരളത്തിൽ ഇല്ലായിരുന്നു. കേരളം തന്നെ ദരിദ്ര സംസ്ഥാനമായിരുന്നു. കാർഷിക നികുതി ഇല്ലായിരുന്നതിനാൽ പോർച്ചുഗീസുകാർ വന്നു കുരുമുളക് കച്ചവടം തുടങ്ങിയതിനു ശേഷമാണ് കേരളത്തിൻറ്റെ അഭിവൃദ്ധിയുടെ കഥ നാം അൽപ്പമെങ്കിലും കേൾക്കുന്നത്. ഇതൊക്കെ ഇന്നും ജാതി മാഹാത്മ്യത്തിലും, തറവാട്ടു മാഹാത്മ്യത്തിലും ഊറ്റം കൊള്ളുന്നവർ ഓർത്തിരിക്കുന്നതു നല്ലതാണ്.
ചരിത്രത്തിൽ ഊറ്റം കൊള്ളാതെ സമൂഹത്തെ സ്ട്രക്ച്ചറലായി മാറ്റാനാണ് സുബോധമുള്ളവർ യത്നിക്കേണ്ടത്. ലിബറൽ കോസ്മോപോളീറ്റൻ മൂല്യങ്ങൾ ഉൾക്കൊള്ളാൻ തയാറാകുമ്പോൾ മാത്രമേ നമ്മുടെ സമൂഹത്തിൽ ഒരു പുനർസൃഷ്ടി നടക്കുകയുള്ളൂ.
കേരളത്തിൽ ഇന്നാരും ആന മാഹാത്മ്യവും, തറവാട്ടു മാഹാത്മ്യവും പറയേണ്ട കാര്യമില്ല. കേരളത്തിൽ ഇന്നെവിടെയാ ആന ഉള്ളത്? പഴയ നാലുകെട്ടും, എട്ടു കെട്ടുകളും, കൊട്ടാരങ്ങളും ഒക്കെ പലരും പൊളിച്ചു വിറ്റുകഴിഞ്ഞു. പുരാവസ്തു വകുപ്പ് ഏറ്റെടുത്തില്ലെങ്കിൽ തടി കൊണ്ട് പണിത പഴയ വീടുകൾ സംരക്ഷിക്കുന്നത് ഒട്ടും എളുപ്പമല്ല എന്ന് സുബോധമുള്ളവർക്കൊക്കെ അറിയാം. പക്ഷെ “കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്തു കിടക്കണം” എന്ന മിഥ്യാഭിമാനം ആണ് പലരുടേയും ജാതിയിൽ അധിഷ്ഠിതമായ മിഥ്യാഭിമാനത്തിനു പിന്നിൽ. ഇന്ത്യയിൽ എല്ലായിടത്തും ജാതിയിലും, ഫ്യുഡൽ മേൽക്കോയ്മയിലും പിന്നിലുള്ള മിഥ്യാഭിമാനം മുറിച്ചാലേ ഒരു ‘ലിബറൽ കോസ്മോപൊളീറ്റൻ ഇന്ത്യ’ പുനർജനിക്കൂ. നമ്മുടെ ഭരണ വർഗത്തിൻറ്റെ എലീറ്റസിത്തിനെതിരെ താഴേക്കിടയിൽ നിന്നുള്ളവരുടെ ഒരു മൂവ്മെൻറ്റ് വരട്ടെ. അപ്പോൾ മാത്രമേ നമ്മുടെ വരേണ്യ വർഗത്തിലുള്ള പലരും പുനർവിചിന്തനം ചെയ്യാൻ തയാറാകൂ. സ്വതന്ത്ര ഇന്ത്യയിൽ ദാരിദ്ര്യ നിർമാർജനം ഒരിക്കലും ഭരണ വർഗം ഏറ്റെടുത്തിട്ടില്ല. പകരം സംവരണം പോലുള്ള ഉടായിപ്പുകൾ വെച്ചു നീട്ടി ജനത്തെ തമ്മിൽ തല്ലിക്കയാണ് ഉണ്ടായിട്ടുള്ളത്. ബ്രട്ടീഷുകാരുടെ ‘വിഭജിപ്പിച്ചു ഭരിക്കുന്ന’ പ്രക്രിയയേക്കാൽ മോശം പണിയാണ് നാളിതുവരെ സ്വതന്ത്ര ഇന്ത്യയിൽ നടന്നിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് വികസിത രാജ്യങ്ങളിൽ ഉള്ള ആധുനിക സമൂഹം നമുക്ക് അന്യമാകുന്നതും. ജാതിയും മതവും പടുത്തുയർത്തുന്ന പാരമ്പര്യ മൂല്യങ്ങളിൽ അഭിരമിക്കുന്ന കാലത്തോളം ഇന്ത്യക്കാരായ നാം ആധുനികതയോട് പൃഷ്ഠം കാണിക്കുക തന്നെ ചെയ്യും.










Leave a Reply