ഫാ.തോമസ് മറ്റമുണ്ടയിൽ
കടപ്പാട്: ദീപിക
കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ 2020 ഓഗസ്റ്റ് 13 -ലെ ഇക്കോ സെൻസിറ്റീവ് സോണ്‍ (പരിസ്ഥിതി ദുർബല മേഖല) സംബന്ധിച്ചുള്ള വിജ്ഞാപനം കർഷകർക്കും പൊതുജനങ്ങൾക്കും ഒട്ടേറെ ആശങ്കകൾ സൃഷ്ടിക്കുന്നതാണ്. പരിസ്ഥിതി ദുർബലമേഖലയെ സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം അവിടത്തെ ജനങ്ങളുടെ സ്വസ്ഥ ജീവിതത്തിനും കൃഷിക്കും മറ്റു വികസന പ്രവർത്തനങ്ങൾക്കും തടസങ്ങൾ സൃഷ്ടിക്കും.
അന്നം മുട്ടിക്കുന്ന നിയമം
കൃഷിയും അനുബന്ധ മേഖലകളുമാണ് ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ ജീവനോപാധി. ഗ്രാമീണ മേഖലയിലെ 70 ശതമാനം പേരും പ്രധാനമായും കൃഷിയെ ആശ്രയിച്ചാണു ജീവിതം പോറ്റുന്നത്. രാജ്യത്തെ മൊത്തം കർഷകരുടെ 82 ശതമാനം പേരും ചെറുകിട, ഇടത്തരം, നാമമാത്ര കൃഷിക്കാരുമാണ്. കർഷകരും കർഷകത്തൊഴിലാളികളുമാണ് ഏറ്റവുമധികം പ്രതിസന്ധിയും കഷ്ടപ്പാടുകളും ദുരിതങ്ങളും അനുഭവിക്കുന്നത്. പരിസ്ഥിതി ദുർബല മേഖലയിൽ ഉൾപ്പെടുത്താൻ പോകുന്ന ഒട്ടുമിക്ക പ്രദേശങ്ങളും ജനസാന്ദ്രത കൂടിയ മേഖലകളാണ്. അവിടെ എല്ലാവരും തന്നെ, കൃഷിയും മൃഗപരിപാലനവും അനുബന്ധ തൊഴിലുകളും ചെയ്ത് അവരുടെ ഉപജീവനമാർഗം കണ്ടെത്തുന്നവരാണ്. ദശാബ്ദങ്ങളായി ജനനിബിഡവും ഫലപുഷ്ടി ഏറിയതുമായ കൃഷിസ്ഥലങ്ങളാണ് ഈ പ്രദേശങ്ങളെല്ലാം.
കേരളത്തിന്റെ മൊത്തം വിസ്തീർണത്തിന്റെ 29.75 ശതമാനം വനഭൂമിയാണെന്നിരിക്കെ വീണ്ടും കൃഷിഭൂമിയെ വനഭൂമിയാക്കി മാറ്റി അന്നം മുട്ടിക്കുന്ന നിയമങ്ങളാണ് കർഷകന്റെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്. കേരളത്തിന്റെ ജൈവ സമൃദ്ധിയും വിള വൈവിധ്യവും മനസിലാക്കാതെ കർഷകർ രൂപപ്പെടുത്തിയ കാർഷിക വനവത്കരണത്തെ പരിഗണിക്കാതെ ഈ നിയമം നടപ്പിലാക്കുന്പോൾ വേണ്ടത്ര പഠനവും ചിന്തയും ഉണ്ടായിട്ടില്ല. ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും ഭൂവിനിയോഗത്തിനുള്ള അവകാശവും ഈ വിജ്ഞാപനം ഇല്ലാതാക്കും. ഭൂമി വിൽക്കാനോ, കൃഷി ചെയ്ത് അതിൽനിന്നു വരുമാനം ഉണ്ടാക്കാനോ നിയന്ത്രണങ്ങൾ വരും.
500 മീറ്റർ വനത്തിനുള്ളിലേക്കാകണം
ഇത്രമാത്രം പച്ചകെടാത്ത വനഭൂമിപോലെ പരിഗണിക്കപ്പെടുന്ന കേരളത്തിൽ ഒരു കിലോമീറ്റർ കർഷകന്റെ ഭൂമിയിലേക്ക് ഇറക്കാതെ 500 മീറ്റർ വനത്തിനുള്ളിലേക്കുതന്നെ ഒതുക്കി ബഫർ സോണ്‍ സൃഷ്ടിച്ച് മൃഗങ്ങളെ അതിനുള്ളിൽ സംരക്ഷിക്കുകയാണു വേണ്ടത്. കർഷകനെയും അവന്റെ കൃഷിയിടങ്ങളെയും സംരക്ഷിക്കുന്നതുവഴിയെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സാധിക്കൂ.
കാട്ടുമൃഗങ്ങളെ സംരക്ഷിക്കുന്നതിൽ പലരും കാണിക്കുന്ന വ്യഗ്രത കണ്ടാൽ അവയെക്കാൾ എത്രയോ വിലകുറഞ്ഞവരായാണ് കർഷകരെ ഇവർ കാണുന്നതെന്ന് ചിന്തിച്ചുപോകും. സംരക്ഷിത വനങ്ങൾക്കു ചുറ്റും ബഫർ സോണ്‍ പ്രഖ്യാപിച്ച് അന്യംനിൽക്കുന്ന വന്യജീവികളെയും വനസന്പത്തും കാത്തുസൂക്ഷിക്കാൻ കാണിക്കുന്ന വ്യഗ്രതയെങ്കിലും കർഷകരെ സംരക്ഷിക്കുന്നതിൽ സർക്കാർ കാണിക്കണമെന്നാണ് ഇൻഫാമിനു പറയാനുള്ളത്.
വന്യമൃഗങ്ങളെ കാട്ടിൽ നിയന്ത്രിക്കണം
വനമോ വനസന്പത്തോ കാട്ടുമൃഗങ്ങളെയോ സംരക്ഷിക്കേണ്ടെന്ന് ഇൻഫാം പറയുന്നില്ല. ഈ വന്യമൃഗങ്ങളെ കർഷകരെ ഉപദ്രവിക്കാത്തവിധം കാടിനുള്ളിൽത്തന്നെ വളർത്താനുള്ള ഉത്തരവാദിത്വം ഗവണ്മെന്റിനും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിനുമുണ്ട്. ഈ ബഫർ സോണ്‍ നിശ്ചിത വനാതിർത്തിയിൽനിന്നു പുറത്ത് കർഷകരുടെ ഭൂമിയിലേക്ക് ഇറക്കുന്നതിനു പകരം 500 മീറ്റർ അതിർത്തിയിൽനിന്ന് വനത്തിനുള്ളിലേക്കു കയറ്റിവച്ച് നിജപ്പെടുത്തി സോളാർ വേലികളോ കിടങ്ങുകളോ മറ്റെന്തെങ്കിലും ഉപാധികളോകൊണ്ടു വന്യമൃഗങ്ങളെ നിയന്ത്രിച്ചു നിർത്തുകയും ജീവിക്കുവാനുള്ള കർഷകന്റെ മനുഷ്യാവകാശത്തെ സംരക്ഷിക്കുകയും ചെയ്യണം എന്നതാണ് ഇൻഫാമിന്റെ ആവശ്യം.
ഈ കരടു വിജ്ഞാപനം നിയമമായാൽ കൃഷിയിൽനിന്നും അനുബന്ധ തൊഴിലുകളിൽനിന്നും ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ അതത്സ്ഥലത്തുതന്നെ വിറ്റഴിക്കേണ്ടിവരും. വിപുലമായി കൃഷിചെയ്തിരിക്കുന്ന വാണിജ്യവിളകളായ ഏലം, റബർ, കൊക്കോ, തെങ്ങ്, കാപ്പി, കുരുമുളക് തുടങ്ങിയവയ്ക്ക് പ്രാദേശിക വിപണി കണ്ടെത്താൻ എളുപ്പമല്ല.
കർഷകർ യഥാർഥ പരിസ്ഥിതി പ്രവർത്തകർ
കർഷകർ പരിസ്ഥിതിയെ സംരക്ഷിക്കുന്നവരാണ്, നശിപ്പിക്കുന്നവരല്ല. കേരളത്തിന്റെ ആകെ വിസ്തീർണത്തിന്റെ 29.75ശതമാനം വനമാണ്. എന്നാൽ, തങ്ങളുടെ കൃഷിയിടങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിച്ച് കാർഷിക വനവത്കരണത്തിലൂടെ കേരളത്തെ ഹരിതാഭമാക്കുന്നത് കർഷകരാണെന്നുള്ള സത്യം ആരും കാണുന്നില്ല. കർഷകരാരും വനം നശിപ്പിക്കുന്നവരല്ല, മറിച്ച് വനം സൃഷ്ടിച്ചെടുക്കുന്നവരാണ്. ഒരു മരം വെട്ടിയാൽ, രണ്ടു മരമെങ്കിലും നടാത്ത കർഷകരിന്നില്ല. വനം സംരക്ഷിക്കേണ്ടത് ഭൂമിയെന്ന നമ്മുടെ ഗൃഹത്തിന്റെ, നമ്മുടെ വീടിന്റെ സംരക്ഷണത്തിന് ആവശ്യമാണെന്നും നമ്മുടെ സഹോദരങ്ങൾക്കുള്ള ജീവവായു നൽകാനുള്ള ഉത്തരവാദിത്വം നമ്മുടേതാണെന്നും തിരിച്ചറിവുള്ളവരാണ് കർഷകർ. ലോകത്തിനു മുഴുവൻ ജീവവായു നൽകാനുള്ള ഉത്തരവാദിത്വം കർഷകന്റേതാണെന്നുള്ള ഉത്തമ ബോധ്യം കർഷകർക്കുണ്ട്.
നല്ല പരിസ്ഥിതി സംരക്ഷകരും പ്രകൃതിസ്നേഹികളും ഇല്ല എന്നല്ല പറയുന്നത്. ഉണ്ട്, എന്നാൽ അവരുടെ എണ്ണം തുലോം തുച്ഛമാണ്. പച്ച മണ്ണിൽ കാൽതൊടാതെ, നെറ്റിയിൽ വിയർപ്പു കിനിയാതെ, സർവ സ്വാതന്ത്ര്യത്തോടെ വളയ്ക്കാവുന്ന നാക്കുപയോഗിച്ച് അധിക്ഷേപങ്ങളും ആക്രോശങ്ങളും നടത്തി സ്വന്തം കീശ വീർപ്പിക്കാൻ വ്യഗ്രത കാണിക്കുന്ന കപട പരിസ്ഥിതിവാദികളുടെ കാപട്യം മനസിലാക്കണമെന്നു പൊതുസമൂഹത്തോട് ഇൻഫാം ആവശ്യപ്പെടുകയാണ്.
അടിമുടി കർഷകവിരുദ്ധം
കരട് വിജ്ഞാപനമനുസരിച്ച് നിർദിഷ്ട ബഫർ സോണ്‍ മേഖലയിൽ ജൈവകൃഷി മാത്രമേ ചെയ്യാൻ പാടുള്ളു. ഇതു കാർഷികോത്പാദനത്തെ കാര്യമായി ബാധിക്കും. തന്നെയുമല്ല, വന്യജീവികളുടെ സംരക്ഷണം മാത്രം ലക്ഷ്യംവച്ചുകൊണ്ടുള്ള ഒരു നിയമമാണിത്. വന്യജീവികളെ വനത്തിനുള്ളിൽ സംരക്ഷിച്ചാൽ പിന്നെ, ജൈവ കൃഷിയോ മറ്റു തരത്തിലുള്ള കൃഷിയോ എന്നതിന് പ്രസക്തിയില്ല. കർഷകർ സുസ്ഥിര കൃഷിരീതികൾ അവലംബിക്കാതെ കൃഷിയിൽനിന്ന് കാര്യമായ വരുമാനം ലഭിക്കുകയില്ല. ദൈനംദിന ചെലവുകൾക്കും കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹആവശ്യങ്ങൾക്കും ഉള്ള വരുമാനം കൃഷിയിൽനിന്നു തന്നെയാണ് അവർ കണ്ടെത്തുന്നത്.
ഈ കരട് വിജ്ഞാപനം നിയമമായാൽ കാർഷികാവശ്യത്തിനോ സ്വകാര്യാവശ്യത്തിനോ വേണ്ടിയുള്ള കിണർ, കുഴൽ കിണർ നിർമാണം സാധിക്കുകയില്ല. ഇതു കൃഷിക്കാവശ്യമായ ജലസേചനത്തിനും കുടിവെള്ള ആവശ്യങ്ങൾക്കും പ്രതിസന്ധി സൃഷ്ടിക്കും. വിവിധ തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾക്കു നിരോധനം വരും. താമസത്തിനുള്ള വീടുകളും ചെറുകിട വ്യവസായ സംരംഭങ്ങളും നിർമിക്കുന്നതിനും സാധിക്കുകയില്ല. ഇതു തൊഴിലവസരങ്ങളെ പാടേ ഇല്ലാതാക്കും. അടിസ്ഥാന സൗകര്യങ്ങളായ റോഡ്, ഇലക്ട്രിക് കേബിൾ, മൊബൈൽ ടവർ, രാത്രിയിലുള്ള വാഹന ഗതാഗതം എന്നിവയ്ക്കെല്ലാം നിയന്ത്രണങ്ങൾ വരും.
റോഡ് ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ വരുന്നതുവഴി കർഷകർക്ക് ഉത്പന്നങ്ങൾ സമയബന്ധിതമായി വിപണിയിലോ സംസ്കരണ കേന്ദ്രങ്ങളിലോ എത്തിക്കാൻ സാധിക്കാതെ വരും. രോഗികളായി കിടക്കുന്നവരെ അത്യാവശ്യ ഘട്ടങ്ങളിൽ ആശുപത്രികളിൽ എത്തിക്കുന്നതിനുപോലും സാധിക്കാതെ വരും. വൈദ്യുത ലൈൻ, മൊബൈൽ ടവർ എന്നിവ സ്ഥാപിക്കാൻ നിയന്ത്രണങ്ങൾ വരുന്നതുവഴി ആശയവിനിമയ സാധ്യതകൾ പൂർണമായുംതന്നെ ഇല്ലാതാകും. രാത്രികാലങ്ങളിലുള്ള കുട്ടികളുടെ പഠനവും മൊബൈലും കംപ്യൂട്ടറുകളും ഉപയോഗിച്ചുള്ള ഓണ്‍ലൈൻ വിദ്യാഭ്യാസ രീതിയും മേഖലയിലെ വിദ്യാർഥികൾക്ക് അന്യമാകും. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതാക്കുന്നതുവഴി ഇവിടെയുള്ള ജനങ്ങൾ തങ്ങൾ കാലങ്ങളായി അധിവസിച്ചിരുന്ന സ്ഥലത്തുനിന്ന് സ്വയം ഒഴിഞ്ഞുപോകേണ്ടതായി വരും.
ജനപ്രാതിനിധ്യം ഇല്ലാത്ത കമ്മിറ്റി
ബഫർ സോണ്‍ നിർണയിക്കുന്നതിനായി, വൈൽഡ് ലൈഫ് വാർഡൻ, പരിസ്ഥിതി പ്രവർത്തകൻ, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കണമെന്ന് കരട് വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്. അതിൽ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളോ, മറ്റു പ്രാദേശിക ആളുകളോ ഉൾപ്പെട്ടിട്ടില്ല. ഇങ്ങനെയൊരു കരടു വിജ്ഞാപനത്തിനുശേഷം തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുമായോ ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്ന സാധാരണ ജനങ്ങളുമായോ യാതൊരു വിധത്തിലുമുള്ള ചർച്ചയോ അഭിപ്രായരൂപീകരണമോ ഉണ്ടായിട്ടില്ല.
ബഫർ സോണ്‍ നടപ്പിലാക്കാനുള്ള മോണിറ്ററിംഗ് കമ്മിറ്റിയിൽ പൊതുജനങ്ങളിൽ നിന്നോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്നോ ഉള്ള പ്രതിനിധികൾ ഉൾപ്പെട്ടിട്ടില്ല. ഈ മോണിറ്ററിംഗ് കമ്മിറ്റിയുടെ സർവാധികാരവും വനംവകുപ്പിന്റെ വൈൽഡ് ലൈഫ് വാർഡനിൽ നിക്ഷിപ്തമാണ്. ഇതു വനംവകുപ്പിന്റെ നിയമങ്ങളും ചട്ടങ്ങളുമനുസരിച്ച് ഈ പദ്ധതി നടപ്പാക്കാനുള്ള സാധ്യത ഉണ്ടാക്കും. അതുകൊണ്ട് ഈ പദ്ധതി സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നടപ്പിൽ വരുത്താനായി അതത് ജില്ലകളുടെ ജില്ലാ കളക്ടർമാരെ നേതൃത്വം ഏൽപ്പിക്കണമെന്ന് ഇൻഫാം ആവശ്യപ്പെടുന്നു.
മനുഷ്യന്റെ സാധാരണ ജീവിതത്തെ പ്രതികൂലമായി ബാധിക്കാതെ മനുഷ്യന്റെ ജീവനും സ്വത്തിനും പൂർണ സംരക്ഷണം ഉറപ്പുവരുത്തിക്കൊണ്ടു വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിച്ചുവേണം ഈ വിജ്ഞാപനം നടപ്പാക്കാൻ. പ്രാഥമിക പരിഗണന മനുഷ്യജീവനും സ്വത്തിനുമാണ് നൽകേണ്ടത്.










Leave a Reply