“ഈസാ നബിക്ക് അല്ലാഹു ഇറക്കികൊടുത്ത ഇഞ്ജീൽ തിരുത്തി മൂന്നു ദൈവങ്ങളെ ഉണ്ടാക്കി ആരാധിക്കുന്ന ബഹു ദൈവ വിശ്വാസികളാണ് ക്രിസ്ത്യാനികൾ” എന്നിങ്ങനെ ചില യൂ ട്യൂബ് ദാവാ പ്രസംഗങ്ങൾ ഈയിടെ കേൾക്കാനിടയായി. കോവിഡ് കാലത്ത് ധാരാളം സമയമുള്ളതുകൊണ്ട് ചില ദാവാ പ്രഭാഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതാണ്.
‘ദൈവം, വചനം, ആത്മാവ്’ ഇക്കാര്യങ്ങൾ ഗ്രഹിക്കാൻ തക്ക ദാർശനിക പശ്ചാത്തലമോ വൈജ്ഞാനിക പാരമ്പര്യമോ ഇസ്ലാമിൻ്റെ സ്ഥാപകനോ അദ്ദേഹം ജനിച്ചു വളർന്ന അറേബിയൻ ഗോത്ര സമൂഹത്തിനോ ഉണ്ടായിരുന്നോ എന്ന് എനിക്കു നിശ്ചയമില്ല. എന്നാൽ, അറേബിയൻ ഗോത്രസമൂഹത്തിൻ്റെ ദൈവാനുഭവത്തെ ഏക ദൈവവിശ്വാസത്തിൻ്റെ പരിപ്രേക്ഷ്യത്തിലൂടെ ആവിഷ്കരിച്ചുകൊണ്ട്, ആ ഗോത്ര സമൂഹങ്ങളെ അദ്ദേഹത്തിനു പരിചിതമായിരുന്ന യഹൂദ -ക്രൈസ്തവ -മാനിക്കേയൻ ജനതകളുടെ സാംസ്‌കാരിക തലത്തിലേക്കും ധാർമ്മിക നിലവാരത്തിലേക്കും ജീവിത പുരോഗതിയിലേക്കും നയിക്കാൻ അദ്ദേഹം മക്കയിൽ നടത്തിയ പരിശ്രമങ്ങൾ ശ്ലാഘനീയമാണ്. ആ പരിശ്രമങ്ങളിൽ അദ്ദേഹം വിജയിച്ചിരുന്നെങ്കിൽ ഇസ്ലാമിൻ്റെയും ലോകത്തിൻ്റെയും ചരിത്രം വ്യത്യസ്തമായേനെ. മക്കയിലെ അറബികളിൽ ഏകദൈവ വിശ്വാസികളായ ‘ഹനീഫു’കൾ നേരത്തെതന്നെ ഉണ്ടായിരുന്നെങ്കിലും, മക്കയെ മുഴുവൻ ഏകദൈവ വിശ്വാസത്തിലേക്ക് കൊണ്ടുവരാൻ 13 വർഷത്തെ പരിശ്രമത്തിന് ശേഷവും അദ്ദേഹത്തിനു കഴിഞ്ഞില്ല.
മക്കയിലെ മത നവീകരണ പരിശ്രമങ്ങളുടെ പരാജയമായിരിക്കാം, യാത്രിബിലേ (പിൽകാലത്തു മദീന) ക്കുള്ള പലായനത്തിനും തുടർന്നുള്ള സൈനിക-രാഷ്ട്രീയ ഏകീകരണ ശ്രമങ്ങൾക്കും കാരണമായത്. അറേബിയൻ ഗോത്ര സമൂഹങ്ങളെ ഏകോപിപ്പിച്ച് ഒരു രാഷ്ട്രീയ ശക്തിയാക്കിയതിൽ ഇസ്ലാമിനും അതിൻ്റെ സ്ഥാപകനും വലിയ സ്ഥാനമാണുള്ളത്.
രാഷ്ട്രീയമായ ഏകോപനത്തിന് മതത്തിനുള്ള ശക്തി അക്കാലത്തെ ക്രിസ്ത്യൻ റോമാ സാമ്രാജ്യത്തിൽനിന്നും അദ്ദേഹം മനസ്സിലാക്കിയിരിക്കണം. സൈനിക ശക്തിയെക്കാൾ ബഹുദൈവ വിശ്വാസികളായ ഗോത്ര സമൂഹങ്ങളെ ഏകോപിപ്പിക്കാൻ കഴിയുന്നത് ഏകദൈവ വിശ്വാസത്തിനാണ് എന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. സൈനിക നീക്കങ്ങളോടൊപ്പം, യഹൂദ ക്രൈസ്തവ മതങ്ങളുടെ ‘ഗ്രാൻഡ് നറേറ്റീവ്’ കടമെടുത്ത് അതിൽ താനുൾപ്പെട്ട അറേബിയൻ ഗോത്ര സമൂഹങ്ങൾ കൂടി ഉൾപ്പെടത്തക്കവിധം ചില മാറ്റങ്ങൾ (തിരുത്തലുകൾ) വരുത്തി ഏക ദൈവ സങ്കല്പത്തിലൂന്നിയ ഒരു പുതിയ മത ജീവിതത്തിന് അദ്ദേഹം തുടക്കംകുറിച്ചു.
‘ഗ്രാൻഡ് നറേറ്റീവ്’ കടം കൊണ്ടെങ്കിലും, വ്യത്യസ്തമായ സാംസ്‌കാരിക ധാരകൾ ആയിരത്താണ്ടുകൾ ജീവിച്ചു തലമുറകളിലൂടെ രൂപംകൊണ്ട മൂല്യങ്ങളും ദൈവ അനുഭവങ്ങളും അതേപടി പകർത്താനോ പകർന്നുകൊടുക്കാനോ അദ്ദേഹത്തിനു കഴിഞ്ഞോ എന്നത് ചരിത്രത്തിൽ താല്പര്യമുള്ളവർക്കു പരിശോധിക്കാവുന്നതാണ്.
അറേബിയൻ ഗോത്ര ജീവിതത്തിൻ്റെ മൂല്യാടിത്തറയിലും ജീവിത രീതിയിലും, യഹൂദ ക്രിസ്ത്യൻ ബൃഹദാഖ്യാനത്തെ പ്രതിഷ്ഠിച്ചുണ്ടാക്കിയ മത-രാഷ്ട്ര പ്രത്യയശാസ്ത്രം അതിൻ്റെ ആധികാരികത അവകാശപ്പെട്ടത്, അത് “ദൈവത്തിൽനിന്ന് ഇറക്കിയതാണ്” എന്ന വിശ്വാസം സ്ഥാപിച്ചുകൊണ്ടാണ്.
മറ്റു മതങ്ങളൊന്നും അങ്ങനെ അവകാശപ്പെട്ടിട്ടില്ല. ഒരുപക്ഷെ, അവയ്‌ക്കൊന്നും അതിൻ്റെ ആവശ്യമുണ്ടായിരുന്നില്ല. ഹിന്ദു മതത്തിന് അതിൻ്റെ അതിപുരാതന ഋഷി പരമ്പരകളും ദാർശനിക പദ്ധതികളും ഉണ്ടായിരുന്നു. യഹൂദ മതത്തിന് അതിൻ്റെ പ്രവാചക വൈജ്ഞാനിക പാരമ്പര്യവും പുരാതന സംസ്കൃതിയും ഉണ്ടായിരുന്നു. ക്രിസ്തുമതത്തിന് യഹൂദ മത പാരമ്പര്യങ്ങളും പുരാതന ഗ്രീക്ക് തത്വചിന്തയുടെയും റോമൻ നിയമ വ്യവസ്ഥയുടെയും പശ്ചാത്തലവും, പകരം വയ്ക്കാൻ മറ്റൊന്നില്ലാത്ത ‘യേശു ക്രിസ്തു’വെന്ന ദൈവ മനുഷ്യനും ഉണ്ടായിരുന്നു.
ഇവർക്കാർക്കും ‘ഏഴാം സ്വർഗത്തിൽ’ നിന്ന് ഒരു പുസ്തകം ഇറക്കികൊടുക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. അവരുടെ ‘ദൈവാനുഭവം’ അവർ സ്വന്തം വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും ആവിഷ്കരിക്കുകയോ, അവരിൽ മറ്റുള്ളവർ കണ്ടതും അനുഭവിച്ചതും ഭാവിതലമുറകൾക്കുവേണ്ടി അവർ രേഖപ്പെടുത്തി വയ്ക്കുകയോ ആണ് ഉണ്ടായത്. അടിസ്ഥാനപരമായി അവർ ആവിഷ്കരിച്ചത് അവരുടെ ജീവിതത്തിലും ചരിത്രത്തിലും അവർ അനുഭവിച്ച ദൈവപരിപാലനയും രക്ഷാകര സംഭവങ്ങളുമാണ്. ‘ജീവിതം ഒരു കാടുപോലെ കത്തിയപ്പോൾ’ ‘ദൈവം കൂടെയുണ്ട്’ എന്ന ‘വിശ്വാസം’ നൽകിയ തിരിച്ചറിവുകൾ അവർ പങ്കുവയ്ക്കുകയായിരുന്നു. അതിന് ലഭ്യമായ എല്ലാ സാഹിത്യ രൂപങ്ങളും സങ്കേതങ്ങളും അവർ ഉപയോഗിച്ചു.
അത്തരം രചനകൾ ‘ദൈവത്മാവിനാൽ’ പ്രചോദിതവും ‘വചന’ത്തിൻ്റെ ആവിഷ്കാരവുമാണ് എന്നത് അതു വായിച്ചു പ്രചോദനം ഉൾക്കൊണ്ട ഒരു ജനതയുടെ അനുഭവ സാക്ഷ്യമായിരുന്നു. അങ്ങനെയാണ് കാനോനിക ഗ്രന്ഥങ്ങളുടെ പട്ടിക (കാനോനകൾ) രൂപപ്പെട്ടത്.
ഇങ്ങനെയാണ്, ‘ദൈവം, വചനം, ആത്മാവ്’ എന്നീ അടിസ്ഥാന അനുഭവങ്ങൾ യഹൂദ ജനതയും ക്രൈസ്തവ സമൂഹവും അടയാളപ്പെടുത്തുന്നത്. ദൈവത്തിൻ്റെ അതിശായിത്വവും അന്തര്യാമിത്വവും ഒരുപോലെ അനുഭവിച്ച പാരമ്പര്യങ്ങളാണ് യഹൂദ ക്രൈസ്തവ സമൂഹങ്ങളുടേത്. അതുകൊണ്ടാണ് അവർക്കു ‘ദൈവാനുഭവത്തെ’പ്പറ്റി പറയാൻ കഴിയുന്നത്. ‘ദൈവിക സാന്നിധ്യം’ ‘അനുഭവിക്കാൻ കഴിയുന്ന’ ഒന്നാണെന്ന് ജീവിതം അവരെ പഠിപ്പിച്ചിരുന്നു. ‘ആയിരിക്കുന്നവൻ’ എന്ന് മോശയ്ക്കു പേര് വെളിപ്പെടുത്തിയ ദൈവംമാത്രമാണ് നിത്യനായവൻ എന്നും ആ ദൈവത്തെയാണ് തങ്ങളുടെ പിതാക്കന്മാർ ആരാധിച്ചിരുന്നതെന്നും അതേ ദൈവമാണ് മരുഭൂമിയിലൂടെ തങ്ങളെ വഴിനടത്തിയതെന്നും, അതേ ദൈവത്തിൻ്റെ ‘വചന’മാണ് ദൈവത്തിൻ്റെ ‘ആത്മാവി’നാൽ ‘പ്രചോദി’തരായ പ്രവാചകന്മാരിലൂടെ തങ്ങൾ ശ്രവിച്ചതെന്നും അവർക്കറിയാമായിരുന്നു.
തങ്ങളുടെ പിതാക്കന്മാരോട് സംസാരിച്ച ‘വചനം’ മാംസം ധരിച്ചു മനുഷ്യനായി അവതരിച്ചതാണ് യേശുക്രിസ്തുവിൽ തങ്ങൾ അനുഭവിച്ചത് എന്ന് യേശുവിൻ്റെ ശിഷ്യ സമൂഹം സാക്ഷ്യപ്പെടുത്തി. അത്തരം സാക്ഷ്യങ്ങളുടെ സമാഹാരമാണ് പുതിയ നിയമ ഗ്രന്ഥങ്ങളായ സുവിശേഷങ്ങളും, അപ്പസ്‌തോല ചരിത്രവും, ലേഖനങ്ങളും, പ്രബോധനങ്ങളും. ഇതെല്ലാം യേശുവിൽ വെളിപ്പെട്ടതും തങ്ങൾ അനുഭവിച്ചറിഞ്ഞതുമായ ദൈവാനുഭവത്തിൻ്റെ നേർസാക്ഷ്യങ്ങളാണ്. അതിൽ ഒന്നും ആരും ‘ഇറക്കി കൊടുത്ത’തല്ലാത്തതിനാൽ ‘തിരുത്തി എഴുതേണ്ട’ ആവശ്യവും ഉണ്ടായിരുന്നില്ല.
ഭാരതത്തിലെ ഹൈന്ദവ പാരമ്പര്യവും ഇതിനോടു ചേർന്നു നില്ക്കുന്നതാണ്. ദൈവത്തെ ധ്യാനിച്ച വ്യക്തികളുടെയും ദൈവാംശമുണ്ടെന്നു സമൂഹം കരുതിയ വ്യക്തികളുടെയും അനുഭവങ്ങളും ദർശനങ്ങളും പ്രാർത്ഥനകളും ചരിത്രവുമാണ് മത ഗ്രന്ഥങ്ങളിൽ ആവിഷ്കൃതമായിരിക്കുന്നത്.
പുരാതന ഗ്രീക്ക് സംസ്കാരത്തിലും ദൈവത്തിൻ്റെ (ദൈവങ്ങളുടെ) ശക്തിയും സൗന്ദര്യവും നന്മയുമെല്ലാം സൃഷ്ടിയിൽ പ്രതിഫലിക്കുന്നതായി അവർ കരുതി. മനുഷ്യൻ ദൈവത്തിൻ്റെ ഛായയും സാദൃശ്യവുമാണ് എന്ന യഹൂദ- ക്രിസ്ത്യൻ കാഴ്ചപ്പാട് ഇതിനോടു ചേർന്നുപോകുന്നതാണ്.
ഇസ്ലാം മതത്തിൽ, ദൈവം ഏകൻ മാത്രമല്ല, ഏകാന്തനുമാണ്. അവനു സഹകാരികൾ ഉണ്ടാകാൻ സാധ്യമല്ല. അവൻ സ്വയംഭൂവും, പൂർണ്ണനും സർവശക്തനും സൃഷ്ടവസ്തുക്കളോട് യാതൊരു സാദൃശ്യവും ഇല്ലാത്തവനും സൃഷ്ടികളിൽ നിന്ന് അപരിമേയമായ അകലം പാലിക്കുന്നവനുമാണ്.
ഈ ദൈവസങ്കല്പത്തോട് ചേർത്തു ‘വചനം’ (കലിമ), ‘ആത്മാവ്’ (റൂഹ്) എന്നീ യഹൂദ-ക്രൈസ്തവ ദൈവാനുഭവങ്ങളെ വ്യാഖ്യാനിക്കുന്നതിൽ ഇസ്ലാം ആദ്യം മുതൽതന്നെ പരാജയപ്പെടുകയാണുണ്ടായത്. അനുഭവങ്ങൾ കടം കൊള്ളാനാവില്ല എന്നതു മാത്രമാണ് അതിനു ചൂണ്ടിക്കാട്ടാവുന്ന കാരണം. എന്നാൽ, ഇസ്ലാം കടംകൊണ്ട യഹൂദ ക്രിസ്ത്യൻ ‘ബൃഹദാഖ്യാനം’ (സൃഷ്ടി മുതൽ അന്ത്യ വിധിയും സ്വർഗ്ഗ സൗഭാഗ്യവും വരെയുള്ള ഗ്രാൻഡ് നറേറ്റീവ്) ഈ യാഥാർഥ്യങ്ങളെ അവഗണിച്ചു മുന്നോട്ടുപോകാൻ സമ്മതിക്കയുമില്ല. അതിനാൽ, ഇസ്ലാമിനുതന്നെ ബുദ്ധിമുട്ടുണ്ടാക്കുന്ന ചില വ്യാഖ്യാനങ്ങളും വിവരണങ്ങളും നൽകി മുന്നോട്ടുപോവുകയാണ് ചെയ്തിട്ടുള്ളതെന്നു കാണാം.
ഇസ്ലാമിൽ, ഏഴാം സ്വർഗത്തിനുമേൽ ഫലകത്തിൽ എഴുതിവച്ച രീതിയിൽ ‘വചനത്തെ’ ദൈവത്തിൽനിന്ന് മാറ്റി പ്രതിഷ്ഠിച്ചിരിക്കുകയാണ്. ഇവിടെ ‘വചനം’ അറബി ഭാഷയിൽ എഴുതപ്പെട്ട ഒരു പുസ്തകമാണ്. ‘ഉർ ഖുർആൻ’ എന്നും വിളിക്കും. അതു ദൈവത്തിൽനിന്ന് പുറപ്പെട്ടതാണോ, ദൈവം സൃഷ്ടിച്ചതാണോ എന്നു വ്യക്തമല്ല. ഏതായാലും ദൈവവുമായി അതിനിപ്പോൾ ബന്ധമില്ല. ദൈവത്തിനു തൻ്റെ ‘വചന’വുമായി ബന്ധപ്പെടണമെങ്കിൽ അതിന് ഏതെങ്കിലും ഒരു ദൂതൻ വഴിയേ സാധിക്കുകയുള്ളൂ. അനാദിയിലേ എല്ലാം എഴുതി മാറ്റി വച്ചിരിക്കുന്നതിനാൽ ദൈവത്തിന് ഒന്നും ഉരിയാടാൻ ആവില്ല. എഴുതിവച്ചവ മലക്കുകളുടെ സഹായത്താൽ ഇറക്കികൊടുക്കാം. ദൈവത്തിനു ജീവനുണ്ടെങ്കിലും വചനം നിർജീവമാണ്. ഒരാളുടെ വചനം, അയാളിൽനിന്ന് നീക്കം ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥ മനുഷ്യനിൽ പോലും ചിന്തനീയമല്ല. ഇത് ദയനീയമാണ് എന്നു പറയാതെ വയ്യാ.
‘റൂഹി’ൻ്റെ കാര്യം ഇതിലും കഷ്ടമാണ്. ആത്മാവെന്നാൽ എന്താണെന്നുതന്നെ നിശ്ചയമില്ല. ‘ദൈവത്തിൻ്റെ ആത്മാവ്’ എന്നു പറയാമോ എന്നും നിശ്ചയമില്ല. അതു ദൈവത്തിൽ നിന്നുള്ളതാണോ ദൈവം സൃഷ്ടിച്ചതാണോ എന്നും നിശ്ചയമില്ല. സൃഷ്ടിച്ചതാണെങ്കിൽ ദൈവത്തിനു സ്വന്തമായി ‘വചനവും’ ‘ആത്മാവു’മില്ലായിരുന്നോ എന്ന പ്രശ്നമുണ്ടാകുന്നു. അനാദിയിലേ ഉള്ളതാണെങ്കിൽ അതും ദൈവം തന്നെയല്ലേ എന്ന ചോദ്യം ഉണ്ടാകുന്നു.
മനുഷ്യരിൽ ആത്മാവ് ഒരാളുടെ അന്തസത്തയായി അയാളിൽത്തന്നെ കുടികൊള്ളുന്നു എന്നും ആ ആത്മാവ് ദൈവാത്മാവിൻ്റെ അംശമാണെന്നുമാണ് മിക്കവാറും എല്ലാ മത ദർശനങ്ങളും പഠിപ്പിക്കുന്നത്. ഭാരതീയ ദർശനത്തിൽ, മനുഷ്യൻ ജീവാത്മാവും ദൈവം പരമാത്മാവുമാണ്. ക്രൈസ്തവ ദർശനത്തിൽ, ദൈവാത്മാവ് നിത്യവും മനുഷ്യാത്മാവ് സൃഷ്ടിക്കപ്പെട്ടതും, എന്നാൽ നാശമില്ലാത്തതുമാണ്. പക്ഷേ ഇസ്ലാമിൽ ‘റൂഹ്’ ഒരു സൃഷ്ടിയാണെന്നും, ഒരു മലക്കാണെന്നും അതു ജിബ്‌രീൽ തന്നെയാണെന്നുമൊക്കെയാണ് പറഞ്ഞിരിക്കുന്നത്.
ഇസ്രായേലിലെ പ്രവാചകന്മാരെ പ്രചോദിപ്പിച്ച ആത്മാവ് ഒരു ദൂതനോ ജിന്നോ ആയിരുന്നില്ല, അത് ദൈവാത്മാവായിരുന്നു. ദൈവാത്മാവിനാൽ പ്രചോദിപ്പിക്കപ്പെടാത്ത ഒരുവനും ദൈവത്തിൻ്റെ വചനം സംലഭ്യമാവുകയുമില്ല.
‘ദൈവം, ദൈവവചനം, ദൈവാത്മാവ്’ എന്നീ ദൈവാനുഭവങ്ങളുടെ പരമാർത്ഥ സത്തയെയാണ് ക്രൈസ്തവർ ‘പിതാവും, പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവം’ എന്നു വിളിക്കുന്നത്. നിത്യനായ പിതാവിൽനിന്നുള്ള നിത്യനായവൻ എന്ന അർത്ഥത്തിലാണ് വചനത്തെ പുത്രൻ എന്നു വിളിക്കുന്നത്. വചനവും ആത്മാവും മുറിച്ചുമാറ്റിയാൽ ദൈവം ഒരു പരാശ്രയ സ്വത്വമായി അവശേഷിക്കും. അത്തരം ഒരു ദൈവത്തെക്കൊണ്ട് ഈ പ്രപഞ്ചത്തിൽ ആർക്കും ഒരു ഉപകാരവും ഉണ്ടാവുക സാധ്യമല്ല. സകലതിനും ജിബ്രീലിനെയും മലക്കുകളെയും ആശ്രയിക്കുന്ന, വചനമോ ആത്മാവോ സ്വന്തമായി ഇല്ലാത്ത ഒരു ദൈവം എങ്ങനെ സർവശക്തനും പൂർണ്ണനും സ്വയം വെളിപ്പെടുത്തുന്നവനുമാകും?
സ്വന്തം മതപാരമ്പര്യങ്ങളിൽ ഇല്ലാത്ത സങ്കൽപ്പങ്ങൾ വേണ്ടത്ര പഠനവും ദാർശനിക വ്യക്തതയുമില്ലാതെ, കടംകൊണ്ട ഒരു ബൃഹദാഖ്യാനത്തിൽ നിന്ന് ആവിഷ്കരിക്കേണ്ടിവരുന്നതിൽ സംഭവിക്കാവുന്ന ചില പാളിച്ചകളാണ് ഇവ എന്നു വേണം കരുതാൻ. ‘വെളിപാടിൻ്റെ’ തന്നെ ഭാഗമായി അവ പറയപ്പെട്ടിരിക്കുന്നതിനാൽ അവയിൽ ഇനി ‘തിരുത്തൽ’ വരുത്തുക സുസാധ്യമല്ല. സജീവമായ ദാർശനിക-ദൈവശാസ്ത്ര പാരമ്പര്യങ്ങളും തുറന്ന സമീപനവും പ്രബോധനാധികാരമുള്ള മതനേതൃത്വവും ഉണ്ടെങ്കിലേ ഇത്തരം വിഷയങ്ങൾ തുറന്ന മനസ്സോടെയും അവധാനതയോടെയും പഠിക്കാനും ചർച്ചചെയ്യാനും കഴിയൂ…
മതങ്ങൾ തമ്മിൽ ആശയ സംവാദങ്ങൾ ഉണ്ടാകേണ്ടതാണ്. എന്നാൽ ദാവാക്കാരുടെ പ്രസംഗങ്ങൾ മിക്കവാറും ഏകപക്ഷീയവും ചിന്താ ദാരിദ്ര്യം നിറഞ്ഞതുമാണ് എന്നു പറയാതെ വയ്യാ!
ഫാ. വർഗീസ് വള്ളിക്കാട്ട്










Leave a Reply