Sathyadarsanam

ഇസ്ലാമിക മതരാഷ്ട്രവാദവും ജിഹാദ് ഉയർത്തുന്ന വെല്ലുവിളികളും

ഭാഗം ഒന്ന്:
പൊളിറ്റിക്കൽ ഇസ്ലാം അഥവാ ഇസ്ലാമിക മതരാഷ്ട്ര വാദം ഒറ്റനോട്ടത്തിൽ

ഇസ്ലാം ഒരു മതമാണ് എന്നു കരുതുന്നവരാണ് ഇസ്ലാംമത വിശ്വാസികളിൽ ബഹുപൂരിപക്ഷവും. എന്നാൽ, ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിത പദ്ധതിയാണ് അതായത്, ഒരു പ്രത്യയശാസ്ത്രമാണ് എന്ന അവകാശവാദം ഉന്നയിക്കുന്ന ഇസ്ലാമിക സംഘടനകളും പ്രസ്ഥാനങ്ങളുമുണ്ട്. ആരാധനയും ആത്മീയതയും മാത്രമല്ല, തികച്ചും ഭൗതിക യഥാർഥ്യങ്ങളായ സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക വ്യവഹാരങ്ങളും
ഒരേ നിയമ നിർമ്മാണ അധികാരത്തിനു കീഴ്പ്പെട്ടിരിക്കണം എന്നതാണ് അവരുടെ നിലപാട്. ഈ നിലപാടിനെയാണ് പൊതുവിൽ ഇസ്ലാമിക മത-രാഷ്ട്ര വാദം എന്നു വിളിക്കുന്നത്‌. വൈവിധ്യത്തെ നിഷേധിക്കുന്ന ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന നിലയിൽ, ഇസ്ലാമിക മത-രാഷ്ട്രവാദം ഉയർത്തുന്ന വെല്ലുവിളിയെന്ത് എന്നു പരിശോധിക്കുകയാണ് ഈ ലേഖനത്തിൻ്റെ ലക്ഷ്യം.

അല്ലാഹുവിൻ്റെ ‘തൗഹീദിൽ’ അതായത് ‘ഏകത്വത്തിൽ’ ഉള്ള വിശ്വാസം, നിയമനിർമ്മാണത്തിനുള്ള പരമാധികാരം അല്ലാഹുവിനു, മാത്രമാണെന്നും, ജീവിതത്തിൻ്റെ സമസ്ത മേഖലകളിലും അല്ലാഹുവിൻ്റെ ‘ഹക്കിമിയ്യത്ത്’ അഥവാ പരമധികാരമാണ് പാലിക്കപ്പെടേണ്ടത് എന്നുമുള്ള നിലപാടിലേക്ക് പ്രമുഖരായ പല ഇസ്ലാമിക ചിന്തകരെയും എത്തിച്ചിട്ടുണ്ട്. ഈ നിലപാടനുസരിച്ചു മതത്തിനും രാഷ്ട്രത്തിനും വ്യത്യസ്ത അധികാര-നിയമനിർമ്മാണ കേന്ദ്രങ്ങൾ ഉണ്ടാകാൻ പാടില്ല. വ്യക്തിയുടെയും സമൂഹത്തിൻ്റെയും രാഷ്ട്രത്തിൻ്റെയും മേൽ അല്ലാഹുവിൻ്റെ ‘ഹാകിമിയ്യ’ത്ത് (പരമാധികാരം) പൂർണമായി അംഗീകരിക്കപ്പെടുകയും നടപ്പിൽ വരുത്തുകയും വേണം.

ഈ ചിന്താ പദ്ധതിയിൽ, ഇസ്ലാമികേതരമായ സകലതും, അനുസരിക്കപ്പെടാൻ പാടില്ലാത്ത തിന്മയായി, ‘ത്വാഗൂത്’ അഥവാ, വിഗ്രഹാരാധനയായിട്ടാണ്‌ വ്യവഛേദിക്കപ്പെട്ടിരിക്കുന്നത്.
അതിനാൽ, ഇസ്ലാമികേതരമായ രാഷ്ട്രമോ രാഷ്ട്രീയമോ മുസ്ലീങ്ങൾ അംഗീകരിക്കാൻ പാടുള്ളതല്ല. ദൈവിക നിയമത്തിനു (ശരിഅ) വിധേയമല്ലാത്തതെല്ലാം ‘ജാഹിലിയ്യ’ ആണ്, അതായത്, ബഹുദൈവരാധനയുടെ രാഷ്ട്രീയ രൂപങ്ങളാണ്. അതിനാൽ, അവ കീഴടക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ വേണം.

ഈ കാഴ്ചപ്പാടിൽനിന്നാണ് ഇസ്ലാമിക മത-രാഷ്ട്ര സിദ്ധാന്തത്തിൻ്റെ അടിസ്ഥാന ശിലയായി ‘ജിഹാദ്’ പ്രതിഷ്ഠിക്കപ്പെടുന്നത്. ‘ഇസ്ലാമിക് സ്റ്റേറ്റ്’ അഥവാ ‘ഖാലിഫേറ്റ്’ പുനഃ:സ്ഥാപിക്കുന്നതിന് ‘ജിഹാദ്’ അനിവാര്യമാണ് എന്നു സാരം. ഇസ്ലാമിക സമൂഹങ്ങളുടെ അഗോള തലത്തിലുള്ള ഏകീകരണവും (പാൻ ഇസ്ലാമിക് യൂണിറ്റി), ജാഹിലിയ്യ സമൂഹങ്ങൾക്കും വ്യവസ്ഥിതികൾക്കുമെതിരെ ആഗോള തലത്തിൽ സംഘടിപ്പിക്കേണ്ട ‘ജിഹാദും’ (ഗ്ലോബൽ ജിഹാദ് ) ആണ് പൊളിറ്റിക്കൽ ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന രണ്ടു പ്രധാന പദ്ധതികൾ. ‘ഇസ്ലാമിക് സ്റ്റേറ്റ് ‘/ഖാലിഫേറ്റ് പുനസ്ഥാപിക്കുക എന്നത് ഓരോ മുസ്‌ലിമിൻ്റെയും കടമയാണ് എന്നും ഇസ്ലാമിസ്റ്റ് ചിന്തകർ സമർത്ഥിക്കുന്നു.

പൊളിറ്റിക്കൽ ഇസ്ലാം, പാൻ ഇസ്ലാമിക് രാഷ്ട്രീയം, ഇസ്ലാമിസം, ഗ്ലോബൽ ജിഹാദ് എന്നിങ്ങനെ വിവിധ പേരുകളിൽ മേല്പറഞ്ഞ ഇസ്ലാമിക് മത-രാഷ്ട്ര പ്രത്യയ ശാസ്ത്രം അറിയപ്പെടുന്നുണ്ട്. ഇസ്ലാമിൻ്റെ പ്രമാണ ഗ്രന്ഥവും പ്രവാചകചര്യയും, നിയമങ്ങളും പാരമ്പര്യവും വ്യാഖ്യാനിച്ചുകൊണ്ടാണ് ‘ജിഹാദി’ൻ്റെ മാർഗത്തിലൂടെ ചരിക്കാൻ ഇസ്ലാമിക പുനരുജ്ജീവന (റിവൈവലിസ്റ്റ്) ചിന്തകർ ഇസ്ലാമിക സമൂഹങ്ങളെ ആഹ്വാനം ചെയ്യുന്നത്.

ഈ ചിന്താ പദ്ധതിയിൽ, പ്രവാചകനായ മുഹമ്മദ് മതസ്ഥാപകനും, മത-രാഷ്ട്ര സ്ഥാപകനും, എക്കാലത്തേക്കുമുള്ള മാതൃകാ ഭരണാധികാരിയുമാണ്. പ്രവാചകൻ്റെയും സ്വഹാബികളുടെയും (അൽ സലാഫ് അൽ സാലിഹ്) മാർഗത്തിൽ ചരിക്കാൻ ഓരോ വിശ്വാസിയും കടപ്പെട്ടിരിക്കുന്നു. ഇപ്രകാരം പ്രവാചകനെയും അദ്ദേഹത്തിൻ്റെ ശ്രേഷ്ഠ അനുയായികളായ പൂർവികരേയും അക്ഷരാർഥത്തിൽ പിഞ്ചെല്ലുന്ന ഒരു ചെറുമുന്നണി (a pioneering vanguard) ഇന്നു മിക്കവാറും എല്ലാ ഇസ്ലാമിക സമൂഹങ്ങളിലും രൂപപ്പെട്ടു വരുന്നുണ്ട്. തീവ്ര ഇസ്ലാമിക രാഷ്ട്രീയത്തിലെ ഈ മുന്നണി പോരാളികൾ വരാനിരിക്കുന്ന ‘ഇസ്ലാമിക് സ്റ്റേറ്റി’ൻ്റെ ‘ഉറപ്പുള്ള അടിസ്ഥാനം’ (അൽ ക്വായ്ദ) ആയി വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നു. അവർ സമൂഹത്തിൽ ഇസ്ലാമിക ഭരണം നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധരും അതിനായി മനസ്സുകൊണ്ടും ശരീരംകൊണ്ടും അധ്വാനിക്കുന്നവരും ഇസ്ലാമിനുവേണ്ടി ‘ജിഹാദി’ൽ ഏർപ്പെട്ടിരിക്കുന്നവരുമാണ്.

ഭീതിയോടെയും സംശയ ദൃഷ്ടിയോടെയുമാണ് ‘പൊതുസമൂഹം’ ഇത്തരം ജിഹാദി പോരാളികളെ കാണുന്നത്. എന്നാൽ, ഇസ്ലാമിനെ ഒരു സമഗ്ര ജീവിത പദ്ധതി അഥവാ, പ്രത്യയശാസ്ത്രം എന്ന നിലയിൽ കാണുകയും ഇസ്ലാമിക മത-രാഷ്ട്ര സ്ഥാപനം, ജീവിത ലക്ഷ്യമായി സ്വീകരിക്കുകയും, അതിനായി ജീവിതം സമർപ്പിക്കുകയും ചെയ്തിട്ടുള്ളവർക്കു ‘ജിഹാദ്’ അവരുടെ ജീവിത ക്രമവും പരലോക സൗഭാഗ്യങ്ങൾ ഉറപ്പാക്കുന്ന പ്രവാചകചര്യയുടെ പിൻപറ്റലുമാണ്.

‘ശരിഅ’ എന്നാൽ, പ്രവാചകനും സ്വഹാബികളും ജീവിച്ച ജീവിത ക്രമം പിൻപറ്റുക എന്നതാണ്. അനിസ്ലാമിക സമൂഹങ്ങളിൽ ഇസ്ലാമിക ജീവിതക്രമവും ‘ശരിഅ’ അടിസ്ഥാനമായുള്ള ധാർമിക വീക്ഷണവും, ഭരണ വ്യവസ്ഥയും സ്ഥാപിക്കുന്നതിനുള്ള നിരന്തര പരിശ്രമം നടത്തുക എന്ന കടമയും ബാധ്യതയുമാണ് ‘ഇസ്ലാമിക് സ്റ്റേറ്റി’ൻ്റെ അടിസ്ഥാന ശിലകളായ ജിഹാദി പോരാളികൾക്കുള്ളത്.

‘പൊളിറ്റിക്കൽ ഇസ്ലാം’ അഥവാ ‘ഇസ്ലാമിക മതരാഷ്ട്ര വാദം’

പത്തൊൻപത്, ഇരുപത് നൂറ്റാണ്ടുകളിൽ ഇസ്ലാമിക ലോകത്തു നിലനിന്ന സാമൂഹ്യ – രാഷ്ട്രീയ സാഹചര്യങ്ങളുടെയും, സ്വത്വ പ്രതിസന്ധികളുടെയും, പശ്ചാത്യ വിദ്യാഭ്യാസം കൊണ്ടുവന്ന വൈജ്ഞാനിക ഉണർവിൻ്റെയും പശ്ചാത്തലത്തിൽ, ഉരുത്തിരിഞ്ഞുവന്ന ചിന്താപദ്ധതികളുടെയും പൊളിറ്റിക്കൽ ആക്റ്റിവിസത്തിൻ്റെയും ആകെത്തുകയാണ് ‘പൊളിറ്റിക്കൽ ഇസ്ലാം’ അഥവാ ‘ഇസ്ലാമിക മതരാഷ്ട്ര വാദം’ എന്നു പറയാം. ഇരുപതാം നൂറ്റാണ്ടിലുണ്ടായ ഇസ്ലാമിക നവീകരണ-പുനരുജ്ജീവന പരിശ്രമങ്ങൾ എല്ലാംതന്നെ 1924 ലെ ഓട്ടോമൻ ഖാലിഫേറ്റിൻ്റെ ഉന്മൂലനത്തോടുള്ള പ്രതികരണങ്ങളായിരുന്നു എന്നു പറയുന്നതിലും അതിശയോക്തിയില്ല. ആഗോളതലത്തിൽ ഇസ്ലാമിനെ ചേർത്തുനിർത്തുന്ന ശക്തിയായി ലോകമെങ്ങുമുള്ള മുസ്ലീങ്ങൾ ഖാലിഫേറ്റിനെ കണ്ടിരുന്നു.

ഭാഗം രണ്ട്:
ഇസ്ലാം പുനരുജ്ജീവന പരിശ്രമങ്ങൾ: ആരംഭവും വളർച്ചയും

പശ്ചാത്യ ശക്തികളുടെ കോളനിവൽക്കരണം ഏഷ്യയിലെയും ആഫ്രിക്കയിലെയും രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇസ്ലാമിക സമൂഹങ്ങളിലുണ്ടാക്കിയ സ്വത്വ പ്രതിസന്ധിയും അരക്ഷിതാവസ്ഥയും രാഷ്ട്രീയ അസ്ഥിരതയും ഒട്ടും ചെറുതായിരുന്നില്ല. ഇത്തരം വെല്ലുവിളികളോട് പ്രതികരിക്കാൻ മധ്യയുഗങ്ങളിലെ ഉലമയുടെ ഖുർആൻ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും മാത്രം മതിയാവുകയില്ലെന്നുള്ള തിരിച്ചറിവിലേക്കും, പുതിയ ഭാഷ്യങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയിലേക്കും അനേകരുടെ ശ്രദ്ധതിരിഞ്ഞു. പ്രശസ്തമായ പല ഇസ്ലാമിക മതപഠനകേന്ദ്രങ്ങളും ആ വഴിക്കുള്ള പരിശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. ഈജിപ്തിലെ അൽ അസ്ഹർ സർവകലാശാല ഇത്തരം ഇസ്ലാമിക ബൗദ്ധിക കേന്ദ്രങ്ങളിൽ മുൻപന്തിയിലായിരുന്നു.

കേവല മതാനുഷ്ടാനങ്ങൾക്കും ആധുനിക ദേശരാഷ്ട്രങ്ങൾക്കും, ദേശീയതക്കും, മതേതര സങ്കല്പങ്ങൾക്കും അതീതമായ ഒരു ഇസ്ലാമിക ഐക്യവും രാഷ്ട്രീയ യാഥാർഥ്യവും രൂപപ്പെടുത്തുക, അതോടൊപ്പം, മനുഷ്യനിർമ്മിത നിയമങ്ങൾക്കുപരി ‘ശരിഅ’ അഥവാ ദൈവിക നിയമത്തിൻ്റെ പരമാധികാരവും ഇസ്ലാമിക ഭരണക്രമവും ഇസ്ലാമിക പാരമ്പര്യമുള്ള രാജ്യങ്ങളിൽ പുന:സ്ഥാപിക്കുക എന്നീ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ രൂപംകൊണ്ട ഇസ്ലാമിലെ പുനരുജ്ജീവന (റിവൈവലിസ്റ്റ്) പരിശ്രമങ്ങളെ മനസ്സിലാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം, അതിനു നേതൃത്വം കൊടുത്തവരെയും അവരുടെ സാഹചര്യങ്ങളെയും അടുത്തറിയുകയാണ്.

ഇസ്ലാം പുനരുജ്ജീവന പ്രക്രിയക്കു നേതൃത്വംകൊടുത്തവരിൽ പ്രമുഖർ ജമാലുദ്ദീൻ അൽ അഫ്‌ഘാനി (1838 -1897), മുഹമ്മദ് അബ്ദു (1849 -1905), മുഹമ്മദ് റഷീദ് റീദ്ദ (1865 -1932), ഹസ്സൻ അൽ ബന്ന (1906 -1949), അബുൽ ആല മൗദൂദി (1903-1979), സയ്യിദ് ഖുത്വ്ബ് (1906 -1966), അബ്ദുള്ള യൂസുഫ് അസമ് (1941 -1989) എന്നിവരാണ്. അല്ലാമ മുഹമ്മദ്‌ ഇക്ബാൽ (1877 – 1938), മുഹമ്മദ്‌ ആസ്സാദ് (1900 – 1992) എന്നിവരെയും ഇതിനോടു ചേർത്തു വയ്ക്കാവുന്നതാണ്. ഇവരുടെ ആശയ ലോകത്തിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ആധുനിക ഇസ്ലാമിക ചിന്ത എങ്ങിനെ തീവ്ര മതരാഷ്ട്ര ചിന്തയിലേക്ക് എത്തപ്പെട്ടു എന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടാവുകയില്ല.

‘ഇസ്ലാമിക് മോഡേണിസം’

‘ഇസ്ലാമിക് മോഡേണിസം’ എന്നറിയപ്പെടുന്ന ഇസ്ലാമിക പുനരുജ്ജീവന ചിന്താപദ്ധതിയുടെ സ്ഥാപകൻ, അഫ്‌ഗാനിസ്ഥാനിൽ ജനിച് ഈജിപ്തിൽ അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ സാധ്യാപകനായിരിക്കെ, ബ്രിടീഷ്-ഫ്രഞ്ച് സാമ്രാജ്യത്വത്തിനെതിരെ ആശയ പ്രചാരണം നടത്തിയ സയ്യിദ് ജമാലുദ്ദീൻ അൽ അഫ്‌ഘാനി (1838 -1897) യാണ്. ബ്രിടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടത്തിൽ യൂറോപ്പിലെങ്ങുമുള്ള മുസ്ലീങ്ങളുടെ ‘പാൻ ഇസ്ലാമിക് യൂണിറ്റി’ക്കായി ആഹ്വാനംചെയ്ത അദ്ദേഹം, ബ്രിടീഷ് ഇന്ത്യയിൽ ബ്രിടീഷ് ഭരണത്തിനെതിരെ ഹിന്ദു-മുസ്‌ലിം ഏകോപനം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. ബ്രിട്ടീഷ് ഇന്ത്യയിലെ മുസ്‌ലിം നേതാക്കളായ മുഹമ്മദ് അലി ജിന്ന, അല്ലാമാ മുഹമ്മദ് ഇക്ബാൽ, അബുൽ കലാം ആസാദ് എന്നിവരുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും അദ്ദേഹം ആഴത്തിൽ സ്വാധീനിച്ചു. മതഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിൽ യുക്തിക്കുള്ള പങ്കിനെ അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇസ്ലാമിൻ്റെ ആധുനികവൽക്കരണത്തിൻ്റെ പ്രണേതാക്കളിൽ അൽ അഫ്ഘാനിക്കു തുല്യനാണ്, അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്ന മുഹമ്മദ് അബ്ദു (1849 -1905). പത്രപ്രവർത്തനവും, രാഷ്ട്രീയവും ഇസ്ലാമിക മിസ്റ്റിക്കൽ ആധ്യാത്മീയതയും അദ്ദേഹത്തിൽ സമഞ്ജസമായി സമ്മേളിച്ചു. അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായും ഈജിപ്തിൻ്റെ ഔദ്യോഗിക ദിനപത്രമായ ‘അൽ വാക്കി അൽ മിസ്രിയ’യുടെ എഡിറ്ററായും പ്രവർത്തിച്ചു. തീവ്രവാദ ആശയങ്ങളെ പിന്തുണച്ചതിൻ്റെ പേരിൽ 1879 ൽ ആറു വർഷത്തേക്ക് ഓട്ടോമൻ ലബനോനിലേക്കു നാടുകടത്തപ്പെട്ടു. അവിടെയായിരിക്കെ, ഇസ്ലാമിക വിദ്യാഭ്യാസ സമ്പ്രദായത്തിൽ വരുത്തേണ്ട കാലികമായ മാറ്റങ്ങൾക്കു രൂപംകൊടുത്തു. 1884 ൽ പാരിസിലേക്കു പോവുകയും അൽ അഫ്ഘാനിയുമായി ചേർന്ന് ‘അൽ ഉർവ അൽ വുത്ക’ (ദി ഫെർമെസ്റ്റ് ബോണ്ട്) എന്ന ഇസ്ലാമിക റെവലൂഷനറി മാസികയുടെ പ്രസിദ്ധീകരണത്തിൽ സഹകരിച്ചുകൊണ്ട് ഇസ്ലാമിക ലോകത്തിൻ്റെ ഐക്യത്തിനായും യൂറോപ്യൻ കൊളോണിയലിസത്തിനെതിരായുമുള്ള പ്രവർത്തനങ്ങളിൽ മുഴുകി. 1888 ൽ ഈജിപ്തിലേക്ക് തിരിച്ചുപോയ അബ്ദു1899 ൽ, ഈജിപ്തിൻ്റെ ‘ഗ്രാൻഡ് മുഫ്‌തി’യായി നിയമിതനായി. ഇസ്ലാമിക വിശ്വാസപ്രമാണങ്ങളെ യുക്തിയിലൂടെ ആവിഷ്കരിച്ചുകൊണ്ടും ഇസ്ലാമിക സമൂഹത്തിൻ്റെ പുനരുദ്ധാരണത്തിനും ഐക്യത്തിനുമായി പ്രവർത്തിച്ചുകൊണ്ടും ഈജിപ്തിലും ലോകത്താകെയുമുള്ള ഇസ്ലാമിൻ്റെ നവോഥാനത്തിനായി അദ്ദേഹം പ്രയത്നിച്ചു. അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽ വളർന്നുവന്ന ആധുനിക ‘സലാഫിയ’ പ്രസ്ഥാനത്തിൻ്റെ പ്രണേതാക്കളായിരുന്നു അൽ അഫ്ഘാനിയും മുഹമ്മദ് അബ്ദുവും.

ഭാഗം മൂന്ന് :
ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക ചിന്തയും ‘ഇസ്ലാമിക് സ്റ്റേറ്റി’നുവേണ്ടിയുള്ള മുറവിളിയും

ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിസ്റ്റ് ചിന്തകർക്കു ‘ഇസ്ലാമിക രാഷ്ട്രം’ അഥവാ ‘ഇസ്ലാമിക് സ്റ്റേറ്റ്’ എന്ന ലക്ഷ്യത്തോടുകൂടിയ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്ര നിർമ്മിതിക്ക് പ്രചോദനം നൽകിയവരിൽ പ്രമുഖനായിരുന്നു ജമാലുദ്ദീൻ അൽ അഫ്ഘാനിയുടെയും മുഹമ്മദ് അബ്ദുവിൻ്റെയും ആശയങ്ങളിൽ ആകൃഷ്ടനും അബ്ദുവിൻ്റെ ശിഷ്യരിൽ ഒരുവനുമായ മുഹമ്മദ് റഷീദ് റീദ്ദ (1865 -1932). തൻ്റെ മുൻഗാമികളുടെ ചിന്തയെ വ്യക്തതയോടെ ആവിഷ്കരിച്ചുകൊണ്ടും അത്തരം ആശയങ്ങളെ ‘അൽ മനാർ’ എന്ന പ്രസിദ്ധീകരണത്തിലൂടെ മുസ്‌ലിം ലോകത്തിലെങ്ങും പ്രസരണം ചെയ്തുകൊണ്ടും, (1924 ൽ ഓട്ടോമൻ ഖാലിഫേറ്റ് ഉന്മൂലനം ചെയ്യപ്പെട്ടതിനെ തുടർന്ന്) ഒരു ആധുനിക അറബ് ഖാലിഫേറ്റ് സ്ഥാപിതമാകേണ്ടതിൻ്റെ ആവശ്യകതയിലേക്കു മുസ്‌ലിം ലോകത്തിൻ്റെ ശ്രദ്ധയെ അദ്ദേഹം ക്ഷണിച്ചു.

‘തഫ്സീർ അൽ മനാർ’ (ഇന്റെർപ്രെറ്റേഷൻ ഓഫ് ബീക്കൺ) എന്ന 12 വാല്യങ്ങളുള്ള ഖുർആൻ ഭാഷ്യം രചിച്ചുകൊണ്ട് അദ്ദേഹം ഇസ്ലാമിക ഭരണം ദൈവിക നിയമത്തിനു (ശരിഅ) വിധേയമായിരിക്കണം എന്ന് വാദിച്ചു. സമകാലിക യാഥാർഥ്യങ്ങളെ ഖുർആൻ ൻ്റെ വെളിച്ചത്തിൽ വിശകലനം ചെയ്തുകൊണ്ട് അദ്ദേഹം തന്റെ ആശയങ്ങളും കാഴ്ചപ്പാടുകളും വ്യക്തതയോടെ അവതരിപ്പിച്ചു: സത്യവിശ്വാസം അനുസരണം ആവശ്യപ്പെടുന്നു. അനുസരണം പ്രവൃത്തിയിലൂടെ വെളിപ്പെടണം. ഇക്കാര്യത്തിൽ, പ്രവാചകനായ മുഹമ്മദിനെയും അദ്ദേഹത്തിൻ്റെ വിശ്വസ്തരായ അനുയായികളെയും അനുകരിക്കാനും പ്രവാചകനിലൂടെ നൽകപ്പെട്ട ദൈവിക വെളിപാടുകളെ പിൻചെല്ലാനും എല്ലാ ഇസ്ലാമിക ഭരണകർത്താക്കൾക്കും കടമയുണ്ടെന്ന് അദ്ദേഹം വാദിച്ചു. കൊളോണിയൽ ആധിപത്യത്തിൻ്റെ ഫലമായ പാശ്ചാത്യ സംസ്കാരത്തിൻ്റെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനും സമൂഹത്തിൻ്റെ ‘ഇസ്ലാമിക സ്വത്വം’ നിലനിർത്തുന്നതിനും ഭരണാധികാരികൾക്കുള്ള കടമയെയും അദ്ദേഹം ഊന്നിപ്പറഞ്ഞു. കൂടാതെ, ‘ശരിഅ’ വ്യക്തിയുടെയും സമൂഹത്തിൻ്റെയും ആരാധനാജീവിതത്തെ (ഇബാദത്) മാത്രമല്ല സാമൂഹ്യ-സാമ്പത്തിക ഇടപാടുകളെയും (മുഅമലാത്) ഉൾക്കൊള്ളുന്നതിനാൽ, ഖുർആൻ ഉം ഹദീസുകളും നൽകുന്ന അനുശാസനങ്ങൾക്കനുസൃതമായിരിക്കണം ഇസ്ലാമിക ജീവിതത്തിൻ്റെ എല്ലാ തലങ്ങളും മേഖലകളുമെന്ന്‌, ഖുർആൻ സൂറ 5: 44 വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം സമർത്ഥിച്ചു. ഇതു പിൽക്കാല ഇസ്ലാമിസ്റ്റുകളായ മൗദൂദി, ഖുത്വ്ബ് എന്നിവരുടെ ചിന്തകളെ ആഴത്തിൽ സ്വാധീനിച്ചു.

ഹസ്സൻ അൽ ബന്നയും മുസ്ലിം ബ്രദർഹൂഡും

ഷെയ്ഖ് ഹസൻ അഹ്‌മദ്‌ അബ്ദെൽ റഹ്‌മാൻ മുഹമ്മദ് അൽ ബന്ന എന്ന ഹസ്സൻ അൽ ബന്ന (1906 -1949) ഈജിപ്തിലും ഇസ്ലാമികലോകത്താകമാനവും വമ്പിച്ച സ്വാധീനമുള്ള ‘മുസ്‌ലിം ബ്രദർഹുഡ്’ (അൽ ഇഖ്‌വാൻ അൽ മുസ്ലിമൂൻ) എന്ന സംഘടനയുടെ സ്ഥാപകനും ആധുനിക ഇസ്ലാമിസ്റ്റ് ചിന്തകരിൽ പ്രമുഖനുമാണ്. അഫ്‌ഘാനി, അബ്ദു, റീദ്ദ എന്നിവരുടെ ചിന്തകളെ പിന്തുടർന്ന അദ്ദേഹം, ഇസ്ലാമിൻ്റെ റിവൈവലിസ്റ്റ് ചിന്തയെ ഒരുപടികൂടി മുന്നോട്ടു കൊണ്ടുപോയി.

ഇസ്ലാം ഒരു സമ്പൂർണ്ണ ജീവിത പദ്ധതിയാണെന്നും, അതിൻ്റെ ഒരേയൊരു ഭരണഘടനാതത്വം ‘ശരിഅ’ ആണെന്നും, അതിനാൽ വ്യക്തിജീവിതത്തോടൊപ്പം, സമൂഹത്തിൻ്റെ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളെല്ലാം ഇസ്ലാമികവൽക്കരിക്കപ്പെടേണ്ടതിൻ്റെ അനിവാര്യതയും അദ്ദേഹം സമർഥിച്ചു. ഇസ്ലാമിനെ ഒരു പ്രത്യയശാസ്ത്രമായി വികസിപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ രചനകൾ മുഖ്യ പങ്കു വഹിച്ചു. ഇസ്ലാമിക സമൂഹ നിർമ്മിതി ലക്ഷ്യമാക്കി ക്രമാനുഗതമായി നടപ്പിലാക്കേണ്ട സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ മാറ്റങ്ങൾ അദ്ദേഹം വിഭാവനം ചെയ്തു. ഇസ്ലാമിക് നൈതികതയും ധാർമ്മികതയും സമൂഹത്തിൽ നടപ്പിൽ വരുത്താൻ അദ്ദേഹം ഈജിപ്ഷ്യൻ ഭരണകൂടത്തെ നിർബന്ധിച്ചു.

1924 ൽ ഓട്ടോമൻ ഖാലിഫേറ്റ് നിർത്തലാക്കിയതിനെ, പശ്ചാത്യ ശക്തികളുടെ ഗൂഡലോചനയും എല്ലാ വിഭാഗം മുസ്ലീങ്ങൾക്കും എതിരെയുള്ള യുദ്ധ പ്രഖ്യാപനവുമായി വിശേഷിപ്പിക്കുകയും, കൊളോണിയൽ ശക്തികൾക്കെതിരെ സായുധസമരത്തിന് മുസ്‌ലിം ലോകത്തെയാകെ ആഹ്വാനം ചെയ്യുകയുംചെയ്തു. 1928 ൽ ‘മുസ്‌ലിം ബ്രദർഹുഡ്’ സ്ഥാപിക്കുകയും സമൂഹത്തിൻ്റെ എല്ലാ തലങ്ങളിലേക്കും ബ്രദർഹുഡിൻ്റെ പ്രവർത്തനം വ്യാപിപ്പിക്കുകയും ചെയ്തു. സംഘടനക്കുള്ളിൽ ഒരു രഹസ്യ സൈനിക സംവിധാനവും രൂപപ്പെടുത്തി. യഹൂദർക്കെതിരെയുള്ള അറബികളുടെ പോരാട്ടത്തിലും (1936 – 39), 1948 ലെ അറബ്-ഇസ്രായേൽ യുദ്ധത്തിലും പലസ്തീനൊപ്പം ബ്രദർഹുഡ് യുദ്ധത്തിൽ പങ്കെടുത്തു. പലസ്തീനിയൻ പ്രശ്നത്തെ അറബ് രാജ്യങ്ങളുടെ ഒരു പൊതു വിഷയമാക്കിമാറ്റുന്നതിൽ ബ്രദർഹുഡ് മുഖ്യ പങ്കുവഹിച്ചു. ഈജിപ്തിൽ സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷവും തുടരുന്ന കൊളോണിയൽ ആധിപത്യത്തിനെതിരെ ശക്തമായ പ്രതിരോധം തീർത്തു. കൊളോണിയൽ ശക്തികൾക്കെതിരെ ആയുധമേന്തി ‘ജിഹാദി’ൽ ഏർപ്പെടാനുള്ള കർത്തവ്യത്തിൽനിന്നു ഒരു മുസ്ലീമിനും ഒഴിവില്ലെന്ന് അൽ-ബന്ന പ്രഖ്യാപിച്ചു.

തികച്ചും ആശയതലത്തിൽ ആരംഭിച്ച ഇസ്ലാമിക് റിവൈവലിസം, അൽ ബന്നയിൽ എത്തിയപ്പോൾ ആയുധമേന്തിയുള്ള പോരാട്ടത്തിലേക്കു കടന്നു. 1948 ഡിസംബറിൽ ഈജിപ്ഷ്യൻ പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് നക്രാഷിയെ ബ്രദർഹുഡ് വധിച്ചതിനെ തുടർന്ന്, 1949 ൽ ഈജിപ്ഷ്യൻ രഹസ്യപൊലീസ് ബന്നയെ വധിച്ചു. കഴിഞ്ഞ ഒരു നൂറ്റാണ്ടിൽ ഇസ്ലാമിക ലോകത്തുണ്ടായ ചലനങ്ങൾക്ക് ചുക്കാൻ പിടിച്ച പ്രസ്ഥാനങ്ങളിലൊന്നാണ് മുസ്‌ലിം ബ്രദർഹുഡ്. ഔദ്യോഗിക തലസ്ഥാനം കെയ്‌റൊ ആണെങ്കിലും, ഈജിപ്തിൽ വിലക്കുനേരിടുന്നതിനാൽ, ഇപ്പോൾ, ഇസ്തംബൂളിലും, ഖത്തറിലും ലണ്ടനിലുമായി ബ്രദർഹുഡ് ലോകമാകെയുള്ള ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തിപകർന്നുകൊണ്ടിരിക്കുന്നു. അൽ ബന്നയുടെ ആശയങ്ങളോടൊപ്പം പ്രസ്ഥാനത്തെ നയിക്കുന്ന പ്രധാന പ്രത്യയശാസ്ത്ര വിശാരദൻ സലഫി ജിഹാദിസത്തിൻ്റെ പ്രണേതാവായ സയ്യിദ് ഖുത്വ്ബ് ആണ്.

അബുൽ ആല മൗദൂദിയും ‘ജമാഅത്തെ ഇസ്ലാമി’യും

ആധുനിക ഇസ്ലാമിസ്റ്റ് ചിന്തകരിൽ ഏറ്റവും ചിട്ടയായ ചിന്താപദ്ധതി അവിഷ്കരിച്ചവരിൽ പ്രമുഖനാണ് ബ്രിടീഷ്-ഇന്ത്യയിലെ ഹൈദരാബാദ് സംസ്ഥാനത്തു 1903 ൽ ജനിച്ച അബുൽ ആല മൗദൂദി (1903-1979). ഇസ്ലാമിൻ്റെ പുനരുജീവനത്തോടൊപ്പം (അദ്ദേഹം കണ്ടെത്തിയ) ‘ശരിയായ ഇസ്ലാം’ പ്രചരിപ്പിക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ബ്രിട്ടീഷ്‌ ഇന്ത്യയിൽ ‘ശരിഅ’ യും ഇസ്ലാമിക സംസ്കാരവും പുനഃസ്ഥാപിക്കുന്നതിലൂടെ പാശ്ചാത്യ (സാമ്രാജ്യത്വ) സംസ്കാരത്തിൻ്റെ തിന്മകളായ മതേതരത്വം, ദേശീയത, സോഷ്യലിസം എന്നിവയെ ഉന്മൂലനം ചെയ്യുകയും ബ്രിട്ടീഷുകാരെ തുരത്തി ഇന്ത്യയിൽ ‘ഇസ്ലാമിക ഭരണം’ പുന:സ്ഥാപിക്കുകയും ചെയ്യുക എന്നതായിരുന്നു അദ്ദേഹത്തിൻ്റെ ലക്‌ഷ്യം. അതിനാൽത്തന്നെ, സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ ഇൻഡ്യാ വിഭജനത്തെ അദ്ദേഹം എതിർത്തുപോന്നു. എന്നാൽ മുസ്‌ലിം ലീഗിൻ്റെ താല്പര്യപ്രകാരം ഇന്ത്യയുടെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങൾ ചേർത്ത് പാകിസ്ഥാൻ സ്ഥാപിതമായിക്കഴിഞ്ഞപ്പോൾ, പാകിസ്താനെ ഒരു മാതൃകാ ‘ഇസ്ലാമിക് സ്റ്റേറ്റ്’ ആക്കുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായി. ഇതിനായി, ഈജിപ്തിൽ മുസ്‌ലിം ബ്രദർഹുഡ് നടത്തുന്ന പ്രവർത്തനങ്ങളുടെ മാതൃകയിൽ, മൗദൂദി 1941 ൽ ബ്രിടീഷ് ഇന്ത്യയിൽ സ്ഥാപിച്ച ‘ജമാഅത്തെ ഇസ്ലാമി’ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ അദ്ദേഹം തൻ്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോയി.

പൊളിറ്റിക്കൽ ഇസ്‌ലാമിൻ്റെ ഏറ്റവും ചിട്ടയായതും വികസിതവുമായ രൂപമാണ് മൗദൂദിയിൽ നാം കാണുന്നത്. 1939 ൽ ലാഹോറിൽ നടത്തിയ പ്രഭാഷണത്തിൽവച്ച് ഇസ്ലാമിക വിശ്വാസത്തെ ഒരു രാഷ്ട്രീയ രൂപമായും (‘നിസാം സിയാസി’), ഇസ്ലാമിനെ ഖുറാനിൽ അധിഷ്ഠിതമായ ഒരു സമ്പൂർണ്ണ ജീവിത പദ്ധതിയായും അദ്ദേഹം വിശേഷിപ്പിച്ചു. മൗദൂദി തൻ്റെ ആശയങ്ങൾക്ക് അടിസ്ഥാനമാക്കിയത് “ഹാകിമിയ്യത്” (ദൈവിക പരമാധികാരം) എന്ന ആശയമാണ്.

മനുഷ്യ സമുദായത്തിനുമേൽ നിയമപരവും രാഷ്ട്രീയവുമായ പരമാധികാരമുള്ളത് അല്ലാഹുവിനു മാത്രമാകയാൽ മനുഷ്യവർഗ്ഗത്തിനുവേണ്ടി നിയമം നിർമ്മിക്കാനുള്ള അധികാരം അല്ലാഹുവിൽ നിക്ഷിപ്തമാണ്. അല്ലാഹുവിൻ്റെ പരമാധികാരം അംഗീകരിക്കുന്ന “ഇസ്ലാമിക് സ്റ്റേറ്റി”നു (ദീൻ) മാത്രമേ അല്ലാഹുവിൻ്റെ നാമത്തിൽ ജനങ്ങൾക്കുവേണ്ടി നിയമം നിർമ്മിക്കാൻ അവകാശമുള്ളൂ.

നിയമത്തിൻ്റെ ഉറവിടം സംബന്ധിക്കുന്ന ഈ തിയറിയാണ് ‘ഇസ്ലാമിക് സ്റ്റേറ്റിന്’ (ഖാലിഫേറ്റിന്) അടിസ്ഥാന ന്യായീകരണമായി അദ്ദേഹം മുന്നോട്ടു വയ്ക്കുന്നത്. അല്ലാഹുവിൻ്റെ പരമാധികാരം അംഗീകരിക്കാത്ത ഒരുവൻ/ഒരു സമൂഹം/സ്റ്റേറ്റ് അല്ലാഹുവിൻ്റെ സ്ഥാനത്തു സ്വയം പ്രതിഷ്ഠിക്കുന്നതും നിയമനിർമാണം നടത്തുന്നതും സ്വയം ദൈവമാകാൻ ശ്രമിക്കലാണ്. ഇത് ‘ത്വാഗൂത്’ (വിഗ്രഹാരാധന) ആണ്. അല്ലാഹുവിനു സഹകാരികളുണ്ട് എന്ന് പറയുന്നതിന് തുല്യമാണ്. ഇത് ഖുർആൻ വിരുദ്ധവും ശിക്ഷാർഹവുമാണ്. നിയമനിർമ്മാണ അധികാരവും അതിൽനിന്നു വരുന്ന രാഷ്ട്രീയ പരമാധികാരവുമുള്ള അല്ലാഹുവിനു സ്വയം കീഴ്പ്പെടുവാനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. അതിനു തയ്യാറാകാത്ത വ്യക്തികളും സംവിധാനങ്ങളും രാഷ്ട്രീയ രൂപങ്ങളും “ജാഹിലിയ്യാ” അഥവാ “ശിർക്” ആണ്.

‘ജാഹിലിയ്യാ’ എന്നാൽ, ബഹുദൈവാരാധനയുടെ രാഷ്ട്രീയ രൂപങ്ങളായ പ്രത്യയശാസ്ത്രങ്ങളും ഭരണാധികാരങ്ങളുമാണ്. അതായതു, മനുഷ്യനിർമ്മിത നിയമങ്ങളും അവയിൽ അധിഷ്ഠിതമായ ഭരണഘടനകളും അവ നടപ്പിൽ വരുത്തുന്ന ഭരണകൂടങ്ങളും സംവിധാനങ്ങളും ഇസ്ലാമിക വിരുദ്ധവും ‘ശിർക്കു’മാണ്. ഇത് ഇസ്ലാമിൻ്റെ ‘തൗഹീദ് ഹകീമിയ്യ’ തത്വത്തിനു വിരുദ്ധമാണ്. ‘ശരിഅ’ അല്ലാതെ മറ്റൊരു നിയമമോ, ‘ശരിഅ’ യിൽ അധിഷ്ഠിതമല്ലാത്ത യാതൊരു ഭരണ ഘടനയോ, ശരിഅ അനുവർത്തിക്കാത്ത യാതൊരു ഭരണ സംവിധാനമോ ഇസ്ലാമികമല്ല. അത്തരം ഭരണ കൂടങ്ങൾ ‘ജാഹിലിയ്യാ’ ആണ്. ഖുറാനും സുന്നയുമാണ് ഇസ്ലാമിക രാഷ്ട്രത്തിൻ്റെയും ഇസ്ലാമിക ഭരണത്തിൻ്റെയും അടിസ്ഥാനമായി നിലകൊള്ളേണ്ടത്. ദൈവിക/ഇസ്ലാമിക ഭരണത്തിന് വിരുദ്ധമായതൊന്നും നിലനിൽക്കാൻ യോഗ്യമല്ലെന്നും അദ്ദേഹം സമർഥിച്ചു.

‘ജമാഅത്തെ ഇസ്ലാമി ഹിന്ദ്’ ഇന്ത്യയിൽ അനുവർത്തിക്കുന്ന രീതിശാസ്ത്രം താരതമ്യേന സമാധാനപരവും, മുകളിൽനിന്നു താഴെക്കുള്ളതുമാണ്. അധികാരകേന്ദ്രങ്ങളിലും തന്ത്രപ്രധാന പദവികളിലും തങ്ങളുടെ അംഗങ്ങളെയും അനുകൂലികളെയും എത്തിച്ചുകൊണ്ട് ഭരണകൂടത്തിൻ്റെ സ്വാധീനം ഉപയോഗിച്ച് ക്രമാനുഗതമായി ഇസ്ലാമികവൽക്കരണം നടപ്പിൽ വരുത്തുകയാണ് ജമാഅത്തെ ഇസ്ലാമിയുടെ പൊതു സമീപനമായി കാണുന്നത്. സ്വന്തമായി രാഷ്ട്രീയ പാർട്ടിക്ക് രൂപംകൊടുത്തും മറ്റു ഇസ്ലാമിക പാർട്ടികളുമായി കൈകോർത്തും, ഇസ്ലാമിക സാമൂഹ്യ – സാമുദായിക പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തിയും, ജിഹാദ് സമൂഹത്തിൻ്റെ സമസ്ത മേഖലകളിലേക്കും വ്യാപിപ്പിച്ചും അവർ അധികാരം കൈപിടിയിലാക്കുന്നതിനു ശ്രമം നടത്തുന്നു.

ഭാഗം നാല്:

സയ്യിദ് ഖുത്വ്ബിൻ്റെ ‘തക്ഫീരി’ ജിഹാദിസവും ‘ജിഹാദി’ൻ്റെ ആഗോളവൽക്കരണവും

ഹക്കിമിയ്യത് (God’s Sovereignty) എന്ന ആശയമാണ് ഇസ്ലാമിസ്റ്റ് ചിന്തയുടെ അടിസ്ഥാനം എന്ന് നാം കണ്ടു. ഈ അടിസ്ഥാന ആശയത്തിൽനിന്നാണ് സയ്യിദ് ഖുത്വ്ബ് (1906 -1966)
‘തൗഹീദ് അൽ ഹകീമിയ്യ’ എന്ന ആദർശം രൂപപ്പെടുത്തിയത്.

അല്ലാഹുവിൻ്റെ ഏകത്വത്തിനു ‘തൗഹീദ് അൽ ഹക്കിമിയ്യ’ (വിധിതീർപ്പുകളിലും നിയമനിർമ്മാണത്തിലുമുള്ള ഏകത്വം) എന്ന വ്യാഖ്യാനം നൽകിക്കൊണ്ട്, അല്ലാഹു വെളിപ്പെടുത്തിയ (ശരിഅ) നിയമത്തിൻ്റെ വെളിച്ച/ത്തിൽ, ഇസ്ലാമിക ഭരണകൂടങ്ങൾ ഭരണം നടത്തേണ്ടതിൻ്റെ അനിവാര്യതയെക്കുറിച്ചും, മറ്റൊരു നിയമനിർമ്മാണ സംവിധാനവും അതിനോട് കൂട്ടിച്ചേർക്കാതിരിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ചും ഊന്നിപ്പറഞ്ഞുകൊണ്ട്, ഇസ്ലാം വിരുദ്ധ ഭരണകൂടങ്ങൾക്കും ഭരണകർത്താക്കൾക്കും എതിരെയുള്ള അല്ലാഹുവിൻ്റെ ‘വിധിതീർപ്പ്’ (തക്ഫീർ) എന്ന ആശയം അദ്ദേഹം ഉയർത്തിക്കാട്ടി. പല ആധുനിക മുസ്‌ലീം ഭരണകൂടങ്ങളും ‘ഇസ്ലാമിക ഭരണ’മല്ല നടത്തുന്നത് എന്ന സലഫി ജിഹാദിസ്റ്റുകളുടെ നിലപാടിന് ഇത് ദൈവശാസ്ത്രപരമായ അടിത്തറയൊരുക്കി. അത്തരം ഭരണകൂടങ്ങൾ ഇസ്ലാമിക ലോകത്തിലെ ‘ജാഹിലിയ്യാ’ ആണ്. അത്തരം ‘കുഫ്ർ’ അഥവാ ‘ശിർക്’ ഉന്മൂലനം ചെയ്യേണ്ടത് സത്യവിശ്വസികളുടെ കടമ ( ഫർദ്)യാണെന്നും ഖുത്വ്ബ് സമർഥിച്ചു.

പ്രവാചകനും സ്വഹാബികളും ചെയ്തതുപോലെ, ‘ജാഹിലിയ്യയോട്’ പോരാടാൻ തയ്യാറുള്ള സത്യ വിശ്വാസികൾ ഇസ്ലാമിൻ്റെ ആദിമ രൂപത്തിലേക്കും ശുദ്ധതയിലേക്കും തിരികെ പോകണം. പടക്കളത്തിൽ ‘ജിഹാദ്’ നിർവഹിച്ചുകൊണ്ട് സത്യവിശ്വാസികളുടെ ഒരു സൈന്യമായി അവർ മനുഷ്യ സമൂഹത്തിനുമേൽ അവരുടെ ചുമതല നിർവഹിക്കണം. അങ്ങനെ, ജിഹാദിലൂടെ ജാഹിലീയ ലോകത്തിൻ്റെ സമ്പൂർണ്ണ മാനസാന്തരം സാധ്യമാക്കണം. ഇതിനുള്ള മാർഗദർശനമാണ് 1964 ൽ തടവറയിൽനിന്നും അദ്ദേഹം പ്രസിദ്ധീകരിച്ച “വഴിയടയാളങ്ങൾ” (മൈൽസ്റ്റോണ്സ് എലോങ് ദ വേ) എന്ന ഗ്രന്ഥം. തക്ഫീരികളുടെയും, സലാഫി ജിഹാദിസ്റ്റുകളുടെയും, എല്ലാവിധ ആധുനിക ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളുടെയും പ്രവാചകനായി സയ്യിദ് ഖുത്വ്ബ്നെ വിശേഷിപ്പിക്കുന്നതിൽ, അതിശയോക്തിയില്ല. 1966 ൽ ഈജിപ്ഷ്യൻ പ്രസിഡൻ്റിനെ വധിക്കാനുള്ള ഗൂഢാലോചനക്കുറ്റം ചുമത്തി ഈജിപ്ഷ്യൻ ഭരണകൂടം അദ്ദേഹത്തെ തൂക്കിക്കൊന്നു. എന്നാൽ ഇത് അദ്ദേഹതിനു മഹത്തായ രക്തസാക്ഷി പരിവേഷം നൽകി.

അബ്ദുല്ല യൂസുഫ് അസ്സമും ജിഹാദിൻ്റെ ആഗോളവൽക്കരണവും

“ആഗോള ജിഹാദിൻ്റെ പിതാവ്” എന്നറിയപ്പെടുന്ന അബ്ദുള്ള യൂസുഫ് അസമ് (1941 -1989) ഒരു പലസ്തീനിയൻ സുന്നി ഇസ്ലാം പണ്ഡിതനും, അധ്യാപകനും അൽ-ക്വയ്‌ദ, ലഷ്കർ ഇ തോയ്‌ബ എന്നീ പ്രസ്ഥാനങ്ങളുടെ സഹസ്ഥാപകനും, ഒസാമ ബിൻ ലാദൻ്റെ ഗുരുവും മാർഗദർശിയും ഉപദേഷ്ടാവുമായിരുന്നു. ഹസ്സൻ അൽ ബന്നയുടെയും ഖുത്വ്ബ് ൻ്റെയും കൃതികളിൽ ആകൃഷ്ടനായ അദ്ദേഹം യൂണിവേഴ്സിറ്റി ഓഫ് ഡാമസ്ക്കസിൽ ഫാക്കൽറ്റി ഓഫ് ശരിഅ യിൽനിന്ന് ബിരുദം നേടുകയും തുടർന്ന് തൻ്റെ ജീവിതം ഇസ്ലാമിനായി സമർപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ഇസ്രായേലിനെതിരെയുള്ള പി. എൽ. ഓ. യുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായെങ്കിലും, മിഡിൽ ഈസ്റ്റിനുപരിയായ ഒരു പാൻ ഇസ്ലാമിക് പ്രസ്ഥാനം രൂപീകരിക്കുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധവെച്ചത്.

അൽ അസ്ഹർ യൂണിവേഴ്സിറ്റിയിൽനിന്നു പി എച് ഡി നേടിയതിനുശേഷം സൗദി അറേബ്യയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി. ഇവിടെ ഒസാമ ബിൻ ലാദൻ അദ്ദേഹത്തിൻ്റെ ശിഷ്യനായിരുന്നു. 1979 ൽ സോവിയറ്റ് യൂണിയൻ അഫ്ഘാനിസ്ഥാൻ ആക്രമിച്ചപ്പോൾ, അതിനെതിരെ അദ്ദേഹം പുറപ്പെടുവിച്ച ഫത്വ പ്രസിദ്ധമായിരുന്നു: ‘ഇസ്ലാമിൻ്റെ ഭൂമിയുടെ പ്രതിരോധം, വിശ്വാസം കഴിഞ്ഞാൽ ഏറ്റവും മുഖ്യമായ കർത്തവ്യമാണെന്നും ഇസ്ലാമിക ഭൂമികയിൽ അതിക്രമിച്ചു കടക്കുന്ന അക്രമികളെ വകവരുത്തുന്നത് ഓരോ മുസ്ലീമിൻ്റെയും വ്യക്തിപരമായ കടമയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഫ്‌ഗാനിസ്ഥാനും പലസ്തീനും മോചിപ്പിക്കാനുള്ള ‘ജിഹാദി’ൽ പങ്കെടുക്കാൻ ‘ആഗോള മുസ്‌ലിം യുവാക്കളെ’ അദ്ദേഹം ആഹ്വാനം ചെയ്തു. സൗദി അറേബ്യയുടെ ‘ഗ്രാൻഡ് മുഫ്‌തി’ അദ്ദേഹത്തിൻ്റെ ഫത്വയെ പിന്തുണച്ചു.

ക്രമേണ അദ്ദേഹം തൻ്റെ പ്രവർത്തന രംഗം പാകിസ്താനിലേക്ക് മാറ്റുകയും, ഇസ്ലാമാബാദ് ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലും തുടർന്ന് പെഷവാറിലും അധ്യാപനം തുടരുകയും ചെയ്തു. അഫ്ഘാൻ യുദ്ധത്തിന് അന്താരാഷ്ട്രതലത്തിൽ മുസ്‌ലിം യുവാക്കളെ ജിഹാദിനായി റിക്രൂട്ടുചെയ്തു പരിശീലിപ്പിക്കുന്നതിനായി, പെഷവാറിനോട് ചേർന്ന അഫ്ഘാൻ അതിർത്തിയിൽ, ‘മക്തബ് അൽ ഖദാമത്’ (സേവന കേന്ദ്രം) എന്നപേരിൽ, ‘ഗസ്റ്റ് ഹൗസ്സുകൾ’ ആരംഭിക്കുകയും, ഇവിടെ സൈനിക പരിശീലന സൗകര്യങ്ങളൊരുക്കി, 35000 ഓളം യുവാക്കളെ പരിശീലനം നൽകി അഫ്ഘാനിസ്ഥാനിലേക്കു അയക്കുകയും ചെയ്തു. ഈ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതിനു ബിൻ ലാദൻ്റെ സാമ്പത്തികവും വ്യക്തിപരവുമായ സഹായം അഭ്യർത്ഥിക്കുകയും ലാദൻ ബൈത്തുൽ അൻസാർ (ഹൌസ് ഓഫ് ഹെൽപ്പേഴ്‌സ്) എന്നപേരിൽ ജിഹാദി പോരാളികളെ സഹായിക്കുന്നതിനായി പെഷവാറിൽ ഓഫിസ് തുറക്കുകയും ചെയ്തു.

സോവിറ്റ് യൂണിയനെതിരെ അഫ്ഘാൻ ‘മുജാഹിദീൻ’ പോരാളികളെ സഹായിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ അസംമിനെ പ്രശസ്തനാക്കി. അദ്ദേഹം യൂറോപ്പും അമേരിക്കയും മിഡിൽ ഈസ്റ്റും സന്ദർശിച്ചു ജിഹാദിൻ്റെ മഹത്വം പ്രസംഗിക്കുകയും ആഗോള ജിഹാദിന് മുസ്ലീം ലോകത്തെ ആഹ്വാനം ചെയ്യുകയും ചെയ്തു. “ജിഹാദും, യുദ്ധവും, രക്തച്ചൊരിച്ചിലുമില്ലാതെ ഇസ്ലാമിന് വിജയവും സമൃദ്ധിയും കൈവരിക്കാമെന്നു കരുതുന്നത് വെറും വ്യാമോഹമാണ്‌. അങ്ങിനെ ചിന്തിക്കുന്ന മുസ്ലീങ്ങൾ അവരുടെ മതത്തെപ്പറ്റി തീർത്തും ധാരണയില്ലാത്തവരാണ്,” അദ്ദേഹം പറഞ്ഞു. “ബഹുദൈവ വിശ്വാസികളായ (മുശ്രികീൻ) സിവിലിയന്മാരെ ജിഹാദിൽ വധിക്കുന്നതിൽ തെറ്റില്ല” എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിലപാട്. ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഒരു പാൻ ഇസ്ലാമിക് ഫെഡറേഷൻ ഉണ്ടാക്കുന്നതിനുള്ള ആശയപരമായ അടിത്തറ രൂപീകരിക്കുകയും അതിനാവശ്യമായ അടിസ്ഥാന സൗകര്യ വികസനം അദ്ദേഹം നിർവഹിക്കുകയും ചെയ്‌തു.

സയ്യിദ് ഖുത്വ്ബ്നെപ്പോലെ, അസ്സമും ആഗോളതലത്തിൽ രൂപപ്പെട്ടുവരേണ്ട ഒരു മുന്നണി (pioneering vanguard) യെ വിഭാവനം ചെയ്തു. ഈ മുന്നണി വരാനിരിക്കുന്ന ‘ഇസ്ലാമിക് സ്‌റ്റേറ്റിൻ്റെ’ മുന്നോടിയും “ഉറപ്പുള്ള അടിസ്ഥാന” (al queda)വുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു വച്ചു. ജിഹാദ് തുടരണമെന്നും, “ഇസ്ലാമിക് സ്റ്റേറ്റ്” സ്ഥാപിതമായിരിക്കുന്നതായി കാണുംവരെയും, തളരാതെ പൊരുതണമെന്നും അദ്ദേഹം അനുയായികളെ ആഹ്വാനം ചെയ്തു.

1989 ൽ സോവിയറ്റ് സേന അഫ്ഘാനിസ്ഥാനിൽനിന്നു പിൻവാങ്ങിയപ്പോൾ, അസ്സമും അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടിയായ ബിൻ ലാദനും, തങ്ങൾ രൂപംകൊടുത്ത പാൻ ഇസ്ലാമിക് പ്രസ്ഥാനം നിലനിർത്താൻ തീരുമാനിക്കുകയും, അതിനു ‘അൽ ക്വേയ്‌ദ’ (സോളിഡ് ബേസ്) എന്ന പേര് നൽകുകയും ചെയ്തു. 1989 ൽ പെഷവാറിൽ ഒരു കാർ ബോംബ് സ്ഫോടനത്തിൽ അസം കൊല്ലപ്പെട്ടു.

അദ്ദേഹത്തിൻ്റെ ശിഷ്യനായ ബിൻ ലാദൻ, ജിഹാദിന് പുതിയമാനം നൽകി: അനിസ്ലാമിക പ്രദേശങ്ങളിലെ അസംഖ്യം സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നത് ജിഹാദിൻ്റെ പുതിയ രൂപമായി പ്രഖ്യാപിക്കുകയും പ്രയോഗത്തിൽ വരുത്തുകയും ചെയ്‌തു. 623 മുതൽ 1924 വരെ മങ്ങിയും തെളിഞ്ഞും നിലനിന്ന ഇസ്ലാമിക് ഖാലിഫേറ്റ്/ ‘ഇസ്ലാമിക സ്റ്റേറ്റ്’ മുസ്ലീങ്ങൾ പുനഃസ്ഥാപിക്കുക തന്നെ ചെയ്യുമെന്ന പ്രതീക്ഷയാണ് പോരാടാനും, രക്തസാക്ഷിയാകാനും, വിശ്വാസം മുറുകെ പിടിക്കാനും ഓരോ ജിഹാദി പോരാളിയെയും പ്രേരിപ്പിക്കുന്നത്.

ഭാഗം അഞ്ച്:
ഉപസംഹാരം

ഇസ്ലാമിക് മോഡേണിസം ‘വെളിപാടി’ൻ്റെ സ്ഥാനത്ത് യുക്തി വിചാരത്തെ പ്രതിഷ്ഠിക്കുകയും, ഇസ്ലാമിനെ ഒരു സമ്പൂർണ്ണ ജീവിത പദ്ധതിയായി ചിത്രീകരിച്ചുകൊണ്ട്, ഏകരൂപമായ ഒരു സിദ്ധാന്തരൂപമായി വികസിപ്പിക്കുകയും ചെയ്‌തു. തന്മൂലം, മതത്തിൻ്റെ സ്ഥാനത്ത് തീവ്ര സ്വഭാവമുള്ള പ്രത്യയശാസ്ത്രവും, ദൈവിക കൃപവാരത്തിൻ്റെ സ്ഥാനത്ത് മനുഷ്യൻ്റെ ഇച്ഛാശക്തിയും പ്രതിഷ്ഠിക്കപ്പെട്ടു.

വെളിപാടുകളിലെ കരുണാമയനായ ദൈവത്തിൻ്റെ സ്ഥാനത്ത് മനുഷ്യൻ രൂപം കൊടുത്ത പ്രവർത്തന മാർഗ്ഗരേഖകൾ പ്രതിഷ്ഠിക്കപ്പെട്ടപ്പോൾ, ‘മാനവികത’ക്കുപകരം പൈശാചികത വെളിപ്പെടുന്ന സംഭവ പരമ്പരകളാണ് ആധുനിക ലോകം കണ്ടത്.

ഇസ്ലാമിക ‘തക്ഫീരി’ ജിഹാദിസം പോലുള്ള ഇസ്ലാമിക രാഷ്ട്രീയ രൂപങ്ങൾ ഇസ്ലാമിക രാജ്യങ്ങളുടെ നിലനില്പിനുതന്നെ ഭീഷണിയാണ്. ‘സലാഫിയ ജിഹാദിസം’ ഇസ്ലാമിൻ്റെ ആദിമ രൂപങ്ങളിലേക്കു തിരികെ പോകാനുള്ള നിരന്തര പ്രേരണയും ആഹ്വാനവുമാണ് വിശ്വാസികൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്. ഇതു മനുഷ്യവംശത്തിൻ്റെ മുന്നോട്ടുള്ള പ്രയാണത്തിന് തടയിടുകയും, ഓരോ കാലഘട്ടത്തെയും പ്രകാശമാനമാക്കാനുള്ള ദൈവിക വെളിപാടിൻ്റെ നിയോഗത്തിനു വിഘാതമുണ്ടാക്കുകയും ചെയ്യുന്നു.
സാലാഫിയാ ജിഹാദിസത്തിൻ്റെ തീവ്ര വലതുപക്ഷ രൂപമായ ‘വഹാബിസ’വും അന്യപ്രവേശമില്ലാത്തതും നിഷേധാത്മകവുമായ നിലപാടുകളിലൂടെ സമൂഹത്തിനു ഭീഷണി ഉയർത്തുന്നതാണ്.

മത ഗ്രന്ഥങ്ങളെ വ്യാഖ്യാനിക്കുമ്പോൾ പുലർത്തേണ്ട മാനദണ്ഡങ്ങൾ സംബന്ധിച്ചും, മതത്തിൻ്റെ മുഖ്യധാരാ സന്ദേശത്തിനു വിരുദ്ധമായ വ്യാഖ്യാനങ്ങൾ ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്തുന്നതിനും ഓരോ മത സമൂഹവും നിതാന്ത ജാഗ്രത പുലർത്തേണ്ടതിൻ്റെ ആവശ്യകത സംബന്ധിച്ചും ഇസ്ലാമിക മത-രാഷ്ട്ര പ്രത്യയശാസ്ത്രങ്ങൾ മനുഷ്യ വംശത്തിനു മുന്നറിയിപ്പു നൽകുന്നു.

ഫാ. വർഗീസ് വള്ളിക്കാട്ട്

Leave a Reply

Your email address will not be published. Required fields are marked *