Sathyadarsanam

മതവും ശാസ്ത്രവും പിന്നെ കൊറോണയും


ഫാ. ജെയിംസ് കൊക്കാവയലില്‍

ശാസ്ത്രം ജയിച്ചു മതം തോറ്റു എന്ന അര്‍ത്ഥത്തിലുള്ള ധാരാളം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ ദിവസങ്ങളില്‍ കാണാന്‍ ഇടയാകുന്നുണ്ട്. കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ പരിഹസിച്ചുകൊണ്ട് ദൈവത്തിന് ശക്തിയില്ല, വിശ്വാസത്തിനും പ്രാര്‍ത്ഥനകള്‍ക്കും അര്‍ത്ഥമില്ല എന്നൊക്കെ പ്രചരിപ്പിക്കുന്ന യുക്തിവാദ പോസ്റ്റുകളാണിവ.

ഇവരോട് ചോദിക്കാനുള്ള ഒന്നാമത്തെ ചോദ്യം ശാസ്ത്രം ജയിച്ചിട്ട് കൊറോണയ്ക്ക് മരുന്ന് എവിടെയാണ് ഉള്ളത്?

രണ്ടാമതായി, ദൈവ വിശ്വാസത്തെയും ധാര്‍മ്മികതയെയും മാറ്റിനിര്‍ത്തി യുക്തിവാദത്തില്‍ മാത്രം അധിഷ്ഠിതമായി രൂപപ്പെടുത്തിയ ശാസ്ത്രത്തിന്‍റെ ദുരന്തഫലമല്ലേ ഇത് എന്നു പലരും സംശയിക്കുന്നു എന്നതാണ്. അങ്ങനെയാണെങ്കില്‍ ഈ ജൈവായുധം യഥാര്‍ത്ഥത്തില്‍ ശാസ്ത്രത്തിന്‍റെ വിജയമാണോ പരാജയമാണോ?

മൂന്നാമതായി പറയാനുള്ളത് ഉത്തരമാണ്. യുക്തിവാദികളുടെ ചോദ്യത്തിനുള്ള ഉത്തരം. ദൈവത്തിന്‍റെ ശക്തിയില്‍ വിശ്വസിക്കുന്നവര്‍ പകര്‍ച്ചവ്യാധിയെ ഭയന്ന് പള്ളികള്‍ അടച്ചിടുന്നത് എന്തുകൊണ്ട്?

ഞങ്ങള്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സര്‍വ്വ രോഗങ്ങളും സുഖപ്പെടുത്താന്‍ കഴിവുള്ള ദൈവം തമ്പുരാന്‍ തന്നെ രോഗങ്ങള്‍ പടരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ബൈബിളിലൂടെ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. ബൈബിളിലെ ലേവ്യരുടെ പുസ്തകത്തില്‍ 13-ാം അധ്യായത്തിലും സമീപ അധ്യായങ്ങളിലും ഇത് വ്യക്തമായി കാണാം. ഒരു വാക്യം മാത്രം താഴെ കൊടുക്കുന്നു.

ഏഴാംദിവസം പുരോഹിതന്‍ അവനെ പരിശോധിക്കണം. രോഗം ത്വക്കില്‍ വ്യാപിക്കാതെ പൂര്‍വസ്ഥിതിയില്‍തന്നെ നില്ക്കുന്നെങ്കില്‍ ഏഴു ദിവസത്തേക്കുകൂടി മാറ്റിത്താമസിപ്പിക്കണം. (ലേവ്യര്‍ 13 : 5)

ത്വക്ക് രോഗം, കുഷ്ഠരോഗം തുടങ്ങിയ പകര്‍ച്ചവ്യാധികളെ കുറിച്ചാണ് ഇതില്‍ പ്രധാനമായും പറഞ്ഞിരിക്കുന്നതെങ്കിലും കാലഘട്ടത്തിന് അനുസൃതമായി എല്ലാ പകര്‍ച്ചവ്യാധികളുടെ കാര്യത്തിലും വിശ്വാസികള്‍ ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടത് എന്നതാണ് അതിന്‍റെ ധ്വനി.

രോഗങ്ങളെയോ പകര്‍ച്ചവ്യാധികളെയോ പ്രകൃതിക്ഷോഭങ്ങളെയോ യുദ്ധങ്ങളെയോ ഭയന്ന് കത്തോലിക്കാ സഭ ഒരിക്കലും ഒളിച്ചോടുന്നില്ല. ഇവിടെയെല്ലാം സഭയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. കുഷ്ഠരോഗികളെ ശുശ്രൂഷിച്ച് കുഷ്ഠരോഗിയായി മരിച്ച ഫാ.ഡാമിയനും ഐഎസിന്‍റെ യുദ്ധ മുഖത്ത് പരിക്കേറ്റവരെ ശുശ്രൂഷിച്ച സന്ന്യസ്തരും വൈദികരുമൊക്കെ ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിച്ച അവസരത്തില്‍ സ്വജീവന്‍ ത്യജിച്ച് ശുശ്രൂഷകള്‍ ചെയ്ത ധാരാളം വിശുദ്ധരും പുണ്യാത്മാക്കളും സഭയിലുണ്ട്.

പകര്‍ച്ചവ്യാധികളുള്ളവര്‍ക്ക് ആത്മീയ ശുശ്രൂഷകള്‍ ചെയ്യുന്നതില്‍ സഭ ഒരു കുറവും വരുത്താറില്ല. കൊറോണ ബാധിച്ചവര്‍ക്ക് രോഗീലേപനവും കുമ്പസാരവും വി. കുര്‍ബാനയും നല്‍കുന്നതിനും മരണാനന്തര ശുശ്രൂഷകള്‍ ചെയ്യുന്നതിനും ഏതൊരു വൈദികനും സ്വജീവന്‍ പണയം വച്ച് എപ്പോഴും സന്നദ്ധനാണ്. ഇറ്റലിയില്‍ ഇപ്രകാരം ശുശ്രൂഷകള്‍ നിര്‍വ്വഹിച്ച ഏതാനും വൈദികര്‍ ഈ അടുത്തനാളുകളില്‍ മരണമടഞ്ഞു. ഇതുവരെ എല്ലാ പകര്‍ച്ചവ്യാധികളുടെ ഘട്ടങ്ങളിലും സഭ ഇപ്രകാരം തന്നെയാണ് ചെയ്തു പോന്നിട്ടുള്ളത്.

ക്രിസ്തീയ പ്രാര്‍ത്ഥനകളുടെ ലക്ഷ്യം യുക്തിവാദികള്‍ കരുതുന്നതു പോലെ അത്ഭുതങ്ങളും രോഗശാന്തികളുമല്ല. ദൈവത്തോടുള്ള ഐക്യവും സ്‌നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങളാണവ. രോഗശാന്തികള്‍ ദൈവത്തില്‍ നിന്ന് ലഭിക്കുന്ന പല ദാനങ്ങളില്‍ ഒന്നുമാത്രമാണ്. അവ ആത്മീയ അന്തരീക്ഷങ്ങളില്‍ കൂടുതല്‍ സംഭവിക്കുന്നു എന്ന് കരുതി സഭ ഒരിക്കലും അവയെ വൈദ്യശാസ്ത്രത്തിനു പകരം വെച്ചിട്ടില്ല. അപ്രകാരം ഒരു ചിന്തയാണ് ഉണ്ടായിരുന്നതെങ്കില്‍ സഭ തന്നെയും ഇത്രയും ആശുപത്രികളും രോഗീ പരിചരണ കേന്ദ്രങ്ങളും നടത്തുകയില്ലായിരുന്നു. ഈ ആശുപത്രികളിലും ലോകത്തെമ്പാടുമുള്ള വിവിധ ആശുപത്രികളിലും കൊറോണ രോഗികളെ ജീവന്‍ പണയം വച്ച് ശുശ്രൂഷിക്കുന്നതില്‍ ഭൂരിഭാഗവും ക്രൈസ്തവരായ നേഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരുമാണ്.

എന്നാല്‍ കോറോണ ഭീതി പരക്കുന്ന സാഹചര്യത്തില്‍ ഏറ്റവും വലിയ മുതലെടുപ്പ് നടത്തുന്നത് യുക്തിവാദികളാണ്. ഇവരെക്കൊണ്ട് സമൂഹത്തിന് എന്ത് പ്രയോജനമാണ് ഉള്ളത്. വിശ്വാസത്തിന്‍റെ ഘടകങ്ങള്‍ മാറ്റി വച്ച് സെക്കുലറായിട്ട് ചിന്തിച്ചാല്‍ പോലും മതങ്ങള്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യര്‍ക്ക് ആശ്വാസമെങ്കിലും നല്‍കുന്നുണ്ട്. ഈ രോഗം മാറാന്‍ മതങ്ങള്‍ നിരന്തരം പ്രാര്‍ത്ഥിക്കുന്നു. കേരളത്തില്‍ മാസ്‌ക് നിര്‍മ്മാണം പോലെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തിരിക്കുന്നത് കത്തോലിക്കാ സഭയാണ്. എന്നാല്‍ യുക്തിവാദികള്‍ എന്താണ് ചെയ്യുന്നത്? കതകടച്ച് മുറിയില്‍ ഇരുന്ന് സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കാനല്ലാതെ യുക്തിവാദികളെക്കൊണ്ട് എന്താണ് സാധിക്കുന്നത്? ഈ വിമര്‍ശകര്‍ എന്തെങ്കിലും ചെയ്തിട്ട് സോഷ്യല്‍ മീഡിയയില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ മതവിശ്വാസികള്‍ക്ക് കാണാമായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളോട് സഹകരിക്കുന്നതു കൊണ്ട് മാത്രമാണ് സഭ ജനങ്ങള്‍ ഒത്തുചേരുന്ന പരിപടികള്‍ ഒഴിവാക്കിയിരിക്കുന്നത്. ഇനി അവ ഒഴിവാക്കിയില്ലായിരുന്നെങ്കിലും യുക്തിവാദികള്‍, ആളുകളുടെ ജീവന്‍ അപകടത്തിലാകും എന്ന കാരണം പറഞ്ഞ് വിമര്‍ശിക്കുമായിരുന്നു. ഈ രണ്ടില്‍ ഏതെങ്കിലും ഒന്ന് മാത്രമല്ലേ ചെയ്യാന്‍ പറ്റുകയുളളൂ. ആരാധനാലയങ്ങളും വിദ്യാലയങ്ങളും അടച്ചിട്ടിട്ട് പണമെന്ന ഒരു ലക്ഷ്യം മാത്രം മുമ്പില്‍ കണ്ടു കൊണ്ട് നൂറു കണക്കിന് ആളുകള്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലറ്റുകള്‍ സര്‍ക്കാര്‍ തുറന്നു
വച്ചിരിക്കുന്നതിന്‍റെ പിന്നിലെ ധാര്‍മ്മികതയെ ഈ യുക്തിവാദികള്‍ ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്? സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറാകുന്ന മതസംവിധാനങ്ങളെ നിരന്തരം പരിഹസിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ എടുക്കാത്തത് എന്തുകൊണ്ട്?

ശാസ്ത്രത്തിന്‍റെ പരാജയങ്ങളെയും ദുരുപയോഗങ്ങളെയും മറച്ചു വയ്ക്കാന്‍ വേണ്ടി മതം പരാജയപ്പെട്ടതിനാല്‍ ആരാധനാലയങ്ങള്‍ അടച്ചിടുന്നു എന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നത് ആളുകളുടെ അവസാന പ്രതീക്ഷകള്‍ കൂടി തല്ലിക്കെടുത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. മതവും ശാസ്ത്രവും പരസ്പര വിരുദ്ധമല്ല മറിച്ച് പരസ്പരപൂരകങ്ങളാണ് എന്ന സത്യം മനസ്സിലാക്കണം. യുക്തിയില്‍ അധിഷ്ഠിതമായ വിശ്വാസവും വിശ്വാസത്തിലധിഷ്ഠിതമായ യുക്തിയുമാണ് എന്നും ലോകത്തിന് ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *