സംവരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ വൈശാഖൻ തമ്പി പോലെയുള്ളവർ പോലും ഇപ്പോഴും ജാതീയ വേർതിരിവിന്‍റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് വിവാഹപരസ്യങ്ങളാണ്. അഥവാ വിവാഹങ്ങളാണ്. എന്‍റെ വാദം ഇതണു. അറേഞ്ച്ഡ് മാര്യേജ് സംഭവിക്കുന്നത് പലപ്പോഴും സാമൂഹിക സമത്വം ഉള്ള കുടുംബങ്ങൾ തമ്മിലാണ്. ജാതിയൊ മതമൊ ഒക്കെ അതിലെ ഒരു ഫാക്റ്റർ മാത്രമാണ്. ഒരേ ജാതിയിൽ പെട്ടവരാണെങ്കിലും വ്യത്യസ്ഥ സാമ്പത്തിക നിലയിൽ ഉള്ളവർ തമ്മിൽ വിവാഹം അറേഞ്ച് ചെയ്യാറില്ല. വിവാഹം എന്നത് ജാതീയ വേരിതിരിവുകളുടെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാമെങ്കിൽ, അതേ വിവാഹം സാമ്പത്തിക വേർതിരിവുകളുടെയും പ്രൊഫഷണൽ വേർതിരിവുകളുടെയും ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. അതായത് – വിവാഹം എന്നത് പിന്നോക്കക്കാരെന്ന് കരുതപ്പെടുന്നവരുടെ പിന്നോക്കാവസ്ഥയ്ക്ക് ഉദാഹരണമായി കാണിക്കാൻ പറ്റിയ ഒന്നല്ല.
ഇനി മറ്റൊരു വാദം – സംവരണം എന്നത് സാമൂഹിക അസമത്വം നിർത്തലാക്കാൻ വേണ്ടിയാണു, അല്ലാതെ സാമ്പത്തിക അസമത്വം നിർത്തലാക്കാൻ അല്ല എന്നതാണ്. ഒ.ബി.സിക്ക് സംവരണം അനുവദിച്ച മണ്ഡൽ കമ്മീഷൻ രൂപീകരിക്കാൻ ഉണ്ടായ കാരണം “സാമൂഹികവും വിദ്യാഭ്യാസവും” ആയ അസമത്വങ്ങൾ ഡിഫൈൻ ചെയ്യുക എന്നതായിരുന്നു. ശ്രദ്ധിക്കുക. സാമൂഹികം മാത്രമല്ല, വിദ്യാഭ്യാസപരമായും അസമത്വം ഉണ്ടെന്ന് ഇവിടെ അംഗീകരിക്കുകയാണ്. ഇനി ചോദ്യം ഇതാണു – സാർവത്രിക വിദ്യാഭ്യാസം പ്രാപ്യമായ ഈ കാലത്ത് വിദ്യാഭ്യാസപരമായ അസമത്വം (കേരളത്തിലെങ്കിലും) സൃഷ്ടിക്കുന്നത് ജാതീയ വേർതിരിവാണോ അതോ സാമ്പത്തിക വേർതിരിവാണോ? ജാതിയുടെ പേരിൽ ആർക്കെങ്കിലും ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിക്കാറുണ്ടോ? ഇല്ല. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് വലിയ പ്രതിഷേധത്തിനു വഴി തെളിക്കും. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനു വിലങ്ങുതടി സാമ്പത്തികമാണ്. വിദ്യാഭ്യാസ അസമത്വം കൊണ്ടുവരുന്ന പ്രധാന കാരണം സാമ്പത്തികമാണെങ്കിൽ, ആ കാരണമാണു സംവരണത്തിന്‍റെ മാനദണ്ഡമാകേണ്ടത്.
വിദ്യാഭ്യാസ അസമത്വത്തിന്‍റെ മറ്റൊരു കാരണം ജ്യോഗ്രഫി ആണ്. നഗരങ്ങളിൽ ഉള്ളവർക്ക് ലഭിക്കുന്ന അത്രയും അവസരങ്ങൾ ഗ്രാമങ്ങളിൽ ഉള്ളവർക്ക് ലഭിക്കാറില്ല. ഒരു പക്ഷെ ഇന്‍റർനെറ്റ് വ്യാപകമാകുന്നതോടെ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കപ്പെട്ടേക്കാം.
ഈ കാരണങ്ങൾ മൂലമല്ലാതെ, ജാതീയ വേർതിരിവ് മൂലം, കേരളത്തിലെ മുന്നോക്കക്കാർ എന്ന് വിളിക്കുന്നവരിൽ എത്ര പേർ പിന്നോക്കക്കാർ എന്നു വിളിക്കുന്നവരേക്കാൾ സാമൂഹികമായി പ്രിവിലേജ്യഡ് ആണു എന്നതാണു ചോദ്യം? കോൺക്രീറ്റ് ആയ ചോദ്യങ്ങൾ ചോദിക്കുമ്പോൾ പഴയ ക്ലീഷേ ഉത്തരങ്ങൾ മാത്രമാണു കിട്ടുന്നത് എന്ന് മാത്രം.
ജാതി തിരിച്ച് മാത്രം ജോലി ചെയ്യാൻ പറ്റുമായിരുന്ന കാലമൊക്കെ പണ്ടേ മാറിയതാണ്. ഒരു പ്രത്യേക ജാതിയിൽ പെട്ടവനായതുകൊണ്ട് പബ്ലിക് സർവീസിലേക്ക് എത്താൻ ബുദ്ധിമുട്ടുണ്ടായിരുന്ന കാലവും കഴിഞ്ഞു പോയി. അതുകൊണ്ട് തന്നെ ജാതി തിരിച്ചുള്ള സംവരണം കേരളത്തിൽ പുനർവിചിന്തനത്തിനത്തിനു വിധേയമാക്കേണ്ടതാണ്.
ബിബിൻ മഠത്തിൽ










Leave a Reply