ഇന്ത്യയിലെ ക്രൈസ്തവസമൂഹവും അദ്ധ്വാനവര്‍ഗ്ഗജനവിഭാഗവും കാര്‍ഷികമേഖലയും വന്‍പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഭരണനേതൃത്വങ്ങളുടെ നിരന്തരമായ അവഗണനയും, കര്‍ഷകനീതിനിഷേധ നിലപാടുകളും, കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയും, കര്‍ഷകവിരുദ്ധ രാജ്യാന്തര കരാറുകളും, അനിയന്ത്രിതമായ കാര്‍ഷികോല്പന്ന ഇറക്കുമതിയുമുയര്‍ത്തുന്ന അതിരൂക്ഷമായ സ്ഥിതിവിശേഷം കര്‍ഷകരെ ദുഃഖദുരിതത്തിലാഴ്ത്തുന്നുവെങ്കില്‍, രാജ്യത്തുടനീളം മതേതരത്വത്തിനു നേരെ ഉയരുന്ന വര്‍ദ്ധിച്ച വെല്ലുവിളികളും വര്‍ഗ്ഗീയശക്തികളുടെ ഉയര്‍ത്തെഴുന്നേല്‍പ്പും ക്രൈസ്തവസമൂഹത്തിനുനേരെ ആഞ്ഞടിക്കുന്നു. ഈ നാടിന്റെ വിദ്യാഭ്യാസ ആരോഗ്യ ആതുരശുശ്രൂഷാ തലങ്ങളിലെ ക്രൈസ്തവ സേവനവും പങ്കാളിത്തവും സംഭാവനകളും സാന്നിധ്യവും അതുല്യമായിരിക്കുമ്പോള്‍ ഈ നിസ്വാര്‍ത്ഥ ശുശ്രൂഷകളെ അപമാനിച്ച് അട്ടിമറിക്കാനുള്ള തീവ്രവാദ ശക്തികളുടെ നിഗൂഢഅജണ്ടകളും അണിയറനീക്കങ്ങളും കടന്നാക്രമങ്ങളും ക്രൈസ്തവ നേതൃത്വങ്ങള്‍ കാണാതെപോകരുത്. തമ്മിലടിച്ചു തകര്‍ന്നുകൊണ്ടിരിക്കുന്ന കര്‍ഷക (ക്രൈസ്തവ) പാര്‍ട്ടികളുടെ ഗതികെട്ട അവസ്ഥയോര്‍ത്ത് ദുഃഖവും, അമർഷവും തോന്നുന്നു.
കേരളത്തിലെ കര്‍ഷകരെല്ലാം ക്രൈസ്തവരല്ല. മതത്തിനും ജാതിക്കും വര്‍ണ്ണത്തിനും അതീതമാണ് നമ്മുടെ കാര്‍ഷിക മേഖലയും നാം പങ്കുവെയ്ക്കുന്ന കാര്‍ഷിക സംസ്‌കാരവും. എന്നാല്‍ സംസ്ഥാനത്തെ ക്രൈസ്തവരില്‍ ബഹുഭൂരിപക്ഷവും ജീവനോപാധിയായി ആശ്രയിച്ചിരിക്കുന്നത് കൃഷിയെയാണ്. ക്രൈസ്തവ കുടുംബങ്ങളില്‍ നിന്ന് ജോലിസാധ്യതകള്‍ തേടിയുള്ള യാത്രകള്‍ തുടങ്ങിയിട്ട് നാളുകളേറെയായിട്ടില്ല. സഭാസ്ഥാപനങ്ങളിലും സ്വകാര്യ സംരംഭങ്ങളിലും വിദേശരാജ്യങ്ങളിലുമായി തൊഴിലവസരങ്ങള്‍ കണ്ടെത്തുവാന്‍ ക്രൈസ്തവസമൂഹത്തിലെ പുത്തന്‍തലമുറ പരമാവധി ശ്രമിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസുകളിലേയ്ക്കുള്ള അവസരങ്ങള്‍ പലപ്പോഴും ഇതരവിഭാഗങ്ങള്‍ക്കുള്ള സംവരണങ്ങളില്‍ തട്ടി അട്ടമറിക്കപ്പെടുന്നെങ്കിലും കഴിവിന്റെയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുടെയും അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളിലെ ഉന്നതസ്ഥാനങ്ങളിലുള്‍പ്പെടെ കയറിപ്പറ്റി സ്തുത്യര്‍ഹമായ സേവനം ചെയ്യുന്ന ക്രൈസ്തവസമുദായ അംഗങ്ങളുണ്ട്. ഇവരെല്ലാം കടന്നുവന്ന വഴികള്‍ കൃഷിയുടെയും പങ്കുവച്ചത് കാര്‍ഷിക സംസ്‌കാരവും ക്രൈസ്തവ പാരമ്പര്യവുമാണ്. ഈ കാര്‍ഷിക സംസ്‌കാരത്തിന്റെ നന്മകളെയും കര്‍ഷക കുടുംബങ്ങളില്‍ അനുദിനം പങ്കുവെച്ച സ്‌നേഹത്തിന്റെ ഊഷ്മളതയും ക്രൈസ്തവ പാരമ്പര്യവും പൈതൃകവും തിരിച്ചറിയണമെങ്കില്‍ കടന്നുവന്ന വഴികളിലേയ്ക്ക് നമ്മള്‍ ഇറങ്ങിച്ചെല്ലണം.
ക്രൈസ്തവ കാര്‍ഷിക ചരിത്രം
കേരളത്തിലെ ആദിമക്രൈസ്തവരായ നസ്രാണിസമൂഹം ഇന്ന് അതിജീവനത്തിനുള്ള പോരാട്ടവുമായി ലോകത്തിന്റെ അതിര്‍ത്തികളിലെത്തിയിരിക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. എ.ഡി.52-ല്‍ ക്രിസ്തുശിഷ്യനായ വി.തോമ്മാശ്ലീഹായില്‍ നിന്ന് ക്രൈസ്തവ വിശ്വാസം ഏറ്റുവാങ്ങിയവര്‍. നിത്യവൃത്തിക്കായി കൃഷിയെ ശരണംവെച്ചവര്‍. പാട്ടത്തിനെടുത്ത പണ്ടാരം, ദേവസ്വം വക സ്ഥലങ്ങളില്‍ കൃഷിയിറക്കി ഉല്പന്നങ്ങളില്‍ നല്ലൊരുപങ്കും തങ്ങളുടെ തമ്പ്രാക്കള്‍ക്ക് കാഴ്ചവെച്ച നസ്രാണികളുടെ കാര്‍ഷികചരിത്രം ഇന്നത്തെ തലമുറയ്ക്ക് ഒരു പക്ഷേ അജ്ഞാതമാകും. കാലങ്ങള്‍ക്കുശേഷം ഈ സമൂഹം പമ്പാനദിക്കും ഭാരതപ്പുഴയ്ക്കുമിടയില്‍ നിന്ന് മാറിമാറി നാടുഭരിച്ചവരുടെ നിര്‍ദ്ദേശങ്ങളും ഉത്തരവുകളുമായി മലയോരങ്ങളിലേയ്ക്ക് കുടിയേറി മണ്ണിനെ പൊന്നാക്കി.
ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ
സെക്രട്ടറി
ലെയ്റ്റി കൗണ്‍സിൽ
കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ,
(തുടരും). അതിജീവന പോരാട്ടത്തിന്റെ ചരിത്രവഴികൾ










Leave a Reply