Sathyadarsanam

ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ മരണമടത്ത ഒരു കുഞ്ഞു മാലാഖയുടെ കഥ.

വിശുദ്ധ കുർബാനയെ ജീവനു തുല്യം സ്നേഹിച്ച ഇമെൽദാ ലംബെർത്തീനി
എന്ന പെൺ കുട്ടി ആദ്യകുർബാന സ്വീകരിച്ച അന്നു തന്നെ ഈശോയുടെ അടുത്തേക്കു തിരികെ പോയി ആ കുഞ്ഞു മാലാഖയുടെ തിരുനാൾ ദിനമാണ് മെയ് 12.

ഇറ്റലിയിലെ ബോളോഞ്ഞയിൽ ഭക്തരായ കത്തോലിക്കാ ദമ്പതികളുടെ മകളായി 1322 ൽ വാ. ഇമെൽദാ ലംബെർത്തീനി ജനിച്ചു. മാതാപിതാക്കളുടെ വിശുദ്ധ ജീവിതം ബാല്യം മുതലേ ഇമെൽദായെ സ്വാധീനിച്ചിരുന്നു. അക്കാലത്തു ആദ്യകുർബാന സ്വീകരണത്തിനുള്ള പ്രായം പതിനഞ്ചു വയസ്സായിരുന്നു. അഞ്ചു വയസ്സു മുതലേ ആദ്യകുർബാന സ്വീകരണത്തിനായി കൊച്ചു ഇമെൽദാ പ്രാർത്ഥിച്ചൊരുങ്ങിയിരുന്നു.

എല്ലാവരും ഈശോയെ സ്നേഹിക്കുന്നതു പോലെ ആയിരുന്നില്ല അവൾ ഈശോയെ സ്നേഹിച്ചിരുന്നത് . ഇളം പ്രായത്തിലെ ദിവ്യകാരുണ്യത്തെ മനസ്സിലാക്കുക മാത്രമല്ല അവൾ ചെയ്തിരുന്നത് അതു മറ്റുള്ളവരോടു പറയുകയും ചെയ്തിരുന്നു.

അവൾ കൂടെക്കൂടെ മുതിർന്നവരോടു “ആർക്കെങ്കിലും ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചിട്ടു മരിക്കാതിരിക്കാൻ കഴിയുമോ?”

ഇമെൽദാക്കു പതിനൊന്നു വയസ്സുള്ളപ്പോൾ ഈശോയുടെ സ്വർഗാരോഹണത്തിരുനാൾ ദിവസം വിശുദ്ധ കുർബാനയിൽ മുട്ടുകുത്തി നിന്നു പങ്കെടുക്കുമ്പോൾ ഇമെൽദായുടെ ശിരസ്സിനു മുകളിൽ ഒരു അത്ഭുത പ്രകാശം പ്രത്യക്ഷപ്പെടുന്നതു കപ്യാരച്ചന്റെ ശ്രദ്ധയിൽ പെട്ടു. കപ്യാരച്ചൻ ഉടൻ തന്നെ ഇക്കാര്യം ബലി അർപ്പിച്ചുകൊണ്ടിരുന്ന വൈദീകന അറിയിച്ചു. അത്ഭുത പ്രകാശത്തിന്റെ പൊരുൾ മനസ്സിലാക്കിയ വൈദീകൻ പ്രായമാകാതിരിന്നിട്ടും അവൾക്കു പ്രഥമ ദിവ്യകാരുണ്യം നൽകി.

ഈശോയെ ആദ്യമായി സ്വീകരച്ച സന്തോഷത്തിൽ വിശുദ്ധ കുർബാന കഴിഞ്ഞും ഈശോയ്ക്കു നന്ദി പറയാനായി അവൾ ദൈവാലയത്തിൽ കഴിച്ചുകൂട്ടി. മണിക്കൂറുകൾ കടന്നു പോയി. അത്താഴത്തിനുള്ള സമയമായിട്ടു ഇമെൽദായെ കാണാതാകയാൽ സഹോദരി അവളെ അന്വേഷിച്ചു പള്ളിയിലെത്തി. അപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി മുട്ടികുത്തി നിന്നു പ്രാർത്ഥിക്കുന്ന ഇമെൽദായെ ആണു സഹോദരി കണ്ടത്. കൂട്ടികൊണ്ടു പോകാൻ സഹോദരി തട്ടി വിളിച്ചെങ്കിലും ഈശോയെ ആദ്യമായി സ്വീകരിച്ച സന്തോഷത്തിൽ 1333 മെയ് മാസം പന്ത്രണ്ടാം തീയതി പതിനൊന്നാം വയസ്സിൽ ഈശോയോടൊപ്പം അവളുടെ പവനാത്മാവ് സ്വർഗ്ഗത്തിലേക്കു പറന്നു പോയിരുന്നു.

അങ്ങനെ ആർക്കെങ്കിലും ഈശോയെ ഹൃദയത്തിൽ സ്വീകരിച്ചിട്ടു മരിക്കാതിരിക്കാൻ കഴിയുമോ? എന്ന ഇൽമെദയുടെ വാക്കുകൾ അവളുടെ ജീവിതത്തിൽതന്നെ അന്വർത്ഥമായി.

പന്ത്രണ്ടാം ലെയോ മാർപാപ്പ 1826 ൽ ഇമെൽദാ ലംബെർത്തീനിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കു ഉയർത്തി. ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികളുടെ മധ്യസ്ഥയാണ് വാഴ്ത്തപ്പെട്ട ഇമെൽദാ ലംബെർത്തീനി. ഇമെൽദായുടെ പൂജ്യാവശിഷ്ടങ്ങൾ ബോളോഞ്ഞയിലെ സാൻ സീഗീസ്മോണ്ടോ ദൈവാലയത്തിൽ സൂക്ഷിച്ചിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *