Sathyadarsanam

ചങ്ങനാശ്ശേരി അതിരൂപതയുടെ പിതാവും മേലധ്യക്ഷനുമായ പെരുന്തോട്ടം മാർ യൗസേപ്പ് മെത്രാപ്പോലീത്ത

1948 ജൂലൈ 5 ന് കോങ്ങാണ്ടൂരിൽ (പുന്നത്തുറ) ജോസഫ് പെരുംതോട്ടത്തിന്റെയും അന്നാമയുടെയും മകനായി ജനിച്ച ജോസഫ് (ബേബിച്ചൻ) പുന്നത്തുറയിലെ സെന്റ് ജോസഫ് ഹൈസ്കൂളിലും ചങ്ങനാശ്ശേരിയിലെ സെന്റ് ബെർക്ക്മാൻസ് കോളേജിലും വിദ്യാഭ്യാസം നേടി. ചങ്ങനാശേരിയിലെ സെന്റ് തോമസ് പെറ്റിറ്റ് സെമിനാരിയിലും കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്തോലിക സെമിനാരിയിലും സെമിനാരി പഠനം പൂർത്തിയാക്കിയ അദ്ദേഹത്തെ 1974 ഡിസംബർ 18 ന് ചങ്ങനാശേരിയിലെ സഹായ മെത്രാനായിരുന്ന ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ പിതാവിനാൽ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു. ഏതാനും വർഷങ്ങൾ പള്ളികളിൽ പുരോഹിതനായി ശുശ്രൂഷ ചെയ്തതിനുശേഷം, അതിരൂപത മതബോധന കേന്ദ്രമായ സന്ദേശനിലയം ഡയറക്ടർ, 1979 ൽ അതിരൂപതയിലെ കത്തോലിക്കാ വർക്കേഴ്സ് മൂവ്‌മെന്റിന്റെ ചാപ്ലെയിൻ തുടങ്ങി വിവിധ മേഖലകളിൽ സേവനം ചെയ്തു. തികഞ്ഞ ക്രാന്തദർശിയായ പേരുംതോട്ടം അച്ചൻ അദ്ദേഹത്തിന്റെ കാലത്ത് വിശ്വാസപരിശീലന രംഗത്ത് നിരവധി പരിശീലന പരിപാടികൾ അവതരിപ്പിച്ചു. അദ്ദേഹം തുടങ്ങി വച്ച സൺഡേ സ്കൂൾ അധ്യാപകരുടെ പരിശീലനപരിപാടിയായ Catechetical Leaders Training (CLT)ഇന്നും സന്ദേശനിലയം തുടരുന്നു. 1983-ൽ റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ ഉന്നത പഠനത്തിനായി അയക്കുകയും അവിടെ സഭാ ചരിത്രത്തിൽ ഡോക്ടറേറ്റ് നേദുകയും ചെയ്തു. റോമിൽ നിന്ന് മടങ്ങിയെത്തിയ പിതാവ് 1989 ൽ വടവാതൂർ സെന്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിലും മാങ്ങാനം മിഷനറി ഓറിയന്റേഷൻ സെന്ററിലുമായി(MOC) പ്രൊഫസർ, ഒപ്പം സെന്റ് സെബാസ്റ്റ്യൻ പള്ളി കൊടിനാട്ടുകുന്നു വികാരിയായും അദ്ദേഹത്തെ നിയമിച്ചു. ഈ കാലയളവിൽ അൽമായർക്ക് ദൈവശാസ്ത്രത്തിൽ ഉന്നത പഠനം നടത്തുന്നതിനായി ചങ്ങാനാശ്ശേരിയിൽ പൗവത്തിൽ പിതാവിന്റെ പരിപൂർണ പിന്തുണയോടെ മാർ തോമ വിദ്യാനികേതൻ ആരംഭിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ഈ സ്ഥാപനം വടവാതൂരിലെ പൗരസ്ത്യ വിദ്യാപീഠവുമായി അഫിലിയേറ്റ് ചെയ്തും ബിരുദാനന്തര ബിരുദങ്ങൾ റോമിലെ കോണ്ഗ്രിഗേഷൻ ഫോർ കാത്തിലിക് എഡ്യൂക്കേഷനും recognize ചെയ്തു വരുന്നു. റവ. ഡോ. ജോസഫ് പെരുംതോട്ടം ഒരു പതിറ്റാണ്ടോളം അതിന്റെ ചുക്കാൻ പിടിച്ചിരുന്നു. അതോടൊപ്പം പൊങ്ങയിലെ മാർ സ്ലീവാ പള്ളിയിലെ വികാരിയുമായിരുന്നു. 2002 ഏപ്രിൽ 24 ന് അദ്ദേഹത്തെ സഹായ മെത്രാനായി നാമനിർദ്ദേശം ചെയ്തു. അതിരൂപതയുടെ 116-ാം വാർഷികമായ 2002 മെയ് 20 ന് ചങ്ങനാശേരിയിലെ സെന്റ് മേരീസ് മെത്രാപൊലീത്തൻ പള്ളിയിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു. “ആത്മാവിലും സത്യത്തിലും” എന്നതാണ് അദ്ദേഹം തിരഞ്ഞെടുത്ത ആപ്തവാക്യം.

മാർ ജോസഫ് പൗവത്തിൽ പിതാവ് വിരമിച്ചതിനു ശേഷം 2007 ജനുവരി 8 മുതൽ 12 വരെ മേജർ ആർച്ച് ബിഷപ് മാർ വർക്കി വിതയത്തിൽ പിതാവിന്റെ അധ്യക്ഷതയിൽ കൂടിയ സിറോ മലബാർ സഭാ സൂനഹദോസ് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപോലീത്തയായി മാർ ജോസഫ് പെരുന്തോട്ടം പിതാവിനെ ഉയർത്തി. ചങ്ങനാശ്ശേരി അതിരൂപതയുടെ മൂന്നാമത് മെത്രാപ്പൊലീത്തയായി അദ്ദേഹത്തിന്റെ നാമഹേതുക തിരുന്നാൾ ദിനം കൂടിയായ മാർച്ച് 19, 2007ൽ അവരോഹിതനായി.

പിതാവിന്റെ ദീര്ഘവീക്ഷണത്തോട് കൂടിയ പ്രവർത്തനങ്ങൾ അതിരൂപതയെ വിശ്വാസപരിശീലന കാര്യങ്ങളിലും, ആത്മീയ സംഘടന പ്രവർത്തനങ്ങളിലും ബഹുദൂരം വളർത്തി. പ്രളയ കാലത്തെ അതിജീവിക്കുന്നതിനായി കുട്ടനാടിൻ ജനതയ്ക്ക് പേരുംതോട്ടം പിതാവിന്റെ നേതൃത്വത്തിൽ 100 കോടി രൂപയുടെ പ്രോജക്ട് ആണ് ജാതിമത ഭേദമന്യേ നടത്തി വരുന്നത്. അതിരൂപതയിൽ ആധ്യാത്മിക ഭൗതിക മേഖലയെ ത്വരിതപ്പെടുത്താനുതകും വിധം പഞ്ചവത്സര അജപാലന പദ്ധതിയ്ക്ക് രൂപം കൊടുത്തതും പെരുന്തോട്ടം പിതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *