എല്ലാദിവസവും നമ്മുടെ പള്ളികളിൽ മണിമുഴങ്ങുന്നു. അതും പല പ്രാവശ്യം! പലതരത്തിൽ! ഓരോ തരം മണിക്കും ഓരോ അർത്ഥസൂചനകളാണ് ഉള്ളത്. ഈ പെസഹാക്കാലത്താകട്ടെ നമ്മൾ സാധാരണ മണിയടി നിർത്തിവയ്ക്കുകയും മരമണി മുഴക്കുകയും ചെയ്യുന്നു. ഈ മണി കൾക്ക് പിന്നിൽ ദീർഘമായ ഒരു ചരിത്രമുണ്ട്. പലർക്കും അറിവില്ലാത്ത ആ ചരിത്രത്തിലേക്ക് നമുക്ക് ഒരു എത്തിനോട്ടം നടത്താം.
മണികൾ ആദ്യമായി നിലവിൽ വന്നത് എവിടെ ആണ്, എപ്പോഴാണ് എന്നു പറയുക പ്രയാസമാണ് . പഴയ നിയമഗ്രന്ഥത്തിൽ നോഹാ പെട്ടകം പണിയുന്ന സന്ദർഭത്തിൽ തടി കൊണ്ട് ഒരു മണി ഉണ്ടാക്കിയതായി കാണുന്നു. അതുപോലെ പുറപ്പാട് പുസ്തകത്തിൽ അലങ്കാരത്തിനായി സ്വർണം കൊണ്ട് മണികളുണ്ടാക്കിയതായി കാണം ( പുറപ്പാട് 39:25, 26). പിന്നീട് ബുദ്ധമതത്തിലും ജൈനമതത്തിലും ചൈനയിലെ പല മതങ്ങളിലും മണികൾ കാലങ്ങളായി ഉപയോഗത്തിൽ വന്നു. ക്രിസ്തുമതത്തിലാണെങ്കിൽ കത്തോലിക്കാസഭയിലും ലൂഥറൻ, ആംഗ്ലിക്കൻ സഭകളിലുമാണ് പ്രധാനമായും മണികൾ ഉപയോഗിക്കുന്നത്. ഗവേഷകർ ലോകത്തിലെ ഏറ്റവും പുരാതനമായ മണി കണ്ടെത്തിയിരിക്കുന്നത് ചൈനയിൽ നിന്നാണ്. ഇത് ബിസി 3000 ൽ നീയോലിതിക് ചൈനയിലെ യാംഗോഷ്യ എന്ന സംസ്കാരത്തിൽ ഉപയോഗിച്ചിരുന്നതാണ്. ഇത് മണ്ണുകൊണ്ടുള്ള മണിയായിരുന്നു. പിന്നീട് മെറ്റൽ കൊണ്ടുള്ള മണി ഉപയോഗിക്കുന്നത് പശ്ചിമേഷ്യയിൽ ബിസി 1000 ൽ ആണ്. പിന്നീടാണ് ജൈനമതത്തിലും ബുദ്ധമതത്തിലും ഇന്ത്യയിലും ചൈനയിലും പേർഷ്യയിലും ഉള്ള മറ്റു മതങ്ങളിലും ഒക്കെ മണികൾ അവതരിപ്പിക്കപ്പെടുന്നത്. അവ ആശ്രമങ്ങളിൽ സന്യാസികളെയും മറ്റു വിശ്വാസികളെയും പ്രാർത്ഥനയുടെ സമയം അറിയിക്കുന്നതാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഇത് സമയം അറിയിക്കുക എന്നതിനേക്കാൾ ഉപരിയായി പ്രാർത്ഥനയുടെ ഒരു കർമ്മം തന്നെ ആയി മാറി. ഹിന്ദുമതത്തിൽ മണിയടിക്കുന്നത് അമ്പലങ്ങളിൽ ഭഗവാനെ ഉണർത്തുവാനാണ്. ഭക്തൻ തൻ്റെ സാന്നിധ്യം ഭഗവാനെ അറിയിക്കുവാൻ മണിയടിക്കുന്നു. അവിടെ ഓരോരുത്തരും തൊഴുവാൻ പോകുന്നതിനുമുമ്പ് മണിയടിക്കുന്നത് നമുക്ക് കാണാൻ സാധിക്കും. ഈ മണിശബ്ദം തന്നെ ഒരു പ്രാർത്ഥനയായി കരുതുന്നവരുമുണ്ട്.
കത്തോലിക്കാ സഭയിൽ മണി ആദ്യമായി അവതരിപ്പിച്ചത് ഫ്രാൻസിസ് അസീസിയാണ്. അദ്ദേഹം തൻ്റെ ആശ്രമത്തിലെ സന്യാസികളെ പ്രാർത്ഥനയ്ക്ക് ഒരുമിച്ച് കൂട്ടുവാൻ മണി ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് ചുറ്റുപാടുമുള്ളവർ ആശ്രമത്തിലെ മണി ശബ്ദംകേട്ട്, സന്യാസിമാർ പ്രാർത്ഥിക്കുന്ന സമയം ആണ് അത് എന്ന് മനസ്സിലാക്കി പ്രാർത്ഥിക്കുവാൻ തുടങ്ങി. തുടർന്ന് ആശ്രമ കപ്പേളകളിലെ കുർബാനയുടെ സമയം മനസ്സിലാക്കുവാൻ ആളുകൾക്ക് ഇത് ഉപകാരമായി. അതോടൊപ്പം ഗ്രാമത്തിൽ സമയം അറിയിക്കുവാനുള്ള മാധ്യമമായും മണിയടി മാറി. തുടർന്ന് പാശ്ചാത്യരാജ്യങ്ങളിൽ കത്തോലിക്കാ ഇടവകകളിൽ മണിമാളികകൾ രൂപപ്പെടുകയും അവ കുർബാനയുടെ സമയം അറിയിക്കുന്നതിനും മെത്രാൻ്റെ വരവിനെ സൂചിപ്പിക്കുന്നതിനും ആളുകൾക്ക് സമയം മനസ്സിലാക്കുന്നതിനും അപകട അവസരങ്ങൾ ഉണ്ടാകുമ്പോൾ അറിയിക്കുന്നതിനും മറ്റും ഉപയോഗിച്ചുതുടങ്ങി. ദിവസം മൂന്നുനേരമാണ് സാധാരണ കത്തോലിക്കാ ദേവാലയങ്ങളിൽ മണിയടിക്കുന്നത്. പ്രഭാതത്തിലും ഉച്ചയ്ക്കും സന്ധ്യക്കും ആണ് ഇത് ചെയ്യുന്നത്. ഇത് കുരിശു മണി എന്ന പേരിലാണ് അറിയപ്പെടുന്നത്. ആദ്യകാലത്ത് ഈ സമയത്ത് ‘സ്വർഗ്ഗസ്ഥനായ പിതാവേ’ ചൊല്ലുകയായിരുന്നു പതിവ്. പിന്നീടാണ് ‘കർത്താവിൻ്റെ മാലാഖ’ എന്ന ജപം ആരംഭിച്ചത്. കത്തോലിക്കാ സഭയിൽ നിന്ന് പിളർന്ന് പോയ ലൂഥറൻ, ആംഗ്ളിക്കൻ സഭകളും മണിയടി തുടർന്നുപോരുന്നു.
മണികൾക്ക് പ്രത്യേക സൂചകങ്ങൾ ഉണ്ട്. ഓരോ കാര്യങ്ങളെ സൂചിപ്പിക്കുവാൻ ഓരോ തരത്തിലാണ് മണികൾ മുഴക്കുന്നത്. ഉദാഹരണത്തിന് നമ്മുടെ നാട്ടിൽ ഒറ്റയും പെട്ടയും അടിക്കുന്നത് മരണത്തെ സൂചിപ്പിക്കുന്നതിനാണ്.
പെസഹാ വ്യാഴാഴ്ച മുതൽ ഉയിർപ്പിന് മുമ്പുവരെ മരമണി അടിക്കുന്ന രീതി ലത്തീൻ സഭയിലാണ് ഉത്ഭവിച്ചത് . ഇതും അവതരിപ്പിച്ചത് ഫ്രാൻസിസ് അസീസി തന്നെയാണ്. ഇതിന് രണ്ട് കാരണങ്ങളാണ് ഉള്ളത്. ഓട് കൊണ്ടുള്ള മണി സംഗീതാത്മകം ആകയാൽ ഈശോയുടെ പീഢാ സഹനത്തെ അനുസ്മരിക്കുന്ന ദുഃഖകരമായ അവസരത്തിൽ അത് ഉചിതമായി ഫ്രാൻസിസ് അസീസിക്ക് തോന്നിയില്ല. അതിനാൽ അദ്ദേഹം കഠിന ശബ്ദമുള്ള മരമണി ഉപയോഗിക്കുവാൻ തുടങ്ങി. മാത്രമല്ല കർത്താവു മരക്കുരിശിൽ മരിച്ചതിൻ്റെ ഒരു ഓർമ്മയാചരണം കൂടിയായി ഇത് മാറി.
പൗരസ്ത്യ സഭകളിൽ മണി ഉപയോഗിക്കുന്ന രീതി പാശ്ചാത്യ സഭകളിൽ നിന്നാണ് വന്നത്. ഭാരതത്തിൽ ഇത് അവതരിപ്പിച്ചത് പോർച്ചുഗീസുകാരാണ്. ഇതു പ്രചരിപ്പിച്ചതിൽ ഫ്രാൻസിസ് സേവ്യർ ന് വലിയ പങ്കുണ്ട്. അദ്ദേഹം കടൽത്തീരത്തു കൂടി മണി മുഴക്കി കൊണ്ട് നടന്ന് ആളുകളെ ആകർഷിച്ച് ഒരുമിച്ചുകൂട്ടിയണ് അവരോട് വചനം പ്രസംഗിച്ചിരുന്നത്.
മണിശബ്ദം ദൈവത്തെക്കുറിച്ചുള്ള ഓർമ്മ നമ്മിൽ ഉണർത്തുന്നു. പ്രാർത്ഥിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. നിത്യതയെ കുറിച്ച് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുന്നു.
തളികസ്ഥാനം അന്തോനി മത്തായി കത്തനാർ സി എം ഐ










Leave a Reply