Sathyadarsanam

പെസഹാ അപ്പം വിഭജിക്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷ

ആമുഖം

പെസഹാ വ്യാഴം ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ്‌. ഈശോ യഹൂദ ആചാരമനുസരിച്ച് തന്റെ പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം പെസഹാ ആചരിച്ചതിന്റെ ഓര്‍മ്മയാണ്‌ അന്ന് ക്രൈസ്തവര്‍ ആചരിക്കുന്നത്. ഏളിമയുടെയും സ്നേഹത്തിന്റെയും നിദര്‍ശനമായി അവിടുന്നു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിനു ശേഷമാണ്‌ പെസഹാ ഭക്ഷിച്ചത്. ഈശോയുടെ കുരിശു മരണത്തിനു മുമ്പുള്ള അത്താഴമായതിനാല്‍ ഇതിനെ അന്ത്യ അത്താഴമെന്നും വിളിക്കുന്നു.

യഹൂദ ആചാരമായ പെസഹാ ഭക്ഷണത്തിന്‌ ഈശോ പുതിയ മാനം കൊടുത്തു. ഏതാനും മണിക്കൂറുകള്‍ക്കു ശേഷം താന്‍ കുരിശില്‍ ബലിയാകുമെന്നറിയാമായിരുന്ന ഈശോ പെസഹാ അപ്പത്തെയും വീഞ്ഞിനെയും പ്രതീകാത്മകമായി തന്റെ ശരീരവും രക്തവും എന്നു വിശേഷിപ്പിച്ചു. എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍ എന്ന ഈശോയുടെ കല്പനപ്രകാരം ക്രൈസ്തവര്‍ ഇത് ആചരിച്ചു തുടങ്ങുകയും പിന്നീട് ക്രൈസ്തവ പാരമ്പര്യത്തില്‍ വിശുദ്ധ കുര്‍ബാനയായി ഇതു മാറുകയും ചെയ്തു.

എന്നാല്‍ പെസഹാവ്യാഴാഴ്ച്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങ്നളില്‍ ഇന്നും ഈ അപ്പം മുറിക്കല്‍ നടത്തുന്നുണ്ട്. അതിനായി പ്രാര്‍ത്ഥനാപൂര്വ്വം അവര്‍ പാകം ചെയ്യുന്ന അപ്പത്തെ ഇണ്ടറി അപ്പം എന്നു വിളിക്കുന്നു. കുടിക്കുവാനുള്ള പാനീയത്തെ പെസഹാ പാല്‍ എന്നാണ്‌ വിളിക്കുന്നത്. സാധാരണയഅയി ഭവനത്തിലെ എല്ലാ അംഗങ്ങളും ഈ അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുക്കാറുണ്ട്. കുടുംബ നാഥനാണ്‌ പ്രാര്‍ത്ഥനക്കു നേതൃത്വം കൊടുക്കുന്നതും അപ്പം മുറിച്ച് എല്ലാവര്‍ക്കും പങ്കു വക്കുന്നതും. പ്രായക്രമമനുസരിച്ച് മുതിര്‍ന്നവര്‍ മുതല്‍ ഏറ്റവും ഇളയവര്‍ വരെ എല്ലാവര്‍ക്കും അപ്പവും പാലും കൊടുക്കുന്നു. ഈ അപ്പവും പാലും പെസഹാ ദിനത്തിലല്ലാതെ മറ്റൊരു ദിവസവും പാകം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്‌.

കുടുംബങ്ങളില്‍ ആരെങ്കിലും മരിച്ചിട്ടുണ്ടെങ്കില്‍ ആ വര്‍ഷം ദുഖസൂചകമായി ആ കുടുംബം പെസഹാ ആചരിക്കാറില്ല.

പ്രാര്‍ത്ഥനാ ശുശ്രൂഷ

ഒരുക്കം: പ്രാര്‍ത്ഥനാമുറിയില്‍ ഒരു പീഢത്തിലോ മേശയിലോ കുരിശപ്പവുംപാത്രത്തില്‍ പാലും ഒരുക്കി വയ്ക്കുക. മാര്‍ത്തോമാകുരിശും വിശുദ്ധഗ്രന്ഥവും പ്രസ്തുത മേശയില്‍ പ്രതിഷ്ഠിക്കണം. തിരികളും ചന്ദനത്തിരികളും കരുതണം എന്നാല്‍ അവ തെളിക്കുന്നത് സര്‍വ്വാധിപനാം എന്ന ഗീതം ആലപിക്കുമ്പോളാണ്‌.

പ്രാരംഭം

കുടുംബ നാഥന്‍: കര്‍ത്താവിന്റെ കല്പന അനുസരിച്ച് നമുക്ക് പെസഹാ ആചരിക്കാം 
സമൂ: ആമ്മേന്‍ 
കുടുംബ നാഥന്‍: അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി 
സമൂ: ഭൂമിയില്‍ മനുഷ്യര്‍ക്കു സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും

കുടുംബ നാഥന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവെ, (സമൂഹവും ചേര്‍ന്ന്)അങ്ങയുടെ നാമം പൂജിതമാകണം. അങ്ങയുടെ രാജ്യം വരണം. അങ്ങയുടെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണം.

അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണം. ഞങ്ങളോട് തെറ്റു ചെയ്തവരോടെ ഞങ്ങള്‍ ക്ഷമിച്ചതു പോലെ ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണം. ഞങ്ങളെ പ്രലോഭനത്തിലെ ഉള്‍പ്പെടുത്തരുതെ. തിന്മയില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണം. ആമ്മേന്‍.

കുടുംബ നാഥന്‍: പ്രപഞ്ചനാഥനായ ദൈവമേ അങ്ങു വാഴ്ത്തപ്പെട്ടവനാകുന്നു. എന്തെന്നാല്‍ അങ്ങ് ഞങ്ങളെ വിശുദ്ധ ജനമായി തിരഞ്ഞെടുത്തു. അങ്ങു ഞങ്ങള്‍ക്കു വേണ്ടി ചെയ്ത അദ്ഭുത കൃത്യങ്ങളെല്ലാം അനുസ്മരിക്കുന്നതിനായി അങ്ങേപ്പുത്രന്‍ ഈശോ മിശിഹായുടെ പെസഹാഭക്ഷണത്തിന്‌ ഞങ്ങള്‍ സമ്മേളിക്കുന്നു. ഇത് യഥാവിധി നിര്‍വ്വഹിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും

സമൂ: ആമ്മേന്‍

തുടര്‍ന്ന് എല്ലാവരും ചേര്‍ന്നു സങ്കീര്‍ത്തനഗീതം ആലപിക്കുന്നു.

സങ്കീര്‍ത്തനം 78, 105

ദൈവിക ജനമെ കേള്‍ക്കുകയീ 
ദിവ്യസമാഗമ സന്ദേശം 
പണ്ടുപരാപരനലിവോടെ 
ദുഖമകറ്റിയ വാര്‍ത്തകളെ

നമ്മുടെ ഗോത്രപിതാക്കന്മാര്‍ 
നന്ദിയൊടെന്നുമതോര്‍ത്തിടുവാന്‍ 
പിന്‍ഗാമികളേ അറിയിപ്പൂ 
ചിന്മയനെന്നും സ്തുതിപാടാന്‍

ഇസ്രായേല്‍ ജനമൊരുകാലം 
ഈജിപ്തില്‍ നിവസിക്കുമ്പോള്‍ 
ആ ദിഗ്വാസികള്‍ ശത്രുതയാല്‍ 
നിര്‍ദ്ദയമവരെ ഞെരുക്കുകയായ്

കേണുഴലുന്നൊരു ജനതതിയെ 
കര്‍ത്താവേറ്റം കരുണയൊടെ 
വീക്ഷിച്ചൊടുവില്‍ സ്ഥിരമായി 
രക്ഷാമാര്‍ഗ്ഗമവര്‍ക്കേകി

സ്വന്തജനങ്ങളെ മോചിക്കാന്‍ 
സന്തതമവരെ നയിച്ചിടുവാന്‍ 
ദൈവം തന്നെയയച്ചവരാം 
ദാസര്‍ മൂശയുമഹറോനും

അബ്രാഹത്തോടരുളിയതാം 
വാഗ്ദാനത്തെ കനിവോടേ 
നിറവേറ്റീ പരിപൂര്‍ണ്ണതയില്‍ 
ജഗദീശ്വരനാം പരിശുദ്ധന്‍

താതനുമതുപോലാത്മജനും 
റൂഹായ്ക്കും സ്തുതി പാടീടാം 
ആദിമുതല്‍കെന്നതുപോലെ 
ആമ്മേനാമ്മേനനവരതം

കുടുംബ നാഥന്‍: നമുക്കു പ്രാര്‍ത്ഥിക്കാം. അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമെ, കാരുണ്യവാനായ പിതാവെ, അങ്ങ് ഇസ്രായേല്‍ ജനത്തെ ശത്രുക്കളില്‍ നിന്ന് മോചിച്ച് ചെങ്കടല്‍ കടത്തി വാഗ്ദാന നാട്ടിലെത്തിച്ചുവല്ലോ. മരുഭൂമിയില്‍ വച്ച് മന്നയും പാറയില്‍ നിന്ന്‍ ജലവും നല്‍കിയത് അങ്ങാണല്ലോ. ഈ ലോകത്തില്‍ അലയുന്ന ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗീയ മന്ന തന്ന് അങ്ങ് അനുഗ്രഹിച്ചല്ലോ. രക്ഷയുടെ മാര്‍ഗ്ഗത്തില്‍ എന്നും സഞ്ചരിക്കുവാന്‍ ഞങ്ങളെ സഹായിക്കണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും

സമൂ: ആമ്മേന്‍

ഈ സമയത്ത് കുടുമ്പനാഥ നിലവിളക്കു തെളിക്കുകയും ചന്ദനത്തിരി കത്തിക്കുകയും ചെയ്യുന്നു

എല്ലാവരും ചേര്‍ന്ന്: സര്‍വ്വാധിപനാം കര്‍ത്താവേ 
നിന്നെ വണങ്ങി നമിക്കുന്നു 
ഈശോനാഥാ വിനയമൊടെ 
നിന്നെ വണങ്ങി നമിക്കുന്നു

മര്‍ത്യനു നിത്യ മഹോന്നതമാം 
ഉത്ഥാനം നീയരുളുന്നു 
അക്ഷയമവനുടെ ആത്മാവി- 
ന്നുത്തമരക്ഷയുമേകുന്നു.

കുടുംബ നാഥന്‍: ഞങ്ങളുടെ കര്‍ത്താവെ, നീ സത്യമായും ഞങ്ങളുടെ ശരീരങ്ങളെ ഉയിര്‍പ്പിക്കുന്നവനും ആത്മാക്കളെ രക്ഷിക്കുന്നവനും ജീവനെ നിത്യം പരിപാലിക്കുന്നവനുമാകുന്നു. എപ്പോഴും നിനക്കു നന്ദി പറയുവാനും അരാധിക്കുവാനും പുകഴ്ത്തുവാനും ഞങ്ങള്‍ കടപ്പെട്ടവരാകുന്ന്. സകലത്തിന്റെയും നാഥാ എന്നേക്കും.

സമൂ:ആമ്മേന്‍

എല്ലാവരും ചേര്‍ന്ന്: ശബ്ദമുയര്‍ത്തിപ്പാടിടുവിന്‍ 
സര്‍വ്വരുമൊന്നായ് പാടിടുവിന്‍ 
എന്നെന്നും ജീവിക്കും 
സര്‍വ്വേശ്വരനെ വാഴ്ത്തിടുവിന്‍

പരിപാവനനാം സര്‍വ്വേശാ 
പരിപാവനനാം ബലവാനെ 
പരിപാവനനാം അമര്‍ത്യനെ 
നിന്‍ കൃപ ഞങ്ങള്‍ക്കേകണമെ

കുടുംബ നാഥന്‍: ഈജിപ്തിലെ ഭവങ്ങളെ ശിക്ഷിച്ചുകൊണ്ട് സംഹാരദൂതനെപ്പോലെ കടന്നുപോയ സര്‍വ്വശക്തനായദൈവമെ ഇസ്രായേല്‍ക്കാരെ സംരക്ഷിച്ചതുപോലെ ഞങ്ങളെയും സംരക്ഷിക്കുകയും കടാക്ഷിക്കുകയും ചെയ്യണമെ. ഞങ്ങളെന്നും നിന്റെ കല്പനകള്‍ പാലിക്കുന്നവരും സ്നേഹത്തില്‍ വസിക്കുന്നവരുമാകട്ടെ. പിതാവും പുത്രനും പരിശൂദ്ധാത്മാവുമായ സര്‍വ്വേശ്വരാ എന്നേക്കും

സമൂ: ആമ്മേന്‍

ഏതെങ്കിലും മകനോ മറ്റാരെങ്കിലുമോ അപ്പനോട് ചോദിക്കുന്ന്: നാമിന്ന് ഇവിടെ കൂടിയിരിക്കുന്നതിന്റെയും അപ്പം മുറിക്കുന്നതിന്റെയും അര്‍ത്ഥമെന്താണ്‌?

കുടുംബ നാഥന്‍ താഴെ കൊടുത്തിരിക്കുന്നത് വായിക്കുകയോ, മുന്‍കൂര്‍ വായിച്ചു ഒരു കഥപോലെ പറയുകയോ ആവാം. നമ്മുടെ ആത്മീയതയുടെയും രക്ഷയുടെയും ചരിത്രത്തില്‍ ഈ രാത്രിക്ക് വലിയ പ്രാധാന്യമുണ്ട്. ഇസ്രായേല്‍ക്കാര്‍ ദൈവത്തിന്റെ സ്വന്ത ജനമായിരുന്നെങ്കിലും ഈജിപ്തില്‍ അവര്‍ അടിമകളായി ജീവിക്കേണ്ടി വന്നു. ക്ലേശങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ അവര്‍ ദൈവത്തെ വിളിച്ചപേക്ഷിച്ചു. ദൈവം അവരുടേ പ്രാര്‍ത്ഥന കേല്‍ക്കുകയും അവരെ മോചിക്കുന്നതിനായി മോശയെയും അഹറോനെയും നിയോഗിക്കുകയും ചെയ്തു. എന്നാല്‍ ഈജിപ്ത് രാജാവായ ഫറവോന്‍ ഇസ്രായേല്‍ക്കാരെ വിട്ടയക്കാന്‍ വിസമ്മതിച്ചു. ആകയാല്‍ ഒന്നിനു പുറകെ ഒന്നായി ഒമ്പത് ബാധകള്‍ അയച്ച് ഈജിപ്തുകാരെ ദൈവം ശിക്ഷിച്ചു. എന്നിട്ടും ഫറവോന്‍ ദൈവത്തിന്റെ ജനത്തിനു സ്വാതന്ത്ര്യം നല്‍കിയില്ല. തന്മൂലം പത്താമത്തെ ശിക്ഷയായി ദൈവം ഒരു മാലാഖയെ അയ്ച്ചു ഈജിപ്തുകാരുടെ ആദ്യജാതരെ എല്ലാം വധിച്ചു. ദൈവം അറിയിച്ചിരുന്ന പ്രകാരം ഇസ്രായേല്‍ക്കാര്‍ മുട്ടാടിനെ കൊന്ന് അതിന്റെ മാംസം പുളിപ്പില്ലാത്ത അപ്പത്തിന്റെ കൂടെ ഭക്ഷിക്കുകയും രക്തം കട്ടിളപ്പടികളില്‍ തളിക്കുകയും ചെയ്തതിനാല്‍ സംഹാരദൂതന്‍ ഒരുപദ്രവവും ചെയ്യാതെ അവരുടെ ഭവനങ്ങളെ ‘കടന്നുപോയി’. ആദ്യജാതരുടെ മരണത്താല്‍ ആകുലരായ ഫറവോനും കൂട്ടരും ഇസ്രായേല്‍ക്കാരെ ഈജിപ്തില്‍നിന്ന് വിട്ടയച്ചു. ഇസ്രായേല്‍ക്കാര്‍ മോശയുടേ നേതൃത്വത്തില്‍ ചെങ്കടല്‍ കടന്ന് സീനായ് മലയുടെ അടിവാരത്തിലേക്ക് രക്ഷപെട്ടു. ഈ മഹാസംഭവം ആണ്ടുതോറും അനുസ്മരിക്കാനായി ‘പെസഹാ’ നടത്തണമെന്ന് ദൈവം ഇസ്രായേല്‍ക്കാരോട് കല്പ്പിച്ചു. ‘പെസഹാ’ എന്ന ഹെബ്രായ പദത്തിന്റെ അര്‍ത്ഥം കടന്നു പോകല്‍ എന്നാണ്‌. ഈ വിവരങ്ങള്‍ വേദപുസ്തകത്തില്‍ നിന്ന് നമുക്ക് വായിച്ചു കേള്‍ക്കാം.

അംഗങ്ങളിലൊരാള്‍: പുറപ്പാട് പുസ്തകത്തില്‍ നിന്നുള്ള വായന. (പുറപ്പാട്: 12:21-31, 41-42)

സമൂ: ദൈവമായ കര്‍ത്താവിനു സ്തുതി

ഏതെങ്കിലും മകനോ മറ്റാരെങ്കിലുമോ അപ്പനോട് ചോദിക്കുന്നു:ഇസ്രായേല്‍ക്കാരുടെ പെസഹാ നാമെന്തിനാണ്‌ ആചരിക്കുന്നത്?

കുടുംബ നാഥന്‍ താഴെ കൊടുത്തിരിക്കുന്നത് വായിക്കുകയോ, മുന്‍കൂര്‍ വായിച്ചു ഒരു കഥപോലെ പറയുകയോ ആവാം. നമ്മുടെ രക്ഷകനായ ഈശൊ യഹൂദനായിരുന്നതിനാല്‍ എല്ലാ വര്‍ഷവും പെസഹാ ആചരിച്ചിരുന്നു. ഈശോയുടെ അവസാന പെസഹായില്‍ അവിടുന്ന് അതിനു പുതിയ അര്‍ത്ഥവും വ്യാപ്തിയും നല്‍കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ചു. കുരിശിലെ ബലിയില്‍ സ്വയം അര്‍പ്പിച്ച് അവിടുന്ന് പുതിയ നിയമത്തില്‍ കൊല്ലപ്പെട്ട പെസഹാക്കുഞ്ഞാടായി. ഈശോയുടെ ശരീര രക്തങ്ങളാണ്‌ പെസഹാ ഭക്ഷണമായി അവിടുന്ന് വി. കുര്‍ബാന സ്ഥാപിച്ചുകൊണ്ട് നമുക്കു നല്‍കിയത്. ഇതുവഴി പാപത്തിന്റെ അടിമത്ത്ത്തില്‍നിന്നും മോചിതരായി നാം സ്വര്‍ഗത്തിലേക്ക് കടന്നു പോവുകയാണ്‌. പഴയ നിയമത്തിലെ പെസഹായുടെ പൂര്‍ത്തീകരണമായ പുതിയ പെസഹായുടെ അനുസ്മരണമാണ്‌ നാം ഇന്ന് കൃതജ്ഞതയോടെ ആചരിക്കുന്നത്. ഈശോയും ശീഷ്യന്മാരും കൂടി ആചരിച്ച പെസഹായുടെ വിവരണം സുവിശേഷത്തില്‍നിന്ന് നമുക്ക് വായിച്ചുകേള്‍ക്കാം.

സുവിശേഷ വായന

കുടുംബ നാഥന്‍: സമാധാനം നിങ്ങളോടുകൂടെ

സമൂ:അങ്ങയോടും കൂടെ

കുടുംബ നാഥന്‍: നമ്മുടെ കര്‍ത്താവീശോ മിശിഹായുടെ പെസഹായെക്കുറിച്ചുള്ള വായന

സമൂ:നമ്മുടെ കര്‍ത്താവീശോ മിശിഹായ്ക്കു സ്തുതി.

കുടുംബ നാഥന്‍: സന്ധ്യ ആയപ്പോള്‍ അവിടുന്നു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോടുകൂടെ ഭക്ഷണത്തിനിരുന്നു. പിതാവു സമസ്തവും തന്റെ കൈകളിലാണ്‌ ഏല്പ്പിച്ചിരിക്കുന്നതെന്നും താന്‍ ദൈവത്തില്‍ നിന്നാണ്‌ വന്നതെന്നും അറിയാമായിരുന്ന ഈശോ അത്താഴസമയത്ത് എഴുന്നേറ്റ് മേലങ്കി മാറ്റിയതിനു ശേഷം ഒരു കച്ചയെടുത്ത് അരയില്‍ ചുറ്റി. അനന്തരം അവിടുന്ന് ഒരു പാത്രത്തില്‍ വെള്ളം എടുത്ത് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകുകയും അരയില്‍ കെട്ടിയിരുന്ന തുവാല കൊണ്ട് തുടക്കുകയും ചെയ്തു. അനന്തരം അവിടുന്ന് അവരോട് ചോദിച്ചു: ഞന്‍ നിങ്ങളോട് ചെയ്തത് എന്തെന്ന് നിങ്ങള്‍ക്ക് മനസിലായോ? നിങ്ങള്‍ എന്നെ ഗുരുവെന്നും കര്‍ത്താവെന്നുമാണ്‌ വിളിക്കുന്നത്. അതു ശരി തന്നെ, ഞാന്‍ അങ്ങനെ തന്നെയാണ്‌. നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകേണ്ടതാണ്‌. ഞാന്‍ നിങ്ങള്‍ക്ക് ഒരു മാതൃക നല്‍കിയിരിക്കുന്നു. ഞാന്‍ നിങ്ങളോട് ചെയ്തതുപോലെ നിങ്ങളും ചെയ്യണം. അനന്തരം അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഈശോ അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍, ഇത് എന്റെ ശരീരമാകുന്നു. അനന്തരം പാനപാത്രമെടുത്ത് സ്തോത്രം ചെയ്ത് അവര്‍ക്ക് നല്‍കിക്കോണ്ട് അരുളിച്ചെയ്തു: നിങ്ങളെല്ലാവരും ഇതില്‍നിന്ന് പാനം ചെയ്യുവിന്‍. എന്തുകൊണ്ടെന്നാല്‍ ഇതു പാപമോചനാര്‍ത്ഥം അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്ന, പുതിയ നിയമത്തിലെ എന്റെ രക്തമാകുന്നു. ഒരു പുതിയ കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു. നിങ്ങള്‍ പരസ്പരം സ്നേഹിക്കുവിന്‍. നിങ്ങള്‍ എന്റെ ശിഷ്യന്മാരാണെന്ന് എല്ലാവരും അറിയാനുള്ള അടയാളം നിങ്ങളുടെ പരസ്പര സ്നേഹമായിരിക്കണം. (മത്താ 26, 20 + യോഹ 13, 3-5 + യോഹ 13, 12- 17, മത്താ 26, 26 – 28 + യോഹ 13, 34-35)

സമൂ: നമ്മുടെ കര്‍ത്താവീശോ മിശിഹായ്ക്കു സ്തുതി.

അപ്പം ആശീര്‍വദിക്കുന്ന പ്രാര്‍ത്ഥന

കുടുംബ നാഥന്‍: സ്നേഹനിധിയായ ദൈവമെ, അനന്തമായ കരുണയാല്‍ അങ്ങ് ഇസ്രായേല്‍ ജനത്തെ അമത്തത്തില്‍ നിന്ന്‍ രക്ഷിക്കുകയും അവരെ സ്വന്തമായി തിരഞ്ഞെടുക്കുകയും ചെയ്തുവല്ലോ. ആ രക്ഷയുടെ ഓര്‍മ്മയായി പെസഹാ സ്ഥാപിച്ചതിനെ ഓര്‍ത്ത് ഞങ്ങള്‍ അങ്ങയെ സ്തുതിക്കുന്നു. സമയത്തിന്റെ പൂര്‍ണ്ണതയില്‍ മിശിഹാനാഥന്‍ പെസഹാക്കുഞ്ഞാടാവുകയും പഴയനിയമത്തിലെ പെസഹായെ നവീകരിക്കുകയും അതെന്നും തുടരുവാന്‍ സഭയോട് കല്പ്പിക്കുകയും ചെയ്തത് ഞങ്ങള്‍ അനുസ്മരിക്കുന്നു. പുതിയ പെസഹായുടെ അനുസ്മരണത്തിനായി സമ്മേളിച്ചിരിക്കുന്ന ഞങ്ങളെ ഇത് ഭക്ഷിപ്പാന്‍ യോഗ്യരാക്കേണമെ. ഈ പെസഹാ ആപ്പത്തെയും, പാലിനെയും ആശീര്‍വദിക്കുകയും ഞങ്ങളുടെ ആത്മീയപോഷണത്തിന്‌ കാരണമാക്കുകയും ചെയ്യണമെ. ഒരേ അപ്പത്തില്‍ നിന്ന് ഭക്ഷിക്കുകയും ഒരേ പാത്രത്തില്‍ നിന്നു കുടിക്കുകയും ചെയ്യുന്ന ഞങ്ങള്‍ പരസ്പര സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാന്‍ അനുഗ്രഹിക്കേണമെ. സകലത്തിന്റെയും നാഥാ, എന്നേക്കും.

സമൂ:ആമ്മേന്‍

കുടുംബ നാഥന്‍ അപ്പം വിഭജിച്ച് പാലില്‍ മുക്കി ക്രമം അനുസരിച്ച് എല്ലാവര്‍ക്കും നല്‍കുന്നു. കത്തി തൊടാതെ കൈകൊണ്ട് വിഭജിച്ച് നല്‍കുന്നതാണ്‌ അഭികാമ്യം. കത്തികൊണ്ട് മുറിച്ചു കൊടുത്താലും കുഴപ്പമില്ല. എല്ലാവരും എഴുന്നേറ്റ് അപ്പം കയ്യില്‍ സ്വീകരിക്കുകയും ഇരുന്നുകൊണ്ട് ഭക്ഷിക്കുകയും ചെയ്യുന്നു. ഭക്ഷണത്തിനു ശേഷം കാറോസൂസ പ്രാര്‍ഥന ചൊല്ലുന്നു.

കാറോസൂസ:

കുടുമ്പനാഥ: നമുക്കെല്ലാവര്‍ക്കും സന്തോഷത്തോടും ഉത്സാഹത്തോടും കൂടെ കര്‍ത്താവേ ഞങ്ങളോടു കൃപയുണ്ടാകണമെ എന്നു പ്രാര്‍ത്ഥിക്കാം

സമൂ: കര്‍ത്താവേ ഞങ്ങളോടു കൃപയുണ്ടാകണമെ

കുടുമ്പനാഥ: പെസഹാ ആചരണത്തിനായി ഞങ്ങളെയെല്ലാം ഒരുമിച്ചുകൂട്ടിയ കര്‍ത്താവേ അങ്ങയുടേ സ്നേഹത്താല്‍ ഒരേ മനസ്സോടും ഒരേ ഹൃദയത്തോടും കൂടെ ജീവിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കേണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളോടു കൃപയുണ്ടാകണമെ

കുടുമ്പനാഥ: ഈജിപ്തിലെ അടിമത്തത്തില്‍ നിന്നും ഇസ്രായേല്‍ക്കാരെ രക്ഷിക്കുവാന്‍ തിരുമനസ്സായ കര്‍ത്താവെ, പാപത്തിന്റെ അടിമത്തത്തില്‍ നിന്നും എല്ലാ പാപ സാഹചര്യങ്ങളില്‍ നിന്നും ഞങ്ങളെ രക്ഷിക്കുവാന്‍ കനിവുണ്ടാകണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളോടു കൃപയുണ്ടാകണമെ

കുടുമ്പനാഥ: വാഗ്ദത്തനാട്ടിലേക്ക് ഇസ്രായേലിനെ അദ്ഭുതകരമായി നയിച്ച കര്‍ത്താവെ, അങ്ങയുടെ പരിപാലനയും സംരക്ഷണയും നല്‍കി ഞങ്ങളെ സ്വര്‍ഗ്ഗരാജ്യത്തിലേക്കു നയിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളോടു കൃപയുണ്ടാകണമെ

കുടുമ്പനാഥ: ഈ പെസഹാ ഭക്ഷണത്തില്‍ പങ്കുചേരുവാന്‍ സാധിക്കാതെ ഞങ്ങളില്‍ നിന്നും അകലെ വസിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ കരുണാപൂര്‍വ്വം പരിപാലിക്കണമെന്നും അവരുടെ അനുദിന ജീവിതത്തില്‍ സ്നേഹവും സമാധാനവും സന്തോഷവും സംതൃപ്തിയും നല്‍കണമെന്നും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.

സമൂ: കര്‍ത്താവേ ഞങ്ങളോടു കൃപയുണ്ടാകണമെ

കുടുമ്പനാഥ: നമുക്കെല്ലാവര്‍ക്കും നമ്മെയും നാമോരോരുത്തരെയും പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സമര്‍പ്പിക്കാം.

സമൂ: ഞങ്ങളുടെ ദൈവമായ കര്‍ത്താവേ അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.

സമാപന പ്രാര്‍ത്ഥന

കുടുംബ നാഥന്‍: ഞങ്ങളുടെ പിതാവായ ദൈവമെ, അങ്ങ് ഞങ്ങളുടെ കുടുംബത്തില്‍ വസിക്കുകയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമെ. നസ്രത്തിലെ തിരുക്കുടുംബം പോലെ ഞങ്ങളുടെ കുടുംബവും അങ്ങേക്കു പ്രീതികരമായിരിക്കട്ടെ. അങ്ങേക്കു ശുശ്രൂഷ ചെയ്യുന്ന ഞങ്ങളെല്ലാവരെയും നിത്യസൗഭാഗ്യത്തിലേക്ക് ആനയിക്കുകയും ചെയ്യണമെ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സര്‍വ്വേശ്വരാ, എന്നേക്കും.

സമൂ:ആമ്മേന്‍

Leave a Reply

Your email address will not be published. Required fields are marked *