Sathyadarsanam

ഗോവര്‍ണദോറെ സ്മരിക്കുമ്പോൾ

മലയാളഭാഷയിലെ പ്രഥമ സഞ്ചാരസാഹിത്യകൃതിയായ വര്‍ത്തമാനപ്പുസ്തകത്തന്റെ രചയിതാവും അങ്കമാലി അതിരൂപതയുടെ ഗോവര്‍ണദോര്‍ (അഡ്മിനിസ്‌ട്രേറ്റര്‍) എന്ന നിലയില്‍ പതിമ്മൂന്നുവര്‍ഷത്തോളം (1786-1799) ഭരണം നിര്‍വഹിച്ചയാളുമായ പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ ദിവംഗതനായിട്ട് 221 വര്‍ഷം പൂര്‍ത്തിയായി. തന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തില്‍ രാമപുരം ഫൊറോനാ പള്ളിയില്‍ താമസിച്ചുവരവേ 1799 മാര്‍ച്ച് 20-ന് ആയിരുന്നു അദ്ദേഹത്തിന്റെ നിര്യാണം.

മാതൃസഭയില്‍ വന്നുഭവിച്ച അനൈക്യത്തിന് പരിഹാരം കണ്ടെത്തുന്നതിനായി ഡോ. ജോസഫ് കരിയറ്റിയോടൊപ്പം അദ്ദേഹം നടത്തിയ റോമാ യാത്രയില്‍ അവര്‍ക്കുണ്ടായ അനുഭവങ്ങളാണ് വര്‍ത്തമാനപ്പുസ്തകത്തിലെ മുഖ്യപ്രതിപാദ്യം. വൈദേശികാധിപത്യത്തില്‍നിന്ന് സഭയെയും ഇന്ത്യാരാജ്യത്തെയും മോചിപ്പിക്കുന്നതിനും അദ്ദേഹം ശക്തിയുക്തം വാദിക്കുന്നതായും അതില്‍ കാണാം.

പാലായ്ക്കു സമീപം കടനാട് വില്ലേജില്‍ 1736 സെപ്റ്റംബര്‍ പത്തിനായിരുന്നു തോമ്മാക്കത്തനാരുടെ ജനനം. സംസ്‌കൃതവും സുറിയാനിയും വശമാക്കിയ ശേഷം വൈദികപഠനത്തിനായി ആലങ്ങാട് സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 1761-ല്‍ വൈദികനായി.

യാത്രാസൗകര്യങ്ങള്‍ തീരെ കുറവായിരുന്ന അക്കാലത്ത് മാര്‍ഗമധ്യേ ഉണ്ടായേക്കാവുന്ന കഷ്ടപ്പാടുകളെ മുന്നില്‍കണ്ടുകൊണ്ടാണ് അവര്‍ ഈ സംരംഭത്തിന് മുന്നിട്ടിറങ്ങിയത്. 1778 മേയ് ഏഴിന് ആലങ്ങാടുനിന്നാണ് തുടക്കം. യാക്കോബായ സഭയിലെ ആറാം മാര്‍ തോമ്മാ മെത്രാനെ മാതൃസഭയിലേക്കു സ്വീകരിക്കുന്നതിന് ആറാം പീയൂസ് മാര്‍പാപ്പയില്‍നിന്ന് അനുവാദം വാങ്ങുകയെന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. അതിനാവശ്യമായ രേഖകളും അവര്‍ കരുതിയിരുന്നു.

യാത്രാവിവരണം

1778 ഒക്ടോബര്‍ 14-ന് യാത്രാസംഘം മദ്രാസില്‍നിന്നു കപ്പല്‍ കയറി. അവരുടെ പായ്ക്കപ്പല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം ചുറ്റി തെക്കേഅമേരിക്കയിലെ ബ്രസീല്‍ വഴി പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ എത്തിച്ചേര്‍ന്നു. ലിസ്ബണില്‍വച്ച് പോര്‍ച്ചുഗീസ് രാജ്ഞിയെയും ഉന്നതരായ മറ്റു പല വ്യക്തികളെയും അവര്‍ സന്ദര്‍ശിച്ചു സംഭാഷണം നടത്തി. പിന്നീടുള്ള യാത്ര റോമിലേക്കായിരുന്നു. 1780 ജനുവരി 3-ന് അവര്‍ റോമിലെത്തി.

റോമില്‍ തന്റെ വൈദികപഠനകാലത്ത് പരിചയമുണ്ടായിരുന്ന പല പ്രമുഖ വ്യക്തികളുമായും സന്പര്‍ക്കം പുലര്‍ത്തുന്നതിനു മല്‍പാനച്ചന് സാധിച്ചു. മാര്‍പാപ്പ പീയൂസ് ആറാമനെയും പ്രൊപ്പഗാന്ത തിരുസംഘത്തിലെ കര്‍ദിനാള്‍മാരെയും സന്ദര്‍ശിച്ചു കേരളസഭയുടെ ആവശ്യങ്ങള്‍ നേരിട്ടു ബോധിപ്പിക്കാന്‍ മല്‍പാനച്ചനും തോമാക്കത്തനാര്‍ക്കും സാധിച്ചതുകൊണ്ട് അവരുടെ യാത്രാ ഉദ്ദേശ്യം സഫലമായി. എങ്കിലും അനുകൂലമായ മറുപടിയൊന്നും അവരില്‍നിന്നു ലഭിച്ചില്ല.
ഈ അവസരത്തിലാണ് വിശ്വാസത്തിനുവേണ്ടി കഠോരപീഡകള്‍ സഹിച്ചു മരിച്ച ദേവസഹായം പിള്ളയെ വിശുദ്ധരുടെ പട്ടികയില്‍ ചേര്‍ക്കണമെന്ന് അവര്‍ ഒരു നിവേദനം ബന്ധപ്പെട്ട കോണ്‍ഗ്രിഗേഷനിലെ കര്‍ദിനാളിന് സമര്‍പ്പിച്ചത്. ദേവസഹായം പിള്ള വധിക്കപ്പെട്ടിട്ട് അപ്പോള്‍ മുപ്പതുവര്‍ഷം പൂര്‍ത്തിയായിരുന്നില്ല. അതുവരെയും ഒരിന്ത്യക്കാരന്റെപോലും നാമകരണ നടപടികള്‍ ആരംഭിക്കണമെന്ന് ആരും റോമില്‍ അപേക്ഷിച്ചിട്ടില്ലായിരുന്നു.

ലിസ്ബണ്‍ വഴിയായിരുന്നു അവരുടെ മടക്കയാത്രയും. അവിടെവച്ച് കരിയാറ്റി മല്‍പാന്‍ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ടു. മെത്രാഭിഷേകവും അവിടെവച്ച് നടത്തുകയുണ്ടായി.

1778 മേയ് ഏഴിന് ആലങ്ങാടുനിന്ന് പുറപ്പെട്ടതു മുതല്‍ 1786-ല്‍ നാട്ടില്‍ തിരിച്ചെത്തുന്നതുവരെയുള്ള എട്ടുവര്‍ഷക്കാലത്തെ യാത്രയിലെ അനുഭവങ്ങളാണ് വര്‍ത്തമാനപ്പുസ്തകത്തിന്റെ ഉള്ളടക്കം സഭാസ്‌നേഹികളായ അല്മായരും അവരുടെ ഇടവകദേവാലയങ്ങളും ഒട്ടേറെ ത്യാഗം സഹിച്ചാണ് അവരുടെ ചെലവിനാവശ്യമായ പണം ശേഖരിച്ച് അവരെ യാത്രയാക്കിയത്. മാര്‍ കരിയാറ്റിക്കും തോമ്മാക്കത്തനാര്‍ക്കും ഈ യാത്രാമധ്യേ ഉണ്ടായ ക്ലേശങ്ങളും അനുകൂലവും പ്രതികൂലവുമായ അനുഭവങ്ങളും റോമിലെ താമസവും എല്ലാം നാട്ടിലെ ജനങ്ങളെ സവിസ്തരം അറിയിക്കുക തങ്ങളുടെ കടയാണെന്നുള്ള ബോധ്യമാണ്, അതുവരെയും മറ്റാരും എഴുതിയിട്ടില്ലാത്തവിധത്തിലുള്ള യാത്രാവിവരങ്ങള്‍ ധരിപ്പിക്കാന്‍ തോമ്മാക്കത്തനാരെ പ്രേരിപ്പിച്ചത്.

കാറ്റിന്റെ ഗതിക്കനുസൃതമായി നീങ്ങുന്ന പായ്ക്കപ്പലിലായിരുന്നു അവരുടെ യാത്ര. കാറ്റ് അനുകൂലമാകാന്‍വേണ്ടി പലപ്പോഴും അവര്‍ വിവിധ സ്ഥലങ്ങളില്‍ കാത്തുകിടക്കേണ്ടിവന്നു. കടല്‍ച്ചൊരുക്കും പ്രകൃതിക്ഷോഭവും നിമിത്തം മാര്‍ഗമധ്യേ അവര്‍ക്കു രോഗം ബാധിച്ച അവസരങ്ങളുണ്ട്. ഓരോ പ്രദേശത്തെയും കാലാവസ്ഥയും പ്രകൃതിസൗന്ദര്യവും പാറേമ്മാക്കല്‍ നിരീക്ഷിച്ചു. ഇതോടൊപ്പംതന്നെയാണ് ദേശവാസികളുടെ ജീവിതരീതിയും ആചാരമര്യാദകളുമെല്ലാം.

പൊതുവായ വര്‍ണനകള്‍ക്കു പുറമേ, സ്വന്തം സമുദായത്തിന്റെ വളര്‍ച്ച, പ്രശ്‌നങ്ങള്‍, വിശ്വാസതീവ്രത തുടങ്ങി വിവിധങ്ങളായ കാര്യങ്ങളെപ്പറ്റിയും ചര്‍ച്ചചെയ്യുന്നു. ബൈബിളിലെയും കേരള സഭാചരിത്രത്തിലെയും ഒട്ടേറെ സുപ്രധാന കാര്യങ്ങളും ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കേരളത്തിലെ സുറിയാനി സഭയുടെമേലുള്ള വൈദേശികാധിപത്യത്തില്‍ ഗ്രന്ഥകാരനുള്ള അമര്‍ഷവും അവരില്‍നിന്ന് മോചനം നേടുന്നതിനുള്ള ആവേശപൂര്‍ണമായ ഉദ്‌ബോധനവും ഗ്രന്ഥത്തിന്റെ വൈകാരിക വശമത്രേ.

ദേശസ്‌നേഹി

തോമ്മാക്കത്തനാരുടെ ദേശാഭിമാനം ഗ്രന്ഥത്തിന്റെ താളുകളില്‍ തിളങ്ങിനില്‍ക്കുന്നു. ഇന്ന് അത്യന്തം അഭിമാനത്തോടെ നാം പരിഗണിക്കുന്ന ദേശീയബോധം ആദ്യമായി പ്രകടിപ്പിച്ചുകാണുന്നത് വര്‍ത്തമാനപ്പുസ്തകത്തിലാണ്. കേരളസഭയുടെ ഭരണകര്‍ത്താക്കള്‍ വിദേശീയര്‍ ആയിരിക്കരുതെന്ന് പറയുന്‌പോഴാണ് ഇന്ത്യയെ ഭരിക്കേണ്ടത് ഇന്ത്യക്കാര്‍തന്നെ ആയിരിക്കണമെന്ന് അദ്ദേഹം ശക്തിയുക്തം വാദിക്കുന്നത്.

പാറേമ്മാക്കലച്ചന്‍ തൂലിക എടുത്തത് ഏക സ്വതന്ത്ര ഇന്ത്യയെ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു. അതുവരെയും മറ്റാരുടെയും മനസില്‍ ഉദിക്കാത്ത ആശയം. ഇന്ത്യ ഭരിക്കേണ്ടത് ഇന്ത്യക്കാര്‍, നാമെല്ലാം ഈ രാജ്യത്തിന്റെ മക്കള്‍ എന്ന് തോമ്മാക്കത്തനാര്‍ പ്രഖ്യാപിച്ചു. നമ്മുടെ ദേശീയനേതാക്കളായ ഗാന്ധിജിയും നെഹ്‌റുവും പട്ടേലുമൊക്കെ ജനിക്കുന്നതിനു മുന്പുതന്നെ ആധുനിക സ്വതന്ത്രഭാരതത്തെ വിഭാവനം ചെയ്തയാളാണ് മാണിക്കത്തനാര്‍. സഭയുടെ ഭരണത്തിലെന്നപോലെതന്നെ രാഷ്ട്രഭരണത്തിലും വിദേശഭരണം പാടില്ല എന്ന പക്ഷക്കാരനായിരുന്നു അദ്ദേഹം. കാലോചിതമായ ആശയം മുന്നോട്ടുവച്ച തോമ്മാക്കത്തനാരെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രതിമ പാര്‍ലമെന്റ് മന്ദിരത്തിന്റെ നടുത്തളത്തില്‍, മറ്റു നേതാക്കന്മാരോടൊപ്പം സ്ഥാപിക്കുന്നത് തികച്ചും ഉചിതമായിരിക്കും.

ഗദ്യസാഹിത്യത്തിന്റെ പിതാവ്

പാറേമ്മാക്കല്‍ തോമ്മാക്കത്തനാരെ മലയാള ഗദ്യസാഹിത്യത്തിന്റെ പിതാവായി കണക്കാക്കാം. അദ്ദേഹത്തിനു മുന്പിലും ഗദ്യകൃതികളുണ്ടായിട്ടുണ്ട്. എങ്കിലും ഗദ്യശിശുവിന് പ്രബന്ധരൂപവും രചനാരീതിയും നല്‍കി പിച്ചവച്ചു നടക്കാന്‍ പഠിപ്പിച്ചത് ഗോവര്‍ണദോരാണ്. കേരളവര്‍മ വലിയകോയി തന്പുരാന് ഏതാണ്ട് ഒരു നൂറ്റാണ്ടു മുന്പ് സ്വതന്ത്രവും ഊര്‍ജസ്വലവുമായ ഒരു ഗദ്യസാഹിത്യ സരണി വെട്ടിത്തുറന്നുകൊടുത്ത ഗോവര്‍ണദോര്‍ ഭാഷാസ്‌നേഹികളുടെ ബഹുമാനാദരവുകള്‍ക്ക് സര്‍വഥാ അര്‍ഹനാണ്.

1786 മേയ് ഒന്നിനാണ് മാര്‍ കരിയാറ്റിയും തോമ്മാ ഗോവര്‍ണദോരും ഗോവയില്‍ എത്തിച്ചേര്‍ന്നത്. പക്ഷേ അവിടെവച്ച് 1786 സെപ്റ്റംബര്‍ 10-ന് കരിയാറ്റില്‍ മെത്രാപ്പോലീത്ത ദിവംഗതനായി. അദ്ദേഹം തന്റെ മരണത്തിനു മുന്പ് പാറേമ്മാക്കല്‍ തോമ്മാക്കത്തനാരെ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ഗോവര്‍ണദോര്‍ (അഡ്മിനിസ്‌ട്രേറ്റര്‍) ആയി നിയമിച്ചിരുന്നു.

1787 ഡിസംബറില്‍ ഗോവര്‍ണദോര്‍ കേരളത്തിലെത്തി കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ഭരണം ഏറ്റെടുത്തു. അങ്കമാലി ആയിരുന്നു ആസ്ഥാനം. ടിപ്പുസുല്‍ത്താന്റെ ആക്രമണകാലത്ത് അവിടെ താമസിക്കുക അപകടകരമെന്നു കണ്ടതിനാല്‍ വടയാറ്റേക്ക് സ്ഥലം മാറി. തച്ചില്‍ മാത്തൂത്തരകന്‍ എന്ന സമുദായ പ്രമാണി ഗോവര്‍ണദോറുടെ സൗകര്യാര്‍ഥം പണികഴിപ്പിച്ചതാണ് വടയാറ്റു പള്ളി.

ശരീരികവും മാനസികവുമായി ക്ഷീണിച്ച ഗോവര്‍ണദോര്‍ ജീവിതസായാഹ്നത്തില്‍ സ്വന്തം നാടായ രാമപുരത്ത് എത്തി. അവിടെയുള്ള പള്ളിമേടയില്‍ താമസിച്ചുവരവെ 1799 മാര്‍ച്ച് 20-ന് സഭയുടെ ആ ധീരപുത്രന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹത്തിന് 63 വയസായിരുന്നു. പാറേമ്മാക്കല്‍ ഗോവര്‍ണദോറുടെ പൂജ്യശരീരം രാമപുരം സെന്റ് അഗസ്റ്റിന്‍സ് ചെറിയപള്ളിയില്‍ സംസ്‌കരിക്കപ്പെട്ടു.

ക്രൈസ്തവസഭയുടെ ഐക്യത്തിനും ഭാരതത്തിന്റെ ദേശീയ സ്വാതന്ത്ര്യത്തിനും സമുദായത്തിന്റെ ഉന്നതിക്കുംവേണ്ടി കൊടുംയാതനകള്‍ സഹിച്ച് നേതൃത്വം നല്‍കിയ മഹാനായ ചിന്തകനും ധീരദേശാഭിമാനിയുമാണ് പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍.

റവ. ഡോ. കുര്യന്‍ മാതോത്ത്

Leave a Reply

Your email address will not be published. Required fields are marked *