മലയാള സിനിമയിൽ ക്രിസ്തുമതം ആക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും തുടർച്ചയായി വിധേയമാകുന്നതായി അടുത്തിടെ ചിലർ ആശങ്കപ്പെടുന്നത് ശ്രദ്ധയിൽപെട്ടു. ഇത്തരം ചലച്ചിത്ര സംരംഭങ്ങൾക്കുപിന്നിൽ ഗൂഢലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ചില സംഘടനകളും പ്രസ്ഥാനങ്ങളുമുണ്ട് എന്ന ആരോപണവും കേൾക്കാനിടയായി.
“ക്രിസ്തുവിന്റെപേരിൽ നടത്തുന്ന തട്ടിപ്പുകൾ എങ്ങനെയാണു ആഗോളതലത്തിൽത്തന്നെ പടരുന്നത് എന്ന അന്വേഷണവും അത് വലിയൊരു ദുരന്തമായി മാറുന്നത് എങ്ങിനെയെന്ന് കാട്ടിത്തരുകയുമാണ്” ഇത്തരം സിനിമകൾ ചെയ്യുന്നതെന്ന് ഈയാഴ്ചത്തെ “മാധ്യമം” ആഴ്ചപ്പതിപ്പിൽ വന്ന “ട്രാൻസ്” സിനിമയുടെ ആസ്വാദനം അവകാശപ്പെടുന്നു. “മതം അതിന്റെ ആധ്യാത്മിക തലത്തെ പൂർണമായും ഉപേക്ഷിക്കുകയും മുതലാളിത്ത ലോകത്തിന്റെ എല്ലാത്തരം ബീഭത്സതകളെയും എങ്ങിനെയാണ് സ്വീകരിക്കുന്നത് എന്ന് സൂക്ഷ്മമായി പരിശോധിക്കുകയുമാണ്” സിനിമ ചെയ്യുന്നത് എന്നും പ്രസ്തുത ലേഖനം ചൂണ്ടിക്കാട്ടുന്നു.
മേല്പറഞ്ഞ ലേഖനം ആഗോളതലത്തിൽ നടക്കുന്ന മത ഭീകരതയെക്കുറിച്ചോ മതത്തിന്റെപേരിൽ നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചോ ഫാസിസ്റ്റു പ്രവണതകളെക്കുറിച്ചോ ഉള്ള നിരീക്ഷണമല്ല, ആധ്യാത്മീക രംഗത്തെ ചില നൂതന പ്രവണതകളെക്കുറിച്ചാണ്! അതും ക്രിസ്തുമതത്തിലെ ചില സെക്ടുകളിൽ കാണുന്ന തീവ്ര ആധ്യാത്മീക അനുഭവങ്ങൾക്കുപിന്നിലെ കാപട്യത്തെക്കുറിച്ചാണ്!
ക്രിസ്തുമതം വിമർശനങ്ങളെ ഭയക്കുകയോ അതിൽനിന്നു ഓടിമാറുകയോ വിമർശനങ്ങളോട് അസഹിഷ്ണുതയോടെ പെരുമാറുകയോ അക്രമം കാണിക്കുകയോ ചെയ്യുന്നതായി സമീപകാല ചിത്രങ്ങളൊന്നും സാക്ഷ്യപ്പെടുത്തുന്നില്ല. നേരേമറിച്ചു കലയിലും സാഹിത്യത്തിലും അക്കാദമിക രംഗങ്ങളിലുമെല്ലാം നടന്നിട്ടുള്ള മത വിമർശനങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച ചരിത്രമാണ് അതിനുള്ളത്. അങ്ങനെയല്ലാതിരുന്ന മത- രാഷ്ട്രീയത്തിന്റെ ഒരു ഇരുണ്ടകാലവും അതിനുണ്ട് എന്നത് ശരിയാണ്. എന്നാൽ ചരിത്രത്തെ അത്തരം പടയോട്ടങ്ങളുടെ ഇരുണ്ട യുഗങ്ങളുടെ ചരിത്ര വഴികളിൽ ബന്ധിച്ചിടാൻ യാതൊരു ശ്രമവും ക്രൈസ്തവ സഭകൾ നടത്തുന്നില്ല.
വിമർശനങ്ങൾ മാത്രമല്ല, പീഡനങ്ങളും വേട്ടയാടലുകളും അനുഭവിച്ചും അതിജീവിച്ചുമാണ് ക്രിസ്തുവിശ്വാസികൾ ഇന്ന് ലോകത്തിന്റെ നാനാഭാഗങ്ങളിൽ കഴിയുന്നത്. ഇത്തരം വേട്ടയാടലുകൾ നടക്കുന്ന മത-രാഷ്ട്ര രാഷ്ട്രീയ പശ്ചാത്തലങ്ങൾ ഏതൊക്കെയെന്നു വളരെ വ്യക്തവും സുവിദിതവുമാണ്. എന്നാൽ, അത്തരം പശ്ചാത്തലങ്ങളെ വിമർശനപരമായി സമീപിക്കുന്ന എന്തെങ്കിലും സൂചനകൾ താരതമ്യേനെ “പുരോഗമനപരം” എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാള സിനിമയിൽ എവിടെയും കണ്ടിട്ടില്ല.
തൊണ്ണൂറുകളിൽ കേരളത്തിൽ നടന്ന ഒരുഡസനിലേറെ പാതിരാ കൊലപാതകങ്ങളുടെയും ഇരുനൂറിലേറെ കൊലപാതക ശ്രമങ്ങളുടെയും പിന്നിൽ “വിശുദ്ധരുടെ കൂട്ടായ്മ” എന്നർത്ഥമുള്ള ഒരു ഭക്ത സംഘടനയായിരുന്നു എന്ന് അക്കാലത്തെ പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോർട്ടുകൾ ഉദ്ധരിച്ചുകൊണ്ട് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ആരുടെയും ഭാവനയോ ജിജ്ഞാസയോ ഉണർത്തിയതായിക്കണ്ടില്ല. റിപ്പോർട്ടിലെ വിശദാംശങ്ങൾ കൂടുതൽ ഉദ്വേഗജനകവും കഴിഞ്ഞ കാൽ നൂറ്റാണ്ടു കേരളത്തിൽ സംഭവിച്ച മത തീവ്രവാദപരമായ സാമൂഹ്യ മാറ്റങ്ങളുടെ ഗതിവേഗം വെളിപ്പെടുത്തുന്നതുമാണെങ്കിലും അതാരും അറിഞ്ഞതായിപ്പോലും നടിക്കുന്നില്ല… അത്തരം കൊലപാതകങ്ങളുടെ പശ്ചാത്തലം, ഇന്ന് സമൂഹം എത്ര ചർച്ച ചെയ്തിട്ടും തെളിവില്ല എന്ന് പറഞ്ഞൊഴിയുന്ന ചില കുറ്റകൃത്യങ്ങളുടെ മറ്റൊരു മുഖവും ആവിഷ്കരിക്കുന്നുണ്ടെന്നാണ് അറിവുള്ളവർ പറയുന്നത്… അതങ്ങനെ തന്നെയിരിക്കട്ടെ!
ഒരുകാര്യം വ്യക്തമാക്കാം. സത്യസന്ധമായ വിമർശനങ്ങളിൽനിന്നും ശാസ്ത്രീയമായ പരിശോധനകളിൽനിന്നും ക്രൈസ്തവസഭകൾ ഒന്നും മറച്ചുവച്ചിട്ടില്ല. ശാസ്ത്രത്തിന്റെ വളർച്ചയും സഭയുടെ ആധുനികവൽക്കരണവുമെല്ലാം ഇത്തരം പരസ്പര വിമർശനത്തിലൂടേയും ശാസ്ത്രീയ പരിശോധനകളിലൂടെയും സ്വയം വിമർശനത്തിലൂടേയും സ്വയം നവീകരണത്തിലൂടെയുമാണ് സംഭവിച്ചിട്ടുള്ളത്.
മുൻപ് ‘ക്രിസ്ത്യൻ’ രാജ്യങ്ങളായി അറിയപ്പെട്ടിരുന്ന സമൂഹങ്ങളിലാണ് മതാധിഷ്ടിത സമൂഹങ്ങളിൽനിന്നു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്കുകളിലേക്കുള്ള ആധുനിക സമൂഹത്തിന്റെ പ്രയാണം സംഭവിച്ചിട്ടുള്ളത് എന്ന് ചരിത്രം പഠിക്കുന്നവർക്കറിയാം. മതവും രാഷ്ട്രവും തമ്മിലുള്ള വേർതിരിവിലേക്കു പാശ്ചാത്യ സമൂഹത്തെ നയിച്ചതും സ്വതന്ത്ര ജനാധിപത്യ പരമാധികാര രാജ്യങ്ങളായി വളരാൻ അവയെ സഹായിച്ചതും ശാസ്ത്രീയമായ സ്വയം വിമർശ്ശനവും മതനിരാസത്തോളമെത്തുന്ന മതനിരപേക്ഷ ജനാധിപത്യ സങ്കല്പങ്ങളുമായിരുന്നു.
“സ്വാതന്ത്ര്യം, സമത്വം , സാഹോദര്യം” എന്നീ സുവിശേഷ ദർശനങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെയാണ് മതാനുഷ്ഠാനങ്ങളെയും വിശ്വാസാചാരങ്ങളെയും ഫ്രഞ്ചുജനത വിമർശനവിധേയമാക്കിയത്. വിപ്ലമാത്മകമായ സാമൂഹ്യമാറ്റങ്ങൾ മതത്തെ സ്വയം വിമർശനത്തിനും നവീകരണത്തിനും പ്രേരിപ്പിച്ചു. മതം അതിന്റെ ആന്തരീക മൂല്യങ്ങളും ചൈതന്യവും കണ്ടെത്തുന്നതിനും മാറിയ ലോകത്തു നിരന്തരം സ്വയം നവീകരണത്തിന് വിധേയമാകുന്നതിനും, അടിസ്ഥാനപരമായ വിശ്വാസ ബോധ്യങ്ങളെയും സുവിശേഷ മൂല്യങ്ങളെയും മുറുകെപിടിക്കുന്നതിനും ഈ പ്രക്രിയ സഹായകമായി.
ഇരുണ്ടയുഗമെന്നു ചരിത്രം വിളിക്കുന്ന മത-രാഷ്ട്ര സമൂഹങ്ങളുടെ യുഗത്തിൽനിന്നു ആധുനിക മതനിരപേക്ഷ ജനാധിപത്യ സ്വതന്ത്ര സമൂഹങ്ങളിലേക്കുള്ള ലോകത്തിന്റെ വളർച്ചയിൽ ക്രിസ്തീയതക്ക് അതിന്റെതായ ഒരു പങ്കുണ്ട്. അത്തരം വളർച്ചയെ ഉൾക്കൊള്ളാൻ മടികാട്ടിയവരും അതിനെ തിന്മയായിക്കരുത്തി തള്ളിക്കളഞ്ഞവരും ചരിത്രത്തിന്റെ വഴികളിൽ ഇന്നും തറഞ്ഞുനിൽക്കുന്നുണ്ട്. മതാന്ധതയുടെയും പടയോട്ടങ്ങളുടെയും ആ ഇരുണ്ട യുഗത്തിലേക്ക് ലോകത്തെ തിരികെ കൊണ്ടുപോകാനുള്ള ശ്രമങ്ങൾ പലയിടങ്ങളിലെന്നപോലെ ഇന്നാട്ടിലും ഇന്ന് ശക്തമാണ് എന്നത് കാണാതിരുന്നുകൂടാ.
ക്രിസ്തീയതയുടെ ആന്തരീക ബലം സ്വയം വിമർശനത്തിനും നവീകരണത്തിനുമുള്ള അതിന്റെ തുറവിതന്നെയാണ്. പ്രകോപനപരമായ വിമർശനങ്ങളെപോലും ക്രിയാത്മകമായി സമീപിക്കാൻ ക്രിസ്ത്യാനിയെ സഹായിക്കുന്നതും ഈ തുറവിതന്നെയാണ്. എന്നാൽ, ഈ മനോഭാവത്തെ അലംഭാവമോ ബലഹീനതയോ ആയി കരുതുന്നവർ സമൂഹത്തിൽ വളർന്നു വരുന്നുണ്ടോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മതരാഷ്ര സ്ഥാപനത്തിനുവേണ്ടി മത വർഗീയതയെയും ഫാസിസ്റ്റു ശൈലികളെയും കൂട്ടുപിടിച്ചു കിടമത്സരം നടത്തുന്ന സമകാലിക ഇന്ത്യൻ സമൂഹത്തിൽ, മത വിമർശം നടത്തുന്നവർക്കു കുറേക്കൂടി ഗൗരവമായി അത് ചെയ്യാൻ കഴിയണമായിരുന്നു എന്നുമാത്രം ചൂണ്ടിക്കാണിക്കട്ടെ. ക്രിസ്തീയതയുടെ വാണിജ്യവൽക്കരണമാണ് മതത്തിന്റെ തീവ്രവാദവൽക്കരണത്തെക്കാൾ “ബീഭത്സമായ ആഗോള പ്രശനം” എന്നൊക്കെ എഴുതിപിടിപ്പിക്കുന്നവർ ഏതുലോകത്തിരുന്നാണ് ജീവിതം കാണുന്നതെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല! ഒരു മാധ്യമവും നിഷ്പക്ഷമല്ല എന്നതുപോലെ, ഇക്കാര്യത്തിൽ “മാധ്യമം” വാരികയും അത്ര നിഷ്പക്ഷമാണെന്നു കരുതാൻ വയ്യ!
Fr. വർഗീസ് വള്ളിക്കാട്ട്










Leave a Reply