Sathyadarsanam

പൗരത്വഭേദഗതി നിയമം, പൗരത്വരജിസ്റ്റര്‍

പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വരജിസ്റ്റര്‍ ഉണ്ടാക്കലും സംബന്ധിച്ച് ഭാരതത്തിലുണ്ടാകുന്ന കോലാഹലങ്ങള്‍‍ ലോകം മുഴുവനും വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരുപാട് മനുഷ്യരുടെ ആശങ്കകള്‍ ഈ വിഷയത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ജാതിമതഭേദമെന്യേ മനുഷ്യര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. സര്‍വ്വകലാശാലകള്‍ അടച്ചിടേണ്ടുന്ന അവസ്ഥ വരെ രൂപപ്പെട്ടു. ഭാരതമെന്ന മതേതര-ജനാധിപത്യ റിപ്പബ്ലിക്ക് ഒരു മതന്യൂനപക്ഷത്തോട് പ്രകടിപ്പിക്കുന്ന സംഘടിതമായ വിരോധചിന്തയുടെ ഭാഗമാണ് പുതിയ ബില്ലുകള്‍ എന്ന് വ്യാഖ്യാനിക്കപ്പെട്ടപ്പോള്‍ ഭാരതത്തിലെ മറ്റൊരു ന്യൂനപക്ഷമായ ക്രൈസ്തവരുടെ ഈ വിഷയത്തിലുള്ള നിലപാട് എന്താണ് എന്ന് പല ഭാഗങ്ങളില്‍ നിന്നും ചോദ്യങ്ങളുയര്‍ന്നു. പൗരത്വഭേദഗതി ബില്ലില്‍ മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള വിവേചനവും പ്രസ്തുത നിയമത്തിന്‍റെ പ്രയോജനം ഏതാനും ചില രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ക്കായി പരിമിതപ്പെടുത്തിയതും ശരിയല്ലെന്ന നിലപാടാണ് കെസിബിസി ഈ വിഷയത്തില്‍ സ്വീകരിച്ചത്. ചിലരോട് മാത്രമായ വിവേചനം അംഗീകരിക്കാനാവില്ലെന്നാണ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് സൂസൈപാക്യം പറഞ്ഞത്. പൗരത്വനിയമഭേദഗതിയില്‍ പുനരവലോകനം നടത്തണം എന്ന് സീറോ മലബാര്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മതം പൗരത്വത്തിന്റെ അളവുകോലായി കാണരുതെന്നും പൗരത്വഭേദഗതി നിയമത്തിനെതിരേ സമരംചെയ്യുന്നവരുമായി സര്‍ക്കാര്‍ സംഭാഷണത്തിന് തയ്യാറാകണമെന്നും ഭാരതകത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ആവശ്യപ്പെട്ടു. ഒറ്റപ്പെട്ടതെങ്കിലും ചില വൈദികരുടെ പൊതുപ്രസംഗങ്ങളും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ചില സാഹചര്യങ്ങളുമുണ്ടായി എന്നതും കാണാവുന്നതാണ്.

രാഷ്ട്രത്തിന്‍റെ നിയമവ്യവസ്ഥയെയും ഭരണകൂടത്തെയും മാനിച്ചുകൊണ്ട് തികച്ചും കുലീനമായ രീതിയില്‍ത്തന്നെ തങ്ങളുടെ ആശങ്കകള്‍ അധികാരികളെ അറിയിക്കാന്‍ ഭാരതത്തിലെ ക്രൈസ്തവസഭകളുടെ നേതൃത്വത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും ഇതിന്‍റെ പേരില്‍ സര്‍ക്കാരിനെതിരേ പടവാളെടുക്കാനോ തെരുവിലറങ്ങാനോ ക്രൈസ്തവസമുദായം തയാറായിട്ടില്ല, അതിനുള്ള തിടുക്കവും ആരുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുമില്ല. അതിനാല്‍ത്തന്നെ ഈ വിഷയങ്ങളിലുള്ള ക്രൈസ്തവസഭകളുടെ അവധാനതയെ അഭിനന്ദിച്ചവരും പരിഹസിച്ചവരും ഉണ്ട്. ഒരു മുന്‍ ഹൈക്കോടതി ജഡ്ജി മുന്നറിയിപ്പിന്റെ സ്വരത്തില്‍ ക്രൈസ്തവരുടെ ഈ നിശബ്ദതയെ വിമര്‍ശിച്ചതും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ഈ സാഹചര്യത്തില്‍ പൗരത്വേഭേദഗതിനിയമത്തെയും പൗരത്വരജിസ്റ്ററിനെയും സംബന്ധിക്കുന്ന ചര്‍ച്ചകള്‍ ഭാരതത്തില്‍ രൂപപ്പെട്ടു വന്ന സാഹചര്യം നാം പുനരാലോചനകള്‍ക്ക് വിധേയമാക്കണമെന്ന് കെസിബിസി സെക്രട്ടറി ജനറല്‍ റവ. ഫാ. വര്‍ഗീസ് വള്ളിക്കാട്ട് തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളെ ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യവുമായി മാത്രം ചേർത്തു വായിക്കുമ്പോൾ കിട്ടുന്നത് ഏകപക്ഷീയവും ഭാഗീകവുമായ ഒരു ചിത്രമായിരിക്കും. ഓരോരുത്തരുടെയും രാഷ്ട്രീയ നിലപാടുകൾക്കനുസരിച് ഈ ചിത്രത്തിന് നിറഭേദങ്ങളുമുണ്ടായിരിക്കും. ഇത്തരം നിറഭേദങ്ങളും നിഴൽ യുദ്ധങ്ങളും രാജ്യത്തിനോ ജനങ്ങൾക്കോ എന്തു ഗുണംചെയ്യും എന്നതിനേക്കാൾ, രാഷ്ട്രീയമായി എന്തുലാഭമുണ്ടാക്കും എന്ന ചിന്തയാണത്രേ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ശക്തിപ്പെട്ടുവരുന്നത്.

കുടിയേറ്റം, അഭയാർത്ഥി പ്രവാഹം, രാഷ്ട്രീയവും മതപരവുമായ കരണങ്ങളാലുള്ള പലായനങ്ങൾ എന്നിവ ലോകത്തിന്റെ പലഭാഗത്തും നടക്കുന്നുണ്ട്. സാഹചര്യങ്ങളുടെ സമ്മർദംകൊണ്ടും, കൂടുതൽ മെച്ചമായ സാഹചര്യങ്ങൾ തേടിയും വ്യക്തിപരമായ കാരണങ്ങൾകൊണ്ടും കുടിയേറ്റം നടക്കുന്നുണ്ട്. അതോടൊപ്പം തന്നെ ആഗോളതലത്തിൽ ആസൂത്രണം ചെയ്യപ്പെടുന്നതും വ്യക്തമായ അജണ്ടകളോടുകൂടിയതുമായ കുടിയേറ്റങ്ങളുമുണ്ട് എന്ന തിരിച്ചറിവും ഇന്നുണ്ടായിവരുന്നുണ്ട്. കുടിയേറ്റം മതപരവും രാഷ്ട്രീയവുമായ കടമയായി കരുതുന്നവരുണ്ട്. ആഗോളതലത്തിൽ നടക്കുന്ന കുടിയേറ്റങ്ങളിൽ, അതിന്റെ കാരണം കൊണ്ടും ലക്ഷ്യംകൊണ്ടും സവിശേഷതയുള്ളതാണ് ‘ഹിജ്‌റ’ അഥവ ഉപേക്ഷിച്ചുപോകൽ. ഇതിനു മതപരമായ ലക്ഷ്യങ്ങളോടൊപ്പം രാഷ്ട്രീയ ലക്ഷ്യങ്ങളുമുണ്ടായിരുന്നതായി ലോകരാഷ്ട്രങ്ങളുടെ ചരിതം പരിശോധിച്ചാൽ മനസ്സിലാകും. ഇന്നും, മത പ്രചാരണത്തിനും മതരാഷ്ട്ര സ്ഥാപനതിനുമുള്ള വ്യക്തിപരവും സാമൂഹികവുമായ കടമ എന്നനിലയിൽ ഇത്തരം പലായനങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നുണ്ടാവാം. ഏതെങ്കിലും ഒരു രാഷ്ട്രീയ ബുദ്ധികേന്ദ്രത്തിന്റെയോ വ്യക്തികളുടെയോ പ്രവർത്തനം എന്നതിനേക്കാൾ ലോകമാകെ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന ‘പൊളിറ്റിക്കൽ ഇസ്ലാം’ എന്ന റാഡിക്കൽ മൂവ്മെന്റിന്റെയും അതിനുപിന്നിൽ പ്രവർത്തിക്കുന്ന സാമ്പത്തിക രാഷ്ട്രീയ ശക്തികളുടെയും സമ്മിശ്ര പ്രവർത്തനഫലവുമാണിത് എന്ന് തെളിയിക്കുന്ന പഠനങ്ങള്‍ തന്നെയുണ്ട്.

ഈ യാഥാർഥ്യവുമായി അവശ്യം ബന്ധപ്പെടുത്തിമാത്രമേ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്ന പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്റർ സംബന്ധിച്ച തർക്കങ്ങളും ശരിയായ രീതിയിൽ മനസ്സിലാക്കാൻ കഴിയൂ. ഇന്ത്യയിൽ ബി ജെ പി ഒഴിച്ച് മറ്റൊരു രാഷ്ട്രീയ പാർട്ടിയും ആഗോള പൊളിറ്റിക്കൽ ഇസ്ലാം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ രാഷ്ട്രീയമായി വിശകലനം ചെയ്യുകയോ വിലയിരുത്തുകയോ അതിനേ രാഷ്ട്രീയമായി എങ്ങിനെ നേരിടണം എന്നു നയപരമായി തീരുമാനിക്കുകയോ വ്യക്തമാക്കുകയോ ചെയ്തിട്ടില്ല എന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യവുമായി ഇതു കൂട്ടിവായിക്കണം. മൈനോരിറ്റി വോട്ടുബാങ്ക് ലക്ഷ്യംവയ്ക്കുന്ന ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അതിനുള്ള ധൈര്യം ഉടനെ യെങ്ങും ഉണ്ടാവുമെന്നും കരുതാനാവില്ല. ഇവിടെയാണ് യഥാർത്ഥ പ്രശ്നം കുടികൊള്ളുന്നത്. ആഗോളതലത്തിൽ, മത-രാഷ്ട്ര ഭീകരതയുമായി ബന്ധപ്പെട്ട പൊളിറ്റിക്കൽ ഇസ്ലാമിനെ വേറിട്ടുകാണുന്നതിൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കുവന്ന പരാജയം, ഇസ്ലാം ഭീകരതയെ തള്ളിപ്പറയുന്നവർ മുസ്ലീങ്ങളുടെ ശത്രുക്കളാണ് എന്ന കാഴ്ചപ്പാട് വളർന്നുവരാൻ ഇടയാക്കി. ഈ ദുരവസ്ഥയിൽ ഏറ്റവും പ്രയാസം അനുഭവിക്കേണ്ടിവരുന്നത് ഇന്ത്യയിലെ ദേശസ്നേഹികളായ സാധാരണ മുസ്ലീങ്ങളാണ്.

ഗ്ലോബൽ പൊളിറ്റിക്കൽ ഇസ്ലാമും മുസ്ലീം ലീഗും ഒന്നല്ല. ഗ്ലോബൽ പൊളിറ്റിക്കൽ ഇസ്ലാമും ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മുസ്ലീങ്ങളുടെ രാഷ്ട്രീയവും ഒന്നല്ല. എന്നാൽ ഗ്ലോബൽ പൊളിറ്റിക്കൽ ഇസ്ലാമുമായി ബന്ധമുള്ള പൊളിറ്റിക്കൽ പ്രസ്ഥാനങ്ങളും പാർട്ടികളും ഇവിടെ ശക്തിയാർജ്ജിക്കുന്നുണ്ട്. ഇതു മൂടിവച്ചു പ്രവർത്തിക്കേണ്ടത് വോട്ടുബാങ്ക് രാഷ്ട്രീയത്തിൽമാത്രം കണ്ണുവച്ചു രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന എല്ലാ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും ചുമതലയായി അവർ സ്വയം ഏറ്റെടുത്തതാണ്, യഥാർത്ഥത്തിൽ ബി ജെ പി രാഷ്ട്രീയത്തെ പൊതുവിൽ ന്യൂനപക്ഷ വിരുദ്ധമാക്കുന്നത് എന്ന് ആരും മറക്കരുത്.

ഇത്രയും സൂചിപ്പിക്കുന്നതുകൊണ്ട് സത്യാന്വേഷി ഏതെങ്കിലുമൊരു പക്ഷം ചേരുകയാണ് എന്ന് അര്‍ത്ഥമില്ല. നമ്മുടെ പ്രതിഷേധങ്ങള്‍ ചരിത്രപരമായ മണ്ടത്തരങ്ങളായിരുന്നുവെന്ന് കാലം വിധിയെഴുതാതിരിക്കാന്‍ പൗരത്വനിയമഭേദഗതി, ദേശീയപൗരത്വ രജിസ്റ്റര്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളില്‍ ക്രൈസ്തവസഭകള്‍ പുലര്‍ത്തുന്ന അവധാനതയും സാവകാശവും മാതൃകാപരമാണ്. വിശദമായ പഠനവും പരിസരബോധവും ഈ വിഷയങ്ങളിലുള്ള ക്രിയാത്മകമായ പ്രതികരണത്തിന് അനിവാര്യമാണെന്ന് ഓരോ ക്രൈസ്തവനെയും ഓര്‍മ്മിപ്പിക്കുക മാത്രമാണ് സത്യാന്വേഷി ചെയ്യുന്നത്.

നോബിള്‍ തോമസ് പാറയ്ക്കല്‍

Leave a Reply

Your email address will not be published. Required fields are marked *