താലികെട്ട് സമ്പ്രദായം കേരളത്തിലെ ഉന്നതകുലജാതികൾക്കിടയിൽ നിലവിലിരുന്ന ‘മഞ്ഞക്കുളി കല്യാണം” എന്ന സമ്പ്രദായത്തോട് സാദൃശ്യം പുലർത്തുന്നതാണ് എന്നു കരുതാനാവും. ഹൈന്ദവ സമ്പ്രദായത്തിലുള്ള ‘താലികെട്ടു കല്യാണവുമായി’ ഈ പദത്തിന് ബന്ധമുണ്ടെന്ന് കരുതുന്നതിൽ തെറ്റുണ്ടാകാനിടയില്ല. ഹൈന്ദവ സംസ്കാരത്തിലുള്ള പദപ്രയോഗം ക്രൈസ്തവ പാരമ്പര്യത്തിലേക്ക് കടന്നുവന്നതാവാം എന്നു ചിലർ കരുതുന്നു. കാരണം ഭാരതീയ സംസ്കാരത്തിൽ വിവാഹത്തിന്റെ അംഗീകാരമുദ്രയായി താലിയെ കരുതുന്നു.
ആദിമകാലഘട്ടങ്ങളിൽ താലി 108 നൂലുകളിൽ ഇഴചേർന്നതായിരുന്നു എന്ന അഭിപ്രായവും നിലനിൽക്കുന്നു. പതിനേഴാം നൂറ്റാണ്ടുവരെ മേൽപ്പറഞ്ഞ ഒരു സമ്പ്രദായം കേരളത്തിലെ നസ്രാണി ക്രൈസ്തവരുടെ ഇടയിലും നിലനിന്നിരുന്നുവെന്ന ഒരു അഭിപ്രായമുണ്ട്. ചന്ദനനിറത്തിലുള്ള 108 നൂലുകൾ താലിക്കായി ഉപയോഗിച്ചിരുന്നതിനെ ഉദയംപേരൂർ സൂനഹദോസിൽ ഒരു അന്ധവിശ്വാസമായി തള്ളിപ്പറഞ്ഞിരുന്നതായും അഭിപ്രായമുണ്ട്. ഉദയംപേരൂർ സൂനഹദോസിനുശേഷം താലിക്കായി ഉപയോഗിക്കുന്ന നൂലുകളുടെ എണ്ണം 21 ആയി ചുരുക്കിയെന്നും 21 നൂലുകളെ ഏഴു വീതമുള്ള മൂന്നു ഗണമായി തിരിച്ച് ഒറ്റനൂലായി ഉപയോഗിച്ചിരുന്നുവെന്നും അഭിപ്രായമുണ്ട്.
ചന്ദനനിറത്തിലുള്ള നൂലുകൾ ഉദയംപേരൂർ സൂനഹദോസിൽ വിലക്കപ്പെട്ടതിനുശേഷം മന്ത്രകോടിയിൽ നിന്നുള്ള നൂലുകളെടുത്താണ് താലിമാല ഉണ്ടാക്കുക. ക്രൈസ്തവർ ഹൈന്ദവ സമ്പ്രദായത്തിൽനിന്ന് വ്യത്യസ്തമായി താലിയുടെ ഒരു ഭാഗത്ത് കുരിശുരൂപവും മറുഭാഗത്ത് മിന്നും കെട്ടിയിരുന്നു. ഇന്ത്യൻ സംസ്കാരത്തിൽ നൂല് ആത്മാവിന്റെ അനന്തമായ പ്രവാഹത്തെ സൂചിപ്പിക്കുന്നു. ദൈവവരപ്രസാദത്തെയും ഉടമ്പടിയുടെ സ്വഭാവത്തെയുമാണ് ക്രൈസ്തവ മതസംസ്കാരത്തിൽ താലി സൂചിപ്പിക്കുന്നത്.
ക്രൈസ്തവ ദൈവശാസ്ത്രത്തിൽ പരിപൂർണമായ ഐക്യത്തിന്റെ പ്രതീകമാണ് താലി. വിശ്വസ്തതയിലും സ്നേഹത്തിലും ദമ്പതികൾ പരസ്പരം ഒന്നുചേരുന്നതിന്റെ അടയാളമാണ് താലികെട്ട് സൂചിപ്പിക്കുക. പുരുഷൻ സ്ത്രീയെ ഭാര്യയായി സ്വീകരിച്ചുകൊള്ളാമെന്നും ജീവിതാവസാനംവരെ സംരക്ഷിച്ചുകൊള്ളാമെന്നും ഇതിലൂടെ വാഗ്ദാനം ചെയ്യുന്നു. ആശീർവദിച്ച താലി വധുവിന്റെ കഴുത്തിൽ ധരിക്കുന്നതിനായി വരന്റെ കൈയിൽ നൽകുന്നു. താലികെട്ടിലൂടെ ഭാര്യ സ്വയമായി ഭർത്താവിന് സമർപ്പിക്കുന്നതുപോലെ ഭർത്താവ് ഭാര്യയ്ക്കും സമർപ്പിക്കുന്നുവെന്ന വസ്തുത വെളിപ്പെടുത്തുന്നു. ദമ്പതികളുടെമേൽ ദൈവത്തിന്റെ കൃപാവരം ചൊരിയുന്നതിനെ താലികെട്ട് സൂചിപ്പിക്കുന്നത്.
മിശിഹാ സഭയ്ക്ക് തന്നെത്തന്നെ സമർപ്പിച്ചതിന്റെ പ്രതീകമാണ് താലി കെട്ടുന്നതിലൂടെ സൂചിപ്പിക്കുക. വിവാഹം സഭയും മിശിഹായും തമ്മിലുള്ള സ്നേഹ ഉടമ്പടിയുടെ പ്രതീകമാണിത്. സഭ മിശിഹായോട് സ്വയം വിധേയപ്പെടുന്നതിനെയും താലികെട്ടു സൂചിപ്പിക്കുന്നു. ദൈവത്തിന്റെ അനന്തമായ കൃപാവർഷത്തെ താലി ദ്യോതിപ്പിക്കുന്നു. ദാമ്പത്യജീവിതം ഒരിക്കലും വേർപെടുത്താനാവാത്ത ശാശ്വതമായ ഉടമ്പടിയാണെന്ന് താലി കെട്ടുന്നതിലൂടെ വധൂവരന്മാരെ സഭ ഓർമപ്പെടുത്തുന്നു.
ദൈവമായ കർത്താവ് സ്ത്രീപുരുഷന്മാരെ പരസ്പരസ്നേഹത്തിൽ ഒന്നിപ്പിക്കുന്ന കർമമാണ് താലികെട്ട്. സ്നേഹത്തിലും വിശ്വസ്തതയിലും വധൂവരന്മാർ പരസ്പരം ബന്ധിപ്പിക്കുന്നു. താലിയിലുള്ള കുരിശ് ദൈവസ്നേഹത്തിന്റെ പ്രതീകമാണ്. ദൈവത്തിന്റെ സ്നേഹ ഉടമ്പടിയുടെ അർത്ഥത്തിൽ മാത്രമേ താലികെട്ട് കർമം മനസിലാക്കാനാവൂ. ക്രൈസ്തവ വിവാഹത്തിന്റെ ആധാരമായ സഭയും മിശിഹായും തമ്മിലുള്ള വിവാഹബന്ധത്തിന്റെ മാതൃകയും കുരിശിലെ ആത്മബലിയുടെ സ്വഭാവവുമാണ് വധൂവരന്മാർ തമ്മിലുള്ള വിവാഹ ഉടമ്പടി.
കുരിശിലൂടെ വെളിപ്പെടുത്തപ്പെട്ട സമർപ്പണത്തെയും വിശ്വസ്തതയെയും താലി സൂചിപ്പിക്കുന്നു. ”കുരിശുമരണം വഴി തിരുസഭയെ വധുവായി സ്വീകരിച്ച കർത്താവേ, വിശ്വാസത്തിലും സ്നേഹത്തിലും വധൂവരന്മാരെ ഒന്നിപ്പിക്കുന്ന ഈ താലി ദയാപൂർവം ആശീർവദിക്കണമേ” എന്നാണ് സീറോ മലബാർ സഭയുടെ വിവാഹകർമത്തിൽ സഭ പ്രാർത്ഥിക്കുന്നത്. പ്രസ്തുത പ്രാർത്ഥന താലികെട്ടുന്നതിന്റെ ആന്തരികാർത്ഥത്തെ വെളിവാക്കുന്നു. താലിയിലുള്ള കുരിശ് വധൂവരന്മാർ തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. ദമ്പതികളുടെ ”വിശ്വസ്തതയുടെ അടയാളമാണ്.” അങ്ങനെ വിവാഹമെന്നത് ദമ്പതിമാർ തങ്ങളുടെ ശരീരവും ജീവനും വിശുദ്ധവും ദൈവത്തിന് പ്രീതികരവുമായ ഒരു സജീവ ബലിയായി (റോമ.12:1) സമർപ്പിക്കുന്നതിനുള്ള ഒരു വിളിയായി മാറുന്നു.
മിന്ന് എന്ന പദത്തിന് തിളങ്ങുക, പ്രകാശിക്കുക എന്നാണ് പൊതുവായ അർത്ഥം. ഈ വാക്ക് ഒരുപക്ഷേ സ്വർണംകൊണ്ടുള്ള ഒരു ആഭരണം, മിന്നുന്ന ആഭരണം എന്ന അർത്ഥം സൂചിപ്പിക്കുന്നതിനായി ഉപയോഗിച്ചതാകാൻ ഇടയുണ്ട്. അരയാലിന്റെ ഇലയുടെ ആകൃതിയുള്ള മിന്ന് ഹൈന്ദവ സംസ്കാരത്തിൽ സന്താനപുഷ്ടിയുടെയും സ്നേഹത്തിന്റേതുമായാണ് അറിയപ്പെടുന്നത്.
ക്രൈസ്തവ വിവാഹത്തിൽ താലിയിൽ കാണുന്ന മിന്നിൽ കുരിശ് ചിഹ്നം ഉപയോഗിക്കുന്നു. ദൈവശാസ്ത്രപരമായി ആഴമായ അർത്ഥമാണിതിനുള്ളത്. ജീവിതകാലം മുഴുവനും ക്രിസ്തുവിന് ജീവിതം സമർപ്പിച്ചതിന്റെയും നിത്യസൂര്യനായ ക്രിസ്തു ദമ്പതികളുടെ ജീവിതത്തെ പ്രകാശമാനമാക്കുന്നതിനെയും മിന്ന് സൂചിപ്പിക്കുന്നു. മിന്ന് സൗഭാഗ്യജീവിതത്തെയും ദൈവികതയെയും സൂചിപ്പിക്കുന്നു.
മിന്നിൽ രൂപപ്പെടുത്തിയിരിക്കുന്ന കുരിശ് ക്രിസ്തുവിൽ കേന്ദ്രീകൃതമായ ദാമ്പത്യജീവിതത്തെയാണ് പ്രതിപാദിക്കുക. ദമ്പതികൾക്ക് ലഭിച്ചിരിക്കുന്ന സ്നേഹത്തിന്റെ ഒരു ഫലകമാണ് മിന്ന്. കുരിശിലാണ് ക്രൈസ്തവ ദാമ്പത്യജീവിതത്തിന്റെ വിജയപതാക പാറുന്നത്. വധൂവരന്മാർ അവരുടെ വൈകാരിക സ്നേഹത്തിന്റെ മുകളിൽ നടത്തിയ വിജയത്തിന്റെ പ്രതീകമായിട്ടാണ് മിന്ന് പ്രശോഭിക്കുന്നത്.
ദൈവസ്നേഹത്തിന്റെ പ്രതീകമായും ദാമ്പത്യജീവിതത്തിന്റെ ഫലകമായും മിന്ന് കരുതാവുന്നതാണ്. ദമ്പതികൾ ഭൂമിയിൽ ആരംഭിച്ചിരിക്കുന്ന ജഡികാഭിലാഷങ്ങളുടെ മേലുള്ള ആധ്യാത്മിക യുദ്ധത്തിന്റെ പ്രതീകമാണ് മിന്ന്. വരാനിരിക്കുന്ന ദൈവരാജ്യത്തിന്റെ പൂർണതയിൽ എത്തിച്ചേരുന്നതിന് ദമ്പതിമാർ ഈ ലോകത്തിൽ ആധ്യാത്മികയുദ്ധത്തിലേർപ്പെട്ടിരിക്കുന്നു. ഈ ലോകജീവിതത്തെ അതിജീവിച്ച് വിജയം പ്രാപിച്ച് സ്വർഗരാജ്യത്തിലെത്തിച്ചേരുന്നതിനുള്ള ഒരു വിശുദ്ധിയുടെ ഒരു വിളിയാണ് ദാമ്പത്യബന്ധം. ലോകത്തിൽ ജീവിക്കുന്ന ദമ്പതികൾ സ്വർഗരാജ്യം കൈവശപ്പെടുത്താനുള്ള അവരുടെ യുദ്ധത്തിലേർപ്പെടുമ്പോൾ ഉപയോഗിക്കുന്ന ആധ്യാത്മിക പരിചയാണ് മിന്ന്.
റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്










Leave a Reply