മനുഷ്യന്‍ മൂല്യങ്ങളെ തലമുറകളിലേക്ക് കൈമാറുന്ന മാധ്യമമാണ് സംസ്‌കാരം. ആത്മീയ മൂല്യങ്ങളെ പകര്‍ന്നു നല്‍കുന്ന സംസ്‌കാരമാണ് പാരമ്പര്യം. തനതായ പാരമ്പര്യം ഓരോ മതത്തിന്റെയും വിശ്വാസ സമ്പത്താണ്. സംസ്‌കാരം ലൗകിക തലവും പാരമ്പര്യം മത-വിശ്വാസ തലവുമാണ്. സംസ്‌കാരവും പാരമ്പര്യവും വെള്ളവും എണ്ണയും പോലെയാണ്. പാരമ്പര്യം മതത്തില്‍ എത്രമാത്രം പ്രധാനപ്പെട്ടതാണോ അത്രത്തോളം സുപ്രധാനമാണ് സാംസ്‌കാരം ലോകത്തിന്.
സമൂഹവും മതവും
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ജീവിതശൈലി എന്നിവ തനിമകളോടെ കുടുംബത്തിലും സമൂഹത്തിലും തുടരുന്ന തഴക്കമാണ് സംസ്‌കാരം. സമൂഹത്തെ മനസിലാക്കുന്നതും സാംസ്‌കാരിക തനിമകളിലൂടെയാണ്. സമൂഹമാകുന്ന അസ്ഥികൂടത്തിന്റെ മാംസവും രക്തവുമാണ് സംസ്‌കാരം. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും സാംസ്‌കാരിക ആഘോഷങ്ങളാണ്. പലഹാരങ്ങളുടെ വൈവിധ്യം കണ്ണിനുപോലും ആഘോഷമാണ്, നാവിനും മധുരം!
വസ്ത്രവും ആഘോഷം തന്നെ. വസ്ത്രധാരണ ശൈലി സംസ്‌കാരത്തെ പ്രഘോഷിക്കുന്നു. സാംസ്‌കാരിക ആഘോഷങ്ങളില്ലാത്ത സമൂഹങ്ങളില്ല. വിശ്വാസം കുടുംബം വഴിയും, ആരാധനക്രമം വഴിയും തലമുറകള്‍ക്ക് കൈമാറി, സമൂഹത്തില്‍ പ്രഘോഷിക്കുന്ന സംസ്‌കാരമാണ് പാരമ്പര്യം. മതാത്മകത സംസ്‌കാരമാകുമ്പോള്‍ പാരമ്പര്യമാകും. സംസ്‌കാരം സമൂഹത്തിന് എത്രത്തോളം പ്രസക്തമാണോ, അത്രത്തോളം പാരമ്പര്യങ്ങള്‍ മതത്തിനും പ്രസക്തമാണ്. മൂല്യങ്ങള്‍ സംസ്‌കാരങ്ങളില്‍ കൈമാറ്റപ്പെടുന്നതിനാല്‍ സമൂഹങ്ങള്‍ നിലനില്‍ക്കുന്നു. ഇതുപോലെ മതങ്ങളുടെ നിലനില്പും പാരമ്പര്യങ്ങളിലുള്ള ആത്മീയ മൂല്യങ്ങളിലും അവയാഘോഷിക്കപ്പെടുന്ന ആരാധനക്രമത്തിലുമാണ്. എന്നാല്‍ ഇത് മതങ്ങളുടെ നിലനില്‍പ്പിനായി പുരോഹിത വര്‍ഗം അടിച്ചേല്‍പിക്കുന്ന ഭാണ്ഡക്കെട്ടല്ല. മൂല്യങ്ങള്‍ സമൂഹത്തിന്റെ ഭാണ്ഡക്കെട്ടുകളല്ലല്ലോ? മൂല്യങ്ങളില്ലെങ്കില്‍ മനുഷ്യന്‍ പോലുമില്ല. പിന്നെയാണോ സമുഹം? മൂല്യങ്ങളുള്ള വിശ്വാസ പാരമ്പര്യങ്ങളില്ലെങ്കില്‍ മതങ്ങളുമില്ല.
വിശുദ്ധ ജനം
മനുഷ്യന്‍ പറുദീസായില്‍ പാപം വഴി സ്വര്‍ഗം നഷ്ടമാക്കി. ദൈവവുമായുള്ള ബന്ധം വിഛേദിക്കപ്പെട്ടു. ഈ ഉടമ്പടിബന്ധം വീണ്ടെടുത്ത് നിത്യജീവന്‍ നല്‍കി ദൈവത്തിന് അര്‍ഹമായ സ്ഥാനവും ആരാധനയും സമര്‍പ്പിക്കുന്ന ഒരു രാജകീയ വിശുദ്ധ ജനത്തെ രൂപപ്പെടുത്താന്‍ (1പത്രോ. 2:4-10) ദൈവം നിശ്ചയിച്ചു. അതിനായി ആദ്യജാതനെ (പുറ. 4:22) ഈജിപ്തിന്റെ അടിമത്വത്തില്‍ നിന്നും രക്ഷിച്ചു. അവിടുത്തെ ലക്ഷ്യം ഇസ്രായേല്‍ എന്ന രാജ്യം സ്ഥാപിക്കലല്ലായിരുന്നു. ആരാധനാ സമൂഹത്തിനു രൂപം നല്‍കലായിരുന്നു (പുറ. 3:12; 4:23; 5:1; 7:16; 8:1; 9:1).
ആബേല്‍ മുതല്‍ ആരാധനയുടെ – ബലിയുടെ പാരമ്പര്യം ആരംഭിച്ചു (ഉല്പ. 4: 4). അടിമത്വമോചനത്തിനായി കുഞ്ഞാടിന്റെ രക്തം തളിച്ച്, മാംസം ഭക്ഷിച്ച് പെസഹ ആചരിക്കാന്‍ ആഹ്വാനവും നല്‍കി (പുറ. 12). മരുഭൂമിയില്‍ വര്‍ഷിക്കപ്പെട്ട മന്ന വാഗ്ദാനപേടകത്തില്‍ തിരുസാന്നിധ്യ അപ്പമായി (പുറ. 25: 30). പിന്നീട് വാഗ്ദാന പേടകം ജറുസലേം ദൈവാലയത്തില്‍ സ്ഥാപിക്കപ്പെട്ടു (1രാജ. 8). ജറുസലേം യഹൂദ ജനത്തിന്റെ ആത്മീയ കേന്ദ്രമായി. ഇതാണ് ദൈവജനത്തിന്റെ സാംസ്‌കാരിക പാരമ്പര്യം.
ആദ്യജാതനായ ഇസ്രായേല്‍ സാംസ്‌കാരിക ദൈവാരാധനാ പാരമ്പര്യത്തില്‍ നിന്നും മാറിയപ്പോള്‍ അവര്‍ കഠിനമായി ശിക്ഷിക്കപ്പെട്ടു. ജനം പിന്നീട് പശ്ചാത്തപിക്കുമ്പോള്‍ ദൈവം അവരെ രക്ഷിച്ചു. ഇതാണ് ദൈവിക പാരമ്പര്യം. ഇവയെല്ലാം ദിവ്യകാരുണ്യത്തിനുവേണ്ടിയുള്ള ദൈവത്തിന്റെ സംസ്‌കാരിക പാരമ്പര്യ ഒരുക്കവുമായിരുന്നു. നൂറ്റാണ്ടുകളിലൂടെ ദൈവം പരിശുദ്ധ കുര്‍ബാന കേന്ദ്രീകൃത രക്ഷാകര പദ്ധതി പരമ്പരാഗതമായി തുടരുന്നു.
തിരുസഭയുടെ അടിത്തറ
ഈശോ പാരമ്പര്യ വാദിയും പുരോഗമന വാദിയുമാണ്. അവന്‍ യഹൂദ സംസ്‌കാരിക പാരമ്പര്യങ്ങളെ ശുദ്ധീകരിച്ച് പൂര്‍ത്തീകരിച്ച് തിരുസഭയ്ക്ക് അടിത്തറയിട്ടു. തെറ്റായ പാരമ്പര്യങ്ങളെ ഈശോ വിശുദ്ധീകരിച്ചു. ദൈവിക പാരമ്പര്യങ്ങളെക്കാള്‍ സ്വാര്‍ത്ഥതയെ പാരമ്പര്യമാക്കുന്ന സംസ്‌കാരത്തെ തിരുത്തി (മത്ത. 15:1-9). വിവാഹ മോചന പാരമ്പര്യം തെറ്റാണെന്ന് പഠിപ്പിച്ചു (മത്താ. 19:8). സിനഗോഗ് ശുശ്രൂഷയെയും (ലൂക്ക. 4:16), തിരുനാളുകളെയും പ്രോത്സാഹിപ്പിച്ചു (ലൂക്ക. 2:42; യോഹ. 7: 10). സാബത്ത് വിശ്രമത്തിനും നന്മചെയ്യുന്നതിനുമാണെന്നും വാദിച്ചു (ലൂക്ക 6: 1-11). 12 ഗോത്രങ്ങളെന്ന യഹൂദ പാരമ്പര്യത്തിന് അനുസൃതമായി പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ സഭയുണ്ടാക്കി (ലൂക്ക. 6: 12-16). പെസഹ കുഞ്ഞാടിനെ ബലിയര്‍പ്പിക്കുന്ന പാരമ്പര്യത്തെ പൂര്‍ത്തീകരിച്ച് സ്വയം ഇടയനായ കുഞ്ഞാടായി നിത്യ ബലിയുടെ പാരമ്പര്യമുണ്ടാക്കി (മത്താ. 26: 17-30).
വിശ്വാസം പ്രധാനം
പെന്തക്കുസ്തായോടുകൂടി ആദ്യജാതന്റെ യഹൂദ സംസ്‌കാരം, ഈശോയുടെ പാരമ്പര്യത്തോടെ കത്തോലിക്കാ പാരമ്പര്യമായി വളര്‍ന്നു. പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് ഉറച്ചുനില്‍ക്കാന്‍ പൗലോശ്ലീഹ ആഹ്വാനം ചെയ്യുന്നു (2തെസ. 2: 15). സാംസ്‌കാരിക അനുരൂപണങ്ങളിലൂടെ തിരുസഭ ആറു റീത്തുകളായി വളര്‍ന്നു. (അലക്‌സാണ്ട്രിയന്‍, അന്ത്യോക്യന്‍, അര്‍മേനിയന്‍, ബൈസന്റൈന്‍, കാല്‍ഡിയന്‍, ലാറ്റിന്‍) എല്ലാ റീത്തുകളിലുമുള്ള കത്തോലിക്കാ സംസ്‌കാരിക പാരമ്പര്യങ്ങളാണ് പരിശുദ്ധ കുര്‍ബാന കേന്ദ്രീകൃതമായ ആരാധനക്രമം. ഇതില്‍ കൂദാശകളും യാമപ്രാര്‍ത്ഥനയും കൂദാശാനുകരണങ്ങളും (ഉദാ. തിരുശേഷിപ്പു വണക്കം, വിശുദ്ധരുടെ തിരുനാള്‍), തിരുവചനവും ഉള്‍പ്പെടും. ഇത് കത്തോലിക്കാവിശ്വാസത്തിന്റെ സംസ്‌കാരമാണ്, പാരമ്പര്യമാണ്.
യഹൂദര്‍ ഏക സത്യദൈവത്തെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ ആരാധിച്ചപ്പോഴൊക്കെ ശിക്ഷണവിധേയമായി, ശിക്ഷിക്കപ്പെട്ടു. കത്തോലിക്കാ പാരമ്പര്യങ്ങളില്‍ നിന്നും വ്യതിചലിച്ചാലുണ്ടാകുന്ന ശിക്ഷയും, ശിക്ഷണവുമൊക്കെ ദൈവ കരുണയുടെയും നീതിയുടെയും ഭാഗമാണ്. എല്ലാവരും രക്ഷിക്കപ്പെടണം. അതാണല്ലോ പിതാവിന്റെ തിരുഹിതം (2പത്രോസ് 3:9).
എല്ലാ സംസ്‌കാരങ്ങളിലും മിശിഹ രഹസ്യം പ്രഘോഷിക്കപ്പെടണം (മത്താ. 28:20). ദൈവവചനത്തോടൊപ്പം വിശുദ്ധ പാരമ്പര്യവും പ്രധാനപ്പെട്ടതാണ്. (ദൈവാവിഷ്‌കരണം 7,8,9,10). പഴമകളോടും പുതുമകളോടും പക്വമായ തുറവിയോടെ വിശ്വാസത്തെ തലമുറകളിലേക്ക് പകരാനും ലോകത്തിനു നല്‍കാനും തിരുസഭയ്ക്ക് സാധിക്കണം. പാരമ്പര്യവാദവും പുരോഗമന വാദവും പാലും പഞ്ചസാരയും പോലെ ചേര്‍ത്ത് തിരുസഭയെ പടുത്തുയര്‍ത്തുക വലിയ വെല്ലുവിളിയാണ്. പാരമ്പര്യവാദത്തിന്റെയും പുരോഗമന വാദത്തിന്റെയും ശീതസമരത്തില്‍ കാലോചിത മാറ്റമെന്ന വേനല്‍കാറ്റും ശീതകാറ്റും ആഞ്ഞടിക്കുമ്പോഴും വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
റീത്തുകള്‍ പുരാതന സാംസ്‌കാരിക അനുരൂപണങ്ങളാണ്. അവയുടെ സമ്പന്നത അംഗീകരിക്കപ്പെണം (പൗരസ്ത്യ സഭകള്‍ 6). റീത്തുകള്‍ അപ്രധാനമാണെന്നും ഇന്നിന്റെ സാംസ്‌കാരിക അനുരൂപണം മാത്രം മതി എന്നും വാദിച്ചാല്‍ അത് വൈരുധ്യമാകും. രോഗസൗഖ്യങ്ങളും പൈശാചിക ബഹിഷ്‌കരണങ്ങളുമായ, അടയാള അത്ഭുതങ്ങളിലൂടെയുള്ള ഈശോയുടെ ജീവിത സംസ്‌കാരമാണ് സഭയിലിന്നും പരിശുദ്ധാരൂപിയില്‍ പാരമ്പര്യമാകേണ്ടത്. ഈ മിശിഹാ സംസ്‌കാരത്തിലെ തിരുസഭയ്ക്ക് നിലനില്ക്കാനാകൂ. അതിനായി മിശിഹായുടെ പ്രാര്‍ത്ഥന, പ്രായശ്ചിത്ത ജീവിത പാരമ്പര്യം എന്നിവ തിരുസഭയുടെ സംസ്‌കാരത്തില്‍ തുടരണം.
ആഗോള സംസ്‌കാരിക പ്രതിഭാസം
2033 ലേക്കു തിരുസഭ മുന്നേറുമ്പോള്‍ ലോകത്തെ കത്തോലിക്കാ പാരമ്പര്യങ്ങളിലേക്ക് സാംസ്‌കാരിക ആഘോഷങ്ങളിലൂടെ വളര്‍ത്താനുള്ള വെല്ലുവിളി ഓരോ വിശ്വാസിക്കുമുണ്ട്. പുല്‍ക്കൂടുകളും, ദനഹായും വലിയ ആഴ്ചയിലെ ഹോസാന- ദുഃഖവെള്ളി – ഉത്ഥാന ആഘോഷങ്ങളും അവയില്‍ ചിലതു മാത്രം. ഞായറാഴ്ച ആചരണം എന്ന പാരമ്പര്യം ക്രൈസ്തവര്‍ അതീവ ജാഗ്രതയോടെ കാത്തുസൂക്ഷിക്കണം. ഈ സംസ്‌കാരം മിശിഹായുടെ ഉത്ഥാനത്തെയും പെന്തക്കുസ്തായെയും പ്രഖ്യാപിക്കുന്ന മഹത്തായ പാരമ്പര്യങ്ങളാണ്. കാലോചിത മാറ്റമെന്ന പേരില്‍ ലൗകായികത്വം സാംസ്‌കാരികനുരൂപണമായി സഭയിലേക്കു തള്ളിക്കയറി. അങ്ങനെ മനഃശാസ്ത്രത്തിനും പ്രകൃതി ശാസ്ത്രത്തിനും ലോകത്തിന്റെ തത്വചിന്തകള്‍ക്കും അമിത പ്രാധാന്യം നല്‍കപ്പെട്ടു. കത്തോലിക്കാ പാരമ്പര്യമാകുന്ന ആരാധനക്രമവും പ്രായശ്ചിത്തവും പ്രാര്‍ത്ഥനയുമെല്ലാം ഞെരുങ്ങാന്‍ തുടങ്ങി. പാരമ്പര്യങ്ങളെ അര്‍ത്ഥമില്ലാത്ത ആചാരങ്ങളാണെന്ന വിമര്‍ശനങ്ങളുമായി തലമുറകളെ ലൗകായികത്വത്തിലേക്കു തള്ളിവിടരുത് (2തെസ. 2: 9-12). സംസ്‌കാരങ്ങളിലൂടെ പാരമ്പര്യങ്ങളെ തലമുറകളിലേക്കു പകരണം (2തെസ. 2: 15).
കത്തോലിക്കാസഭയുടെ ചങ്കിടിപ്പ്
വിശുദ്ധ പാരമ്പര്യവും വിശുദ്ധ ഗ്രന്ഥവും ഒരേ ദൈവിക ഉറവയില്‍നിന്നും പ്രവഹിച്ച് ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറുന്നു (ഇഇഇ 80). അപ്പസ്‌തോലന്മാര്‍ കൈമാറി ഭരമേല്പിച്ച ഈ വിശ്വാസ നിക്ഷേപത്തെ സഭ മെത്രാന്മാരുടെ കൂട്ടായ്മയില്‍ തലമുറകളിലേക്കു കൈമാറണം (ഇഇഇ 84). പ്രാദേശിക സഭകളുടെ (റീത്തുകള്‍) പ്രത്യേക ദൈവശാസ്ത്രപരവും ശിക്ഷണാപരവും ആരാധനക്രമപരവും ഭക്തിപരവുമായ പാരമ്പര്യങ്ങളെ നിലനിര്‍ത്തുകയും പരിരക്ഷിക്കുകയും (ഇഇഇ 83) സാംസ്‌കാരികനുരൂപണം നടത്തുകയും (ഇഇഇ1204) മാറ്റേണ്ടവയെ നീക്കുകയും വേണം (ഇഇഇ 1205). എന്നാല്‍ സംഘര്‍ഷങ്ങളും തെറ്റിദ്ധാരണകളും ശീശ്മകളും ഒഴിവാക്കാന്‍ പൊതുവിശ്വാസത്തോടും ക്രിസ്തുവില്‍നിന്നും സ്വീകരിച്ച കൗദാശിക അടയാളങ്ങളോടും ഹൈരാര്‍ക്കിയോടും വിശ്വസ്ഥതയുണ്ടാകണം (ഇഇഇ 1206). പഴമകളോടും പുതുമകളോടും പക്വമായ തുറവിയോടെ പാരമ്പര്യങ്ങളെ ശരിയായ സാംസ്‌കാരിക അനുരൂപണങ്ങളിലൂടെ വിശ്വാസത്തെ തലമുറകളിലേക്കു പകരാനും ലോകത്തിനു നല്‍കാനും തിരുസഭയ്ക്ക് സാധിക്കണം.
നസ്രാണി പാരമ്പര്യം
മാര്‍ തോമാ ശ്ലീഹായിലൂടെ ആരംഭിച്ച നസ്രാണി സഭക്കു തനതായ പാരമ്പര്യവും സംസ്‌കാരവുമുണ്ട്. വീടുകളുടെ മുകളിലും വാതിലിലും കുരിശു വക്കുന്നതും സ്ത്രികളുടെ ചട്ടയും-മുണ്ടും ദനഹാകുളിയും – വിളക്കുകളും മാര്‍ഗംകളിയും ചവിട്ടുനാടകവും കുടുംബ പലഹാരങ്ങളും (പീച്ചേംപിടി, കൊഴുക്കട്ട, ഇണ്ടറിയപ്പം, വിടുകളിലെ പെസഹ അപ്പം മുറിക്കല്‍) ചില ഉദാഹരണങ്ങള്‍ മാത്രം. ഇവയൊന്നും അര്‍ത്ഥമില്ലാത്ത ആചാരങ്ങളല്ല. പ്രത്യുത സംസ്‌കാരങ്ങളിലേക്കും തലമുറകളിലേക്കും വിശ്വാസം പകരുന്ന മഹത്തായ മാര്‍ തോമ പാരമ്പര്യമാണ്. ഈ സംസ്‌കാരത്തിലൂടെ മാത്രമേ വിശ്വാസം പകരുന്ന പാരമ്പര്യമുണ്ടാകൂ. പുരോഗമനവാദികളും പാരമ്പര്യവാദികളും കരിസ്മാറ്റിക്കുകാരും വിമോചന ദൈവശാസ്ത്രക്കാരും ഭാരതവല്‍ക്കരണക്കാരുമായി പല തട്ടുകളില്‍ നില്‍ക്കേണ്ടതല്ല മാര്‍തോമ നസ്രാണി സഭ. സീറോ മലബാര്‍, മലങ്കര, യാക്കോബായ, ഓര്‍ത്തഡോക്‌സ്, സി.എസ്.ഐ, മാര്‍ തോമ എന്നിങ്ങനെ വിഭജിച്ചു നില്‍ക്കാതെ അതിന്റെ ചരിത്ര ഗതിയില്‍ നഷ്ടമായ മഹത്തായ പാരമ്പര്യങ്ങളിലേക്ക് വളര്‍ന്ന് ഐക്യപ്പെടാനാകുമോ?
ഉപസംഹാരം
സമൂഹം സംസ്‌കാരത്തിലൂടെ മുന്നേറുന്നു. തിരുസഭ പാരമ്പര്യങ്ങളിലൂടെ വളരുന്നു. സാംസ്‌കാരിക പരിണാമ വേലിയേറ്റത്തില്‍ പാരമ്പര്യ വിശ്വാസം ഒഴുകിപ്പോകരുത്. തിരുസഭയുടെ പാരമ്പര്യ വിശ്വാസ സത്യങ്ങളും പ്രബോധനങ്ങളും സാംസ്‌കാരിക ആഘോഷങ്ങളിലൂടെ തലമുറകള്‍ക്കു ലഭ്യമാക്കണം. മിശിഹായില്ലാത്ത, കുപ്പിയും കേക്കും മാലബള്‍ബിട്ട സാംസ്‌കാരിക പാര്‍ട്ടികളായി ക്രിസ്മസ് തീരരുത്. കാലത്തിന്റെ അടയാളങ്ങള്‍ വായിച്ച് (മത്താ. 16:3) പാരമ്പര്യ സാംസ്‌കാരിക മൂല്യങ്ങള്‍ കുടുംബങ്ങളിലൂടെ തിരുസഭയില്‍ വളരണം. ദൈവം ചരിത്രത്തിലാരംഭിച്ച സംസ്‌കാരിക പാരമ്പര്യം തിരുസഭയില്‍ കത്തിജ്വലിക്കട്ടെ. ദൈവത്തിന് അര്‍ഹമായ സമയവും സ്ഥലവും സ്ഥാനവും ആരാധനക്രമത്തില്‍ നല്‍കി, അനശ്വര വിശ്വാസ മൂല്യങ്ങളെ പാരമ്പര്യങ്ങളാല്‍ കൈമാറാം (സഭ ആധൂനിക ലോകത്തില്‍ 92). ഈശോയുടെ പരസ്യ ജീവിത പാരമ്പര്യം -പ്രാര്‍ത്ഥന, പ്രായശ്ചിത്ത, രോഗശാന്തി, പൈശാചിക വിടുതലുകള്‍- എല്ലാ സംസ്‌കാരത്തിലും തുടരട്ടെ. അതിനായി പരിശുദ്ധാരൂപിയില്‍ ആരാധനക്രമ പാരമ്പര്യങ്ങളോട് ചേര്‍ന്ന് കരിസ്മാറ്റിക്ക് നവീകരണ മുന്നേറ്റം തുടരാം.
റവ. ഡോ. ഇനാശു (വിന്‍സന്റ്) ചിറ്റിലപ്പിള്ളി എം.സി.ബി.എസ്










Leave a Reply