ഇവന്‍ വിവാദവിഷയമായ അടയാളവും ആയിരിക്കും: ഉണ്ണിയേശുവിനെ കൈയില്‍ എടുത്തുകൊണ്ട് ശിമയോന്‍ പറഞ്ഞ വചനമാണിത് (ലൂക്കാ 2:34). ശിമയോന്‍ പറഞ്ഞത് പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായിട്ട് ആയിരുന്നതിനാല്‍ (ലൂക്കാ 2:25,27) അത് സത്യമായിരുന്നു. വിവാദവിഷയം എന്ന് പറഞ്ഞാല്‍ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ ഉണ്ടാവുക എന്നാണല്ലോ. യേശു ശിശുവായിരിക്കുമ്പോള്‍ മുതല്‍ യേശുവിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ട്. യേശുവിനെ അനുകൂലിക്കുന്നവരുടെ പ്രതിനിധികളാണ് മത്തായി 2:1-12-ല്‍ പറയുന്ന, യേശുവിനെ ആരാധിക്കുവാന്‍ വന്ന മൂന്ന് ജ്ഞാനികള്‍. മിക്കവാറും അവര്‍ വന്നത് ഇന്നത്തെ ഇറാക്കില്‍നിന്നായിരിക്കും. ഈ ജ്ഞാനികളുടെ പേരുകളും പറയപ്പെടുന്നുണ്ട്: ഗാസ്പര്‍, മെസക്കിയോര്‍, ബള്‍ത്താസര്‍. ഇവ പേര്‍ഷ്യന്‍ പേരുകളാണെന്നും അതിനാല്‍ അവര്‍ വന്നത് ഇറാനില്‍നിന്ന് (പഴയ പേര്‍ഷ്യ) ആണെന്ന് വാദിക്കുന്നവരും ഉണ്ട്.
അവര്‍ കൊണ്ടുവന്ന കാഴ്ചവസ്തുക്കളും പ്രധാനമാണ്: സ്വര്‍ണം, കുന്തിരിക്കം, മീറ. ഇവ മൂന്നിനും പ്രത്യേക അര്‍ത്ഥങ്ങളുണ്ട്. സ്വര്‍ണം രാജാവിനുള്ള കാഴ്ചയാണ്. അപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതരായി ഈ രാജാക്കന്മാര്‍ യേശു രാജാവാണ് എന്നത് സ്ഥിതീകരിക്കുന്നു. കുന്തിരിക്കം ദൈവാരാധനയ്ക്ക് ഉപയോഗിക്കുന്ന വസ്തുവാണ്. കുന്തിരിക്കം കാഴ്ചവയ്ക്കുന്നതിലൂടെ അവര്‍ യേശു ദൈവമാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു. മീറ മൃതശരീരം പൂശാന്‍ ഉപയോഗിക്കുന്നതാണ്. അപ്പോള്‍ തങ്ങളുടെ വരവും കാഴ്ചസമര്‍പ്പണ വസ്തുക്കളുംവഴി അവര്‍ യേശുവിനെ രാജാവും ദൈവവുമായി അംഗീകരിക്കുകയായിരുന്നു. അവര്‍ അവനെ ആരാധിച്ചു (മത്താ. 2:11). എന്നാല്‍ അന്നുമുതല്‍ യേശുവിന് ശത്രുക്കളും ഉണ്ടായി. യഹൂദര്‍ക്ക് ഒരു രാജാവ് ജനിച്ചിരിക്കുന്നുവെന്ന് ജ്ഞാനികളില്‍നിന്ന് മനസിലാക്കിയ ഹേറോദേസ് രാജാവും ജറുസലേം മുഴുവനും ഞെട്ടി (മത്താ. 2:3). അങ്ങനെ അവനോട് ശത്രുത ഉള്ളവരും അവനെ കൊല്ലാന്‍ ആഗ്രഹിച്ചവരും ഉടലെടുത്തു. ഇനി അവന്റെ പരസ്യ ജീവിതകാലം പരിശോധിക്കുക. അപ്പോഴും രണ്ടു കൂട്ടരെയും കാണാം. അവന്റെ മരണവും ഉത്ഥാനവും സ്വര്‍ഗാരോഹണവും കഴിഞ്ഞു. എന്നിട്ടും അവന്റെ പേരിലുള്ള വിവാദങ്ങളും തര്‍ക്കങ്ങളും അവസാനിക്കുന്നില്ല. ആട്ടിടയന്മാരെയും ജ്ഞാനികളെയുംപോലെ അവനെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവര്‍ ഇന്നും ധാരാളം. നവമാധ്യമങ്ങള്‍ വഴിയും പുസ്തകങ്ങള്‍ വഴിയും വാമൊഴിയായും അവനെതിരെ നിരന്തരം ശത്രുത വളര്‍ത്തുകയും പ്രചാരണം നടത്തുകയും ശത്രുക്കളെ ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവര്‍ അവനെ വെറുക്കുന്നവരാണ്.
അവനും അവന്റെ സന്ദേശങ്ങള്‍ക്കുംവേണ്ടി സഭ നിലകൊള്ളുന്നതിനാല്‍ അവര്‍ക്ക് സഭയോടും ശത്രുതയാണ്. ഗവണ്‍മെന്റുകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും മറ്റ് പല പ്രസ്ഥാനങ്ങളുമെല്ലാം സഭയെ അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും തരം കിട്ടുമ്പോഴെല്ലാം ഉപദ്രവിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന സ്ഥിതി ഇന്നുമുണ്ടല്ലോ. വൈദികരെയും സിസ്റ്റര്‍മാരെയും പറ്റി ഉണ്ടാകുന്ന കേസുകള്‍ക്ക് ലഭിക്കുന്ന വന്‍ പ്രചാരണം നോക്കുക. സഭാവിരോധികളായ ക്രിസ്ത്യാനികള്‍ക്കും വൈദികര്‍ക്കും സിസ്റ്റര്‍മാര്‍ക്കും ലഭിക്കുന്ന അംഗീകാരം നോക്കുക. പത്രങ്ങളുടെ ധാരാളം സ്ഥലം മാറ്റിവയ്ക്കാന്‍ ഒരു മടിയുമില്ല. ചാനലുകളില്‍ അനേക ദിവസം, അനേക മണിക്കൂറുകള്‍ വാര്‍ത്തകളും വിശകലനങ്ങളും ചര്‍ച്ചകളും നടത്താന്‍ വലിയ ഉത്സാഹമാണ്. എന്നാല്‍ കണ്ണൂരില്‍ നടന്ന വന്‍ കര്‍ഷകറാലിക്ക് എത്ര വാര്‍ത്താപ്രാധാന്യം കിട്ടി? അതു സംബന്ധിച്ച് എന്തെങ്കിലും വാര്‍ത്ത ഉണ്ടാകുമോ എന്നറിയാന്‍ അന്ന് രാത്രി പല ചാനലുകളും വച്ചുനോക്കി. ഒന്നും കണ്ടില്ല. പിറ്റേന്ന് പത്രങ്ങളില്‍ നോക്കി. ദീപികയിലൊഴികെ ഒന്നിലും ഒന്നും കണ്ടില്ല. ചങ്ങനാശേരിയിലും ആലപ്പുഴയിലും ഇതുപോലെ വലിയ പ്രതിഷേധങ്ങള്‍ നടന്നതും വാര്‍ത്തയാക്കിയില്ല. എല്ലാം കാണുന്ന, എല്ലാം അറിയുന്ന, എല്ലാം വിശകലനം ചെയ്യുന്ന, എല്ലാം ചര്‍ച്ച ചെയ്യുന്ന, നേരോടെ, നിരന്തരമായി, ആരോടും പ്രീണനവും പക്ഷപാതവും ഇല്ലാതെ നിര്‍ഭയം പ്രവര്‍ത്തിക്കുന്നുവെന്ന് സ്വയം പരസ്യം കൊടുക്കുന്ന വാര്‍ത്താമാധ്യമങ്ങള്‍ എന്താണ് ചെയ്തത്?
ഇതൊക്കെ ക്രിസ്ത്യാനികളുടെ കണ്ണ് തുറപ്പിക്കണം. നമ്മള്‍ ഇനിയും ലിറ്റര്‍ജി തര്‍ക്കവും സ്വത്ത് തര്‍ക്കവും റീത്ത് തര്‍ക്കവും മറ്റ് വേണ്ടാത്ത വിഷയങ്ങളുമായി തമ്മിലടിക്കാനും വിലയില്ലാത്തവര്‍ ആകുവാനും അവസരം ഉണ്ടാക്കരുത്. ശത്രുക്കള്‍ ധാരാളം ഉണ്ട് എന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ലേ? ക്രിസ്തുവിന്റെ അനുയായികള്‍ എല്ലാവരും കൂടുതല്‍ കൂട്ടായ്മയിലേക്കും ഐക്യത്തിലേക്കും വിശുദ്ധവും മാതൃകാപരവുമായ ജീവിതത്തിലേക്കും വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. റീത്തുകള്‍ തമ്മില്‍ കൂടുതല്‍ ഐക്യം ഉണ്ടാകണം. വിവിധ സഭകള്‍ തമ്മില്‍ കൂടുതല്‍ ഐക്യം ഉണ്ടാകണം. ഭിന്നിച്ചു നില്‍ക്കുന്ന സഭാസമൂഹങ്ങള്‍ ഭിന്നത അവസാനിപ്പിക്കണം. പരസ്പരം ശത്രുക്കളായി സ്വയം നശിക്കരുത്. ലിറ്റര്‍ജി തര്‍ക്കങ്ങള്‍ തീര്‍ക്കണം. രൂപതകളും വിവിധ സന്യാസ സഭകളും തമ്മില്‍ കൂടുതല്‍ മനപ്പൊരുത്തത്തോടുകൂടി പ്രവര്‍ത്തിക്കണം. ഒന്നിച്ചുനിന്നാലേ എന്തെങ്കിലും ശക്തി ഉണ്ടാകൂ. കര്‍ഷകരുടെ പ്രശ്‌നം ക്രൈസ്തവ കര്‍ഷകരുടെ മാത്രം പ്രശ്‌നം അല്ലല്ലോ. എന്നിട്ടും ആരുടെയും പിന്തുണ കിട്ടിയില്ലല്ലോ. മാധ്യമങ്ങള്‍ പോലും വാര്‍ത്തകള്‍ മുക്കിയില്ലേ?
2019-ല്‍ സമൂഹത്തിലും സഭയിലും ഒരുപാട് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായി. 2020-ലേക്ക് നാം കടക്കുന്നു. ആശങ്കപ്പെടാന്‍ ഒരുപാട് കാരണങ്ങള്‍ ഉണ്ട്. ആ കൂട്ടത്തില്‍ നമ്മളുംകൂടി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി ജീവിതം കൂടുതല്‍ ദുഃഖപൂരിതമാക്കേണ്ട. 2020-ല്‍ സഭയുടെ മുഖഛായ മെച്ചപ്പെടുത്തണം. സഭയ്ക്കുവേണ്ടിയും നാടിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും കൂടുതല്‍ പ്രാര്‍ത്ഥിക്കണം. ദൈവഹിതം അനുസരിച്ച് ജീവിച്ചാല്‍, ആരും കൂടെയില്ലെങ്കിലും സര്‍വശക്തനായ ദൈവം കൂടെ ഉണ്ടാകും. അതിനാല്‍ വിശുദ്ധിയോടും പ്രാര്‍ത്ഥനയോടും ശുഭാപ്തി വിശ്വാസത്തോടുംകൂടി പുതുവര്‍ഷം ആരംഭിക്കാം. എല്ലാവര്‍ക്കും ദൈവാനുഗ്രഹം നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ!
ഫാ. ജോസഫ് വയലില്‍ CMI










Leave a Reply