Sathyadarsanam

കേരള കത്തോലിക്കർക്ക് വേണം ഒരു രാഷ്ട്രീയ പാർട്ടി

”മാണിയും കോണിയുമില്ലാതെ” (കടപ്പാട് ശ്രീ. പന്ന്യന്‍ രവീന്ദ്രനോട്) ഒരു തിരഞ്ഞെടുപ്പുവിജയംസാധ്യമാണെന്ന് എല്‍ഡിഎഫിനു ബോധ്യപ്പെടുകയും തിരിച്ചെത്തിയ മാണിക്കും കോണിക്കും ആറ്റംബോംബിനെക്കാള്‍ ശക്തിയുണ്ടെന്ന് യുഡിഎഫ് രുചിച്ചറിയുകയും ചെയ്ത കഴിഞ്ഞ നിയമസഭാ ഇലക്ഷനു ശേഷം കേരളത്തിലെ ന്യൂനപക്ഷരാഷ്ട്രീയത്തെക്കുറിച്ച് ഞാനൊരു കുറിപ്പെഴുതി. പാലായിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും അതിനു രണ്ടു ദിവസം മുമ്പ് കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാൻ ശ്രീ. ജോർജ് കുര്യൻ പാലായിൽ ഒരു സെമിനാറിൽ സംബന്ധിച്ച് പറഞ്ഞ കാര്യങ്ങൾ കേൾക്കുകയും കൂടി ചെയ്തപ്പോൾ പഴയ കുറിപ്പ് ഒന്നു പുതുക്കണമെന്നു തോന്നി. വീണ്ടും പലവട്ടം പുതുക്കിയിട്ടും അതു പുറത്തേക്കു വിടാൻ മടിച്ചിരിക്കുകയായിരുന്നു. ഇപ്പോഴെങ്കിലും ഈ വിഷയത്തിൽ ഗൗരവമായ ചർച്ച നടക്കേണ്ടതുണ്ടെന്ന തോന്നലാണ് ഈ കുറിപ്പിന് ആധാരം.

കേരളരാഷ്ട്രീയത്തില്‍, ന്യൂനപക്ഷസംരക്ഷണത്തിന് എന്നു പലരും കരുതുന്ന രണ്ടു മുഖ്യകക്ഷികളാണ് കേരള കോണ്‍ഗ്രസും മുസ്ലീം ലീഗും. രണ്ടിന്റെയും ഗമനപഥം വ്യത്യസ്തമാണ്; ന്യൂനപക്ഷത്തെയും സെക്കുലറിസത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയുംകുറിച്ചുള്ള കാഴ്ചപ്പാടുകളും വ്യത്യസ്തങ്ങള്‍തന്നെ.

മൂന്നു തെറ്റിദ്ധാരണകളുടെ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്:

ഒന്നാമത്തേത്, തങ്ങള്‍ കര്‍ഷകര്‍ക്കുവേണ്ടിയുള്ള പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണയാണ്. കേരള കോണ്‍ഗ്രസ്സിന്റെ കര്‍ഷകപ്രേമം ഇവിടെ കര്‍ഷകര്‍ക്ക് ഒരു ഗുണവുമുണ്ടാക്കിയിട്ടില്ല എന്നതിന്റെ തെളിവ് കേരളത്തിലെ കര്‍ഷകരുടെയും കൃഷിയുടെയും ഇന്നത്തെ അവസ്ഥതന്നെയാണ്. ഭരണത്തില്‍ പങ്കാളിത്തമുണ്ടായിട്ടും, റബര്‍വിഷയത്തിലും കസ്തൂരിരംഗന്‍വിഷയത്തിലും ഒന്നും ചെയ്യാത്ത പാര്‍ട്ടി! കര്‍ഷകരുടെ ആത്മഹത്യാനിരക്കില്‍, ദേശീയതലത്തില്‍ അഞ്ചാം സഥാനമുള്ള സംസ്ഥാനമാണ് കേരളം എന്നോര്‍ക്കണം!

രണ്ടാമത്തേത്, കര്‍ഷകരോടുള്ള പ്രഖ്യാപിത ചായ്‌വ് ന്യൂനപക്ഷച്ചായ്‌വായി തെറ്റിദ്ധരിച്ചു അഥവാ തെറ്റിദ്ധരിപ്പിച്ചു എന്നതാണ്. ക്രൈസ്തവന്യൂനപക്ഷത്തിനുവേണ്ടി അരമനകളിലും പള്ളികളിലും കൊവേന്തകളിലുമല്ലാതെ, രാഷ്ട്രീയത്തില്‍ പ്രത്യക്ഷമായോ പരോക്ഷമായിപ്പോലുമോ മുന്നോട്ടുവരാന്‍ ഒരിക്കലും ധൈര്യപ്പെടാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ക്രൈസ്തവന്യൂനപക്ഷോന്മുഖമാണ് തങ്ങള്‍ എന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി എപ്പോഴാണ് സ്വയംപ്രഖ്യാപിച്ചിട്ടുള്ളത്?

മൂന്നാമത്തേത്, പിളരുന്തോറും വളരുന്നത് പാര്‍ട്ടിയാണെന്ന തെറ്റിദ്ധാരണയാണ്. ഏതാനും ചില വ്യക്തികളും കുടുംബങ്ങളും വളരുന്നത് എങ്ങനെ പാര്‍ട്ടിയുടെ വളര്‍ച്ചയാകും? ആദര്‍ശസംരക്ഷണമല്ല, വ്യക്തിതാത്പര്യങ്ങള്‍മാത്രമാണ് ഏഴിലേറെ പാര്‍ട്ടികളായി പിരിയാന്‍ കേരള കോണ്‍ഗ്രസ്സിന് ഇടയാക്കിയിട്ടുള്ളത്.

മുസ്ലീം ലീഗാകട്ടെ, സ്വന്തം സമുദായത്തിനുവേണ്ടി എപ്പോഴും പാറപോലെ ഉറച്ച നിലപാടെടുത്ത പാര്‍ട്ടിയാണ്. രാഷ്ട്രീയപരമായി, ന്യൂനപക്ഷമെന്നാല്‍ മുസ്ലീമുകള്‍മാത്രം എന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഭൂരിപക്ഷസമുദായങ്ങള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും അസൂയയും അങ്കലാപ്പും ഉളവാകുംവിധം ഭരണത്തിലെ പ്രധാന വകുപ്പുകള്‍ തുടര്‍ച്ചയായി കൈകാര്യംചെയ്തുകൊണ്ട്, ചുരുങ്ങിയ കാലംകൊണ്ടുതന്നെ മുസ്ലീംസമുദായത്തിന് അനുകൂലമായ നിരവധി നിലപാടുകളും ക്ഷേമപദ്ധതികളും ഐക്യജനാധിപത്യമുന്നണിയിലെ ഈ നിര്‍ണായകശക്തി നടപ്പിലാക്കി. ഇവിടത്തെ വ്യവസായമേഖലയും വിദ്യാഭ്യാസവും പൊതുമരാമത്തുമെല്ലാം ഇസ്ലാംന്യൂനപക്ഷാഭിമുഖ്യം യാതൊരു മറയുമില്ലാതെ പ്രകടമാക്കി എന്നതു കേരളം കണ്ട കാഴ്ചയാണ്. അഞ്ചാം മന്ത്രി ആവശ്യംപോലും ചങ്കുളുപ്പില്ലാതെ ഉന്നയിച്ചു നേടിയെടുക്കാന്‍ ആ പാര്‍ട്ടിക്കായി. യുഡിഎഫിന്റെയും കോണ്‍ഗ്രസ്സിന്റെയും ബലഹീനതയും ദീര്‍ഘവീക്ഷണമില്ലായ്മയും പരസ്യമായി വെളിപ്പെടുകയും കേരളത്തിന്റെ മതേതരമനസ്സ് വല്ലാതെ കളങ്കിതമാകുകയും ചെയ്ത സമയമായിരുന്നു അത്. എൽഡിഎഫിനും മുസ്ലീം പ്രീണന കാര്യത്തിൽ മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് ഇതിനകം പലവട്ടം തെളിഞ്ഞു കഴിഞ്ഞു.

ഏതായാലും ഇത് പോസ്റ്റ്-മാണിയുഗമാണ്. ഇപ്പോൾപ്പോലും ചിലർ കേരള കോൺഗ്രസ് പാർട്ടിയെ ക്രൈസ്തവരുടെ പ്രതീക്ഷയായി കാണുന്നു. ഇത്തരക്കാർ പ്രധാനമായും കാണുന്നത് തങ്ങളുടെ ഐശ്വര്യ സ്വപ്നങ്ങൾ മാത്രമാണ്, ക്രൈസ്തവസമൂഹത്തിന്റേതല്ല എന്നു വ്യക്തമാണ്.

ഇനി കയറാൻ ഏതു വണ്ടി എന്ന് ആശങ്കപ്പെട്ടു നില്ക്കുകയാണ് ക്രൈസ്തവ ന്യൂനപക്ഷം. വലതിനും ഇടതിനും ക്രൈസ്തവർ ഒരു വിഷയമല്ലെന്ന് ഓരോ ദിവസവും തെളിഞ്ഞുവരുകയാണ്‌. ‘ന്യൂനപക്ഷ വർഗീയത’ എന്ന കൊടിയേരിയുടെ ഒറ്റ പ്രയോഗം മതി കാര്യങ്ങൾ മനസ്സിലാക്കാൻ. ആ പാർട്ടിയെ സംബന്ധിച്ചിടത്തോളം ക്രൈസ്തവർ എന്ന ഒരു കൂട്ടർ ന്യൂനപക്ഷമായി ഇവിടെ നിലനില്ക്കുന്നില്ല എന്നതിന്റെ തെളിവാണത്. ബിജെപി എന്ന മൂന്നാം വണ്ടിയാണെങ്കിൽ കണ്ഡമാലും മറ്റും വഴി വരുന്നതിനാൽ കയറാൻ കൊള്ളാത്തതാണെന്ന് സ്വയം തെളിയിച്ചിട്ടുള്ളതുമാണ്.

‘സമദൂരം’ എന്നൊക്കെയുള്ളത് രാഷ്ട്രീയമായ ഇച്ഛാശക്തിയോ സാമുദായികമായ യാഥാർത്ഥ്യബോധമോ ഇല്ലാത്തവരുടെ പ്രയോഗങ്ങൾ മാത്രമാണെന്ന് ഏവർക്കും അറിയാം. കൃത്യമായ ഒരു രാഷ്ട്രീയ നിലപാട് ഇനിയെങ്കിലും ഉണ്ടായേ പറ്റൂ. സ്വന്തമായി ഒരു പാർട്ടി എന്നതു സ്വപ്നം പോലും കാണാനാകാത്ത വിധം അപകർഷതയുള്ളവരാണ് ഇന്ന് നാം. കേരള സഭയ്ക്ക് പൊതുവായി ഒരു രാഷ്ട്രീയ കാര്യ സമിതി പോലും ഇല്ലെന്നോർക്കണം.

ഈ മേഖലയിൽ ഗൗരവതരമായ പഠനവും ചർച്ചയും വിശകലനവും നടക്കേണ്ട സമയം അതിക്രമിച്ചു. അടുത്ത രണ്ടു വർഷങ്ങൾക്കുള്ളിലെങ്കിലും കേരള കത്തോലിക്കരുടെ ഒരു പാർട്ടി ക്രൈസ്തവന്യൂനപക്ഷാഭിമുഖ്യം പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് ഉരുത്തിരിഞ്ഞു വരുമോ? വരും എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

അതിനുള്ള ചില പ്രായോഗിക നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണ്:

1. കെസിബിസിക്ക് ഒരു രാഷ്ട്രീയ കാര്യസമിതി ഉണ്ടാകണം. അതിൽ മൂന്ന് വ്യക്തിഗത സഭകളുടെയും രാഷട്രീയ കാര്യസമിതികൾക്കും തുല്യ പങ്കാളിത്തം ഉണ്ടായിരിക്കണം.

2. അതിന്റെ നേതൃസ്ഥാനത്ത് രാഷട്രീയ പ്രവർത്തന പരിചയമുള്ള വ്യക്തികളാണുണ്ടാകേണ്ടത്.

3. ആത്മീയ നേതൃത്വത്തിന് ഇതിൽ ഉപദേശക റോൾ മാത്രമേ ഉണ്ടാകാൻ പാടുള്ളൂ.

4. മൂന്നു സഭകളിലെയും ജനത്തിന്റെ ജീവിത സാഹചര്യങ്ങളും പ്രശ്നങ്ങളും ആവശ്യങ്ങളും പരിഗണിച്ച് ഉചിതമായ നയങ്ങൾ രൂപീകരിക്കണം.

5. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഇപ്പോഴേ ഒരുങ്ങണം.

അത്തരമൊരു പാർട്ടി ഉണ്ടാകുന്നതുവരെ താല്ക്കാലികമായി ‘നേടിയെടുക്കാവുന്നതു നേടുക’ എന്ന ലക്ഷ്യത്തോടെ മുന്നണിചിന്തയില്ലാതെ ഭരിക്കുന്നവനോടു സൗഹൃദം കാട്ടുക എന്ന ഷണ്ഡതന്ത്രമേ മുന്നിലുള്ളെന്നു തോന്നുന്നു. എന്തൊരവസ്ഥ! ഈ അവസ്ഥ മാറണം, മാറും.

ഫാ. ജോഷി മയ്യാറ്റിൽ

Leave a Reply

Your email address will not be published. Required fields are marked *