
ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം
ക്രിസ്തുവിന്റെ മനുഷ്യാവതാരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എന്റെ മനസില്‍ നിറയുന്ന തിരുവചനമിതാണ്: ”എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏക ജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹ. 3:16). എല്ലാവരും നിത്യജീവന് പ്രാപിക്കണം. അതിനുവേണ്ടിയാണ് ദൈവം തന്റെ ഏകജാതനെ നമുക്ക് നല്‍കിയത്. യേശു മനുഷ്യനായി അവതരിച്ചത് തന്റെ മാതൃകയിലൂടെ രക്ഷയുടെ മാര്‍ഗം കാണിച്ചുതരുവാനാണ്. ആരെയും അവഗണിക്കാതെ ജീവന് പോലും പരിത്യജിച്ചുകൊണ്ട് എല്ലാവരെയും പരിഗണിക്കുന്ന രക്ഷയുടെ മാര്‍ഗമാണ് യേശു തന്റെ മാതൃകയിലൂടെ കാണിച്ചുതരുന്നത്.
നാമാകട്ടെ ചുറ്റുമുള്ളവരെ കൊള്ളാവുന്നവരെന്നും കൊള്ളരുതാത്തവരെന്നും തരംതിരിക്കുകയും കൊള്ളാവുന്നവരെ പരിഗണിക്കുകയും കൊള്ളരുതാത്തവരെ അവഗണിക്കുകയും ചെയ്യുന്ന മനോഭാവമാണ് പൊതുവേ വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ ദൈവത്തിന്റെ മുമ്പില്‍ ആരും അന്യരല്ല; എല്ലാവരും വേണ്ടപ്പെട്ടവരാണ്; അവിടുത്തെ സ്വന്തം ജനമാണ്. ”അവന് സ്വജനത്തിന്റെ അടുത്തേക്കുവന്നു. എന്നാല്‍ അവര്‍ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ അവന് കഴിവ് നല്കി” (യോഹ.1:12). ഇതാണ് മനുഷ്യാവതാര രഹസ്യം.
പരിഗണനയുടെ സന്ദേശം
പഴയനിയമത്തിലും പുതിയ നിയമത്തിലും ദൈവം നല്കുന്ന രക്ഷയുടെ സന്ദേശവും ആഹ്വാനവും അവഗണനയുടേതല്ല പരിഗണനയുടേതാണ്. ഞാനും നിങ്ങളും ഏതു തരക്കാരായിരുന്നാലും ദൈവത്തിന് വേണ്ടപ്പെട്ടവരാണ്. ഏറ്റവും നിസാരരായവരെപ്പോലും പരിഗണിച്ചുകൊണ്ട് ദൈവം ഏശയ്യാ പ്രവാചകന്‍വഴി നമ്മോട് പറയുന്നതിതാണ്: ”നീ എനിക്ക് വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനും ആയതുകൊണ്ട്…. ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്” (ഏശയ്യാ 43:4-5). ഒരു ഘട്ടത്തില്‍ ദൈവം തങ്ങളെ അവഗണിച്ചുവെന്നും ഉപേക്ഷിച്ചുവെന്നും ദൈവജനത്തിന് തോന്നിയപ്പോള്‍ അവരെ ആശ്വസിപ്പിച്ചുകൊണ്ട് ദൈവം അവരോട് പറഞ്ഞ പരിഗണനയുടെ വാക്കുകളിവയാണ്: ”മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ! പുത്രനോട് പെറ്റമ്മ കരുണ കാണിക്കാതിരിക്കുമോ? അവള് മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. ഇതാ നിന്നെ ഞാന്‍ എന്റെ ഉള്ളംകൈയില്‍ രേഖപ്പെടുത്തിയിരിക്കുന്നു” (ഏശയ്യാ 49:15-16).
സമൂഹം അവഗണിച്ചിരുന്ന ഏറ്റവും നിസാരരായവരെപ്പോലും പരിഗണിക്കുകയും വിലമതിക്കുകയും ചെയ്യുന്ന രക്ഷയുടെ മാര്‍ഗമാണ് യേശു തന്റെ ജീവിതത്തിലൂടെ കാണിച്ചുതരുന്നത്. എളിയവരില്‍ എളിയവനായി ഒരു പുല്ക്കൂട്ടിലാണല്ലോ യേശു ജനിച്ചത്. എളിയവരിലാണ് തന്റെ സാന്നിധ്യമെന്നും അവരിലാണ് തന്നെ കണ്ടെത്തേണ്ടതെന്നും പഠിപ്പിച്ചുകൊണ്ട് യേശു പറഞ്ഞതിതാണ്: ”എന്റെ ഏറ്റവും എളിയ ഈ സഹോദരരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള് എനിക്കുതന്നെയാണ് ചെയ്തുതന്നത്” (മത്താ. 25:40).
സുവിശേഷത്തിലെ വിധവയുടെ ചെമ്പുതുട്ടിന്റെ കാര്യം നമുക്കറിയാം. ദൈവാലയാങ്കണത്തിലെ നേര്ച്ചപ്പെട്ടികളില് സമ്പന്നര്‍ വലിയ വലിയ തുട്ടുകള്‍ നിക്ഷേപിക്കുന്നുണ്ടായിരുന്നു. എന്നാല്‍ യേശു പരിഗണിച്ചതും പരസ്യമായി പ്രശംസിച്ചതും പാവപ്പെട്ട വിധവ രഹസ്യമായി നിക്ഷേപിച്ച ചില്ലിക്കാശിനെയാണ്. കാരണം അത് അവള് മിച്ചംപിടിച്ചതിന്റെ ഒരു അംശമായിരുന്നില്ല. അവളുടെ സമ്പാദ്യം മുഴുവനുമായിരുന്നു (മര്‍ക്കോ. 12:44).
മനോഭാവം മാറ്റാം
ജനക്കൂട്ടത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായ ധാരാളം വ്യക്തികള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ലഭിക്കാത്ത പരിഗണനയാണ് വൈദ്യന്മാര്പോലും ദീര്‍ഘകാലം അവഗണിച്ചിട്ടും വിശ്വാസത്തോടെ യേശുവിനെ സമീപിച്ച രക്തസ്രാവക്കാരിയായ സ്ത്രീയ്ക്ക് ലഭിച്ചത്.
സ്നേഹത്തോടെ യേശു അവളോട് പറഞ്ഞു: ”മകളേ, ധൈര്യമായിരിക്കുക; നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (മത്താ. 9:22).
സുവിശേഷത്തില്‍ യേശു, ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഒരു ഫരിസേയനെയും ചുങ്കക്കാരനെയും എടുത്തുകാണിക്കുന്നുണ്ട്. ഫരിസേയനാകട്ടെ, ചുങ്കക്കാരനെ അവഗണിക്കുകയും പുച്ഛമനോഭാവത്തോടെ വീക്ഷിക്കുകയും ചെയ്തുകൊണ്ട് താനാണ് ദൈവതിരുമുമ്പില്‍ മെച്ചപ്പെട്ടവനെന്ന് അവകാശപ്പെടുന്നു. അവന്റെ വീരവാദങ്ങളെ അവഗണിച്ചുകൊണ്ട് യേശു പരിഗണിക്കുന്നത് ചുങ്കക്കാരന്റെ എളിയ മനോഭാവത്തെയാണ്. ”ഇവന് ഈ ഫരിസേയനെക്കാള്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്ക് മടങ്ങി” (ലൂക്കാ 18:14).
അഹങ്കാരികളായ യഹൂദര്‍ വിജാതീയരെ പലപ്പോഴും നായ്ക്കള്‍ക്കു തുല്യരായി കരുതുകയും പരിഹസിക്കുകയും ചെയ്തിരുന്നു. ഇതിന് ഒരു അറുതി വരുത്താന്‍ ആഗ്രഹിച്ച യേശു തന്റെ സഹായമഭ്യര്‍ത്ഥിച്ചുവന്ന കാനാന്‍കാരി സ്ത്രീയെ നോക്കി പറഞ്ഞു: ”മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് ഇട്ടുകൊടുക്കുന്നത് ഉചിതമല്ല” (മത്താ. 15:26). നായ്ക്കളും യജമാനന്മാരുടെ തീന്മേശയില്നിന്ന് വീഴുന്ന അപ്പക്കഷണങ്ങള്‍ ഭക്ഷിക്കാറുണ്ടല്ലോ എന്ന അവളുടെ എളിയ മറുപടി കേട്ട യേശു അവളുടെ വിശ്വാസം യഹൂദരുടെ വിശ്വാസത്തെക്കാളും വലുതാണെന്ന് പറഞ്ഞ് അവളെ പ്രശംസിക്കുന്നു.
ഇങ്ങനെ സുവിശേഷത്തിലുടനീളം യേശു നല്കുന്ന രക്ഷയുടെ സന്ദേശമിതാണ്: ”തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്ത്തപ്പെടും; തന്നെത്തന്നെ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടുകയും ചെയ്യും” (ലൂക്കാ 18:14). തന്റെ ശിഷ്യന്മാര്ക്കുണ്ടായിരിക്കേണ്ട ഈ മനോഭാവം നമ്മെ പഠിപ്പിക്കുവാനും സ്വന്തം മാതൃകയിലൂടെ അത് നമുക്ക് കാണിച്ചു തരുവാനുമായിട്ടാണ് യേശു മനുഷ്യനായി അവതരിച്ചത്. പൗലോസ് അപ്പസ്തോലന് നല്കുന്ന ഏറ്റവും വലിയ ആഹ്വാനവും ഇതുതന്നെയാണ്: ”യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ” (ഫിലി. 2:5).
മനുഷ്യാവതാര രഹസ്യത്തിന്റെ അന്തഃസത്ത
ഈ മനോഭാവം ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് വിശുദ്ധ പൗലോസ് നമ്മെ ഓര്‍മിപ്പിക്കുന്നതിതാണ്: ”ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന് ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ – അതെ, കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി” (ഫിലി. 2:6-9).
മനുഷ്യാവതാര രഹസ്യത്തിന്റെ അന്തഃസത്തയായ എളിമയുടെയും ശൂന്യവല്ക്കരണത്തിന്റെയും മനോഭാവം കൂടാതെ സ്വജനങ്ങളുടെ അടുത്തേക്കുവരുന്ന, എളിയവരില്‍ വസിക്കുന്ന യേശുവിനെ സ്വീകരിക്കുവാനോ അതുവഴി ദൈവമക്കളായി രൂപാന്തരപ്പെടുവാനോ സാധിക്കുകയില്ല.
വിശ്വസിക്കുന്നുവെന്ന് പറയുന്ന ആരെങ്കിലും നാശത്തിന്റെ പാതയിലൂടെ ചരിക്കുന്നുവെങ്കില്‍ അതിന് പ്രധാന കാരണം അവഗണനയാണ്. ഒന്നുകില്‍ തങ്ങള്‍ എല്ലാം തികഞ്ഞവരാണ് എന്ന മിഥ്യാബോധത്തോടെ അവര്‍ ദൈവത്തെയും സഹോദരങ്ങളെയും അവഗണിക്കുന്നു. അതല്ലെങ്കില്‍ ദൈവംപോലും തങ്ങളെ അവഗണിക്കുന്നു എന്ന തെറ്റിദ്ധാരണയോടെ അവര്‍ ദൈവത്തില്‍നിന്നും അകലുന്നു. ദൈവം ആരെയും അവഗണിക്കുന്നവനല്ല, എല്ലാവരെയും പ്രത്യേകിച്ച് അവശരെയും ആലംബഹീനരെയും പരിഗണിക്കുന്നവനാണെന്ന അവബോധം വളര്‍ത്തിയെടുക്കുകയും ദൈവത്തെ അനുകരിക്കുകയുമാണ് ഇതിന് പ്രതിവിധി.
ഈ പശ്ചാത്തലത്തില്‍ ക്രിസ്മസിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടുകൊണ്ട് പൗലോസ് അപ്പസ്തോലനോടൊപ്പം ഇപ്രകാരം പറയാന്‍ ആഗ്രഹിക്കുന്നു: ”സഹോദരരേ, മാത്സര്യമോ വ്യര്‍ത്ഥാഭിമാനമോ മൂലം നിങ്ങള്‍ ഒന്നും ചെയ്യരുത്. മറിച്ച് ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളെക്കാള്‍ ശ്രേഷ്ഠരായി കരുതണം. ഓരോരുത്തരും സ്വന്തം താല്പര്യംമാത്രം നോക്കിയാല്‍ പോരാ. മറിച്ച്, മറ്റുള്ളവരുടെ താല്പര്യവും പരിഗണിക്കണം. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നിങ്ങള്‍ക്കും ഉണ്ടാകട്ടെ” (ഫിലി. 2:3-5). അതിനാല്‍ ബുദ്ധിയുടെയും കഴിവുകളുടെയും ബാബേല്‍ ഗോപുരങ്ങളായി സമൂഹങ്ങളെയും സംവിധാനങ്ങളെയും പണിതുയര്‍ത്താന്‍ ശ്രമിക്കാതെ സമാധാന രാജാവായ യേശു വസിക്കുന്ന പുല്‍ക്കൂടുകളായി രൂപാന്തരപ്പെടുത്തുവാന്‍ പരിശ്രമിക്കാം.










Anonymous
2