
നോബിള്‍ തോമസ് പാറയ്ക്കല്‍
തങ്ങളുടെ സ്വത്ത് കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ കത്തോലിക്കാസഭയുടേത് പോലെ സുതാര്യതയും അച്ചടക്കവും മേല്‍നോട്ടവുമുള്ള മറ്റൊരു സംവിധാനത്തെ ലോകത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുകയില്ല. ഇടവകയുടെ കണക്കുകള്‍ നയാപൈസ വിടാതെ ദിനംപ്രതിയും മാസംതോറുമൊക്കെ (നാള്‍വഴി, മാസതെരട്ട്, കുറുംതെരട്ട്) രേഖപ്പെടുത്തുന്നത് ഇടവകയുടെ അക്കൗണ്ടന്‍റാണ്. കൈക്കാരന്മാരും ഇടവകയുടെ പൊതുയോഗവും അറിയാതെ ഒരു നയാപൈസ പോലും ചിലവാക്കാന്‍ വൈദികര്‍ക്ക് കഴിയില്ല. അമിതചിലവുകളെ പള്ളിക്കമ്മറ്റികള്‍ ചോദ്യം ചെയ്യുന്ന എത്രയോ സന്ദര്‍ഭങ്ങള്‍ നമുക്കറിയാം. പരിഹരിക്കപ്പെടാത്ത ഇത്തരം പ്രശ്നങ്ങള്‍ രൂപതാകേന്ദ്രത്തിലും സിവില്‍ കോടതികളിലും വിശ്വാസികള്‍ പരാതികളാന്നുയിക്കുകയും പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്.
സഭയുടെ സ്വത്ത് മുഴുവന്‍ അല്മായരുടെ ദാനമാണ് (?)
തീര്‍ച്ചയായും അല്മായരുടെ ഔദാര്യപൂര്‍വ്വകമായ സംഭാവനകളാണ് കത്തോലിക്കാസഭയുടെ സന്പത്ത്. എന്നാല്‍ ഇടവകകളുടെ നിലനില്പിനും സ്ഥാപനങ്ങളുടെ വളര്‍ച്ചക്കും വേണ്ടി എല്ലാക്കാലങ്ങളിലും പ്രതിഫലം വാങ്ങാതെ സേവനം ചെയ്യുന്ന വൈദികരുടെ സാന്നിദ്ധ്യത്തെയും കഠിനാദ്ധ്വാനത്തെയും കഴിവുകളെയും ഏതു തുലാസ്സില്‍ നിര്‍ത്തും. പാര്‍ട്ടി വളര്‍ത്തുന്നതുപോലെ ബക്കറ്റുപിരിവും ഭീഷണിയും പ്രയോഗിക്കുകയും അങ്ങനെ കിട്ടുന്നതില്‍ നിന്ന് കൈയ്യിട്ട് വാരുകയും ചെയ്യുന്ന പ്രവര്‍ത്തനശൈലിയായിരുന്നില്ല കത്തോലിക്കാസഭയുടേത്. (വൈദികര്‍ അല്മായര്‍ എന്നിങ്ങനെ സഭയെ രണ്ടുതട്ടായി കാണാന്‍ പാടില്ല എന്നത് ശരിതന്നെ. എങ്കിലും ചര്‍ച്ചകളുടെ വഴിയാണ് ഇവിടെ എഴുതുന്നത്). വൈദികരും സന്ന്യസ്തരും അദ്ധ്വാനിച്ചതിന്‍റെ ആനുപാതികമായി അവര്‍ക്ക് ശന്പളം നല്കിയിരുന്നെങ്കില്‍, അല്ലെങ്കില്‍ അവരത് ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഇന്നു കാണുന്നതിലും ആഡംബരത്തില്‍ അവര്‍ക്ക് ജീവിക്കുവാന്‍ സാധിക്കുമായിരുന്നു. അതുകൊണ്ട് സഭയുടെ സ്വത്ത് എന്ന് പറയുന്നതില്‍ ജീവിതം പോലും തിരുസ്സഭക്ക് മാറ്റി വച്ച വൈദികരുട ചോരയും വിയര്‍പ്പും കണ്ണീരും ഉണ്ട് എന്ന് മറക്കരുത്.
വൈദികര്‍ക്ക് ലഭിക്കുന്ന ജീവനാംശം
എത്രവലിയ സ്ഥാപനത്തിന്‍റെ മേധാവിയാണെങ്കിലും ഒരു രുപതാവൈദികന്‍റെ അലവന്‍സ് 15000 രൂപയില്‍ താഴെയാണ്. അയ്യായിരം രൂപ അലവന്‍സ് സ്വീകരിക്കുന്നവരും ഒന്നും സ്വീകരിക്കാത്തവരും ഇന്നും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. കേരളത്തില്‍ 8000 മുതല്‍ 15000 വരെ പല രൂപതകളിലും വ്യത്യസ്ത അലവന്‍സാണുള്ളത്. അതില്‍ത്തന്നെ ഭക്ഷണത്തിന്‍റെ തുക 4000 രൂപയെങ്കിലും അത് നല്കുന്നവര്‍ക്ക് കൊടുക്കണം. സ്വന്തം ചിലവുകള്‍ വാഹനത്തിന്‍റെ ചിലവ്, മൊബൈല്‍ ഫോണ്‍ എന്നിവ (ഫോണിനും വാഹനത്തിനും നിശ്ചിത തുക ഇടവകയില്‍ നിന്നുണ്ട്. പക്ഷേ അത് ഇടവകകളുടെ സാന്പത്തികസ്ഥിതിയനുസരിച്ചേ കിട്ടൂ. കിട്ടുന്നതും തുച്ഛമായിരിക്കും) എല്ലാം ഈ തുകയില്‍ നിന്ന് കണ്ടെത്തണം. ഇതിനപ്പുറം ഒരു തുക ഇടവകയില്‍ നിന്ന് വൈദികര്‍ സ്വന്തമാക്കുന്നു എന്ന് അവകാശപ്പെടാന്‍ പള്ളിയുടെ മറ്റ് ഭാരവാഹികള്‍ക്ക് സാധിക്കുകയില്ല. അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ പിടിപ്പുകേടുകൊണ്ടു കൂടിയാണ് സംഭവിക്കുന്നത്. പള്ളിസ്വത്ത് അനധികൃതമായി കൈകാര്യം ചെയ്യുന്ന വൈദികരെ സഭാനിയമപ്രകാരവും സിവില്‍ നിയമപ്രകാരവും ചോദ്യംചെയ്യാനും നടപടികള്‍ സ്വീകരിക്കാനും ഇപ്പോഴും സാധിക്കുന്നതുമാണ്.
ഇടവകയുടെ സ്വത്ത് കൈകാര്യം ചെയ്യപ്പെടുന്നത് എങ്ങനെയാണ്
ഇടവകയുടെ സ്വത്ത് വൈദികര്‍ അടക്കിഭരിക്കുന്നു – സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യുന്നു എന്നിങ്ങനെയൊക്കെയുള്ള വാദങ്ങളാണ് പലരും ഉയര്‍ത്തുന്നത്. പള്ളിയില്‍ പോവുകയും പള്ളിയുമായി സഹകരിക്കുകയും ചെയ്യുന്നവര്‍ക്ക് കൃത്യമായി അറിയാം പള്ളിയിലെ കാര്യങ്ങള്‍ പ്രതിനിധിയോഗം, പൊതുയോഗം എന്നീ സമിതികളിലെ ചര്‍ച്ചയിലൂടെയും അവയുടെ അനുവാദത്തോടെയും അംഗീകാരത്തോടെയുമാണ് നടത്തപ്പെടുന്നത് എന്നത്. ഒരു വൈദികന്റെയും സ്വന്തം ഇഷ്ടം എവിടെയും അടിച്ചേല്പിക്കപ്പെടുക നിയപ്രകാരവും നിലവിലിരിക്കുന്ന ശൈലിപ്രകാരവും സാദ്ധ്യമല്ല. അങ്ങനെ ചെയ്യുന്നവരെ ചോദ്യം ചെയ്യാനും നിയന്ത്രിക്കാനും ഇന്നത്തെ അത്മായര്‍ക്ക് സാധിക്കുന്നുമുണ്ട്. എന്നിട്ടും വൈദികര്‍ ഇടവകാസ്വത്ത് ദുര്‍വിനിയോഗം ചെയ്യുന്നുവെന്നത് എത്രമാത്രം വ്യാജമായ ആരോപണമാണ്. പള്ളിപ്പറമ്പില്‍ വീഴുന്ന തേങ്ങയില്‍ പോലും വൈദികന്റെ ആവശ്യത്തിന് ഇത്രയെണ്ണം എന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ളതും അതില്‍ക്കൂടുതല്‍ ഉപയോഗിച്ച വൈദികനെ പള്ളിക്കമ്മറ്റി ചോദ്യം ചെയ്തതുമായ സംഭവം മലബാറിലെ രൂപതാവൈദികര്‍ക്ക് ഇപ്പോഴും ഓര്‍മ്മയുള്ള കാര്യവുമാണ്.
രൂപതയുടെ സ്വത്ത് കൈകാര്യം ചെയ്യപ്പെടുന്നത് എങ്ങനെയാണ്
രൂപതയുടെ സ്വത്ത് മെത്രാനാണ് കൈകാര്യം ചെയ്യുന്നത്… അതും ദുരുപയോഗിക്കപ്പെടുകയാണ് – നിയന്ത്രണങ്ങളില്ല എന്നൊക്കെ വാദിക്കുന്നവര്‍ ഓര്‍മ്മിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചര്‍ച്ച് ആക്ട് വാദക്കാര്‍ പറയുന്ന ഒരു നുണകൂടിയാണ് ഇവിടെ പൊളിയുന്നത്. ഞാനംഗമായിരിക്കുന്ന മാനന്തവാടി രൂപതയുടെ കാര്യം തന്നെ പറയാം. മാനന്തവാടി രൂപത 1860-ലെ ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഒരു സൊസൈറ്റിയാണ്. ഭാരതത്തിന്റെ സിവില്‍നിയമപ്രകാരം റിലീജിയസ് ട്രസ്റ്റ് ആയി രൂപതയും സാമൂഹ്യസേവനത്തിനായി ചാരിറ്റബിള്‍ ട്രസ്റ്റ് ആയി സാമൂഹ്യസേവനവിഭാഗവും എഡ്യുക്കേഷന്‍ ട്രസ്റ്റ് ആയി വിദ്യാഭ്യാസസ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നു. ഇപ്രകാരം രാഷ്ട്രനിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഈ ട്രസ്റ്റുകള്‍ രാഷ്ട്രത്തിന്റെ നിയമങ്ങളാവശ്യപ്പെടുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുകയും ഒരു നയാപൈസപോലും വിടാതെയുള്ള വരവുചിലവുകണക്കുകള്‍ അതാത് ദിവസംതന്നെ എല്ലാവിധ രേഖകളോടുംകൂടെ രേഖപ്പെടുത്തിസൂക്ഷിക്കുകയും ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്ന പ്രകാരം വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യുകയും ഐടി റിട്ടേണ്‍ സമര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്. എല്ലാ കത്തോലിക്കാരൂപതകളും ഇപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാനന്‍ നിയമമല്ല രാഷ്ട്രത്തിന്റെ നിയമമാണ് സഭകള്‍ പാലിക്കേണ്ടതെന്ന് പറയുന്നവര്‍ ഈ സത്യം മറച്ചുവെച്ചുകൊണ്ടാണ് സംസാരിക്കുന്നത്.
ഇതോടൊപ്പം തന്നെ രൂപതാസംവിധാനങ്ങളും ഭൗതികസ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധിക്കേണ്ട സഭാനിയമങ്ങളും പാലിക്കുന്നുണ്ട്. അതിന്റെ ഭാഗമായി രൂപതയുടെ വരവ് ചിലവ് കണക്കുകളും ബജറ്റും രൂപതയുടെ ഫിനാന്‍സ് കൗണ്‍സില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍, പാസ്റ്ററല്‍ കൗണ്‍സില്‍, പ്രസ്ബിറ്റേറിയം എന്നീ സമിതികളിലും അവതരിപ്പിക്കുന്നുണ്ട്. ഇടവകകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് ഫൊറോനാ കൗണ്‍സിലുകളില്‍ എത്തുന്നവര്‍ അവിടെ നിന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിട്ടാണ് പാസറ്ററല്‍ കൗണ്‍സിലില്‍ എത്തുന്നത്. അപ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന അത്മായര്‍ ഭൂരിപക്ഷവും സന്ന്യാസസമൂഹങ്ങളുടെ പ്രതിനിധികളും വൈദികരുടെ പ്രതിനിധികളുമാണ് പാസ്റ്ററല്‍ കൗണ്‍സില്‍ എന്ന് പറയുന്നത്. രൂപതയുടെ ഓരോ വര്‍ഷത്തെയും വരവ്ചിലവ് കണക്കുകള്‍ ഈ വേദികളില്‍ അവതരിപ്പിക്കപ്പെടാറുമുണ്ട്. ചുരുക്കത്തില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ക്കും സഭാനിയമങ്ങള്‍ക്കും അനുസൃതമായിട്ടാണ് സ്വത്തിന്റെ ക്രയവിക്രയങ്ങള്‍ നടക്കുന്നത്. എന്നാല്‍ അതങ്ങനെയല്ലെന്ന് സാധാരണജനത്തെ പറഞ്ഞു വിശ്വസിപ്പിക്കുന്ന നുണയരാണ് ചര്‍ച്ച് ആക്ടിന്റെ പിന്നാമ്പുറത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
അതുകൊണ്ട്…
ചര്‍ച്ച് ആക്ട് വാദം വെറും തട്ടിപ്പാണെന്ന് വിശ്വാസസമൂഹം മനസ്സിലാക്കിയില്ലെങ്കില്‍ കേരളത്തിലെ ക്രൈസ്തവസഭകളുടെ ഭാവിസുരക്ഷിതത്വം അനിശ്ചിതത്വത്തിലേക്ക് വഴുതിവീഴുമെന്ന് തീര്‍ച്ച.
വിനാശത്തിന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്ത് നില്ക്കുന്നത് കാണുമ്പോള്‍ – നമുക്ക് പ്രാര്‍ത്ഥിക്കാം.










Leave a Reply