Sathyadarsanam

ചര്‍ച്ച് ആക്ട് വിശ്വാസികള്‍ക്ക് മേല്‍ സാമ്പത്തികമായ അമിതഭാരം സൃഷ്ടിക്കുന്നു

നോബിള്‍ തോമസ് പാറയ്ക്കല്‍

പൗരോഹിത്യത്തെ ഭള്ള് പറഞ്ഞും അപകീര്‍ത്തിപ്പെടുത്തിയും വൈദികരും വിശ്വാസികളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തിയും സഭയുടെ ആത്മീയജീവിത്തില്‍ നിന്ന് ഭൗതികസ്വത്തിനെ വേര്‍തിരിച്ച് അവതരിപ്പിച്ചും ചര്‍ച്ച് ആക്ടിനെ ആദര്‍ശവത്കരിക്കുന്നവര്‍ മറച്ചുവെക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ചര്‍ച്ച് ആക്ട് നടപ്പിലാകുന്നതോടുകൂടി വിശ്വാസികള്‍ക്കുണ്ടാകാന്‍ പോകുന്ന വലിയ സാമ്പത്തികബാദ്ധ്യത. എപ്രകാരമാണ് എന്നത് ഒന്ന് പരിശോധിക്കാം.

1. സഭാസ്വത്ത് ഭരിക്കാന്‍ കമ്മീഷണറും ട്രസ്റ്റുമൊക്കെയടങ്ങുന്ന പുതിയ സംവിധാനം രൂപപ്പെടുകയും സ്വത്ത് സുരക്ഷിതമാവുകയും ചെയ്യുന്നത് വഴിയായി ചര്‍ച്ച് ആക്ട് വാദക്കാര്‍ ആഗ്രഹിക്കുന്നതുപോലെ വൈദികര്‍ അവര്‍ക്ക് വിധേയപ്പെട്ട് പെരുമാറുന്ന ആത്മീയശുശ്രൂഷകര്‍ മാത്രമായിരിക്കും. അതിനാല്‍ത്തന്നെ ചര്‍ച്ച് ആക്ടില്‍ പറയുന്നത് പോലെ അവര്‍ക്ക് ജീവിതസൗകര്യങ്ങളും ജോലിക്കനുസൃതം ശമ്പളവും നല്കണം. വൈദികരെ സംബന്ധിച്ചിടത്തോളം തിരുസ്സഭയോടും സ്വന്തം സമുദായത്തോടും ഉള്ള കൂറിനെയും പ്രതിബദ്ധതയെയും പ്രതി സേവനമനസ്ഥിതിയോടെ ചെയ്തിരുന്ന ശുശ്രൂഷ ഇനിമുതല്‍ ശമ്പളം വാങ്ങിച്ചെയ്യേണ്ടുന്ന തൊഴിലായിത്തീരുകയാണ് ചെയ്യുക. ശുശ്രൂഷയായി ചെയ്യുമ്പോള്‍ പതിനായിരം രൂപയുടെ മുമ്പിലോ പുറകിലോ ആയിട്ട് ഒരു സംഖ്യയാണ് വൈദികര്‍ ജീവനാംശമായി എടുത്തിരുന്നത്. എന്നാല്‍ ശമ്പളം നല്കാന്‍ തുടങ്ങുമ്പോള്‍ സര്‍ക്കാര്‍ ഓഫീസിലെ പ്യൂണിന്റെയെങ്കിലും ശമ്പളം ഏറ്റവും കുറഞ്ഞതായി നല്കേണ്ടി വരും. ഇടവകകളുടെ വലിപ്പം, സീനിയോറിറ്റി എന്നതൊക്കെയനുസരിച്ച് അതില്‍ മാറ്റവും വര്‍ദ്ധനവുമുണ്ടാകും. വൈദികര്‍ ശമ്പളക്കാരാവുന്നതോടെ അതിനോട് ആനുപാതികമായി പള്ളിജീവനക്കാരുടെയും ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടതായി വരും. മതാദ്ധ്യാപകര്‍ പോലുള്ള സന്നദ്ധസേവകര്‍ക്കും ശമ്പളം നല്കേണ്ട അവസ്ഥ സാവധാനം രൂപപ്പെടും. കാരണം, പ്രതിബദ്ധതയോടെ ശുശ്രൂഷ ചെയ്യുന്നതിന്റെ മാതൃക നല്കാന്‍ ഇടവകദേവാലയത്തില്‍ ആരും തന്നെ ശേഷിക്കുന്നില്ലല്ലോ. ഈ തുകയെല്ലാം തന്നെ വീണ്ടും വിശ്വാസികളില്‍ നിന്ന് കണ്ടെത്തുകയല്ലാതെ ട്രസ്റ്റ് അധികാരികള്‍ക്ക് മറ്റു വഴിയുണ്ടാവില്ല. വൈദികര്‍ ചോദിച്ചാല്‍ നല്കുന്നതുപോലെ ട്രസ്റ്റ് ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ ഉടനെ വിശ്വാസികള്‍ പണം നല്കുമെന്നും കരുതാനാവില്ല. വിശ്വാസികള്‍ക്ക് മേല്‍ ചര്‍ച്ച് ആക്ട് വലിയ സാമ്പത്തികബാദ്ധ്യതയായിത്തീരുന്നത് ഇപ്രകാരമാണ്. അങ്ങനെ സാമ്പത്തികബാദ്ധ്യത വര്‍ദ്ധിക്കുമ്പോള്‍ യൂറോപ്പിലേതുപോലെ വിശ്വാസജീവിതം ഉപേക്ഷിക്കാന്‍പോലും വിശ്വാസികള്‍ തയ്യാറാകുന്ന സാഹചര്യമുണ്ടാകും.

2. പ്രായമായ വൈദികര്‍ക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ ഭക്ഷണം, താമസം, മരുന്ന് എന്നിവയാണ് രൂപതാസംവിധാനങ്ങള്‍ നല്കിവരുന്നത്. അവര്‍ വിരമിക്കുമ്പോള്‍ സാമ്പത്തികമായ യാതൊരാനുകൂല്യവും അവര്‍ക്ക് ലഭിക്കാറില്ല – ഒരു നൂറു രൂപാ പോലും. എന്നാല്‍, ശമ്പളക്കാരായ വൈദികര്‍ വിരമിക്കുന്ന സാഹചര്യത്തില്‍ അവര്‍ക്ക് ആനുകൂല്യങ്ങളും പെന്‍ഷനും മറ്റ് സൗകര്യങ്ങളും നല്കാന്‍ ഇനിയും വലിയ തുകകള്‍ ആര് കണ്ടെത്തും. ഇപ്പോള്‍ത്തന്നെ കടത്തില്‍ അവസാനിക്കുന്ന വാര്‍ഷികക്കണക്കുകളാണ് പല രൂപതകളുടേതും. സാമ്പത്തികമായി മെച്ചമുള്ള രൂപതകള്‍ക്ക് ചിലപ്പോള്‍ കുറച്ച് കാലത്തേക്ക് മാനേജ് ചെയ്യാന്‍ സാധിച്ചേക്കാം. എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കുമ്പോള്‍ അതും പ്രായോഗികമല്ലാതായിത്തീരും. അപ്പോള്‍ വിശ്വാസികള്‍ തന്നെ അതും താങ്ങേണ്ടതായി വരും.

3. വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനത്തിന് ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ട്. വൈദികരുടെ തന്നെ ബന്ധങ്ങളിലൂടെ സ്വരുക്കൂട്ടിയെടുക്കുന്ന സ്പോണ്‍സര്‍ഷിപ്പുകളാണ് ഇത്തരം വലിയ തുകകളുണ്ടാക്കുന്നത്. വൈദികരെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇത്രയും വലിയ തുകകള്‍ ഓരോ രൂപതക്കും കണ്ടെത്താന്‍ സാധിക്കുമോ? അതും വിശ്വാസികളുടെ അടുക്കല്‍ നിന്ന് കണ്ടെത്താന്‍ തുടങ്ങേണ്ടി വരില്ലേ.

4. ഭൂരിപക്ഷം രൂപതകളിലെയും ദേവാലയനിര്‍മ്മാണം, മറ്റ് അടിസ്ഥാനസൗകര്യങ്ങളുടെ വികസനം എന്നിവ വൈദികരുടെ വിദേശത്തുള്ള സുഹൃത് വൈദികരിലൂടെയും മറ്റ് ബന്ധങ്ങളിലൂടെയും സ്വരുക്കൂട്ടുന്ന പണത്തിന്റെ കൂടെ ബലത്തിലാണ് നടക്കുന്നത്. സ്വയം പര്യാപ്തമായ ഇടവകകളും ഉണ്ട്. എന്നാല്‍ ആകമാനം കണക്കു നോക്കുമ്പോള്‍ പലപ്പോഴും ഇടവകകളില്‍ നിന്ന് ജനം സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക വൈദികര്‍ തന്നെ കൊണ്ടുവരുന്നുണ്ട്. തെളിവുകള്‍ സഹിതം തെളിയിക്കാന്‍ ഞാന്‍ സന്നദ്ധനുമാണ്. ചര്‍ച്ച് ട്രസ്റ്റും കമ്മീഷണറും ഇപ്രകാരമുള്ള ദൗത്യങ്ങളും കൂടി ഏറ്റെടുക്കാന്‍ തയ്യാറാകുമോ. അതും ഇടവകയിലെ ജനങ്ങളുടെ ചുമലിലേക്ക് തന്നെ എത്തിച്ചേരുകയില്ലേ?

പൗരോഹിത്യത്തെ അവരുടെ ശുശ്രൂഷാജീവിതശൈലിയില്‍ നിന്ന് ശമ്പളക്കാരാക്കി മാറ്റുന്ന ചര്‍ച്ച് ആക്ട് ഒരു പത്ത് വര്‍ഷത്തിനപ്പുറത്തേക്ക് സഭയുടെ സുഗമമായ നടത്തിപ്പിന് സഹായമാവുകയില്ല. സാമ്പത്തികമായി രൂപംകൊള്ളുന്ന പ്രതിസന്ധി പലവിധ നിയന്ത്രണങ്ങളിലേക്കും അതിനെത്തുടര്‍ന്നുണ്ടാകാവുന്ന സംഘര്‍ഷങ്ങളിലേക്കും കോടതികളിലേക്കും രാഷ്ട്രീയഇടപെടലുകളിലേക്കുമെല്ലാം വളരെപ്പെട്ടെന്ന് സഭയുടെ ശാന്തമായ ആത്മീയാന്തരീക്ഷത്തെ കൊണ്ടുചെന്നെത്തിക്കും.

സഭയില്‍ ഭിന്നത വിതക്കുന്ന ശത്രുവിന്റെ തന്ത്രമാണ് ചര്‍ച്ച് ആക്ട്ആക്ട്

അതുകൊണ്ട്…
ചര്‍ച്ച് ആക്ട് വാദം വെറും തട്ടിപ്പാണെന്ന് വിശ്വാസസമൂഹം മനസ്സിലാക്കിയില്ലെങ്കില്‍ കേരളത്തിലെ ക്രൈസ്തവസഭകളുടെ ഭാവിസുരക്ഷിതത്വം അനിശ്ചിതത്വത്തിലേക്ക് വഴുതിവീഴുമെന്ന് തീര്‍ച്ച.

വിനാശത്തിന്റെ അശുദ്ധലക്ഷണം നില്ക്കരുതാത്തിടത്ത് നില്ക്കുന്നത് കാണുമ്പോള്‍ – നമുക്ക് പ്രാര്‍ത്ഥിക്കാം.

Leave a Reply

Your email address will not be published. Required fields are marked *