ഇന്ത്യയുടെ വികസന കുതിപ്പിനെക്കുറിച്ച് ധാരാളം പറയാറുണ്ട്. ശാസ്ത്ര-സാങ്കേതിക സാമ്പത്തിക രംഗങ്ങളില്‍ ഇന്ത്യ ഏറെ മുന്നേറിക്കഴിഞ്ഞു എന്നത് വാസ്തവമാണ്. ചില മേഖലകളില്‍ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നതോ അതിനും മുകളിലോ എത്താന്‍ സാധിച്ചിട്ടുണ്ട്. രാജ്യം പുരോഗമിക്കുന്നതിന് ആനുപാതികമായി സാമൂഹ്യാന്തരീക്ഷം മെച്ചപ്പെടുന്നുണ്ടോ എന്നൊരു ചോദ്യം ബാക്കിയാകുന്നു. 50 വര്‍ഷം മുമ്പ് സമൂഹത്തില്‍ നിലനിന്നിരുന്ന ഐക്യവും ഉറച്ചബന്ധങ്ങളും ഇപ്പോഴുണ്ടോ എന്നു ചിന്തിക്കണം. അറിവിന്റെയും സമ്പത്തിന്റെയും തലത്തില്‍ ഉയരുമ്പോള്‍ മനസുകള്‍ തമ്മില്‍ അകലുകയാണ്. സമൂഹത്തെ തട്ടുകളായി വിഭജിക്കാനും അതില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യാനും ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ ഇപ്പോള്‍ വ്യാപകമാകുന്നു. അതൊരു വിരോധാഭാസമാണ്. അറിവു വര്‍ധിക്കുംതോറും ഐക്യം കൂടുകയല്ലേ വേണ്ടത്? സാധാരണ നിലയില്‍ ചിന്തിച്ചാല്‍ അങ്ങനെയാണ് സംഭവിക്കേണ്ടതും. കാരണം, വിദ്യാഭ്യാസം കുറഞ്ഞവരെയാണല്ലോ എളുപ്പത്തില്‍ കബളിപ്പിക്കാന്‍ കഴിയുന്നത്. പക്ഷേ, നമ്മുടെ രാജ്യത്തെ അവസ്ഥയെക്കുറിച്ച് അറിയുന്ന എല്ലാവര്ക്കും ബോധ്യമാകുന്നത്, ജനങ്ങള്‍ തമ്മിലുള്ള അകലം വര്‍ധിക്കുന്നു എന്നാണ്. ഇതിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്ന ചെറിയൊരു വിഭാഗമുണ്ട്. അവര്‍ക്ക് രാഷ്ട്രീയ അധികാരം സ്വന്തമാക്കാന്‍ സമൂഹത്തിന്റെ ഐക്യമില്ലായ്മയെ സൗകര്യപൂര്‍വം ഉപയോഗപ്പെടുത്തുകയാണ്. സമൂഹം പല തട്ടുകളായി വിഭജിക്കപ്പെടുമ്പോള്‍ അതിന്റെ നഷ്ടം ജനങ്ങള്‍ക്കാണ്. ജനങ്ങള്‍ ഒരേ മനസോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ രാജ്യത്തിന്റെ വളര്‍ച്ചയെ അതു ത്വരിതപ്പെടുത്തുമായിരുന്നു.
വികസനത്തിന്റെ ഗുണഫലങ്ങള്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്കും എത്തിയിട്ടുണ്ടെങ്കിലും സാധാരണക്കാര്‍ക്ക് എത്രമാത്രം അനുഭവവേദ്യമാകുന്നുണ്ട് എന്നു പരിശോധിക്കപ്പെടേണ്ടതാണ്. വികസന കാഴ്ചപ്പാടുകള്‍ ഏതുവിധത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്? സാധാരണക്കാരുടെ ഉയര്‍ച്ചക്കും പുരോഗതിക്കും എത്രമാത്രം ഊന്നല്‍ നല്‍കുന്നുണ്ട്? ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെയും അവകാശങ്ങളുടെയും കാര്യത്തില്‍ എത്രമാത്രം മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ട്? എന്നൊക്കെയുള്ളത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കേണ്ട വിവിധ ഗവണ്മെന്റ് ഓഫീസുകളിലെ രീതികള്‍ പരിശോധിച്ചാല്‍ ഏറെയൊന്നും മുമ്പോട്ടുപോയിട്ടില്ലെന്നു വ്യക്തമാകും. കമ്പ്യൂട്ടര്‍വത്ക്കരണവും അതുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങളുമൊക്കെ നടപ്പിലായതിന്റെ ഗുണഫലങ്ങള്‍ വിസ്മരിക്കുന്നില്ല. എന്നിരുന്നാലും ഗവണ്മെന്റ് ഓഫീസുകളിലെ സമീപന രീതികളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല. സേവന മനോഭാവമുള്ള കുറെപ്പേരെ ഒഴിച്ചുനിര്‍ത്തിയാല്‍ തങ്ങള്‍ യജമാനന്മാരും ജനങ്ങള്‍ അടിമകളുമാണെന്ന മനോഭാവമാണ് ഉദ്യോഗസ്ഥരെ നയിക്കുന്നത്. വിവിധ ആവശ്യങ്ങളുമായി ചെല്ലുന്നവര്‍ക്ക് ഇരിക്കാന്‍ സൗകര്യങ്ങളുള്ള എത്ര ഗവണ്മെന്റ് ഓഫീസുകളുണ്ട് നമ്മുടെ നാട്ടില്‍. അത്തരം സൗകര്യങ്ങള്‍ ഒരുക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളോ അവിടെ എത്തുന്ന സാധാരണക്കാര്‍ പരിഗണിക്കപ്പെടേണ്ടവരാണെന്ന ചിന്തയോ പലപ്പോഴും പൊതു ഇടങ്ങളില്‍ കാണാറില്ല. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഗവണ്മെന്റ് ആശുപത്രികളുടെ അവസ്ഥ പരിതാപകരമാണ്. കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ ചെന്നാല്‍ നിലത്തുകിടക്കുന്ന രോഗികള്‍ പതിവു കാഴ്ചകളാണ്. രോഗികളെ സഹായിക്കാന്‍ നില്‍ക്കുന്നവര്‍ക്ക് ഇരിക്കാനുള്ള സൗകര്യങ്ങള്‍പ്പോലും വളരെ പരിമിതമാണ്.
കൈക്കൂലി കേസുകളില്‍ എത്രയോ ഉദ്യോഗസ്ഥന്മാര് അടുത്ത കാലത്തുതന്നെ പിടിയിലായിട്ടുണ്ട്. കൈക്കൂലി വാങ്ങുന്ന സംഭവങ്ങളില്‍ ഒരു ശതമാനംപോലും പുറത്തറിയുന്നുണ്ടാവില്ല. ഇതുമായി ബന്ധപ്പെട്ട് പരാതിയുമായി പോകുന്നവര്‍ വളരെ കുറവായിരിക്കും. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും നിവൃത്തികേടുകൊണ്ടാണ് പലരും അതിന് തയാറാകുന്നത്. അര്‍ഹമായ സേവനങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ പരാതി നല്കാന് കൃത്യമായ വേദികളില്ല. അല്ലെങ്കില്‍ നടപടി എടുക്കേണ്ടവര്‍ കുറ്റം ചെയ്തവരുടെ പക്ഷംചേരുന്നതാണ് പൊതുവേ കണ്ടുവരുന്നത്. എത്ര പോലിസ് സ്റ്റേഷനുകളില്‍ സാധാരണക്കാര്‍ക്ക് പരാതിയുമായോ അതുമായി ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്ക്കുമായോ മറ്റാരുടെയും പിന്‍ബലമില്ലാതെ കയറിച്ചെല്ലാന്‍ കഴിയും? ലോക്കപ്പില്‍ മര്‍ദ്ദനമേറ്റ് ആളുകള്‍ മരിക്കുന്നു. നിയമം നടപ്പിലാക്കേണ്ടവര്‍ നിയമം ലംഘിക്കുന്ന എത്രയോ സംഭവങ്ങളാണ് അനുദിനമെന്നവണ്ണം പെരുകുന്നത്.
ചന്ദ്രയാന്പോലുള്ള വലിയ ദൗത്യങ്ങള്‍ രാജ്യം ഏറ്റെടുക്കുന്ന കാലത്താണ് ലോക്കപ്പ് മരണങ്ങള് ഉണ്ടാകുന്നതും സാധാരണക്കാര്‍ അഹര്‍തപ്പെട്ട കാര്യങ്ങള്‍ക്കുവേണ്ടി ഗവണ്മെന്റ് ഓഫീസുകള്‍ കയറിയിറങ്ങി മടുക്കുന്നതും. ഇവിടെ വലിയ അന്തരമുണ്ട്. വളര്‍ച്ചയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന മുന്നേറ്റം സേവന മേഖലയിലും സമൂഹത്തിന്റെ അടിസ്ഥാനതലങ്ങളിലും എത്തണം. ജനങ്ങള്‍ക്ക് അവകാശപ്പെട്ട സേവനങ്ങള്‍ അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഭരണനേതൃത്വത്തിനുണ്ട്. കമ്പ്യൂട്ടര്‍ വല്‍ക്കരണം ഉണ്ടാക്കിയ മുന്നേറ്റം വലുതാണ്. അതേസമയം ഉദ്യോഗസ്ഥന്മാരുടെ സമീപന രീതികളിലും ആ വളര്‍ച്ച ഉണ്ടാകണം. രാജ്യം പുരോഗമിക്കുമ്പോള്‍ എല്ലാതലങ്ങളിലും അതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകണം. അതൊരു സംസ്കാരമായി മാറുകയും വേണം.
കടപ്പാട്- സണ്‍ഡേ ശാലോം










Leave a Reply