Sathyadarsanam

യേശു എത്രനാള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നു?

ക്രിസ്തീയ വിശ്വാസത്തെയും കാഴ്ചപ്പാടുകളെയും തകര്‍ക്കാന്‍ ചില ഗൂഢകേന്ദ്രങ്ങള്‍ കയ്യുംമെയ്യും മറന്നുള്ള കഠിനശ്രമത്തിലാണിന്ന്. ദൈവത്തില്‍ നിന്ന് മനുഷ്യനെ അകറ്റുക എന്നത് മാത്രമാണ് ഇക്കൂട്ടര്‍ ലക്ഷ്യമാക്കുന്നത്. അതിനായി ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും കഥകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും സിനിമയിലൂടെയുമെല്ലാം അവര്‍ വിശ്വാസത്തിനെതിരെ പടവാളേന്തുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ക്രിസ്തീയ വിശ്വാസത്തെ നിഷേധിച്ചുകൊണ്ട് ‘യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു’ എന്ന പേരിലൊരു പുസ്തകം പ്രമുഖ പ്രസാധകര്‍ അടുത്തനാളില്‍ പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിന്റെ പ്രതിപാദനവിഷയം യേശു തന്റെ ജീവിതത്തിന്റെ സിംഹഭാഗവും ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്നാണ്.

ചരിത്രകാരനായി അറിയപ്പെടുന്ന ഹോള്‍ഗര്‍ കേസ്റ്റന്‍ എഴുതിയ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഈ പ്രസാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതില്‍ പറയുന്നത് പുരാതനമായ പട്ടുനൂല്‍പ്പാതയിലൂടെ സഞ്ചരിച്ച് ഇന്ത്യയിലെത്തിയ യേശു ബുദ്ധമതതത്വങ്ങള്‍ പഠിക്കുകയും ഒരു അധ്യാത്മിക ഗുരുവാകുകയും ചെയ്തു എന്നാണത്രേ. യേശു കുരിശില്‍ മരിച്ചില്ലെന്നാണ് പുസ്‌കത്തിലെ മറ്റൊരു വാദം… അദ്ദേഹം കല്ലറയില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയിലെത്തുകയായിരുന്നുവെന്നും ശ്രീനഗറിലാണ് യേശുവിന്റെ കല്ലറയെന്നുമൊക്കെയാണ് ഇതിലൂടെ എഴുത്തുകാരന്‍ ചരിത്രത്തിന്റെ ലേബലൊട്ടിച്ച് പ്രതിപാദിക്കുന്നത്.

ബൈബിള്‍ സംഭവങ്ങളുടെ സ്മരണ നിലനിര്‍ത്തുന്ന ‘വിശുദ്ധ നാടുകള്‍’ ഇപ്പോഴും ചരിത്രസ്മാരകമായി നിലനിലല്‍ക്കേ, ‘ക്രിസ്തു ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലും കാശ്മീരിലുമാണെന്നുള്ള’ തെറ്റായ പ്രചാരണം നടത്തുന്നവര്‍ ചരിത്രത്തെ വളച്ചൊടിക്കുക മാത്രമല്ല, ഭാരതത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തെ തച്ചുടയ്ക്കുവാനും ശ്രമിക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

ക്രിസ്തു കാല്‍വരിയില്‍ നിന്നും രക്ഷപ്പെട്ട് കാശ്മീര്‍ താഴ്‌വരയില്‍ എത്തിയെന്നും അവിടെ സാധാരണരീതിയില്‍ മരണം പ്രാപിച്ച് കബറടങ്ങിയെന്നും മറ്റുമുളള പ്രചാരണത്തിന് പിന്നിലുള്ളത് ടൂറിസം ലോബിയാണെന്ന് പ്രശസ്ത പത്ര പ്രവര്‍ത്തകനും ബ്രിട്ടീഷ് ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനുമായ സാം മില്ലര്‍ തെളിവുകളുടെ സാന്നിധ്യത്തില്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കാശ്മീരിന്റെ പ്രകൃതിഭംഗി സുന്ദരമാണെങ്കിലും അവിടെ നടക്കുന്ന കലാപങ്ങളും പ്രശ്‌നങ്ങളും മൂലം കുറെ നാളുകളായി ടൂറിസ്റ്റുകള്‍ അവിടെ നിന്നും പിന്തിരിയുകയായിരുന്നു. അതുകൊണ്ട് ടൂറിസ്റ്റുകള്‍ വിടവാങ്ങുന്ന സ്ഥലത്തേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള വിദഗ്ധ ശ്രമമാണ് ഈ വിവാദപ്രശ്‌നം. ഇതെക്കുറിച്ച് പഠനം നടത്തിയ സാം മില്ലറിന് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ സ്ഥാപിത താല്പര്യങ്ങളും ഇവിടം ക്രിസ്തുവിന്റെ കബറിടമാണെന്ന് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യങ്ങളും പകല്‍ പോലെ വ്യക്തമായിരുന്നുവത്രേ.

ദീര്‍ഘനാളുകളായി ക്രിസ്തുമതത്തിനെതിരെ സംഘടിത അക്രമണം നടത്തുന്നവരാണ് ഇതിന്റെ പ്രചാരകരിലേറെയും. അവരില്‍ പലരും പിന്നീട് ക്രിസ്തു വിശ്വാസത്തിലേക്ക് തിരിയുകയും പറഞ്ഞത് കെട്ടുകഥയാണെന്ന് വ്യക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ആരും പുറത്ത് പറയുന്നില്ലെന്നും മില്ലര്‍ ചൂണ്ടിക്കാട്ടുന്നു.

കാശ്മീരിലെ കല്ലറ യൂസാ ആസഫ് എന്ന മധ്യകാല ഇസ്‌ളാം മത വിശ്വാസിയുടേതാണെന്ന് വ്യക്തമായ തെളിവുകള്‍ ധാരാളമുണ്ട്. ഇതിനടുത്ത് താമസിക്കുന്നവര്‍ പോലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നതായും സാം മില്ലര്‍ സൂചിപ്പിക്കുന്നു. ”ഏതോ ചില വ്യാപാരികളാണ് ഇത് സംബന്ധിച്ച് ആദ്യം പ്രചരണം തുടങ്ങിയത്. പിന്നീട് ഏതാനും പേര്‍ ഈ ചിന്താഗതിയെ പിന്തുണച്ചു. ടൂറിസ്റ്റുകള്‍ കൂട്ടമായി എത്തിത്തുടങ്ങിയതോടെ ഇത് ക്രിസ്തുവിന്റെ കബറിടമായി നിലനിര്‍ത്തേണ്ടത് ചിലരുടെയൊക്കെ ആവശ്യകതയായി മാറി. അങ്ങനെയാണ് കാശ്മീര്‍ വീണ്ടും ക്രിസ്തുവുമായി ബന്ധപ്പെടുത്തി ശ്രദ്ധേയമാകുന്നത്..” അമേരിക്കയിലും മറ്റും സാത്താനാരാധന നടത്തുന്ന ചില ഗ്രൂപ്പുകളാണ് ഇതിന് വ്യാപക പ്രചാരണം നല്‍കിയതെന്നും വിശുദ്ധ ഗ്രന്ഥത്തിലെ വചനങ്ങള്‍ക്ക് ദുര്‍വ്യാഖ്യാനം നല്‍കിയാണ് ക്രിസ്തു കാശ്മീരില്‍ മരണമടഞ്ഞു എന്ന് പ്രചരിപ്പിക്കുന്നതെന്നും മില്ലര്‍ എഴുതുന്നു.

ക്രിസ്തു ജീവിച്ചതും യാത്രചെയ്തതുമായ എല്ലാ സ്ഥലങ്ങളെക്കുറിച്ചും വ്യക്തമായ രേഖകളുണ്ട്. ഈശോയുടെ ജീവിതത്തെയും മരണോത്ഥാനങ്ങളെയുംകുറിച്ച് വസ്തുനിഷ്ഠവും ആധികാരികവുമായ തെളിവ് നല്‍കാന്‍ യോഗ്യതയുള്ളവരാണ് സഭയുടെ ആദ്യകാല പിതാക്കന്മാരെല്ലാം. മിശിഹായുടെ യഥാര്‍ത്ഥ ശിഷ്യന്മാരില്‍ നിന്ന് നേരിട്ടുഗ്രഹിച്ച കാര്യങ്ങളാണ് അവര്‍ പകര്‍ന്നു നല്‍കിയത്. ബൈബിള്‍ രചയിതാക്കള്‍ക്കൊപ്പം റോമിലെ വി. ക്ലമന്റ് (ഏ.ഡി.30-101), അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ്(ഏ.ഡി.35-107), വി. പോളികാര്‍പ്പ് (ഏ.ഡി.65-155)എന്നിവരുടെ കൃതികളും ഇതിനുദാഹരണങ്ങളാണ്. ക്രിസ്തുവിന്റെ കല്ലറയും ഉയിര്‍പ്പുമെല്ലാം ചരിത്ര സത്യമാണെന്ന് തെളിയിക്കുന്ന ധാരാളം രേഖകള്‍ ലഭ്യമാണ്. പകല്‍പോലെ വ്യക്തമായ ഇത്തരം ചരിത്രരേഖകള്‍ നിലനില്‍ക്കേ തെറ്റിധാരണ പടര്‍ത്തുന്നവരെയും അവരുടെ ലക്ഷ്യങ്ങളെയും ജനം തിരിച്ചറിയും എന്നത് തീര്‍ച്ചയാണ്..

Leave a Reply

Your email address will not be published. Required fields are marked *