Sathyadarsanam

ആര്‍ക്കാണിവിടെ ന്യൂറോസിസ്? വിശ്വസ്‌നേഹത്തിന്‍റെ ആത്മക്ഷതങ്ങള്‍!

”വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം!” – മിസ്റ്റിക്കല്‍ കവി എന്നു വിശേഷിപ്പിക്കാവുന്ന അക്കിത്തത്തിന്റെ വരികളാണിവ. ക്യാമ്പസുകളിലെ നിരാശാകാമുകന്‍മാരുടെയും പൂവാലന്‍മാരുടെയും ആപ്തവാക്യം ആയിട്ടാണ് നിര്‍ഭാഗ്യവശാല്‍ ഈ വരികള്‍ ഉദ്ധരിക്കപ്പെടുന്നത്. എന്നാല്‍ വിശ്വത്തിന്റെ ദുഃഖത്തെ ഉപാസന ചെയ്ത ബുദ്ധചിന്തയുടെ ആത്മീയസത്തയെ അക്ഷരങ്ങളില്‍ കൊത്തിവെച്ചിരിക്കുന്നതാണ് അക്കിത്തത്തിന്റെ ഈ കാവ്യശകലം. നമ്മുടെ സംസ്‌കാരം സുഖം, ആനന്ദം എന്നൊക്കെ കരുതി വച്ചിരിക്കുന്ന ആദര്‍ശങ്ങളുടെ വെളിച്ചത്തേക്കാള്‍ പ്രപഞ്ചഘടനയില്‍ത്തന്നെ ഘനീഭവിച്ചുകിടക്കുന്ന സാന്ദ്രദുഃഖങ്ങളെ ആശ്ലേഷിക്കുന്നതില്‍ ഒരു ആത്മീയ നിര്‍വൃതി ഉണ്ട് എന്നതാണ് ഇവിടത്തെ താത്ത്വിക ഉള്‍ക്കാഴ്ച. ”മുത്തുകള്‍ പന്നികള്‍ക്ക് എറിഞ്ഞു കൊടുക്കരുത്. അവ അത് ചവിട്ടിമെതിക്കും” എന്നതാണ് പ്രമാണം എങ്കിലും നിര്‍ഭാഗ്യവശാല്‍ ദര്‍ശനങ്ങളുടെ മുത്തുകള്‍ പലതും അവസാനം എത്തിപ്പെടുന്നത് പന്നിക്കൂടുകളിലാണ്. ഇത്തരം ഒരു ദുരന്തമാണ് അക്കിത്തത്തിന്റെ് വരികള്‍ക്കും സംഭവിച്ച പൂവാലവല്‍ക്കരണം.

ഇത്തരുണത്തില്‍ ഇന്ന് കേരളത്തിലെ ചില രണ്ടാംകിട ചിന്തകന്മാര്‍ പൂവാലീകരിച്ചിരിക്കുന്ന ഒരു ആത്മീയദര്‍ശനമാണ് വി. മറിയം ത്രേസ്യയുടെ ചില ആത്മീയകൃത്യങ്ങളെപ്പറ്റിയുള്ള വിവാദങ്ങള്‍. അവര്‍ സ്വയം മുറിവേല്‍പ്പിക്കുന്ന വ്യക്തി ആയിരുന്നെന്നും ഇത് ഒരു തരം മനോരോഗമാണ് എന്നും ആക്ഷേപം. ആത്മീയശാസ്ത്രത്തിലെ പല ഭക്തി പ്രകടനങ്ങളും മന:ശാസ്ത്രദൃഷ്ടിയില്‍ ന്യൂറോസിസ് ആണത്രേ. ഒരു സംഗതി മാനസികവിഭ്രാന്തി ആണ് എന്ന് ശാസ്ത്രം ആധികാരികമായി തെളിയിച്ചാല്‍ അതിനെ നിഷ്‌കരുണം തള്ളിക്കളയുന്നതില്‍ ഒരു വിശ്വാസിക്കും സന്ദേഹം ഉണ്ടാവേണ്ടതില്ല. എന്നാല്‍ ഒരു മതനിരാസസംസ്‌കൃതിയില്‍ രൂപംകൊണ്ട ചില മന:ശാസ്ത്രചിന്തകളുടെ രണ്ടു നൂറ്റാണ്ടു പഴകിയ ഉപരിപ്ലവങ്ങളായ സങ്കേതങ്ങള്‍ കൊണ്ട് ഇത്തരം അക്കാദമിക അഭിപ്രായങ്ങള്‍ വിളമ്പുന്നത് മന:ശാസ്ത്രവിരുദ്ധം എന്നല്ല മാനവവിരുദ്ധം എന്നുതന്നെ പറയണം. സമകാലിക ഭാവമനശ്ശാസ്ത്രങ്ങളുടെ (positive psychology) അയല്‍പക്കങ്ങളില്‍ പോലും ഇവര്‍ എത്തുന്നില്ല.

ലോകത്തില്‍ ദുഃഖം ഉണ്ടെന്ന് ആരും നിഷേധിക്കുന്നില്ല. അതിന്റെ പേരില്‍ ഒരു വ്യക്തി സ്വയം മുറിപ്പെടുത്തുന്നതില്‍ എന്ത് സാംഗത്യം? മണല്‍ത്തരിയില്‍ വിശ്വം മുഴുവനെയും ജലകണികയില്‍ സ്വര്‍ഗ്ഗം മുഴുവനും കാണുന്ന (വില്യം ബ്ലേയ്ക്) സാര്‍വ്വലൗകികമായ ഏകതാനതയുടെ ആത്മീയ പശ്ചാത്തലത്തില്‍നിന്നേ ഈ ചോദ്യത്തെ അപഗ്രഥിക്കാനാവൂ. ക്യാന്‍സര്‍ ബാധിച്ച മോണയില്‍ നിന്ന് നേഴ്‌സ് പുഴുവിനെ പുറത്തെടുത്തപ്പോള്‍ ”എന്തിനാ ആ പാവത്തിന് അതിന്റെ ഇന്നത്തെ അപ്പം നിഷേധിച്ചത്?” എന്നുചോദിച്ച രമണ മഹര്‍ഷിയും ഇഴഞ്ഞു കയറി വന്ന ഒച്ചിന് വേണ്ടി സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്ത ഫ്രാന്‍സിസ് അസ്സീസിയും (കസാന്‍ദ്‌സാക്കിസ്) ഒക്കെ ഇവിടെ അസ്വാഭാവികമായ ആത്മീയ ലോകങ്ങളിലെ തിളക്കമുള്ള ബിംബങ്ങളായി മാറുകയാണ്. ഏതോ വേടന്‍ ഏതോ കാട്ടു പക്ഷിയെ ഉന്നംവെച്ച അസ്ത്രം സ്വന്തം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ ആദികവി തന്നെയാണ് എല്ലാ വേദ പുസ്തകങ്ങളുടേയും തലതൊട്ടപ്പന്‍.

മനസ്സും ശരീരവും തമ്മിലുള്ള മൗലിക പാരസ്പര്യത്തിന്റെ സുന്ദരങ്ങളായ രൂപകങ്ങളെ ഇന്ന് ആധുനിക ന്യൂറോസയന്‍സ് ഒട്ടേറെ പറഞ്ഞുതരുന്നുണ്ട്. ശരീരം മനുഷ്യന്റെ ഒരു ശതമാനം മാത്രമേ ആകുന്നുള്ളൂ എന്നുപറയുന്ന ജൈനചിന്തയുടെ ദാര്‍ശനികമാനങ്ങളെ ന്യൂറോസയന്‍സ് വ്യംഗ്യന്തരേണ സൂചിപ്പിക്കുന്നുവോ എന്നു സംശയിക്കണം. മസ്തിഷ്‌കവും കമ്പ്യൂട്ടറും തമ്മിലുള്ള സമന്വയത്തിന്റെ (Brain machine interface) മേഖലയില്‍ വിപ്ലവാത്മകമായ ചുവടുവെപ്പുകള്‍ നടത്തിയിട്ടുള്ള ശാസ്ത്രജ്ഞനാണ് ഡ്യൂക്ക് സര്‍വ്വകലാശാലയിലെ മിഗുവേല്‍ നിക്കോളേലിസ്. കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ പരിശീലിപ്പിച്ച കുരങ്ങന്റെ മസ്തിഷ്‌ക വ്യാപാരങ്ങളെ ഇലക്ട്രോണുകളുടെ സഹായത്തോടെ കുരങ്ങന്റെ തലച്ചോറുമായി ബന്ധിപ്പിച്ചപ്പോള്‍ കുരങ്ങന്‍ കൈ അനക്കാതെ ചിന്തകൊണ്ട് മാത്രം കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ തുടങ്ങി. അദ്ദേഹം പറയുകയാണ്. ”തലച്ചോറാണ് ശരീരത്തെ സൃഷ്ടിക്കുന്നത്. സ്വത്വം (തലച്ചോര്‍) ശരീരത്തില്‍ നിന്നും സ്വതന്ത്രമായി!” ഇത് വളരെ ആശ്ചര്യോക്തി കലര്‍ന്ന ഒരു അവകാശവാദമാണ്. എന്നിരുന്നാലും മനശാസ്ത്രജ്ഞര്‍ ദീര്‍ഘകാലമായി ചര്‍ച്ചചെയ്യുന്ന മാനസികമായി ഉല്‍ഭവിക്കുന്ന (psychogenic) ശാരീരിക പ്രതിഭാസങ്ങള്‍ക്ക് മസ്തിഷ്‌കപരമായ അടിത്തറകള്‍ കൂടിയുണ്ട് എന്ന് ഭാഗികമായെങ്കിലും സാധൂകരിക്കുന്നതാണ് നിക്കോളേലീസിന്റെ പ്രസ്താവന.

ചെറുപ്പത്തില്‍ ശത്രുക്കളാല്‍ അരക്കുചുറ്റും കയര്‍ വരിഞ്ഞുമുറുക്കി മര്‍ദ്ദിക്കപ്പെട്ട ഒരു വ്യക്തി ദശകങ്ങള്‍ക്കുശേഷം ഹിപ്‌നോട്ടിസത്തിനു വിധേയമായപ്പോള്‍ അയാളുടെ അരക്കുചുറ്റും രക്തം വമിക്കുന്ന കയര്‍പാടുകള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഹിപ്‌നോട്ടിസത്തിനിടയില്‍ ഒരു സ്ത്രീയോട് നിന്റെ കയ്യില്‍ ഞാന്‍ ഒരു ചുട്ടുപഴുത്ത നാണയത്തുട്ട് വച്ചിട്ടുണ്ട് എന്ന് പറയുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാണയത്തുട്ട് വച്ചിരുന്നില്ല. അല്പസമയത്തിനകം നാണയത്തുട്ടിന്റെ വലിപ്പത്തില്‍ അവരുടെ ഉള്ളംകൈയില്‍ പൊള്ളലേറ്റതുപോലെ കാണപ്പെട്ടു. ഇറ്റലിയില്‍ ചെറുപ്പകാലം മുതല്‍ മറ്റുള്ളവരുടെ ശാരീരികവേദനകള്‍ ഏറ്റെടുക്കുവാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചിരുന്ന ഒരു യുവതിയെ മനശാസ്ത്രജ്ഞര്‍ ഹിപ്‌നോട്ടിസത്തിന് വിധേയമാക്കി. ”നിന്റെ ശിരസ്സുനുചുറ്റും ഞാനൊരു മുള്‍ക്കിരീടം കാണുന്നു,” എന്ന് മനഃശാസ്ത്രജ്ഞന്‍ പറഞ്ഞപ്പോള്‍ അവരുടെ നെറ്റിയിലും ശിരസ്സിലും ആണിയടിച്ചതുപോലെ ചോര പൊടിഞ്ഞുതുടങ്ങിയത്രേ! വിശ്വാസത്തില്‍ അത്ഭുതകരം എന്നു വിശേഷിപ്പിക്കുന്ന പഞ്ചക്ഷതം പോലുള്ള കാര്യങ്ങളെ ശാസ്ത്രം തെളിയിക്കുന്നതായി ഇവിടെ കരുതിയാല്‍ അത് തെറ്റാണ്. പ്രത്യുത, പഞ്ചക്ഷതം പോലുള്ള പ്രതിഭാസങ്ങളെ ഭൗതികമായിക്കൂടി മനസ്സിലാക്കാനുള്ള മനോശരീര ഐക്യത്തിന്റെ ഒരു ചട്ടക്കൂട് മനശാസ്ത്രപരമായി തുറന്നുകിട്ടുന്നു എന്നു കരുതാവുന്നതാണ്.

”സമസ്ത സൃഷ്ടിയുടേയും നന്മയില്‍ ലൈഗീക സന്തോഷത്തെപോലും അതിലംഘിക്കുന്ന ഒരു അനുഭൂതി അനുഭവിക്കുക (സര്‍വ്വ ഭൂതേ ഹിതേ രതാഃ)” എന്നതാണ് ഭഗവദ്ഗീതയില്‍ കര്‍മയോഗത്തിന്റെ ഫലമായുണ്ടാവേണ്ട ആത്മീയതലമായി ചിത്രീകരിച്ചിരിക്കുന്നത്. ന്യറോസയന്‍സില്‍ ഇന്ന് ഗൗരവമായ പഠനങ്ങള്‍ക്കു വിഷയീഭവിക്കുന്ന മേഖലയാണ് മിറര്‍ ന്യൂറോണുകളെക്കുറിച്ചുള്ള പഠനം. മറ്റുള്ളവരുടെ വേദനയെ സംവദിക്കാന്‍ തക്കവിധം തലച്ചോറില്‍ സംജാതമായിരിക്കുന്ന ന്യൂറോണുകളാണിവ. പരക്ഷേമകാംക്ഷയില്‍ (altruism) വളരുന്നവരില്‍ ഇവ വളരെ സജീവമായിരിക്കും. സ്വാര്‍ത്ഥമതികളില്‍ ഇവ ഏറെയും പ്രവര്‍ത്തനരഹിതമാണ്. മിസ്റ്റിക്കല്‍ ആത്മീയതയുടെ വിവിധ തലങ്ങളിലേക്ക് ഉയര്‍ന്നവരില്‍ മിറര്‍ ന്യൂറോണുകളുടെ അതിയായ പ്രവര്‍ത്തനം വഴിയായി പ്രകൃതിബദ്ധമായ ഒരു ആത്മീയാനുഭൂതി ഉണ്ടാകുമെന്ന് ആന്‍ഡ്രൂ ന്യൂബര്‍ഗ്, കരോള്‍ ഓള്‍ബ്രൈറ്റ് തുടങ്ങിയ ന്യൂറോശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. വിശുദ്ധന്മാരുടെയൊക്കെ പ്രാപഞ്ചിക മിസ്റ്റിസിസത്തിനു കാരണം ഇതാണ്. ഇങ്ങനെയാണ് ഫ്രന്‍സീസ് അസ്സീസ്സിക്ക് നായ സഹോദരനാവുന്നതും പക്ഷി സഹോദരിയാവുന്നതും.

അപരന്റെയോ ഇതര ജീവജാലങ്ങളുടേയോ വേദനയെ അതിതീവ്രമായി സംവദിക്കാന്‍ തക്കവിധം ജൈവ-മാനസിക ഘടന രൂപപ്പെട്ടവര്‍ ഉറുമ്പുകടിയേല്‍ക്കുന്ന ഞാഞ്ഞൂലിനെപ്രതിപോലും കരയാനിടയാകും! ”ഒരു കണ്ണീര്‍ക്കണം ഞാന്‍ മറ്റുള്ളവര്‍ക്കായ് പൊഴിക്കവേ, ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം” എന്ന് കവി പാടിയതു പോലെ, ഈ ദുഃഖം ആത്മീയമായി വളരെ സുഖദായകമായ ഒരു നോവാണ്. ഈ നോവിന്റെ നിര്‍ബന്ധങ്ങളോട് മിസ്റ്റിക്കുകള്‍ പ്രതികരിക്കുന്നത് വിവിധ രീതികളിലായിരിക്കും. ചിലരില്‍ അത് സൈക്കോജനിക് ക്ഷതങ്ങളായോ വേറെ ചിലരില്‍ അത് സ്വയം ഏല്‍പ്പിക്കുന്ന ക്ഷതങ്ങളായോ ഒക്കെ ആവിഷ്‌കരിക്കപ്പെട്ടേക്കാം.

മറിയം ത്രേസ്യയെപ്പോലുള്ള ക്രിസ്തീയ വിശുദ്ധര്‍ക്ക് ആന്തരികമായ വേറൊരു ആത്മീയലോകം കൂടിയുണ്ട്. താന്‍ അത്യധികം സ്‌നേഹിക്കുന്ന ക്രിസ്തു മുറിവേറ്റവനാണ്. മുറിവേറ്റവനോടുള്ള ആത്മീയ സ്‌നേഹത്താല്‍ മദിക്കപ്പെടുമ്പോള്‍ അവനോട് ശാരീരികമായി താദാത്മീകരിക്കുവാനുള്ള ദാഹം ഉണ്ടാകും. ”അവന്റെ പീഢകളില്‍ കുറവുള്ളത് എന്റെ ശരീരത്തില്‍ ഞാന്‍ പൂര്‍ത്തിയാക്കുന്നു.” രക്ഷകനെ സ്‌നേഹിക്കുന്നവര്‍ക്ക് രക്ഷകനോടൊപ്പം രക്ഷകരാവാനുള്ള ഉള്‍വിളിയുണ്ട്. മുഖം മനസ്സിന്റെ കണ്ണാടിയെന്നപോലെ ഉള്ളിലെ മുറിവേറ്റ നാഥനെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയായി ക്രിസ്തുവിന്റെ മണവാട്ടിയുടെ ദേഹം മാറുന്നു.

കുഞ്ഞിന്റെ രോഗത്തില്‍ വേദനിക്കുന്ന അമ്മക്ക് ഈ രോഗം തനിക്കു വരികയും കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തിരുന്നെങ്കില്‍ എന്നു തോന്നുന്നതുപോലെ, ഉറുമ്പിന്റെ വേദനപോലും സ്വന്തം കുഞ്ഞിന്റെ വേദനപോലെ അനുഭവപ്പെടുന്ന മിറര്‍ ന്യൂറോണുകളുടെ കുത്തൊഴുക്ക് തലയില്‍ അനുഭവപ്പെടുന്നവര്‍ക്ക് സ്വയം മുറിവേല്‍പ്പിക്കുന്നത് ഒരു മാനസിക നിര്‍ബന്ധവും നിര്‍വൃതിയുമായി അനുഭവപ്പെടാന്‍ പാടില്ലായ്കയില്ല. സ്‌നേഹിക്കുന്ന ഭര്‍ത്താവ് ജയിലിലെ തറയില്‍ കിടക്കുമ്പോള്‍ ഭാര്യ വീട്ടിലെ പട്ടുമെത്ത ഉപേക്ഷിച്ച് തറയില്‍ കിടക്കുന്നത് സ്‌നേഹത്തിന്റെ ജ്ഞാനമീമാംസയില്‍ വിശദീകരണം ആവശ്യമില്ലാത്ത കാര്യമാണ്. കുഞ്ഞിന്റെ മൃതശരീരംകണ്ട് നിലവിളിക്കുന്ന അമ്മ നെഞ്ചത്തടിക്കുന്നത് സ്വയംപീഢയുടെ മാനസികരോഗമാവില്ലല്ലോ. മാതൃസ്‌നേഹത്തിന്റെ യുക്തിരഹിതമായ ഗോപ്യങ്ങള്‍കൊണ്ട് സമ്പന്നമാണ് ഉദാത്ത ബന്ധങ്ങളുടെ ഘടന.

അറിയാത്ത കുഞ്ഞിനും കേള്‍ക്കാത്ത നിലവിളിക്കും കാണാത്ത മുറിവിനും വേണ്ടി നെഞ്ചത്തടിക്കാനും ചോരവാര്‍ക്കാനും സാധിക്കുന്ന മാതൃജന്മങ്ങള്‍ ഉണ്ട് ഈ ലോകത്ത്. അവരെയാണ് വിശുദ്ധര്‍ എന്ന് വിളിക്കുന്നത്. അതാണ് മറിയം ത്രേസ്യ! ആത്മീയതയില്‍ ഇതള്‍വിടരുന്ന സാര്‍വ്വജനീന സ്‌നേഹത്തിന്റെ ഉന്നത സാധ്യതകളുടെ ആഘോഷവും ആവിഷികാരവുമാണ് മറിയം ത്രേസ്യയുടെ മുറിവുകള്‍. വിശ്വത്തിന്റെ ദുഃഖത്തിന്റെ നിലവിളികള്‍ക്ക് ശരീരത്തിലൂടെ നല്‍കുന്ന മുറുപടിയാണ് സ്വയം ഏല്‍പിക്കുന്ന മുറിവുകള്‍. മുറിവേറ്റവനോട് താദാത്മീകരിക്കാനുള്ള മനസ്സിന്റെ ദാഹത്തെ ശരീരംകൊണ്ട് ശമിപ്പിക്കുന്നതാവാം ആത്മക്ഷതങ്ങള്‍.

‘ചോരക്കു ചോര’ എന്നത് സായുധ വിപ്ലവത്തിന്റെയല്ല, ആത്മീയ വിപ്ലവത്തിന്റെ മുദ്രാവാക്യമാണ്. പ്രതികാരത്തിന്റെ ചോരയെ അവര്‍ സൗഖ്യത്തിന്റെ രക്തദാനമാക്കുന്നു. അപരന്റെ ചോരക്ക് വിലയായി സ്വന്തം ചോരയെ മോചനദ്രവ്യമാക്കുന്നു. വിശ്വത്തിന്റെ ശോകത്തെപ്രതി കണ്ണീര്‍ പൊഴിക്കുന്നത് ദിനചര്യയാക്കിയവരുടെ ഹൃദയത്തിലൂടെ ഒരു പ്രാവശ്യമെങ്കിലും വാള്‍ കടന്നുപോയിരിക്കണമെന്നത് വെറും കാവ്യസങ്കല്പമല്ല, പ്രകൃതിനിയമം തന്നെയായിരിക്കണം. ‘അവന്റെ മുറിവുകളാല്‍ നമ്മള്‍ സുഖപ്പെട്ടു’ എന്ന് പറയുന്നത് ഭൂതകാലത്തിന്റെ അനുസ്മരണമല്ല പുണ്യാത്മാക്കളിലൂടെ അനുദിനം മാംസംധരിക്കുന്ന ജീവന്റെ തത്ത്വം തന്നെയാണ്.

മതവും ഈശ്വരവിശ്വാസവുമൊക്കെ മാനസിക രോഗവും മായിക വിഭ്രാന്തികളുമാണ് എന്ന് ആവര്‍ത്തിച്ചിരുന്ന ലോജിക്കല്‍ പ്രൊസിറ്റിവിസവും ഫ്രോയിഡന്‍ ചിന്തയുമൊക്കെ അരങ്ങുവാണിരുന്ന ഒരു കാലഘട്ടത്തിലാണ് മത-തത്ത്വശാസ്ത്രത്തിലെ ഉദാത്ത രചനകളിലൊന്നായ ‘മതാനുഭൂതിയുടെ വൈവിധ്യങ്ങള്‍’ (Varieties of Religious Experience) എന്ന 1902 ലെ കൃതിയുമായി മനഃശാസ്ത്രജ്ഞനും ദാര്‍ശനികനുമായ വില്യം ജെയിംസ് കടന്നുവരുന്നത്. അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ആത്മീയ പ്രകടനങ്ങളെ വിഭ്രാന്തികളായി വിശേഷിപ്പിക്കുന്നതിനു കാരണം തന്നെ യുക്തിപരമായ ഒരു തരം ന്യൂറോസിസാണ്. മനുഷ്യന്റെ ഭാവാത്മക ചിന്തകളും നിഷേധാത്മക ചിന്തകളും ഒരുപോലെ മസ്തിഷ്‌കത്തിന്റെ വ്യാപരത്തിലൂടെ ഉടലെടുക്കുന്നവയാണ്. തങ്ങള്‍ക്ക് യോജിക്കാന്‍ സാധിക്കില്ല എന്ന് മുന്‍കൂട്ടി ഉറപ്പിച്ചുവച്ചിരിക്കുന്ന ഒരു ആശയത്തിന്റെ കടന്നുവരവിനെയാണ് ന്യൂറോട്ടിക് എന്ന് ഇക്കൂട്ടര്‍ വിശേഷിപ്പിക്കുന്നത്. ഈ മുന്‍വിധിയെയാണ് അദ്ദേഹം കൊഗ്നിറ്റീവ് ന്യൂറോസിസ് (cognitive neurosis) എന്ന് മതവും ന്യൂറോളജിയും എന്ന അധ്യായത്തില്‍ വിശേഷിപ്പിക്കുന്നത്. ഉന്നതമായ ഒരു ബുദ്ധിവിശേഷത്താല്‍ ഉത്തേജിപ്പിക്കപ്പെട്ട ‘സൈക്കോപ്പതിക്’ സ്വഭാവമോ പെരുമാറ്റമോ അതില്‍ത്തന്നെ ഗുണസമ്പന്നമാണെന്ന് അദ്ദേഹം വാദിക്കുന്നു.

ഒരു ആത്മീയ പെരുമാറ്റശൈലിയുടെ മൂല്യത്തെ തിരിച്ചറിയുവാന്‍ ശാസ്ത്രാധിഷ്ഠിതവും സാമൂഹികവുമായ മൂന്നു മാനദണ്ഡങ്ങളാണ് അദ്ദേഹം നിര്‍ദ്ദേശിക്കുന്നത്. 1. പ്രസ്തുത പെരുമാറ്റം ധാര്‍മ്മികമായി സഹായകരമാണോ? 2. വൈജ്ഞാനിക സരണികളുമായി അവ ഒത്തുപോകുന്നുവോ? 3. പ്രത്യക്ഷത്തില്‍ തന്നെ വെളിച്ചം, സത്യം, നന്മ, സന്തോഷം, സ്‌നഹം തുടങ്ങിയ അനുഭൂതികളെ പ്രസരിപ്പിക്കാന്‍ തക്കവിധം അവ ഭാസുരമാണോ? ഈ മാനദണ്ഡങ്ങള്‍ വച്ച് മറിയം ത്രേസ്യയെ അളക്കുക. തന്റെ ന്യൂറോസിസിന്റെ ആധിക്യത്തില്‍ അവര്‍ ആള്‍ക്കൂട്ടത്തിലേക്കൊടിക്കയറി ആത്മഹത്യാബോംബായി പൊട്ടിത്തെറിക്കുകയായിരുന്നല്ലോ! കുടുംബങ്ങള്‍ തോറും കയറിയിറങ്ങി അവര്‍ സര്‍വ്വനാശം പ്രസംഗിക്കുകയായിരുന്നല്ലോ! വിഘടനവാദം പ്രത്യയശാസ്ത്രമാക്കി പെണ്‍പുലികളുടെ സഭ സ്ഥാപിച്ച് ചാവേറുകളെ റിക്രൂട്ട് ചെയ്യുകയായിരുന്നല്ലോ? പലര്‍ക്കും ഇതൊക്കെയാണ് മറിയം ത്രേസ്യ. ഇതാണ് വില്യം ജയിംസ് പറയുന്ന കൊഗ്നിറ്റീവ് ന്യൂറോസിസ്. കുടുംബങ്ങളുടെ വിശുദ്ധയെ മനസ്സിലാക്കാന്‍ കുടുംബമഹിമയുണ്ടായിരിക്കണമെന്നത് അത്ര വലിയ ഒരു ഡിമാന്‍ഡല്ലല്ലോ?

മുറിവുകള്‍ തുറന്നിടുന്ന അത്യുത്കൃഷ്ടമായ ആത്മീയ ബന്ധങ്ങളുടെ ആകാശങ്ങളെ കാണാന്‍ സാധിക്കാത്തവര്‍ പതിവുപോലെ അജ്ഞതയുടെ പടക്കങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങും. ശുഷ്‌കിച്ച സംവേദനങ്ങളുടെ കുള്ളന്‍ ലോകത്തിലിരുന്ന് അവര്‍ നോര്‍മലിനെ അബ്‌നോര്‍മലാക്കും. ചന്ദ്രനെ ചൂണ്ടിക്കാട്ടുമ്പോള്‍ ചന്ദ്രനെക്കാണാതെ വിരലിലേക്കു നോക്കുന്നതുപോലെ! ഊര്‍ജ്ജമില്ലാത്ത ആശയങ്ങള്‍ അടിഞ്ഞുകൂടിയ ചത്ത നക്ഷത്രങ്ങള്‍! അസ്ഥികൂടത്തെ മനുഷ്യനായി കാണുന്ന വികലനരവംശശാസ്ത്രത്തിലേ ഇത്തരം പ്രതിഭാസങ്ങളെ ന്യൂറോസിസ് എന്ന് വിശേഷിപ്പിക്കാനാവൂ. ദൈവം ഇല്ലെങ്കില്‍ എത്രയും വേഗം ഒരു ദൈവത്തെ കണ്ടുപിടിക്കണമെന്ന് പ്രായോഗികാര്‍ത്ഥത്തില്‍ വോള്‍ട്ടെയര്‍ നിര്‍ദ്ദേശിച്ചതുപോലെ, മറിയം ത്രേസ്യാ സ്വയം മുറിവേല്‍പ്പിച്ചിട്ടില്ലായെങ്കില്‍ അവരെ മുറിവേല്‍പ്പിക്കുവാന്‍ ആരെയെങ്കിലും പറഞ്ഞുവിടേണ്ടത് അത്യാവശ്യമാണ്. മുറിവുകളില്ലാത്ത മറിയത്തിന് കുടുംബങ്ങളുടെ അമ്മയാവാന്‍ സാധിക്കുകയില്ല.

അഗസ്റ്റിന്‍ പാംപ്‌ളാനി സി.എസ്.റ്റി.

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *