Sathyadarsanam

വാതിലുകള്‍ തുറന്നു കിടക്കുന്നു…

സണ്ണി കുറ്റിക്കാട്ട് സി.എം.ഐ

”സന്തോഷത്തിന്റെ ഒരു വാതില്‍ അടയുമ്പോള്‍ എപ്പോഴും മറ്റൊന്ന് തുറക്കുന്നു. അടഞ്ഞ വാതിലില്‍ത്തന്നെ നോക്കിനില്‍ക്കുന്നതുകൊണ്ടാണ് തുറന്ന വാതില്‍ നമ്മള്‍ കാണാത്തത്” – ഹെലന്‍ കെല്ലര്‍.

‘ഡോക്ടര്‍ ഈ കുട്ടിയെ ഞങ്ങള്‍ക്കു വേണ്ട.’ രണ്ട് കാലുകളുമില്ലാതെ പിറന്നു വീണ സ്വന്തം കുഞ്ഞിനെ നോക്കി നിര്‍ദാക്ഷണ്യം ആ മനുഷ്യന്‍ പറഞ്ഞു. നിസഹായയായ പെണ്‍കുഞ്ഞിനെ വിധിക്ക് വിട്ടുകൊടുത്ത്, നൊന്തുപെറ്റ അമ്മയെ ആ മുഖം ഒന്ന് കാണാന്‍പോലും സമ്മതിക്കാതെ കഠിന ഹൃദയനായ അയാള്‍ ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങി.
അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്ത് 1987 ഒക്‌ടോബര്‍ 1-നാണ് അവള്‍ പിറന്നത്. മോന്‍ഷിയാനോ ദാമ്പത്യവല്ലരിയില്‍ വിരിഞ്ഞ രണ്ടാമത്തെ കുസുമം. ചികിത്സിക്കാനും വളര്‍ത്തിക്കൊണ്ടുവരുവാനും ഏറെ പണച്ചെലവാകും എന്നൊക്കെയായിരുന്നു കുഞ്ഞിനെ ആശുപത്രിയിലെ അഡോപ്ഷന്‍ ഓഫിസില്‍ ഏല്‍പിക്കാന്‍ പിതാവ് കണ്ടെത്തിയ ന്യായങ്ങള്‍. ജനിച്ചപ്പോള്‍ത്തന്നെ ആര്‍ക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിനെ കണ്ട് ഡോക്ടര്‍ക്ക് അലിവ് തോന്നി. അയാള്‍ തന്റെ സുഹൃത്തായ ബ്രിക്കറിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഫോണ്‍ ചെയ്ത് വരുത്തി.
അവര്‍ക്ക് മൂന്ന് ആണ്‍മക്കള്‍ ഉണ്ടായിരുന്നു. ഒരു പെണ്‍കുഞ്ഞിനെ കിട്ടാന്‍ അവര്‍ ആഗ്രഹിച്ചിരുന്ന നാളുകളായിരുന്നു അത്. കുട്ടിയെ ദത്തെടുത്താലോ എന്നവര്‍ ആലോചിച്ചെങ്കിലും ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ അവരെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് പറഞ്ഞതിങ്ങനെയാണ്: ”നിങ്ങള്‍ക്ക് പെണ്‍കുഞ്ഞിനെ ദത്തെടുക്കണമെന്നാഗ്രഹമുണ്ടെങ്കില്‍ നല്ല ആരോഗ്യമുള്ള എത്രയോ കുഞ്ഞുങ്ങളെ കിട്ടും. ഈ കുഞ്ഞ് നിങ്ങള്‍ക്കൊരു ഭാരമായിരിക്കും.”
എന്നാല്‍ നിസഹായയായ ആ പെണ്‍കുഞ്ഞിനെ അവിടെ തനിച്ചാക്കിയിട്ട് പോകാന്‍ ബ്രിക്കര്‍ ദമ്പതികള്‍ക്ക് മനസ് വന്നില്ല. അവര്‍ അവളെ വീട്ടിലേക്ക് കൊണ്ടുപോയി. അവള്‍ക്കവര്‍ ‘ജെന്നിഫര്‍’ എന്ന് പേരിട്ടു. സ്വന്തം മകളെപ്പോലെ മൂന്ന് ആണ്‍കുട്ടികള്‍ക്കൊപ്പം വളര്‍ത്തി. ജെന്നിമോള്‍ക്ക് നാല് വയസായപ്പോഴേക്കും കാലുകളില്ലെങ്കിലും അവള്‍ കൊച്ചു മിടുക്കിയായി മാറിക്കഴിഞ്ഞിരുന്നു. ചേട്ടന്മാര്‍ മൂന്നുപേരുടെയും പ്രോത്സാഹനമായിരുന്നു അതിന് പിന്നില്‍.
വളര്‍ത്തച്ഛന്‍ ബ്രിക്കര്‍ അവളോട് എന്നും പ്രത്യേകമായി പറഞ്ഞിരുന്ന ഒരു കാര്യം ഉണ്ടായിരുന്നു: ‘മോള്‍ ഒരിക്കലും ഏതു കാര്യത്തിനും എനിക്ക് പറ്റില്ല എന്ന് പറയരുത്. എനിക്ക് പറ്റും എന്ന വാക്കുമാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.’ ഒരു ദിവസം ടെലിവിഷന്‍ കണ്ടുകൊണ്ടിരിക്കെ, യാദൃശ്ചികമായി ജെന്നിഫര്‍ പതിമൂന്ന് വയസ് തോന്നിക്കുന്ന ഒരു പെണ്‍കുട്ടിയുടെ ജിംനാസ്റ്റിക് പ്രകടനങ്ങള്‍ കാണുവാന്‍ ഇടയായി. അമേരിക്കയുടെ ജിംനാസ്റ്റിക് ടീമില്‍ ചെറുപ്പത്തിലേ ഇടം നേടിയ ‘ഡോമിനിക്യു’ എന്ന ജിംനാസ്റ്റിക്‌സിന്റെ അഭ്യാസപ്രകടനങ്ങളായിരുന്നു അത്. ‘എനിക്കും ജിംനാസ്റ്റിക് പഠിക്കണം. ഇതുപോലുള്ള അഭ്യാസപ്രകടനങ്ങള്‍ കാണിക്കണം.’ അവള്‍ തന്റെ മനസിലുറപ്പിച്ചു.
ജിംനാസ്റ്റിക് സ്‌കൂളിലെ ആശ്ചര്യം
അവള്‍ ഒരു ജിംനാസ്റ്റിക് സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ഏറെ ക്ലേശിക്കേണ്ടി വന്നെങ്കിലും പതിയെ പതിയെ അവള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിത്തുടങ്ങി. ഹൈസ്‌കൂളില്‍ എത്തിയപ്പോഴേക്കും അവളുടെ മുറിയിലെ ഒരു ഷെല്‍ഫ് മെഡലുകള്‍കൊണ്ട് നിറഞ്ഞു തുടങ്ങി. പതിനഞ്ച് വയസായപ്പോഴേക്കും ജെന്നിഫര്‍ അമേരിക്കയിലെ അറിയപ്പെടുന്ന ജിംനാസ്റ്റ് ആയി മാറിക്കഴിഞ്ഞിരുന്നു.
ജെന്നിഫര്‍ തന്റെ മോഡലായി സ്വീകരിച്ച ഡോമിനിക്യു 1996-ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ അമേരിക്കന്‍ ടീമില്‍ അംഗമായപ്പോള്‍ ജെന്നിഫര്‍ 1998-ല്‍ നടന്ന ജൂനിയര്‍ ഒളിംമ്പിക്‌സില്‍ സമ്മാനം നേടി. രണ്ട് കാലും ഇല്ലാത്ത അവള്‍ ജിംനാസ്റ്റിക് സ്‌കൂളിലെ ആശ്ചര്യമായി മാറി.
പതിനാറ് വയസായപ്പോള്‍ അവള്‍ തന്റെ യഥാര്‍ത്ഥ മാതാപിതാക്കളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അന്നത്തെ രേഖകള്‍ പരിശോധിച്ചപ്പോള്‍ പിതാവിന്റെ പേര് മൊന്‍ഷിയാനോ എന്നാണെന്ന് മനസിലായി. വിസ്മയത്തോടെ ജെന്നിഫര്‍ ഒരു കാര്യം ശ്രദ്ധിച്ചു, ആരെ മോഡലാക്കിയാണോ താന്‍ ഇത്രനാള്‍ ജിംനാസ്റ്റിക് പരിശീലിച്ചത് ആ പെണ്‍കുട്ടിയുടെ പേരും മൊന്‍ഷിയാനോ എന്നുതന്നെ. തുടര്‍ന്ന് നടത്തിയ അന്വേഷണം വിസ്മയകരമായ സത്യം പുറത്ത് കൊണ്ടുവന്നു. തന്റെ അനുജത്തിയുടെ മുഖം ഒന്നു കാണുകപോലും ചെയ്യാനാവാത്ത അന്നത്തെ ആറുവയസുകാരിയാണ് ഇന്നത്തെ ഒളിമ്പിക്‌സ് സ്വര്‍ണമെഡല്‍ ജേതാവായ ഡോമിനിക്യു മൊന്‍ഷിയാനോ. ജെന്നിഫറിന്റെ സ്വന്തം ചേച്ചി.
നാലുവര്‍ഷം സൂക്ഷിച്ച രഹസ്യം
2003-ല്‍ കണ്ടെത്തിയ ഈ രഹസ്യം 2007 വരെ ജെന്നിഫര്‍ ആരെയും അറിയിക്കാതെ മനസില്‍ സൂക്ഷിച്ചു. എന്നാല്‍ ഒടുവില്‍ അവള്‍ ചേച്ചിക്ക് കത്തെഴുതി. കത്തിലെ ആദ്യവരികള്‍ ഇങ്ങനെയായിരുന്നു: ‘എന്നെ ദയവായി ഭ്രാന്തിയെന്ന് തെറ്റിദ്ധരിക്കരുത്.
ഞാന്‍ നിങ്ങളുടെ അനുജത്തിയാണ്.’ തെളിവിനായി ആശുപത്രിയില്‍നിന്ന് കോപ്പിയെടുത്ത ജനനരേഖകള്‍ ചേര്‍ത്തുവച്ചു. ആ കത്ത് ലഭിച്ചയുടന്‍ അതിശയംപൂണ്ട് ഡോമിനിക്യു കത്തിലുണ്ടായിരുന്ന നമ്പറിലേക്ക് വിളിച്ചു. അങ്ങനെ ആദ്യമായി ചേച്ചിയും അനുജത്തിയും കണ്ടുമുട്ടി. ഡോമിനിക്യു ജെന്നിഫറിനെ വീട്ടിലേക്ക് കൊണ്ടുവന്നു. അപ്പോഴേക്കും കാന്‍സര്‍ ബാധിച്ച് പിതാവ് മരിച്ചിരുന്നു. തന്റെ മകളുടെ മുഖം ആദ്യമായി കണ്ട അമ്മ സന്തോഷവും കുറ്റബോധവും നിറഞ്ഞ് അവളെ കെട്ടിപ്പിടിച്ച് കരഞ്ഞ് മാപ്പു ചോദിച്ചു. എന്നാല്‍ ജെന്നിഫര്‍ പറഞ്ഞതിങ്ങനെയാണ്: ‘അമ്മ എന്നെയോര്‍ത്ത് കരയരുത്. എന്റെ നിയോഗത്തില്‍ എന്നെയെത്തിക്കാന്‍ ദൈവം ഒരുക്കിയ വഴികളാണിത്. ഇങ്ങനെയൊന്നും സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ നിലത്തിഴയുന്ന, എല്ലാവരും സഹതാപത്തോടെ നോക്കുന്ന വെറുമൊരു ഇഴജീവി മാത്രമായിത്തീര്‍ന്നേനെ.’
ജെന്നിഫര്‍ അമ്മയോടും ചേച്ചിയോടും അനുജത്തിയോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. മോഡലിങ്ങ്, ടെലിവിഷന്‍ അവതാരക, മോട്ടിവേഷണല്‍ സ്പീക്കര്‍ എന്നീ നിലകളിലും അവള്‍ പ്രശസ്തയായി കഴിഞ്ഞു. 2012 ജൂണില്‍ പ്രസിദ്ധീകരിച്ച ‘ഓഫ് ബാലന്‍സ്’ എന്ന പുസ്തകത്തിലൂടെ അത്ഭുതകരമായ ദൈവപരിപാലനയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ഈ കഥ പുറംലോകത്തിന് വെളിപ്പെടുത്തി.
കാഴ്ചപ്പാടുകള്‍ പൊളിച്ചെഴുതാം
എന്റെ ജീവിതം പരാജയപ്പെടാന്‍ കാരണം മാതാപിതാക്കളോ സഹോദരങ്ങളോ സ്‌നേഹിതരോ അയല്‍ക്കാരോ ആണെന്ന് ഇനി നമുക്കാര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ? മറ്റാരുമല്ല ജീവിതം എന്തായിത്തീരണമെന്ന് തീരുമാനിക്കുന്നത്. ജീവിതം നാളെ എന്തായിത്തീരണമെന്ന് തീരുമാനിക്കാനുള്ള അവകാശം ദൈവം കഴിഞ്ഞാല്‍ നമുക്ക് മാത്രമാണ്. നാം ഇന്ന് എന്തായിരിക്കുന്നുവോ അല്ലെങ്കില്‍ എവിടെയായിരിക്കുന്നുവോ എന്നത് ഒരുപക്ഷേ നമ്മുടെ സാഹചര്യങ്ങള്‍ നമ്മെ കൊണ്ടെത്തിച്ചതാകാം. എന്നാല്‍ നാളെ ഞാന്‍ ആരായിരിക്കണം എന്ന് തീരുമാനിക്കുവാനുള്ള അവകാശം ഇനിയും ശേഷിക്കുന്നുണ്ടെന്നോര്‍ക്കുക. സാഹചര്യങ്ങളെ പഴി പറയുന്നതുകൊണ്ട് കാര്യമില്ല. ഉള്ള സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുന്നവര്‍ക്ക് മാത്രമുള്ളതാണ് ജീവിതവിജയം. ഓര്‍ക്കുക, ജീവിതം ദൈവം തന്ന സമ്മാനമാണ്. എന്നാല്‍ ജീവിതത്തില്‍ നമ്മള്‍ എന്തായിത്തീരുന്നു എന്നത് നമ്മള്‍ ദൈവത്തിന് നല്‍കുന്ന സമ്മാനമാണ്.
”പരാജയങ്ങളെ അനുഭവപാഠങ്ങളാക്കി മാറ്റാമെങ്കില്‍ ഒരു ശക്തിക്കും നിങ്ങളുടെ വിജയത്തെ പുറകോട്ട് വലിക്കാനാവില്ല” – ജെസിക്ക കോക്‌സ്.

കടപ്പാട്- സണ്‍ഡേ ശാലോം

Leave a Reply

Your email address will not be published. Required fields are marked *