Sathyadarsanam

ക്രിസ്തുശാസ്ത്രം-3

യേശു എന്ന മനുഷ്യൻ

സാധാരണക്കാരിയായ ഒരു യഹൂദ പെണ്‍കുട്ടിയില്‍നിന്നു ജനിച്ച, (മത്താ 1,16) ഒരു തച്ചന്റെ സംരക്ഷണത്തില്‍ വളര്‍ന്ന, നസ്രത്തില്‍ ജീവിച്ച (മത്താ 13,55), അസാമാന്യ ബുദ്ധിശക്തിയുള്ള (ലൂക്കാ 2,47), സാധാരണക്കാരനായ ഒരു മനുഷ്യനായിരുന്നു യേശു. പാപം ഒഴികെ (യോഹ 8,46) മറ്റെല്ലാറ്റിലും ഏതൊരു മനുഷ്യനെയും പോലെ ആയിരുന്നു അവിടന്ന്. ‘വചനം മാംസമായി’ എന്ന പ്രയോഗമാണ് ആ മനുഷ്യാവതാരം സൂചിപ്പിക്കാന്‍ യോഹന്നാന്‍ സുവിശേഷകന്‍ ഉപയോഗിച്ചിരിക്കുന്നത്. യേശു സ്വയം മനുഷ്യനെന്നു വിശേഷിപ്പിക്കുന്നത് യോഹ 8,40-ല്‍ കാണാം: ”എന്നാല്‍, ദൈവത്തില്‍നിന്നു കേട്ട സത്യം നിങ്ങളോടു പറഞ്ഞ മനുഷ്യനായ എന്നെ കൊല്ലാന്‍ നിങ്ങള്‍ ആലോചിക്കുന്നു” (പിഒസി പരിഷ്‌കരിച്ച പതിപ്പ്) ദൈവത്തില്‍നിന്ന് പ്രത്യേക അധികാരങ്ങള്‍ ലഭിച്ച മനുഷ്യനായി ജനങ്ങള്‍ അവിടത്തെ കണക്കാക്കിയിരുന്നു (മത്താ 9,8). അവിടത്തെ പ്രവൃത്തികള്‍ കണ്ടവര്‍ അദ്ഭുതപ്പെട്ടു; വാക്കുകള്‍ കേട്ടവര്‍ വിസ്മയിച്ചു (മത്താ 7,28.29). യേശുവിനെതച്ചന്റെ മകനെന്നു വിശേഷിപ്പിച്ചവരും (മത്താ 13,55) തച്ചനായി പരിഗണിച്ചവരും (മര്‍ക്കോ 6,3) പരസ്പരം ചോദിച്ചു: ”ഇവന് ഈ ജ്ഞാനവും ശക്തിയും എവിടെനിന്ന്?” (മത്താ 13,54; മര്‍ക്കോ 6,2). ദിനങ്ങള്‍ കടന്നുപോകുന്തോറും അവിടത്തെ ഒരു സാധാരണ മനുഷ്യനായി കാണാന്‍ സമൂഹത്തിനു കഴിയാതെവന്നു. അവിടത്തെ സാന്ത്വനം ഏറ്റുവാങ്ങിയവര്‍ വിളിച്ചുപറഞ്ഞു: ”ഒരു വലിയ പ്രവാചകന്‍ നമ്മുടെയിടയില്‍ ഉദയംചെയ്തിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു” (ലൂക്കാ 7,16). അങ്ങനെക്രമേണ, ജനമനസ്സ് യേശുവിനെ ഒരു പ്രവാചകനായി കരുതാന്‍ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *