Sathyadarsanam

വലിയ കുടുംബവുമായി സിനിമാതാരം സിജോയി വര്‍ഗീസ്

ഷിൻസ് ജോസഫ്

പ്രസവിച്ചാൽ ശരീരവടിവ് പോകും, പ്രസവത്തോടെ കരിയറിൽ നിന്ന് ഔട്ടാകും. ഒരു കുഞ്ഞിനെയും കൂടി പോറ്റാനുള്ള സാമ്പത്തികം ആരുതരും , ചെറിയ വരുമാനത്തിൽ നിന്നെങ്ങനെ ഞാൻ വലിയ കുടുംബം പോറ്റും. ഇതൊക്കെയാണ് കുട്ടികൾ വേണ്ട എന്ന് പറയുന്നവരുടെ മുടന്തൻ ന്യായങ്ങൾ.
പറയുന്നത് പ്രശസ്ത സിനിമാതാരം സിജോയി വര്‍ഗീസ് . സോഫിയ ടൈസിന് നല്‍കിയ അഭിമുഖത്തിലാണ് അദേഹം മനസ് തുറന്നത്.

“അലക്കൊഴിഞ്ഞിട്ട് കാശിക്കുപോകാം” എന്ന ചിന്തയാണ് ഇത്തരക്കാരുടേത്. എന്നാൽ, ഞാൻ അലക്കുകയും കാശിക്ക് പോകുകയും ചെയ്യും. അതായത് പണം സമ്പാദിച്ച ശേഷം കുഞ്ഞുങ്ങൾ മതി എന്ന കാഴ്പ്പാടല്ല എന്റേത്. ദൈവം തരുന്ന കുഞ്ഞിനെ പോറ്റാനുള്ള വകയും അദ്ദേഹം തരും.

എന്റെ വീടും വാഹനവും എന്റെ എന്തും നാളെ ഒരുപക്ഷെ എനിക്ക് നഷ്ടമായേക്കാം. എന്നാൽ അമ്പത് വർഷം കഴിഞ്ഞാലും എന്റെ മോൻ എന്നെ അപ്പാ എന്നേ വിളിക്കൂ..ഞാൻ അവൻ മോനേ എന്നും…ഭാര്യയും ഭർത്താവും പോലും അങ്ങനെയല്ല. വേർപിരിഞ്ഞാൽ അവർ എക്‌സ് വൈഫും എക്‌സ് ഹസ്ബൻഡുമായി മാറും.

മാതാപിതാക്കൾക്ക് മക്കൾ മാത്രമാണ് സ്വത്ത്. എന്നെ സംബന്ധിച്ച് ധനം സമ്പാദിക്കുകയെന്നാൽ മക്കളെ സമ്പാദിക്കുക എന്നാണ്. എന്റെ അപ്പന് അഞ്ചുമക്കളുണ്ട്. അപ്പന്റെ പിതാവിനും അമ്മയുടെ പിതാവിനും പത്ത് മക്കൾ വീതം. ഞങ്ങളുടെ കുടുംബയോഗങ്ങൾക്ക് പോകുമ്പോൾ കിട്ടുന്ന ത്രിൽ പറഞ്ഞറിയിക്കാനാകില്ല.

വലിയ കുടുംബങ്ങളുടെ സന്തോഷം ഞാൻ കണ്ടിട്ടുണ്ട്. മക്കൾ കൂടുതലുള്ളതിന്റെ പേരിൽ ആരും ദരിദ്രരായിട്ടില്ല. കൂടുതൽ മക്കളുള്ളതിനാൽ ദരിദ്രാകുന്നതിന് പകരം സമ്പന്നരാണ് ആകുന്നതെങ്കിൽ സമ്പത്ത് എന്തിന് വേണ്ടെന്ന് വയ്ക്കണം. മക്കളിൽ തന്നെ ചിലപ്പോൾ ഒരാൾക്ക് വിദ്യാഭ്യാസം കുറവായിരിക്കും. മറ്റൊരാൾക്ക് ഉന്നത വിദ്യാഭ്യാസവും സമ്പത്തുമുണ്ടാകാം. എന്നാൽ, ഭയപ്പെടേണ്ട. കുടുംബത്തിൽ സഹോദരസ്‌നേഹമുണ്ടെങ്കിൽ അവർ പരസ്പരം സഹായിക്കും.

കുട്ടികളുടെ എണ്ണം കൂടുമ്പോൾ അവരുടെ സ്വാതന്ത്ര്യം കുറയും. അതായത് വീട്ടിൽ പത്തുകളിപ്പാട്ടമുണ്ടെങ്കിൽ പത്തും എന്റേതാണെന്ന് ഒരു കുഞ്ഞിന് വിചാരിക്കാനാകില്ല. ഒരാൾക്ക് ഒരു ചിത്രമാണെങ്കിൽ മറ്റൊരാൾക്ക് വേറെ ചിത്രം കാണാനാകും താത്പര്യം.

കുട്ടികൾക്ക് തമ്മിൽ ഇങ്ങനെ സ്വാഭാവികമായ ഫൈറ്റുണ്ടാകും. മാത്രമല്ല ഇതിൽ നിന്ന് എല്ലാമെനിക്ക് കിട്ടില്ലെന്നും പലപ്പോഴും സാക്രിഫൈസ് ചെയ്യേണ്ടി വരുമെന്നുമുള്ള ബോധ്യം കുട്ടികൾക്കുണ്ടാകും. മൂത്തമക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം എന്റെ വീട്ടിലില്ല. കാറിലെ സെന്റർ സീറ്റിലിരിക്കാൻ ആർക്കും താത്പര്യമുണ്ടാകില്ല.

എല്ലാവർക്കും വശങ്ങളിലുള്ള സീറ്റുകളിൽ ഇരിക്കാനാണ് ഇഷ്ടം. അതിനാൽ തന്നെ ദിവസങ്ങളനുസരിച്ച് ഓരോരുത്തർക്കുമായി സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. തിങ്കൾ, ശനി ദിവസങ്ങളിൽ ഒരാൾ, ചൊവ്വ വെള്ളി മറ്റൊരാൾ, ബുധനും വ്യാഴവും വേറൊരാൾ എന്നിങ്ങനെ സീറ്റുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇപ്പോൾ കാറിലിരിക്കുമ്പോൾ അടിയില്ല. കാരണം ഇന്നാരാണ് സെന്ററിലിരിക്കേണ്ടത് എന്ന് എല്ലാവർക്കുമറിയാം.

ബെഡ്‌റൂമിൽ നോ സോഷ്യൽ മീഢിയ

ഞാൻ സാമൂഹ്യമാധ്യമങ്ങളിൽ സജീവമല്ല. സാമൂഹ്യമാധ്യമങ്ങൾ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. അതിനെ മറികടക്കാൻ ഒരു മാർഗം മാത്രം; സാമൂഹ്യമാധ്യമങ്ങൾക്ക് കൃത്യമായ ഒരു സമയക്രമം ഉണ്ടാക്കുക.

അതിലേറെ സമയം സാമൂഹ്യമാധ്യമങ്ങളിൽ ചെലവഴിച്ചാൽ അത് നമ്മളേയും കൊണ്ടേ പോകൂ. കുടുംബാംഗങ്ങൾക്കൊപ്പമുള്ള സമയം സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിക്കരുത്. ബെഡ്‌റൂമിൽ വാട്‌സ് ആപ്പും ഫേസ്ബുക്കും ടിവിയും കയറ്റരുത്. നെറ്റില്ലാത്തപ്പോഴാണ് നാം കൂടുതൽ സംസാരിക്കുക. കുടുംബത്തിലെ പവിത്രമായ സ്ഥലമാണ് ബെഡ്‌റൂം.

സാമൂഹ്യമാധ്യമങ്ങളിലുള്ള വ്യാജസൗഹൃദങ്ങളുടെ പിന്നാലെ പോയി നിരവധിപ്പേർ തങ്ങളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ട്. ബുദ്ധിയുള്ളവർ മറ്റുള്ളവരുടെ വീഴ്ചകളിൽ നിന്ന് പാഠങ്ങൾ പഠിക്കും. മണ്ടന്മാർ സ്വന്തം ജീവിതത്തിൽ ദുരന്തങ്ങൾ വരാൻ കാത്തിരിക്കും. അതേ സമയം നല്ല ഉദ്ദേശത്തോടെയാണെങ്കിൽ സാമൂഹ്യമാധ്യമങ്ങൾ വളരെ നല്ലതാണ്.

ഇന്ന് പലരും റോഡിലും പൊതുസ്ഥലങ്ങളിലും മാന്യമായി പെരുമാറുന്നതിന്റെ കാരണം പോലും സാമൂഹ്യമാധ്യമങ്ങളാണ്. കാരണം ഇന്നെല്ലാവർക്കും ലൈവിനെ പേടിയാണ്. ഒരു വാട്‌സ് ആപ്പ്‌മെസേജ് ഫോർവേർഡ് ചെയ്യുന്നതിന് മുൻപ് എന്തിനത് ചെയ്യണമെന്ന് ഞാൻ ചിന്തിക്കും. അവൻ ചിരിക്കുമോ, അതോ അവനെ വേദനിപ്പിക്കുമോ ,ഇത് രാജ്യസുരക്ഷയെ ബാധിക്കുമോ എന്നെല്ലാം ചിന്തിച്ച ശേഷം മാത്രമേ ഞാൻ ആ സന്ദേശം ഫോർവേർഡ് ചെയ്യൂ…

നിർദോഷകരമായ ഫലിതങ്ങൾ മാത്രമേ ഞാൻ ഫോർവേർഡ് ചെയ്യാറുള്ളൂ. അല്ലാത്തതെല്ലാം ഞാനെന്റെ മൊബൈലിൽ തന്നെ കുഴിച്ചുമൂടും. മറ്റൊരാളെ നൊമ്പരപ്പെടുത്തുന്ന ഒന്നും ഞാൻ പോസ്റ്റ് ചെയ്യില്ല. കുടുംബാംഗങ്ങൾക്കെല്ലാം പാസ് വേർഡുകൾ പരസ്പരം അറിയാമെങ്കിൽ എല്ലാം എല്ലാവർക്കും ഓപ്പണാണെങ്കിൽ ഒരു പ്രശ്‌നവുമില്ലെന്നും സിജോയി പറയുന്നു. (അഭിമുഖത്തിന്‍റെ പൂര്‍ണ്ണരൂപം സോഫിയ ടൈസില്‍ വായിക്കുക.)

Leave a Reply

Your email address will not be published. Required fields are marked *