Sathyadarsanam

വിശുദ്ധവാരത്തിലെ മിശിഹാ സംഭവങ്ങളെ ധ്യാനവിഷയമാക്കുമ്പോള്‍-1

ആമുഖം

ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഓശാന ഞായറോടെ വിശുദ്ധവാരത്തിലേക്ക്, വലിയ ആഴ്ചയിലേയ്ക്ക് പ്രവേശിക്കുകയാണല്ലോ. നമ്മുടെ കർത്താവിന്റെ പീഡാനുഭവങ്ങളെ ധ്യാനിക്കാൻ നാം ഒരുങ്ങുമ്പോൾ ദൈവ വചനത്തിന്റെ വെളിച്ചത്തിൽ ചില ബോധ്യങ്ങളെ ഹൃദയത്തിൽ സ്വീകരിക്കാം. അങ്ങനെ ഈ വിശുദ്ധവാരം ഒരു പുതിയ ആത്മീയ ഉണർവിന് കാരണമാകട്ടെ. എല്ലാ വർഷത്തെയും പോലെ ഈ വലിയ ആഴ്ചയെ പുറമെ നിന്നു കാണുന്ന ഒരു സാധാരണ വിശ്വാസിയാകാതെ ഉള്ളിൽ അനുഭവിക്കുന്ന ഒരു ഉറച്ച വിശ്വാസിയാകാം.

ചിലചോദ്യങ്ങള്‍
ശോയുടെ കുരിശുമരണത്തിന്റെ യാഥാർത്ഥ്യം എന്തായിരുന്നു?
കുരിശുമരണത്തിന്റെ ആന്തരിക അർത്ഥം എന്താണ്?
എന്തിനാണ് ഈശോ മരിച്ചത് ആരാണ്? ഈശോയുടെ മരണത്തിന് കാരണം?

സുവിശേഷത്തിലെ ഈശോ

സുവിശേഷങ്ങളിലൂടെയാണ് ഈശോയെ നമുക്ക് പരിചയപ്പെട്ടു കിട്ടുന്നത്.
എന്തിനാണ് സുവിശേഷം എഴുതപ്പെട്ടത് എന്ന് അറിഞ്ഞു കൊണ്ടു വേണം നാം ചില ബോധ്യങ്ങളിലേയ്ക്ക് കടന്നുവരാൻ.
യോഹന്നാന് 20,31- ൽ നാം വായിക്കുന്നു. “ഇവതന്നെയും എഴുതപ്പെട്ടിരിക്കുന്നത്,യേശു ദൈവപുത്രനായ ക്രിസ്തുവാണെന്നു നിങ്ങള് വിശ്വസിക്കുന്നതിനും അങ്ങനെ വിശ്വസിക്കുക നിമിത്തം നിങ്ങള്ക്ക് അവന്െറ നാമത്തില് ജീവന് ഉണ്ടാകുന്നതിനും വേണ്ടിയാണ്”.
അപ്പോൾ സുവിശേഷത്തിന്റെ ലക്ഷ്യങ്ങൾ ഇവയാണ്.
-ഈശോ ക്രിസ്തുവാണ്
-അവൻ ദൈവപുത്രനാണ്
-ഈ വിശ്വാസം ഒരുവനിൽ ഉണ്ടാക്കുക
-അതുവഴി അവന്റെ നാമത്തിൽ ഒരുവന് ജീവൻ ഉണ്ടാകുക.
വി. മർക്കോസ് (ആദ്യം എഴുതപ്പെട്ടതും, ചെറുതും)തന്റെ സുവിശേഷമെഴുത്തിന്റെ ലക്ഷ്യവും ആദ്യ വാക്യത്തിൽ തന്നെ വ്യക്തമാക്കുന്നുണ്ട്.
മർക്കോസിന്റെ 1, 1 – ൽ വായിക്കുന്നു.
“ദൈവപുത്രനായ യേശുക്രിസ്തുവിന്െറ സുവിശേഷത്തിന്െറ ആരംഭം”.
ഈ സുവിശേഷം വായിക്കുന്ന, കേൾക്കുന്ന ഓരോ വ്യക്തിക്കും മനസിലാകണം ഏറ്റുപറയണം ഈശോ ദൈവപുത്രനാണ്, അവൻ ക്രിസ്തുവാണ്.

ഈശോ ജനിച്ച കാലഘട്ടം

ശോയുടെ കുരിശുമരണത്തിന്റെ യാഥാർത്ഥ്യം എന്തായിരുന്നു എന്ന് ചിന്തിക്കുമ്പോൾ ഈശോ ജനിച്ച കാലഘട്ടത്തെ അറിയുന്നത് നല്ലതാണ്.
വിപ്രവാസത്തിന് ശേഷം തിരികയെത്തിയ ജനത്തെ പല കാലഘട്ടങ്ങളിലായി അസീറിയക്കാരും ഈജിപ്ത്കാരും ഗ്രീക്ക് കാരും റോമാക്കാരും പീഡിപ്പിച്ചു. ഏറ്റവും കൂടുതൽ പീഡനം ഏറ്റുവാങ്ങേണ്ടി വന്നത് ഗ്രീക്കുകാരിൽ നിന്നാണ്. അന്തിയോക്കസ് എപ്പിഫാനസ് എന്ന ക്രൂരനായ ഭരണാധികാരിയുടെ ചെയ്തികളെക്കുറിച്ച് മക്കബായരുടെ 1, 2 പുസ്തകങ്ങളിൽ വായിക്കുന്നു. സേയൂസ് ദേവന്റെ പ്രതിമ ജറുസലേം ദൈവാലയത്തിൽ സ്ഥാപിക്കുന്നതും, യഹൂദർക്ക് നിഷിദ്ധമായ പന്നിമാംസം തീറ്റിക്കുന്നതും, ജറുസലേം ദൈവാലയത്തിനു ചുറ്റും വേശ്യാലയം തീർക്കുന്നതുമൊക്കെ …

റോമൻ ഭരണത്തിൽ കീഴിലായിരുന്ന യഹൂദജനം പല ഗ്രൂപ്പുകളായി തിരിഞ്ഞു. ഭരണത്തെ അനുകൂലി കൂലിക്കുന്നവർ കുറച്ചു പേർ… ആരു ഭരിച്ചാലും ഞങ്ങൾക്ക് പണം കിട്ടണം.
a )Tax പിരിക്കുന്നവർ – ചുങ്കക്കാർ – മത്തായി, സക്കേവൂസ്. റോമൻ അധികാരികൾക്കു വേണ്ടി യഹൂദരിൽ നിന്ന് ചുങ്കം പിരിച്ചു കെടുത്തവർ. 100 പിരിക്കേണ്ടിടത്ത് 200 പിരിച്ച് 100 പോക്കറ്റിലാക്കുന്നവർ.
b) പുരോഹിതർ, സദുക്കായർ – അന്നാസ്, കയ്യാഫാസ് .ബലിയർപ്പിക്കാൻ വരുന്ന യഹൂദന് റോമൻ നാണയത്തിനു പകരം temple coin കൊടുത്തിരുന്നവർ… അതിൽ നിന്നും കൊള്ളലാഭം എടുത്തിരുന്നവർ.
c) ഫരിസേയർ – നിയമജ്ഞർ – നിയമം പാലിക്കുന്നവർ…സാബത്ത് നിയമങ്ങൾ ഒക്കെ വള്ളി പുള്ളി വിടാതെ പാലിക്കുന്നവർ…
d) തീവ്രവാദികൾ – ശിമയോൻ, ബറാബാസ്. മലമുകളിൽ താമസിച്ച് ഇടയ്ക്കിടയ്ക്ക് തഴ് വാരങ്ങളിലെത്തി ആയുധം കൊണ്ട് പട്ടാളക്കാരെ കൊല്ലുന്നവർ… തിരികെ മലമുകളിൽ താമസമാക്കുന്നവർ.
ഈശോയോട് എല്ലാവർക്കും എതിർപ്പായിരുന്നു.

ഈശോ പറഞ്ഞു…നിങ്ങൾ അമിതചുങ്കം ഈടാക്കരുത് ആവശ്യമുള്ളതേ വാങ്ങാവൂ…പരസ്യ ജീവിതത്തിന്റെ ആരംഭത്തിലും അവസാനത്തിലും ചാട്ട കൊണ്ട് നാണയ മാറ്റക്കാരുടെ മേശകൾ അവൻ ചിതറിച്ചു കളഞ്ഞു. സാബത്തിൽ കഴുത കിണറ്റിൽ വീണാൽ എടുക്കില്ലേ എന്ന ചോദിച്ച് സാബത്തിൽ രോഗശാന്തി നല്കി സാബത്ത് ലംഘിച്ചു. നിന്നോട് ഒരു മൈൽ ദൂരം പോകാൻ നിർബന്ധിക്കുന്ന റോമൻ പട്ടാളക്കാരനൊപ്പം അവന്റെ ചുമടും വഹിച്ച് മൈൽ ദൂരം പോകണമെന്ന് പറഞ്ഞു.
ഈ കാരണങ്ങൾ കൊണ്ട് ഇവർക്കാക്കും ഈശോയെ ഇഷ്ടമല്ലായിരുന്നു. തനിക്കു ചുറ്റുമുള്ളവർ ചെയ്യന്നത് തെറ്റാണെന്ന് പറഞ്ഞപ്പോൾ എല്ലാവരും അവനെതിരായി .

ഈശോയുടെ കാലത്തെ 2 ഭരണാധികാരികളെ ഈശോയുടെ മരണത്തിന്റെ യാഥാർത്ഥ്യത്തെ കുറിച്ചു ചിന്തിക്കുമ്പോൾ നാം മനസ്സിലാക്കേണ്ടതുണ്ട്. പീലാത്തോസ് – റോമൻ ഭരണാധികാരിയായ സീസർ യഹൂദരെ ഭരിച്ചത് പീലാത്തോസ് എന്ന ഗവർണർ വഴിയാണ്. വിശ്വാസ പ്രമാണത്തിൽ 2 വ്യക്തികളുടെ പേരേ നാം ഉച്ചരിക്കുന്നുള്ളൂ.
പന്തിയോസ് പീലാത്തോസ്- മഹാപാപിയുടെ പേര്
പരിശുദ്ധ കന്യകാമറിയം – പരമപരിശുദ്ധയുടെ പേര്

പന്തിയോസ് പീലാത്തോസ്- അടിമയായി ജനിച്ചു. പക്ഷെ സ്വന്ത പരിശ്രമത്തൽ ഗവർണറായി. ക്രൂരനായ വ്യക്തി. നീതിയും ന്യായവും നടപ്പിലാക്കാൻ എതിർക്കുന്നവരെയെല്ലാം അടിച്ചമർത്തിയ ആൾ. ചരിത്രകാരന്മാരുടെ വാക്കുകളനുസരിച്ച് ഏകദേശം 5000-ഓളം ആൾക്കാരെ കുരിശിൽ തറച്ചു കൊന്നു. “ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില് അവരുടെ രക്തംകൂടി പീലാത്തോസ് കലര്ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര് അവനെ അറിയിച്ചു ” (ലൂക്കാ 13 : 1). ജറുസലേമിൽ ജലസംഭരണി ഉണ്ടാക്കാർ ദൈവാലയത്തിന്റെ കാണിക്ക പീലാത്തോസ് എടുത്തു. അതിനെ എതിർത്ത എല്ലാ യഹൂദരെയും അദ്ദേഹം വക വരുത്തി. ഇങ്ങനെയാണ് നീതി, നിയമം നടപ്പിലാക്കിയിരുന്നത്.

ഹേറേദോസ് – ഏദോമ്യനായ വ്യക്തി – (ഏ സാവിന്റെ വംശത്തിൽപ്പെട്ടവരാണ് ഏദോമ്യർ). ഏദോമ്യനായ അപ്പനും , യഹൂദയായ അമ്മയ്ക്കും ജനിച്ച ഹേറോദേസ് റോമൻ ഗവൺമെന്റിന് പണം കൊടുത്താണ് യഹൂദരുടെ രാജത്വ പദവി വാങ്ങിയത്.Herod the Great – മഹാൻ – അത്യാഗ്രഹി- ആരെ കൊന്നിട്ടും വലിയവനാകണം. സ്നാപക യോഹന്നാന്റെ ശിരശ്ഛേദം നടത്തുന്നത് ഹേറോദേസാണ് (മർക്കോ .6, 14-29). ഈശോയ്ക്കെതിരെ മരണത്തിന്റെ വാൾ തൂക്കി നിർത്തുന്നത് ഈ രാജപരമ്പരയിലെ ഹേറോദേസാണ് (മത്താ.2,16). യഹൂദരെ പ്രസാദിപ്പിക്കാൻ വേണ്ടി ജറുസലേം ദൈവാലയം പുതുക്കിപ്പണിയുന്നു.ഈശോയുടെ കാലത്തും പണി നടക്കുന്നുണ്ട്.
“യേശു ദേവാലയം വിട്ടുപോകുമ്പോള് ദേവാലയത്തിന്െറ പണികള് അവനു കാണിച്ചുകൊടുക്കാന് ശിഷ്യന്മാര് അടുത്തെത്തി. അവന് അവരോടു പറഞ്ഞു: നിങ്ങള് ഇതെല്ലാം കാണുന്നല്ലോ. സത്യമായി ഞാന് നിങ്ങളോടു പറയുന്നു, ഇവിടെ കല്ലിന്മേല് കല്ലുശേഷിക്കാതെ എല്ലാം തകര്ക്കപ്പെടും”(മത്താ. 24,1-2).
ഈശോ ഹേറോദേസിനെകുറുക്കൻ എന്നാണ് വിളിക്കുന്നത്. “അവന് പറഞ്ഞു: നിങ്ങള് പോയി ആ കുറുക്കനോടു പറയുവിന്: ഞാന് ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്കുകയും ചെയ്യും. മൂന്നാംദിവസം എന്െറ ദൗത്യം ഞാന് പൂര്ത്തിയാക്കിയിരിക്കും” (ലൂക്കാ 13 ,32).

ക്രൂരനായ പീലാത്തോസ്, അധമ്യനായ ഹേറോദേസ്, കണ്ണിൽ ചോരയില്ലാത്ത സദുക്കായർ, കാർക്കശ്യക്കാരായ ഫരിസേയർ, ലാഭം ലക്ഷ്യം വച്ച ചുങ്കക്കാർ, ആയുധം വച്ച് പോരാടിയ തീവ്രവാദികൾ.
ഇവരുടെ ഇടയിലാണ് ഈശോ 3 വർഷം തന്നെ പരസ്യജീവിതം നയിച്ചത്. ഇതു മാത്രമല്ല, യഹൂദ നേതാക്കൾ പല ആവർത്തി അവനെ കൊല്ലാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. (ലൂക്ക ,4, 29; യോഹ. 7, 25; 8,59).

(തുടരും…)

ജെന്നിയച്ചൻ

Leave a Reply

Your email address will not be published. Required fields are marked *