ബ്രദര്‍ റ്റോംസ് കിഴക്കേവീട്ടില്‍
തെരഞ്ഞെടുപ്പു ചര്‍ച്ചകളാല്‍ മുഖരിതമാണ് നമ്മുടെ വര്‍ത്തമാനങ്ങളെല്ലാം. പക്ഷംചേരലുകളുടെയും സമദൂരങ്ങളുടെയുമെല്ലാം നയപ്രഖ്യാപനങ്ങള്‍. ഇതിലെല്ലാം ഉപരിയായി സകലതിനോടും മുഖംതിരിക്കുന്ന നിസ്സംഗതയുടെ നിലപാട് മറുവശത്ത്. രണ്ടിലൊന്ന് തെരഞ്ഞെടുക്കേണ്ടി വന്നിടത്തൊക്കെ ഹൃദ്യമായി നന്മയുടെ, കരുണയുടെ അരികുകളിലേക്കു ചേര്‍ന്നുനിന്ന ഒരു തച്ചന്റെ മകനുണ്ട് ചരിത്രത്താളുകളില്‍. അവന്റെ തുടര്‍ച്ചയും മൗതികശരീരവുമെന്ന് അഭിമാനിക്കുന്ന നമുക്കും നിസ്സംഗതയുടെ ഭാവങ്ങളിണങ്ങില്ല. ഈ തിരിച്ചറിവില്‍ നിന്ന് ഉയിര്‍ക്കൊള്ളുന്ന ഇറങ്ങിനടക്കലുകളിലാണ് അസ്സീസിയിലെ ഫ്രാന്‍സിസും മൊളോക്കോയിലെ ഡാമിയനും കൊല്‍ക്കത്തയിലെ മദര്‍ തെരേസയുമൊക്കെ ജനിക്കുന്നത്.
”തന്നിലേക്കു തന്നെ ചുരുങ്ങി സുരക്ഷിതത്വത്തില്‍ കഴിയുന്ന സഭയേക്കാള്‍ എനിക്കിഷ്ടം തെരുവോരങ്ങളിലേക്കിറങ്ങി നടക്കുകയും വീഴുകയും പരിക്കു പറ്റുകയും ചെയ്യുന്ന സഭയെയാണെന്ന് പത്രോസിന്റെ പരി. സിംഹാസനത്തിലിരുന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഉറക്കെയുദ്ഘോഷിക്കുന്നതിന്റെ സാരവും മറ്റൊന്നല്ല. നിസ്സംഗതയാല്‍ സമൂഹമനസ്സാക്ഷി അന്യവത്ക്കരിച്ചവരിലേക്കും അവഗണനയുടെ രോഗത്താല്‍ മുറിവേല്ക്കപ്പെട്ടവരിലേക്കും സ്നേഹപൂര്‍വ്വം ഇറങ്ങിനടക്കുന്ന, മുറിവുകള്‍ വച്ചുകെട്ടി സാന്ത്വനം പകരുന്ന ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സമൂഹം (Little Sisters of Divine Providence – LSDP) സ്നേഹസാക്ഷ്യത്തിന്റെ നാലു പതിറ്റാണ്ടുകള്‍ പിന്നിടുന്നു.
”പാവങ്ങളുടെ ആവശ്യങ്ങളില്‍ അവരിലേക്ക് നടന്നെത്തിയാല്‍ പോരാ, ഓടിയെത്തിയാലും മതിയാകില്ല മറിച്ച് പറന്നെത്തണം. ഇതിനായി നമ്മുടെ ചിറകുകള് എപ്പോഴും വിടര്‍ന്നു തന്നെ ഇരിക്കണം” എന്നു നിരന്തരം ഉരുവിട്ടുകൊണ്ടിരുന്ന തങ്ങളുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്റെ (വി. ജോസഫ് കൊത്തലെംഗോ) വാക്കുകള്‍ക്ക് ജീവിതം കൊണ്ട് ഊടും പാവുമേകുന്നു ഈ സന്ന്യാസിനീസമൂഹം.
മെഴുകുതിരികളെരിയുന്ന, ധൂപക്കുറ്റികള്‍ പുകയുന്ന ഉള്‍ത്തളങ്ങളില്‍ മാത്രമൊതുങ്ങുന്നതല്ല സന്ന്യാസമെന്ന തിരിച്ചറിവില്‍ അഹത്തെ വെടിയുന്ന ആത്മസമര്പ്പണംവഴി വേദനിക്കുന്നവരില്‍ മിശിഹായെ കണ്ടെത്തുന്നു ഈ സഹോദരിമാര്‍. ചുറ്റുമുള്ളവര്‍ മുറിവേറ്റവരാണ്, രോഗപീഡകളാല്‍ വലയുന്നവരാണ്. എന്നാല്‍ തീരാരോഗങ്ങളും തോരായാതനകളുമായി തന്നിലേയ്ക്കണഞ്ഞവരെ ആനന്ദത്തിന്റെ വീഥിയില്‍ കണ്ടുമുട്ടിയ നാഥന്റെ മാതൃകയേ നമുക്കു മുന്പിലുള്ളു. ഈ മാതൃക പിഞ്ചെല്ലുമ്പോള്‍ പ്രത്യാശയുടെ നറുപുഞ്ചിരി തൂകി പാര്ശ്വവത്കൃതരിലേക്കും പുറന്തള്ളപ്പെട്ടവരിലേക്കുമൊക്കെ സ്നേഹദൂതുമായി കടന്നുചെല്ലുകയെന്ന ദൈവനിയോഗത്തെ ഈ സന്ന്യാസിനികളും നെഞ്ചേറ്റുന്നു.
വിളിച്ചവന്റെ വഴിയിലെ ആദ്യചുവട്
”നിങ്ങള്‍ ഒന്നാമതായി ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും” (മത്താ. 6,33) എന്ന തിരുവചനത്തിലൂന്നി ദൈവപരിപാലനയില്‍ മാത്രം ആശ്രയമര്പ്പിച്ച ഒരു ജീവിതം. ഈശോയോടുള്ള സ്നേഹത്താല്‍ നിര്‍ബ്ബന്ധിതയായി (2 കോറി. 5,14) 1978 ജനുവരി 17-നാണ് കുന്നന്താനത്തെ ഒരു കൊച്ചുകുടിലില്‍ ഡോ. മേരി ലിറ്റി തന്റെ സ്വപ്നം ജീവിച്ചുതുടങ്ങിയത്. യൗസേപ്പിന്റെ സ്വപ്നം രക്ഷാചരിത്രത്തില്‍ നിര്ണ്ണായകമായതുപോലെ അനേകം ആത്മാക്കളെ നേടിയെടുക്കാന്‍ ദൈവമൊരുക്കിയ വലിയ പദ്ധതിയുടെ ഭാഗമായിരുന്നു ഡോ. മേരി ലിറ്റിയുടെ ഉള്ളിലുദിച്ച ആഗ്രഹവുമെന്ന് കാലം തെളിയിച്ചു.
1935 ആഗസ്റ്റ് രണ്ടാം തീയതി കോതമംഗലം ഓലിയപ്പുറം കുടുംബത്തില്‍ ഒ.പി. ജോസഫ്-ബ്രിജിത്താ ദമ്പതികളുടെ ഏഴാമത്തെ സന്താനമായി പിറന്ന്, 1955-ല്‍ മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെയിന്റ് ജോസഫ് (MSJ) സഭാംഗമായി റോമിലും ഇംഗ്ലണ്ടിലുമായി വൈദ്യശാസ്ത്രത്തില്‍ ഉന്നതബിരുദങ്ങള്‍ നേടിയ ഡോ. മേരി ലിറ്റിയുടെ പുതിയ തീരുമാനം ലോകത്തിന്റെ ദൃഷ്ടിയില് അന്ധകാരത്തിലേക്കുള്ള എടുത്തുചാട്ടം (leap into the darkness) തന്നെയായിരുന്നു. അന്ധകാരത്തെ വിശ്വാസവെളിച്ചത്താല്‍ വിജയിച്ച മേരി ലിറ്റി വചനം വാഗ്ദാനം ചെയ്ത ദൈവപരിപാലനത്താല്‍ നയിക്കപ്പെടുന്ന കാഴ്ച ലോകത്തിന് അത്ഭുതമായിത്തീര്‍ന്നു.
പഠനകാലത്ത് ടൂറിനില്‍ വി. ജോസഫ് കൊത്തലെംഗോയാല് സ്ഥാപിതമായ ദൈവപരിപാലയുടെ ചെറുഭവനം സന്ദര്‍ശിക്കാനിടയായ നാള്‍മുതല്‍ പ്രാര്‍ത്ഥനാപൂര്‍വ്വം മനസ്സില്‍ നെയ്തെടുത്ത സ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിലേക്കുള്ള ആദ്യചുവടായിരുന്നു 1978-ല്‍ കുന്നന്താനത്തു നടന്നത്. ആതുരാലയം തുടങ്ങാന്‍ സ്ഥലമുണ്ടോ, കെട്ടിടമുണ്ടോ, ബാങ്ക് അക്കൗണ്ടുണ്ടോ… തുടങ്ങിയ ചോദ്യങ്ങളോടെ വരവേറ്റ ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ പടിയറ പിതാവ് ”ഇപ്പറഞ്ഞതൊന്നുമില്ല, എല്ലാം ദൈവം തരുമെന്ന വിശ്വാസം മാത്രം” എന്ന വിനീത മറുപടിയില്‍ വിസ്മയം പൂണ്ട്, അന്ന് കുന്നന്താനം പള്ളി വികാരിയായിരുന്ന ബഹു. പാറക്കുഴിയച്ചന്വഴി ആദ്യ ഭവനത്തിനു ക്രമീകരണങ്ങളൊരുക്കി.
ദൈവപരിപാലനയെ പൂര്‍ണ്ണമായി ആശ്രയിച്ച് ഓലമേഞ്ഞ വാടകക്കുടിലില്‍ നടക്കാനോ സംസാരിക്കാനോ സ്വന്തയാവശ്യങ്ങള് നിറവേറ്റാനോ കഴിയാത്ത ഒരു രോഗിയെ സ്വീകരിച്ചുകൊണ്ട് ”വിളിക്കുള്ളിലെ വിളി”ക്ക് ഇതാ കര്‍ത്താവിന്റെ ദാസിയെന്നുത്തരമേകി ഡോ. മേരി ലിറ്റി ഹിന്ദുവിനെയോ മുസ്ലീമിനെയോ ക്രിസ്ത്യാനിയെയോ കാണാതെ എല്ലാവരിലും ഈശോയെ കണ്ടുള്ള ശുശ്രൂഷയ്ക്ക് സമയാസമയങ്ങളില്‍ പല വ്യക്തികളിലൂടെ ആവശ്യങ്ങള്‍ നിറവേറ്റി നല്കി. ദൈവപരിപാലന കൃപയുടെ മേഘത്തൂണും സ്നേഹത്തിന്റെ ആഗ്നിസ്തംഭവുമായി.
ദിവ്യകാരുണ്യത്തിന്റെ ദിവ്യപ്രചോദനം
”സമൃദ്ധിയില്‍ നിന്നുള്ള മിച്ചമല്ല, ദാരിദ്ര്യത്തില്‍ നിന്നുള്ള സമൃദ്ധിയാണ് ദൈവത്തിനു നല്‍കേണ്ടതെന്ന്” സോദരരെ ഓര്‍മ്മപ്പെടുത്തിയ ഡോ. മേരി ലിറ്റി വിധവയുടെ കൊച്ചുകാശില് പ്രസാദിച്ച ദൈവകരുണയെ മാത്രമാശ്രയിച്ചു. ഭൗതികസമ്പത്തിന്റെ സുരക്ഷിതത്വങ്ങളല്ല, ദൈവപരിപാലനയിലുള്ള വിശ്വാസമാണ് സുപ്രധാനമെന്നു തിരിച്ചറിഞ്ഞ് ആ കൊച്ചുസമൂഹം മുന്നേറി. അനുദിന ദിവ്യബലിയും ദിവ്യകാരുണ്യാരാധനയും ജീവിതബലിവേദിയില് ഉരുകിയൊലിക്കാന്, പ്രകാശം പരത്താന്‍ ഇവരെ ശക്തരാക്കുന്നു. അള്‍ത്താരയില്‍ മുറിയപ്പെടുന്ന അപ്പത്തെ അര്‍ത്ഥപൂര്‍വ്വം ഉള്‍ക്കൊള്ളുന്നവര്‍ക്ക് ജീവിതത്തില്‍ മുറിയപ്പെടാതിരിക്കാനും അനേകര്‍ക്ക് – അപ്പമാകാതിരിക്കാനുമാവില്ലെന്ന സത്യം ജീവിതംകൊണ്ട് ഈ സമൂഹം പ്രഘോഷിക്കുന്നു.
സ്നേഹശുശ്രൂഷകളാല് ഇരവിനെ പകലാക്കി അധ്വാനിക്കുമ്പോഴും ഇടവേളകളില്‍ ഇവരണയുക ദിവ്യകാരുണ്യസന്നിധിയിലാണ്. മര്‍ത്തായെപ്പോലെ ഓടിനടന്നു സേവനം ചെയ്യുന്ന ഇവര്‍ മറിയത്തെപ്പോലെ ഗുരുവിന്റെ പാദാന്തികത്തിലിരിക്കാനും സമയം കണ്ടെത്തുന്നു. മുപ്പത്തിയഞ്ചു വര്‍ഷങ്ങളായി കുന്നന്താനത്തെ ദൈവാലയത്തില്‍ അണയാത്ത ദീപപ്രഭയില്‍ തുടരുന്ന നിത്യാരാധന ഇവര്ക്കാശ്വാസമരുളുന്നു, മുമ്പോട്ടുള്ള യാത്രയ്ക്കു കരുത്തു പകരുന്നു.
വിശപ്പകറ്റാന്‍ ഭക്ഷണമോ പാകം ചെയ്യാന്‍ പാത്രങ്ങളോ ഇരുട്ടകറ്റാന്‍ ഒരു വിളക്കുപോലുമോ ഇല്ലാത്ത, ഓലമേഞ്ഞ ഇരുമുറിവീട്ടില്‍ ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സമൂഹം ചെറുകടുകുമണി കണക്കേ നാമ്പെടുത്തപ്പോള്‍ ദൈവത്തിനു പദ്ധതികളേറെ ഉണ്ടായിരുന്നു. സുവിശേഷം പറയുംപോലെ അനേകായിരം ആകാശപ്പറവകള്‍ക്കു ചേക്കേറാന്‍ തക്കവിധം അനവധി ശാഖകളുള്ള വലിയ മരമായിത്തീരുവാന് (മത്താ. 13,32) അവനതിന് ജലവും വളവും നല്കി. 1978 ഡിസംബര്‍ 8-ന് ഒരു ഭക്ത കൂട്ടായ്മയായി (Pious Union) പ്രവര്‍ത്തനമാരംഭിച്ച ഈ സമൂഹം ഇന്ന് ആതുരശുശ്രൂഷ, വചനപ്രഘോഷണം, കുടുംബപ്രേഷിതത്വം എന്നിവയിലൂടെ സുവിശേഷസന്ദേശം സധൈര്യം ജീവിക്കുന്നു. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ആരോരുമില്ലാതെ ഉപേക്ഷിക്കപ്പെട്ടവര്‍, മാരകരോഗങ്ങളാല്‍ പീഡിതര്‍, തളര്‍വാതരോഗികള്‍ തുടങ്ങി സമൂഹത്തിന്റെ പ്രത്യേക പരിഗണന ആവശ്യമുള്ളവരെയെല്ലാം ക്രൈസ്തവസ്നേഹത്തിലൂടെ വീണ്ടെടുത്തു സ്വന്തമാക്കുന്നു ഈ സന്ന്യാസിനികള്‍.
ഒരു രോഗിയില്‍ നിന്ന് ഒരായിരം രോഗികളിലേക്കു ശുശ്രൂഷയുടെ കരം നീട്ടാന്‍ തയ്യാറായപ്പോള്‍ ഓലപ്പുരയില്‍ നിന്ന് നാലും അഞ്ചും നിലകലുള്ള കെട്ടിടങ്ങളൊരുക്കിയ, മണ്ണെണ്ണ വിളക്കില്‍ നിന്ന് ജനറേറ്റിലേക്കു സൗകര്യങ്ങളുയര്ത്തിയ, ഓരോ നേരവും കൃത്യമായി ഈ ആയിരങ്ങള്‍ക്കു ഭക്ഷണമൊരുക്കിയ ദൈവപരിപാലനയുടെ ആത്ഭുതം മാത്രമാണു കാണാനായതെന്ന് ഈ സമൂഹം സാക്ഷിക്കുന്നു. ”നിങ്ങള്‍ ഒരു രോഗിയെ സ്വീകരിക്കുമ്പോള്‍ അവര്‍ക്കാവശ്യമായതെല്ലാം ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു നൂലില്‍ കെട്ടിയിറക്കിത്തരു”മെന്ന് വി. ജോസഫ് കൊത്തലെംഗോ പറയുന്നു. നാളിന്നോളം ഇല്ലായ്മകളുടെ നടുവിലേക്ക് ഓരോരുത്തരെയായി കൈനീട്ടി സ്വീകരിച്ചപ്പോള്‍ ആവശ്യങ്ങളറിയുന്ന ദൈവം അനേകരിലൂടെ അത്ഭുതകരമായി ഇടപെട്ടതിന്റെ കഥകളാണ് ഇന്നീ സന്ന്യാസസമൂഹത്തിന്റെ 16 ഭവനങ്ങളിലും ഉയര്‍ന്നുകേള്‍ക്കുന്നത്.
കേരളത്തിനുള്ളില്‍ പന്ത്രണ്ട് (കുന്നന്താനം, അരുവിക്കുഴി, കിള്ളി, കുറ്റിക്കോണം, കീഴവായ്പൂര്, ഗാന്ധിനഗര്‍ (മുടിയൂര്‍ക്കര), അയിരൂര്‍, എഴുമുട്ടം, കാരക്കുന്നം, കാവന, വിലങ്ങ്), തമിഴ്നാട്ടില്‍ ഒന്ന് (കലയംകോണം), ഉത്തര്‍പ്രദേശില്‍ ഒന്ന് (ഗൊരഖ്പൂര്‍) എന്നിവയോടൊപ്പം തന്നെ ഭാരതത്തിനു പറത്ത് ആഫ്രിക്കന്‍ മിഷന്റെ ഭാഗമായി സാമ്പിയായില്‍ ഒരു ഭവനവും ഇന്ന് ഈ സമൂഹത്തിന്റെ സേവനതീക്ഷ്ണതയാല് നടത്തപ്പെടുന്നു. ബുദ്ധിമാന്ദ്യം സംഭവച്ചവര്, ശാരീരിക ന്യൂനതകളുള്ളവര്‍, സമൂഹത്താല്‍ പുറന്തള്ളപ്പെട്ട് വഴിയോരങ്ങളില്‍ അലയുന്നവര്‍ തുടങ്ങിയവര്‍ക്ക് അഭയമേകുന്നതോടൊപ്പം കുടുംബങ്ങളുടെയും വ്യക്തികളുടെയും ആത്മീയോത്ക്കര്‍ഷം ലക്ഷ്യമാക്കി മാതൃഭവനത്തോടനുബന്ധിച്ചുള്ള റിന്യൂവല്‍ സെന്ററിലും ഇടവകകളിലും നവീകരണ ധ്യാനങ്ങള്‍, പ്രാര്‍ത്ഥനായോഗങ്ങള്‍, കൗണ്‍സിലിംഗ് തുടങ്ങിയ ശുശ്രൂഷകളും ഇവര്‍ നടത്തുന്നു. എത്ര ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരായാലും ഈ സന്ന്യാസസഭാംഗങ്ങള് തങ്ങളുടെ സമൂഹത്തിനു പുറത്ത് ജോലിചെയ്ത് പണം നേടാന്‍ ശ്രമിക്കാറില്ല. മറിച്ച് തങ്ങളുടെ ശുശ്രൂഷകളെ ചുറ്റുമുള്ള ചെറിയവര്‍ക്കായി വ്യയം ചെയ്യുമ്പോള്‍ വേണ്ടതെല്ലാം ദൈവം പ്രദാനം ചെയ്യുമെന്ന ബോദ്ധ്യത്തില്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് ഇവരുടെ ജീവിതചര്യ.
പ്രതീക്ഷകള്‍, പ്രതിസന്ധികള്‍
”ഈ രോഗികള്‍ കിടക്കുന്ന മുറി ദൈവാലയമാണ്, ഇവര്‍ കിടക്കുന്ന കട്ടില് ബലിപീഠവും. അവിടെ കിടക്കുന്ന രോഗി ഈശോയാകയാല് നമ്മുടെ പ്രവൃത്തികള്‍ ദൈവശുശ്രൂഷയാണ്.” വി. കൊത്തലെംഗോയുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നതുപോലെ പ്രവൃത്തികളെ പ്രാര്‍ത്ഥനയാക്കി മാറ്റുന്നതാണ് ഇവരുടെ ജീവിതശൈലി. ഈ ശൈലി നല്കുന്ന സാക്ഷ്യം മൂലം 165 സന്ന്യാസിനികളും 15 അര്ത്ഥികളുമടങ്ങുന്ന ഈ സന്ന്യാസസമൂഹത്തില്‍ ദൈവവിളികള്‍ക്കു ക്ഷാമമില്ല. രോഗിക്കാവശ്യമുള്ളവയൊരുക്കുന്ന ദൈവപരിപാലന ശുശ്രൂഷകരെ കണ്ടെത്തി വിളിക്കുന്നത് സ്വാഭാവികമാണല്ലോ.
പുതിയ ജീവിതസാഹചര്യങ്ങളില്‍, സാമൂഹികാന്തരീക്ഷത്തില്‍ ഇവരുടെ സേവനങ്ങള്‍ നേരിടുന്ന വെല്ലുവിളികളും വിരളമല്ല. ദൈവപരിപാലനയാല്‍ മാത്രം നടത്തപ്പെടുന്ന സ്ഥാപനം വിശ്വാസിയില്‍ അത്ഭുതമുളവാക്കുമ്പോള് സമൂഹത്തില്‍ മറ്റു പലരിലും ഉണര്‍ത്തുന്നത് സംശയങ്ങളാണ്.
ഗവണ്മെന്റില് നിന്നു ഗ്രാന്റുകളോ വിദേശ ഏജന്‍സികളില്‍ നിന്നു സഹായങ്ങളോ സ്വീകരിക്കാതെ സുന്ദരമായി നടത്തപ്പെടുന്ന സ്ഥാപനത്തെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്നവരുടെ എണ്ണം ചെറുതല്ല. ഗവണ്മെന്റില് നിന്നു ധനസഹായങ്ങളില്ലെന്നു കരുതി നിയമങ്ങളില്‍ ഒഴികഴിവൊന്നുമില്ല; ചിലപ്പോള്‍ കാര്‍ക്കശ്യം കൂടുകയും ചെയ്യുമെന്നതാണ് അനുഭവം. ഈയടുത്തകാലത്തു നിലവില്‍ വന്ന ജെ.ജെ. ആക്ട് ഉയര്‍ത്തുന്ന പ്രതിസന്ധികള്‍ വളരെ വലുതാണ്. നൂറു കുട്ടികള്‍ക്ക് നാല്പതു സ്റ്റാഫ് വേണമെന്ന നിബന്ധന പുറത്തുനിന്ന് സ്റ്റാഫിനെ നിയമിക്കാന്‍ നിര്‍വ്വാഹമില്ലാത്ത ഈ സമൂഹത്തെ വലയ്ക്കുന്നതാണ്. ഓരോ സ്ഥാപനത്തിലും അതത് ജില്ലകളിലെ കുട്ടികള്‍ മാത്രമെന്ന വ്യവസ്ഥ പാലിക്കണമെങ്കില്‍ കുന്നന്താനം ദൈവപരിപാലനഭവനത്തിലെ 96 കുട്ടികളില്‍ പന്ത്രണ്ടുപേരൊഴികെയുള്ളവരെ പുറന്തള്ളേണ്ടവരും. രജിസ്ട്രേഷന്, മറ്റനുമതി പത്രങ്ങള്‍ തുടങ്ങിയവയ്ക്കായി വളരെ സമയം നീക്കി വയ്ക്കേണ്ടിവരുന്നതും ശുശ്രൂഷകളെ അലട്ടുന്നുണ്ട്. കുന്നോളം പ്രശ്നങ്ങളില്‍ കൂടുതലായി ഈശോയോടു ചേര്‍ന്നിരിക്കാനാണ് ഈ സമൂഹം ശ്രമിക്കുന്നത്.
”ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ തപസ്സിരുന്നാല് നമ്മുടെ ജീവിതം ദിവ്യകാരുണ്യമാകു”മെന്ന ലിറ്റിയമ്മയുടെ വാക്കുകളെ പാഥേയമാക്കി ദിവ്യകാരുണ്യവഴിയേ ഇവര്‍ മുന്നേറുന്നു. ബാങ്കുകളിലെ സമ്പാദ്യങ്ങള്‍ പകരുന്ന സുരക്ഷിതത്വങ്ങളിലല്ല; ദൈവപരിപാലനയുടെ സഞ്ചിയില്‍ നിന്ന് എടുക്കുന്തോറും ലഭിക്കുമെന്ന വിശ്വാസത്തോടെ അനേകര്‍ക്കു പ്രത്യാശയായി ദൈവപരിപാലനയുടെ ഈ എളിയ ദാസികള്‍ ശുശ്രൂഷ തുടരുകയാണ്.










Leave a Reply