Sathyadarsanam

മനസ്സിലാക്കാന്‍ മനസ്സുണ്ടാകണം

റവ. ഡോ. ടോം കൈനിക്കര

മേരിക്കയുടെ 28-ാമത് പ്രസിഡന്റായിരുന്ന Woodrow Wilson 1913-ല്‍ അലബാമായില്‍ വച്ച് പ്രസിഡന്റു പദവി ഏറ്റെടുത്തു നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിച്ച ഒരു കാര്യം ഇന്ന് പ്രസക്തമായി തോന്നുന്നു. “comprehension must the soil in which grow all the fruits of friendship”. പരസ്പര ധാരണയും മനസ്സിലാക്കലുമാണ് സൗഹൃദം പൂത്തുലയുന്ന മണ്ണ്. പരസ്പരം മനസ്സിലാക്കേണ്ടതിന്റെ പ്രാധാന്യം സൂചിപ്പിക്കുകയായിരുന്നു പുതിയ പ്രസിഡന്റ്. ഇത് ഒരു ധാര്‍മ്മിക വിഷയത്തിന്റെ പരിധിയില്‍ വരുമോ എന്ന് നിശ്ചയമില്ല. എന്നാല്‍ ഉറപ്പായും പരസ്പരം മനസ്സിലാക്കാതിരിക്കുന്നതുമൂലം ധാരാളം അധാര്‍മ്മികപ്രവൃത്തികളും അസ്വസ്ഥതകളും സംഭവിക്കുന്നുണ്ട്.

മനസ്സിലാക്കുകയെന്നാല്‍ യുക്തിയുടെ വികാസവും മഹത്ത്വവും പ്രകടമാക്കുക എന്നാണ്. എവിടെയൊക്കെ ബുദ്ധിയും യുക്തിയും പ്രയോഗിക്കാതെ വരുന്നുവോ അവിടെയൊക്കെ പരസ്പരം മനസ്സിലാക്കല്‍ ഉണ്ടാവുകയില്ല. മറ്റുള്ളവര്‍ പറയുന്നത് അതേപടി അന്ധമായി വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ മനസ്സിലാക്കല്‍ നടക്കില്ല. യുക്തിക്കു പകരം വികാരം മാത്രം പ്രയോഗിച്ചാല്‍ മനസ്സിലാക്കലുണ്ടാവില്ല. അങ്ങനെയായാല്‍ പറയുന്നതും ചെയ്യുന്നതും വൈകാരികവും ആസക്തിയില്‍ അടിസ്ഥാനപ്പെട്ടതുമാകും. ഒരാള്‍ പറയുന്നതും വിശ്വസിക്കുന്നതും അതേപോലെ അംഗീകരിച്ചാല്‍ മാത്രമല്ല അയാളെ മനസ്സിലാക്കാന്‍ പറ്റുന്നത്. നമ്മില്‍ നിന്ന് വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെയും മനസ്സിലാക്കാന്‍ പറ്റും. അതിന് നാം ചിന്തിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി അറിവുകള്‍ ഉണ്ടെന്ന് മനസ്സിലാക്കാനും അതംഗീകരിക്കാനുമുള്ള തുറവുണ്ടാകണം. സാന്ദര്‍ഭികമായി ഒരനുഭവം കുറിക്കുകയാണ്. ഒരിക്കല്‍ പോളണ്ടുകാരനായ എന്റെ ഒരു സഹപാഠി ആഫ്രിക്കക്കാരനായ മറ്റൊരു സഹപാഠിയെ സ്വന്തം വീട്ടിലേക്കു അവധിക്ക് ക്ഷണിച്ചു. പോളണ്ടുകാരന്റെ മുത്തശ്ശി കറുത്ത നിറമുള്ള ആഫ്രിക്കക്കാരനെ കണ്ടപ്പോള്‍ അത്ഭുതപാരവശ്യത്തോടെ കറുത്ത കളറടിച്ചതാണോ എന്നു പരിശോധിക്കാന്‍ തൊട്ടു നോക്കിയത്രേ! അതുവരെ ആ മുത്തശ്ശി വിചാരിച്ചിരുന്നത് എല്ലാ മനുഷ്യര്‍ക്കും വെളുത്ത നിറവും സ്വര്‍ണ്ണ മുടിയുമാണെന്നായിരുന്നു. തനിക്കറിയാവുന്നതും താന്‍ കണ്ടിട്ടുള്ളതും വിശ്വസിക്കുന്നതും മാത്രമെ ലോകത്തില്‍ നിലനില്ക്കുന്നുള്ളുവെന്ന ആ മുത്തശ്ശിയുടെ അതുവരെയുണ്ടായിരുന്ന ധാരണയില്‍ നിന്നുണ്ടായ പ്രതികരണമാണത്. അത്തരം ധാരണകള്‍ മറ്റുള്ളവരെ മനസ്സിലാക്കാന്‍ എല്ലാക്കാലത്തും വിലങ്ങുതടിയാണ്. തങ്ങള്‍ വിശ്വസിക്കുന്നതും ചെയ്യുന്നതും തങ്ങള്‍ക്കറിയാവുന്നതും മാത്രമാണ് ശരിയെന്ന് കരുതുന്ന നേതാക്കന്മാരും, രാഷ്ട്രീയ പാര്‍ട്ടികളും, സമുദായങ്ങളും, അരങ്ങുതകര്‍ക്കുന്ന കാലമാണിത്. തങ്ങളുടെ വിശ്വാസം, ആചാരങ്ങള്‍, പ്രത്യയശാസ്ത്രം, മൂല്യങ്ങള്‍ എന്നിവ മാത്രം ശരി മറ്റുള്ളവര്‍ക്ക് എന്തു സംഭവിക്കുന്നു, അവര്‍ എന്തു ചിന്തിക്കുന്നു എന്നു മനസ്സിലാക്കാന്‍ ശ്രമിക്കാത്തതുകൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥതകളാല്‍ കലുഷിതമാണ് ഇന്ന് കേരള സമൂഹം.


റവ. ഡോ. ടോം കൈനിക്കര

അസ്വസ്ഥതയുണ്ടാക്കുന്നിടത്ത് ഒന്നു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളേയുള്ളു. എതിരഭിപ്രായമുള്ളവരുടെ നിലപാടുകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. സ്വന്തം നിലപാടുകള്‍ വീണ്ടും വീണ്ടും മനസ്സിലാക്കാന്‍ ശ്രമിക്കണം. ആചാരാനുഷ്ഠാനങ്ങളില്‍ ഉറച്ച നിലപാടുകളുള്ളവര്‍ അതിനോടു ചേര്‍ന്നു നില്ക്കുന്നവരുടെ വ്യത്യസ്ത ആചാരങ്ങളും അവയുടെ ചരിത്രവും മനസ്സിലാക്കണം. എനിക്കറിയാത്തത് ഇല്ലായെന്ന് പോളണ്ടിലെ മുത്തശ്ശിയെപ്പോലെ വിചാരിച്ചാല്‍ എന്തു ചെയ്യും? അതുപോലെ പുരോഗമന ആശയങ്ങള്‍ മുറുകെപ്പിടിക്കുന്നവര്‍ യാഥാസതിക നിലപാടുകാരെ മനസ്സിലാക്കണം. രാഷ്ട്രീയക്കാര്‍ മതവിശ്വസങ്ങളെയും സമുദായങ്ങളെയും അവരായിരിക്കുന്ന രീതിയില്‍ മനസ്സിലാക്കണം. രാഷ്ട്രീയ പാര്‍ട്ടികളുടെ ജോലിയല്ല ആചാരസംരക്ഷണം. രാഷ്ട്രസേവനവും നാടിന്റെ വികസനവുമാണ് അവര്‍ കൈകാര്യം ചെയ്യേണ്ടത്.. വിശ്വാസാചാരങ്ങള്‍ തീരുമാനിക്കാന്‍ വിശ്വാസികള്‍ മാത്രം തുനിയട്ടെ. സഭാവിഷയങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍ അന്തിക്ക് പ്രത്യക്ഷപ്പെടുന്ന ചാനല്‍ അവതാരങ്ങള്‍ വിശ്വാസവിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ അവയുടെ അടിസ്ഥാനകാര്യങ്ങളെങ്കിലും മനസസിലാക്കിയിരുന്നെങ്കില്‍ എന്നു വെറുതെ മോഹിക്കുവാന്‍ മാത്രം പറ്റും. രാഷ്ട്രീയ ലക്ഷ്യത്തോടെ വിശ്വാസത്തെ സമീപിച്ചാല്‍ വിശ്വാസത്തിനും രാഷ്ട്രീയത്തിനും നാടിനും അതു ഗുണം ചെയ്യില്ല.

ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട അപ്രഖ്യാപിത ഹര്‍ത്താലില്‍ (യഥാര്‍ഥ ഹര്‍ത്താലിനു തലേദിവസം) ചെന്നുപെട്ടത് ഒരു യാത്രക്കിടയിലാണ്. സ്വന്തം ആചാരങ്ങള്‍ക്കുവേണ്ടി വഴക്കടിച്ച് വാശിപിടിച്ച് ഹര്‍ത്താലുകള്‍ നടത്തുമ്പോള്‍ മറ്റുള്ളവരുടെ അടിസ്ഥാനാവശ്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നുവെന്ന് ആചാരരാഷ്ട്രീയം കളിക്കന്നവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. മറ്റുള്ളവരുടെ അവകാശങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാത്തവരുടെ നിലപാടുകള്‍ക്ക് പിന്നെങ്ങനെ പൊതുസമൂഹത്തില്‍ വിലയുണ്ടാകും. ഒരു ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വില കല്പിക്കാത്ത രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും ‘പുരോഗമനവാദികളും’ വിശ്വാസികളുടെ വികാരങ്ങളും നിലപാടുകളും മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പ്രശ്‌നങ്ങള്‍ ഒരിക്കലും ഇതുപോലെ വഷളാവില്ല. ബൈബിളിലെ ഒരു വാക്യം ഇക്കാര്യത്തില്‍ എത്ര വാസ്തവമാണ്. ”തെറ്റു ചെയ്യുക മൂഢന് വെറുമൊരു വിനോദമാണ്; അറിവുള്ളവന് വിവേകപൂര്‍വ്വമായ പെരുമാറ്റത്തിലാണ് ആഹ്‌ളാദം” (സുഭാ 10,23). തെറ്റുചെയ്യുമ്പോള്‍ ആനന്ദിക്കുന്ന മൂഢന്മാര്‍ ഭിന്നതയുണ്ടാക്കുന്നതും, നിയമം ലംഘിക്കുന്നതും, പൊതുമുതല്‍ നശിപ്പിക്കുന്നതും, ജനജീവിതം ദുസഹമാക്കുന്നതും, ബോംബെറിയുന്നതും, കത്തിക്കുന്നതും, കുത്തുന്നതും, വേഷംമാറി വിശ്വാസം ലംഘിക്കുന്നതും, പ്രകോപനങ്ങള്‍ ഉണ്ടാക്കുന്നതും, ആക്ഷേപിക്കുന്നതും, ഭീഷണിപ്പെടുത്തുന്നതും ചില പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് നേട്ടം കൊയ്യുന്നതും കേരളം കണ്ടുകൊണ്ടേയിരിക്കുന്നു. അതേ സമയം അറിവുള്ളവന് ഇതെല്ലാം വെറും പാഴ് വേലകള്‍ മാത്രം.

പ്രകോപനം ഉണ്ടാക്കിയും ഭീഷണിപ്പെടുത്തിയും വഴക്കടിച്ചും ഇന്നോളം ഒരിടത്തും ഒരു പ്രശ്‌നവും പരിഹരിച്ചിട്ടില്ല. പക്ഷേ, നിര്‍ഭാഗ്യവശാല്‍ എല്ലാക്കാലത്തും മനുഷ്യന് എളുപ്പത്തില്‍ പ്രശ്‌നപരിഹാരത്തിന് കണ്ടെത്തുന്ന മാര്‍ഗ്ഗം ഇതാണ്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ കാര്യങ്ങള്‍ യുക്തിപൂര്‍വ്വം മനസ്സിലാക്കണം. ആരെങ്കിലും പറയുന്നതാവരുത് പ്രവൃത്തിയുടെ മാനദണ്ഡം. മനുഷ്യനു മാത്രമുള്ള ശേഷിയായ യുക്തിയുപയോഗിച്ച് കാര്യങ്ങള്‍ ഗ്രഹിക്കാതിരുന്നാല്‍ മനുഷ്യത്വം മരവിക്കുമെന്നതിന്റെ ദൃഷ്ടാന്തങ്ങളാണ് സമകാലിക കേരളസമൂഹത്തില്‍ കാണുന്നത്. യുക്തിപൂര്‍വ്വം ചിന്തിക്കാതിരിക്കുകയും മനസ്സിലാക്കാതിരിക്കുകയും അതിനു ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന നേതാക്കന്മാരാണ് മൂഢന്മാരായ അണികളെ സൃഷ്ടിക്കുന്നത്; അവരാണ് തെറ്റു ചെയ്യുന്നത്. A man of understanding has wisdom. മനസ്സിലാക്കുന്നവന്‍ ജ്ഞാനിയാണ്. യുക്തിയും ബുദ്ധിയും ഉപയോഗിക്കുന്നവനാണ്. അതുകൊണ്ടാണ് അറബിക് പഴമൊഴി: “understanding is the wealth of wealth”. മനസ്സിലാക്കല്‍ ആണ് വലിയ സമ്പത്ത്.

Leave a Reply to Anonymous Cancel reply

Your email address will not be published. Required fields are marked *