Sathyadarsanam

33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണമെന്ന് പുതിയ റിപ്പോര്‍ട്ട്

“കടുത്ത നിയന്ത്രണങ്ങൾ” എന്ന വിഭാഗത്തിൽ 18 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്

ലോകമെമ്പാടുമുള്ള 33 രാജ്യങ്ങളില്‍ ബൈബിൾ ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പൺ ഡോർസ് ഇന്റർനാഷണലിന്റെയും ഡിജിറ്റൽ ബൈബിൾ സൊസൈറ്റിയുടെയും സംയുക്ത സംരംഭമായ ‘ബൈബിൾ ആക്‌സസ് ലിസ്റ്റ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ബൈബിളുകൾ ലഭിക്കുന്നതിൽ നിന്ന് ആളുകളെ നിയമപരമായ വിധത്തിലും മറ്റ് സുരക്ഷാ പരിമിതികൾ മൂലം തടയുന്ന പ്രവണതയാണ് ഈ രാജ്യങ്ങളില്‍ നിലനില്‍ക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വിവിധ പ്രദേശങ്ങളില്‍ സ്വന്തം ഭാഷയിലോ മറ്റോ ബൈബിള്‍ ലഭ്യമാകാത്ത സാഹചര്യമാണുള്ളതെന്നും മറ്റുള്ളവർക്ക് നിയമപരമായി ഇറക്കുമതി ചെയ്യാനോ അച്ചടിക്കാനോ കൈവശംവയ്ക്കാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ബൈബിളിന് നിയന്ത്രണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത് ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ സൊമാലിയയാണ്. രാജ്യത്തു ബൈബിൾ ലഭ്യത കേവലം നിയന്ത്രണവിധേയമല്ല, മറിച്ച് നിയമവിരുദ്ധമാണെന്നു സംഘടന ചൂണ്ടിക്കാട്ടി. ബൈബിളുകൾ അച്ചടിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ വിതരണം ചെയ്യുന്നതോ നിയമവിരുദ്ധമാണ്. ഒരു പകർപ്പ് പോലും പലർക്കും ലഭ്യമല്ലാത്ത സാഹചര്യമുള്ളത്.

രണ്ടാം സ്ഥാനത്ത് തീവ്ര ഇസ്ലാമിക നിലപാടുള്ള താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനാണ്. ബൈബിൾ അച്ചടിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് താലിബാൻ നിരോധിച്ചിരിക്കുകയാണെന്നും ഓണ്‍ലൈനില്‍ പോലും ബൈബിള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബൈബിളിനു തീവ്രമായ നിയന്ത്രണ വിഭാഗത്തിലുള്ള മറ്റ് രാജ്യങ്ങളിൽ യെമൻ, ഉത്തര കൊറിയ, എറിത്രിയ, ലിബിയ, അൾജീരിയ, ഇറാൻ, തുർക്ക്മെനിസ്ഥാൻ എന്നിവ ഉൾപ്പെടുന്നുണ്ട്.

“കടുത്ത നിയന്ത്രണങ്ങൾ” എന്ന വിഭാഗത്തിൽ 18 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സൗദി അറേബ്യ, ഭൂട്ടാൻ, പാക്കിസ്ഥാൻ, ചൈന, അസർബൈജാൻ തുടങ്ങീയ രാജ്യങ്ങള്‍ ഈ വിഭാഗത്തിലാണ്. ബൈബിൾ പ്രതിസന്ധി പരിഹരിക്കാൻ ആഗോള ക്രിസ്ത്യൻ സംഘടനകളോടും സർക്കാരുകളോടും, വിശ്വാസ സമൂഹങ്ങളോടും പ്രതികരിക്കാൻ റിപ്പോർട്ടിന്റെ രചയിതാക്കൾ ആഹ്വാനം ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *