Sathyadarsanam

ബെത്ലഹേമിലെ ക്രൈസ്തവ സാന്നിധ്യം കുറയുന്നു

ലെയോ പാപ്പയ്ക്കു മുന്നില്‍ ആശങ്ക അറിയിച്ച് ബെത്ലഹേം മേയര്‍

ഈശോയുടെ ജനന സ്ഥലമായ ബെത്ലഹേമിന്റെ നിലവിലെ മേയർ മഹർ നിക്കോള കാനവാത്തി വത്തിക്കാനിലെത്തി ലെയോ പതിനാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചു. തന്റെ ജനത്തിന്റെ ആശങ്കകള്‍ വിവരിച്ചും, വിശുദ്ധ നാട്ടിൽ സമാധാനത്തിനും പ്രത്യാശയ്ക്കുമായുള്ള ശ്രമങ്ങളിൽ പിന്തുണ അഭ്യർത്ഥിച്ചുമാണ് ലെയോ പതിനാലാമൻ പാപ്പയെ ബെത്ലഹേം മേയർ സന്ദര്‍ശിച്ചത്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും, വിശുദ്ധ നാട്ടിലെ ക്രൈസ്തവസാന്നിദ്ധ്യം കാത്തുസൂക്ഷിക്കാനും വേണ്ടിയുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ മേയർ പാപ്പയോട് അഭ്യർത്ഥിച്ചു. സെപ്റ്റംബർ 24 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയുടെ അവസാനമാണ് ക്രൈസ്തവ വിശ്വാസി കൂടിയായ മേയർ കാനവാത്തി പാപ്പയുമായി സംസാരിച്ചത്.

ബെത്ലെഹെമിലും മറ്റ് പാലസ്തീനിയൻ നഗരങ്ങളിലും നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം തുടരുകയാണെന്നും, ഇതുവഴി വിശുദ്ധ നാട്ടിലെ ക്രൈസ്തവ സാന്നിധ്യം കുറയുകയാണെന്നും ലെയോ പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വത്തിക്കാൻ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മേയർ വെളിപ്പെടുത്തിയിരിന്നു. പാലസ്തീനായിലും, ഗാസായിലും ബേത്ലഹേമിലും സംഭവിക്കുന്ന കാര്യങ്ങളെപ്പറ്റിയും, വിശുദ്ധ നാട്ടിലെ ജനം അവിടെ തുടരേണ്ടതിന്റെ പ്രാധാന്യവും താൻ പാപ്പയോട് വിശദീകരിച്ചു.

ഇപ്പോൾ ബെത്ലഹേമിൽ പുതുതായി താമസിക്കാനെത്തുന്നവർ, നഗരത്തിൽ മുൻപുണ്ടായിരുന്ന ജനങ്ങൾക്ക് മുന്നിൽ മാത്സര്യത്തിന്റെ ചിന്തകളാണ് ഉയർത്തുന്നതെന്നും, ഇത് സമൂഹത്തിൽ സമ്മർദ്ധം വർദ്ധിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിശുദ്ധ നാട്ടിലെ “ജീവിക്കുന്ന ശിലകളായ മനുഷ്യരില്ലെങ്കിൽ” അതൊരു മ്യൂസിയമായി മാറുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പുതിയ അധിനിവേശവും, വിഭജന മതിലുകളും മൂലം ബെത്ലഹേമും ജെറുസലേമും വേർതിരിക്കപ്പെട്ടു. പാലസ്തീന പ്രദേശത്തെ ക്രൈസ്തവരുടെ എണ്ണത്തിലുണ്ടാകുന്ന കുറവിൽ ആശങ്ക പ്രകടിപ്പിച്ച മേയര്‍, ലോകത്തെമ്പാടുമായി നാൽപ്പത് ലക്ഷം പാലസ്തീനിയൻ ക്രൈസ്തവരുള്ളപ്പോൾ, വെറും ഒരുലക്ഷത്തി അറുപതിനായിരം ക്രൈസ്തവർ മാത്രമാണ് നിലവില്‍ പാലസ്തീനായിൽ ഉള്ളതെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *