Sathyadarsanam

ഗാസ ‘കത്തിച്ച്’ ഇസ്രായേൽ

ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു


Displaced Palestinians flee northern Gaza along the coastal road toward the south

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് നഗരത്തിൽ നിന്ന് പലായനം ചെയ്യുന്നവർ

ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു, അതിലേറെപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തില്‍ നിന്ന് പകുതിയോളം പേര്‍ പലായനം ചെയ്തതായി പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോഴും നിരവധി ഇസ്രയേലി ടാങ്കുകളും കവചിത വാഹനങ്ങളും ഗാസ പട്ടണത്തെ ലക്ഷ്യമാക്കി നീങ്ങുകയാണ്. മൂന്നാമത് ഡിവിഷന്‍ കൂടി ഉടന്‍ ഗാസയിലേക്കെത്തുമെന്നാണ് ഇസ്രയേല്‍ സൈന്യം അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ച മുതല്‍ കുറഞ്ഞത് ഇരുപതോളം വീടുകളും പാര്‍പ്പിട സമുച്ചയങ്ങളും മോസ്കും ഇസ്രയേല്‍ സൈന്യം തകര്‍ത്തതായാണ് റിപ്പോര്‍ട്ട്.

രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടയിലെ ഏറ്റവും കഠിനമായ ആക്രമണങ്ങള്‍ക്കാണ് ഇസ്രായേലി സൈന്യം ഗാസ നഗരത്തെ വിധേയമാക്കിയത്. ഇതോടെ ഒരിക്കലും തിരിച്ചുവരാന്‍ കഴിഞ്ഞേക്കില്ലെന്ന ഭയത്തില്‍ ആയിരക്കണക്കിന് ഗാസക്കാർ ബോംബുകള്‍ക്കും വെടിയുണ്ടകള്‍ക്കും നടുവിലൂടെ പലായനം ചെയ്യുകയാണ്. ഐക്യരാഷ്ട്രസഭയുടെ തലവന്‍ ഈ ആക്രമണത്തെ ‘ഭയാനകം’ എന്നാണ് വിശേഷിപ്പിച്ചത്. തകര്‍ന്ന നഗരത്തില്‍ നിന്ന് കറുത്ത പുക ഉയരുന്ന പശ്ചാത്തലത്തില്‍, വീട്ടുപകരണങ്ങള്‍ കയറ്റിയ വാനുകളും കഴുതവണ്ടികളും തങ്ങളുടെ അവസാന സമ്പാദ്യങ്ങളും ചുമന്ന് കാല്‍നടയായി പോകുന്ന ആളുകളും തീരദേശമായ അല്‍-റഷീദ് സ്ട്രീറ്റിലൂടെ നീങ്ങുകയാണ്. ‘ഗാസ കത്തുകയാണ്,’ എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചു.

യുദ്ധവിമാനങ്ങള്‍ ആകാശത്ത് താഴ്ന്നുപറക്കുകയാണ്. നിരന്തരമുള്ള ബോംബ് വര്‍ഷത്തില്‍ നൂറുകണക്കിനാളുകള്‍ പരിക്കേറ്റ് വീഴുകയാണ്. കുടുംബങ്ങളും രക്ഷാപ്രവര്‍ത്തകരും കോണ്‍ക്രീറ്റിന്റെയും വളഞ്ഞൊടിഞ്ഞ ഉരുക്കിന്റെയും കൂമ്പാരങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നു. കനത്ത ബോംബാക്രമണം നടന്നു, ആളുകളുടെ അടുത്തേക്ക് എത്താന്‍ പ്രയാസമായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. കൊല്ലപ്പെട്ട നിരവധി പേരേയും പരിക്കേറ്റവരെയും ഞങ്ങള്‍ പുറത്തെടുത്തു. ഷെല്ലാക്രമണം, ഹെലികോപ്റ്ററുകള്‍, മിസൈലുകള്‍, ഡ്രോണുകള്‍, എഫ്-16 വിമാനങ്ങള്‍ എന്നിവ കാരണം രക്ഷാപ്രവര്‍ത്തനം വളരെ പ്രയാസകരമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തെ തുടര്‍ന്ന് ഗാസ സിറ്റിയിലെ 40 ശതമാനം താമസക്കാര്‍, അതായത് ഏകദേശം മൂന്നരലക്ഷം പേര്‍ തെക്ക് ഭാഗത്തേക്ക് പലായനം ചെയ്തിട്ടുണ്ട്. ഇസ്രയേല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതിനാല്‍ കുടുങ്ങിക്കിടക്കുന്ന ബന്ധുക്കളെ കണ്ടെത്താന്‍ കുടുംബങ്ങള്‍ വെറും കൈകൊണ്ട് അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരയുകയാണെന്ന് ഇസ്രയേലി സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആക്രമണം ആരംഭിച്ചതുമുതല്‍ ചുരുങ്ങിയത് 106 പലസ്തീനികള്‍ കൊല്ലപ്പെട്ടതായും അവരില്‍ 91 പേര്‍ ഗാസ സിറ്റിയില്‍ മാത്രമാണെന്നും മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മുഴുവന്‍ പാര്‍പ്പിട സമുച്ചയങ്ങളും നിലംപരിശാക്കപ്പെട്ട ദരാജ് മേഖലയിലുണ്ടായ ബോംബാക്രമണത്തില്‍ മാത്രം 20 പേരാണ് കൊല്ലപ്പെട്ടതെന്നാണ് എമര്‍ജന്‍സി സര്‍വീസ് അറിയിച്ചത്.

പത്തുലക്ഷത്തിലധികം ആളുകള്‍ താമസിക്കുന്ന ഗാസ നഗരം പിടിച്ചെടുക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം ആഗോളതലത്തില്‍ വ്യാപകമായി കടുത്തഭാഷയില്‍ അപലപിക്കപ്പെട്ടിട്ടുണ്ട്. ഇസ്രയേലിന്റെ കരയാക്രമണം ‘വംശഹത്യാ പദ്ധതികളുടെ പുതിയ ഘട്ടമാണെന്നാണ് തുര്‍ക്കി വിശേഷിപ്പിച്ചത്. ഇത് കൂടുതല്‍ കൂട്ടപ്പലായനത്തിന് കാരണമാകുമെന്നും തുര്‍ക്കി മുന്നറിയിപ്പ് നല്‍കി. ഗാസ സിറ്റിയില്‍ ഇസ്രയേലി സൈന്യം നടത്തുന്ന ആക്രമണം വംശീയ ഉന്മൂലനത്തിന് തുല്യമാണെന്നാണ് യുഎന്‍ മനുഷ്യാവകാശ ഓഫീസ് അപലപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *