
പരിശുദ്ധ മറിയത്തിന്റെ സവിശേഷ വ്യക്തിത്വം സൂചിപ്പിക്കുന്ന അഭിധാനമാണ് അവൾ പരിശുദ്ധ രാജ്ഞിയാണ് എന്നുള്ളത്. രാജാവും രാജഭരണവും കാലഹരണപ്പെട്ട ആധുനികകാലത്ത് ഇതിനെന്ത് പ്രസക്തിയുണ്ട് എന്ന് ചിലർ സംശയിച്ചേക്കാം. പ്രത്യേകിച്ച് പ്രോട്ടസ്റ്റന്റ് പെന്തക്കോസ്ത് മേഖലകളിൽ വിമർശിക്കപ്പെടുന്ന ഒരു വിശേഷണമാണ് മറിയം രാജ്ഞിയാണ് എന്നുള്ളത്. മറിയത്തെ ഒരു രാജ്ഞിയായി ആരാണ് അവതരിപ്പിച്ചത്? കത്തോലിക്കരുടെ അതിഭാവുകത്വം കലർന്ന ഒരു വിശേഷണവും വ്യതിചലനവുമാണ് ഇത് എന്നൊക്കെ പറയുന്നവരുണ്ട്. എന്നാൽ വേദപുസ്‌തക അടിസ്ഥാനത്തിലും കിഴക്കുപടിഞ്ഞാറുള്ള സഭകളുടെ രണ്ട് സഹസ്രാബ്ദങ്ങളാ യുള്ള വിശ്വാസപാരമ്പര്യത്തിന്റെ വെളിച്ചത്തിലും സ്‌പഷ്ടമായ ഒരു കാര്യമാണ് മറിയം പരിശുദ്ധരാജ്ഞിയാണ്, സ്വർലോക റാണിയാണ് എന്നുള്ളത്.
- മറിയത്തിന്റെ രാജ്ഞിപദം മിശിഹാ യുടെ രാജ്യത്വത്തിൽ നിന്ന്
കത്തോലിക്ക വേദോപദേശ സംഹിതം 487 പറയുന്നു “മറിയത്തെക്കുറിച്ച് കത്തോലിക്കാസഭ വിശ്വസിക്കുന്നതെല്ലാം, ഈശോമിശിഹായിലുള്ള സഭയുടെ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈശോ രാജാവാണോ? എങ്കിൽ മറിയം രാജ്ഞി തന്നെയാണ്. വേദപുസ്തകത്തിൽ പ്രസിദ്ധനായ ദാവീദിൻ്റെ രാജ്യത്തിൽ രാജാവിൻ്റെ ഭാര്യയല്ല രാജ്ഞി മറിച്ച് രാജാവിന്റെ മാതാവാണ് യഥാർത്ഥ രാജ്ഞി. രാജപത്നിയല്ല രാജമാതാവാണ് രാജ്ഞി എന്ന് ബൈബിൾ പറയുന്നു.
- രാജമാതാവ് രാജ്ഞി
ബൈബിളിൽ രാജമാതാവിനെ വിളി ക്കുന്നത് ഗബീറ Great Lady (മഹത് സ്ത്രീ എന്നാണ്) ഒരു പുതിയ രാജാവിനെ അവ രോധിക്കുമ്പോൾ അദ്ദേഹത്തിന്റെ വലതു വശത്ത് ഉപവിഷ്ടയാകുന്നത് അദ്ദേഹത്തിന്റെ അമ്മയാണ്. 1 രാജ 1:16 ൽ ബേത്ഷെബാ തന്റെ ഭർത്താവായ ദാവീദിൻ്റെ മുമ്പിൽ താണുവണങ്ങുന്നതായി കാണാം. ഇതേ ബേത്ഷെബാ തൻ്റെ മകനായ സോളമൻ രാജാവിൻ്റെ അടുക്കൽ ചെല്ലുമ്പോൾ രാജാവ് എഴുന്നേറ്റ് അവളെ അഭിവാദനം ചെയ്തിട്ട് സിംഹാസനത്തിൽ ഇരിക്കുന്നു. മാതാവിന് ഇരിപ്പിടം സജ്ജീക രിച്ചു അവൾ രാജാവിന്റെ വലതുഭാഗത്ത് ഇരുന്നു എന്നാണ് രേഖപ്പെടുത്തുന്നത് (1രാജ 2:9) മാത്രമല്ല രാജമാതാവ് രാജ സന്നിധിയിലെ അതിപ്രധാനമായ മധ്യസ്ഥ ആയിട്ടാണ് വർത്തിക്കുന്നത്. അവൾ എന്തെങ്കിലും ചോദിച്ചാൽ രാജാവ് അതനുവദിച്ചു കൊടുക്കുകയും ചെയ്യുന്നു. ബേത്ഷെബാ സോളമൻ ചക്രവർത്തിയോട് പറയുന്നു: ഞാൻ നിന്നോട് ഒരു ചെറിയ കാര്യം ആവശ്യപ്പെടുന്നു, തള്ളിക്കളയരുത്. എന്താണ് അമ്മേ അതു പറയുക ഞാൻ തള്ളിക്കളയുകയില്ല (1 രാജ 1:20). രാജ്ഞിയായ രാജമാതാവ് ചോദി ക്കുന്നത് എല്ലാം രാജാവ് ചെയ്യും രാജാവിന്റെ വലതുവശത്ത് സിംഹാസനസ്ഥയായി ഇരിക്കുന്നു എന്നത് അദ്ദേഹത്തിന്റെ ഉപദേശകസ്ഥാനം വഹിക്കുന്നു; രാജ ഭരണപങ്കാളിത്തം അഥവാ അധികാരം പങ്കിടുന്നു എന്നാണ് അർത്ഥമാക്കുന്നത്. രാജാവു കൂടാതെ രാജമാതാവായ രാജ്ഞിയും കിരീടം ധരിച്ചിരിക്കുന്നു (ജെറ 13:18) വലതുവശത്ത് ഓഫീർ പൊന്നണിഞ്ഞ രാജ്ഞി നിൽക്കുന്നു എന്ന് സങ്കീർത്തനം 45: 9 ൽ പറയുന്നു
3. വാഗ്ദാനം ചെയ്യപ്പെടുന്ന രാജ്ഞിപദം മംഗളവാർത്തയിൽ
മറിയത്തിനുള്ള മംഗളവാർത്തയിൽ അവൾക്കു ലഭിക്കാനിരുന്ന മഹത്സ്ഥാനം വ്യക്തമാണ്. “അവൻ വലിയവനായിരിക്കും; അത്യുന്നതൻ്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിൻ്റെ ഭവനത്തിന്മേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകുയില്ല.’ (ലൂക്കാ 1: 32-33) “ഈശോയുടെ രാജത്വവും മറിയത്തിൻ്റെ രാജ്ഞിസ്ഥാനവും വ്യക്തമാക്കുന്ന ഒരു ദൂതവചനമാണിത്. എന്റെ രാജ്യം ഐഹികമല്ല (യോഹ ന്നാൻ 18: 36) എന്നു പറഞ്ഞ ഈശോയെ വിശുദ്ധഗ്രന്ഥത്തിലുടനീളം ദാവീദിൻ്റെ പുത്രൻ എന്നു വിളിക്കുന്നത് കാണാം. ദാവീദിൻ്റെ ഈ പുത്രൻ ലൗകിക രാജ്യത്തിന്റെ ഭരണ കർത്താവായല്ല സ്നേഹാധിഷ്ഠിതമായ ദൈവരാജ്യത്തിന്റെ അധിപനാണ്, ദൈവീകഭരണത്തിൻ്റെ നാഥനാണ്. പരിശുദ്ധമറിയമാകട്ടെ ഈ നവാഭി ഷിക്തരാജാവിൻ്റെ” മിശിഹായുടെ രാജ്ഞിപദമലങ്കരിക്കുന്ന മാതാവുമാണ്.
പൂർവപിതാക്കന്മാരുടെയും രാജാക്കന്മാരുടെയുമെല്ലാം പേരുകൾ പരാമർശിച്ചശേഷം വിശുദ്ധ മത്തായി ഈശോയുടെ വംശാവലിയിൽ മറിയത്തിൻ്റെ ഉന്നത സ്ഥാനം, മിശിഹായുടെ അമ്മ എന്ന സ്ഥാനം എടുത്തു പറയുന്നുണ്ട്. യാക്കോബ് മറിയത്തിൻ്റെ ഭർത്താവായ യൗസേപ്പിനെ ജനിപ്പിച്ചു. അവളിൽനിന്ന് മിശിഹാ എന്ന് വിളിക്കപ്പെടുന്ന ഈശോ പിറന്നു (1:16). യഥാർത്ഥരാജാവായ ദൈവം നമ്മോടുകൂടെ എന്നർത്ഥമുള്ള അമ്മുനു വേലാണ് മിശിഹാ എന്ന് മാർ യൗസേപ്പിനുള്ള ദർശനത്തിലും കാണുന്നുണ്ടല്ലോ. (മത്താ 1: 22-23). ഇസ്രായേലിനെ ഭരിക്കേണ്ടവൻ യുഗങ്ങൾക്ക് മുൻപേയുള്ളവൻ നിന്നിൽനിന്നു പുറപ്പെടും എന്നു ബേതലഹേം, എഫ്രാത്താ, എന്നീ ചെറിയ യൂദാഭവ നങ്ങളെ നോക്കി മിക്കാ പ്രവാചകൻ പ്രവ ചിക്കുന്നതും ഇവിടെ പൂർത്തിയായി. (മിക്ക 5:2, മത്താ 2: 5-6). മിശിഹായുടെ പിറവി ഒരു രാജാവിന്റെ ജനനമായാണല്ലോ പൗര സ്ത്യദേശത്തുനിന്നുള്ള ജ്ഞാനികൾ കാണുന്നത്. എവിടെയാണ് യഹൂദന്മാർക്ക് രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ് (മത്താ 2:2). ഈശോയുടെ രാജത്വവും മറിയത്തിന്റെ രാജ്ഞിപദവും സൂചിപ്പിച്ചുകൊണ്ടാണ് സുവിശേഷകൻ ജ്ഞാനികളുടെ സന്ദർ ശനം രേഖപ്പെടുത്തുന്നത്. ‘അവർ ഭവനത്തിൽ പ്രവേശിച്ച് ശിശുവിനെ അമ്മ യായ മറിയത്തോടൊപ്പം കാണുകയും അവനെ കുമ്പിട്ട് ആരാധിക്കുകയും ചെയ്‌തു’

- രാജാധിരാജനും കിരീടധാരിണിയായ രാജ്ഞിയും
കുഞ്ഞാട് (മിശിഹാ) നാഥന്മാരുടെ നാഥനും രാജക്കന്മാരുടെ രാജാവുമാണ് (വെളി 17:14). അശ്വാരൂഢനായ സ്വർഗീയ രാജാവിന്റെ മേലങ്കിയിലും തുടയിലും എഴുതപ്പെട്ട നാമമുണ്ട്. രാജാക്കന്മാരുടെ രാജാവും നാഥന്മാരുടെ നാഥനും (വെളി 19:16). സ്വർലോകരാജ്ഞിയായ മറിയത്തെയും വെളിപാട് ഗ്രന്ഥകർത്താവ് ദർശിക്കുന്നുണ്ട്. “സ്വർഗത്തിൽ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങൾ ക്കടിയിൽ ചന്ദ്രൻ. ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾകൊണ്ടുള്ള (ശ്ലൈഹിക സഭയുടെ പ്രതീകം) കിരീടം” (വെളി 12:1). എന്റെ നാഥൻ്റെ (കർത്താവിന്റെ) അമ്മ എന്ന ഏലീശ്വായുടെ ഉദ്ഘോഷണവും (ലൂക്കാ 2:43) മറിയത്തിൻ്റെ രാജ സ്ഥാനമാണ് വിളിച്ചോതുന്നത്. മറിയത്തിന്റെ തന്നെ സ്തോത്രഗീതം ഇത് അടിവരയിട്ടുറപ്പിക്കുന്നു. അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോൾ മുതൽ സകല തലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും. (ലൂക്കാ 1:48). ശക്തന്മാരെ സിംഹാസനത്തിൽ നിന്നു മറിച്ചിട്ടു; എളിയവരെ ഉയർത്തി (ലൂക്കാ 1:52) എന്നത് തന്റെ സ്വർഗീയ രാജസ്ഥാനത്തെ വിളംബരം ചെയ്യുന്ന പ്രവചനഗീതമായി മാറി.
- മറിയത്തിന്റെ രാജ്ഞിപദം സഭാ പാരമ്പര്യങ്ങളിലും പ്രബോധനങ്ങളിലും
സഭാപിതാക്കന്മാർ മറിയത്തെ ആദിമ സ്ത്രീയായ ഹവ്വായുടെ ഒരു പൂർത്തീകരണമായി. നവജീവൻ പകർന്ന രണ്ടാം ഹവ്വാ യായി വിശേഷിപ്പിക്കുന്നുണ്ട് (വി. ഇരണേവൂസ്, (+202). സ്ത്രീ എന്നത് രാജസ്ത്രീ അഥവാ പ്രഭ്വി എന്ന അർത്ഥത്തിൽ ഒരിജിൻ (+253) വിശേഷിപ്പിക്കുന്നത് മറിയം എന്റെ രാജസ്ത്രീ (My Lady) എന്നാണ്. മർത്ത് മറിയം എന്ന് മാർ അപ്രേം വിശേഷിപ്പിക്കുമ്പോഴും അതിൽ നാഥയായ മറിയം എന്ന രാജകീയ ധ്വനിയുണ്ട്. വി. ജറോം (+420) പീറ്റർ ക്രിസോ ലോഗസ് (+450) തുടങ്ങിയവരും മറിയ ത്തിന്റെ രാജകീയ സ്ഥാനം എടുത്തുപറയുന്നുണ്ട്. സൃഷ്ടാവിൻ്റെ അമ്മയായ മറിയം യഥാർത്ഥത്തിൽ സമസ്‌ത സൃഷ്ടി കളുടെയും രാജ്ഞിയായിത്തീർന്നു എന്നാണ് വി. ജോൺ ഡമഷീൻ (+749) എന്ന പൗരസ്ത്യസഭാ പിതാവ് പഠി പ്പിക്കുന്നത്.
മറിയത്തിന്റെ രാജമാതൃ പദവിയെക്കുറിച്ച് സമ്യക്കായി വിവരിക്കുന്ന ചാ ക്രികലേഖനമാണ് Ad Caeli Reginam To the Queen of Heaven രാജ്ഞിയിലേക്ക് എന്ന് പന്ത്രണ്ടാം പീയൂസ് പാപ്പായുടെ ചാക്രികലേഖനം (ഒക്ടോബർ 11, 1954) എഫേസൂസ് സാർവത്രിക സൂനഹദോസ് (AD 431) നിർവചിച്ച മറിയം ക്രിസ്‌തുവാഹക Christ bearer അഥവാ ‘Theotokos’ ‘ദൈവമാതാവ്’ ‘God bearer’ എന്നതിനെ അടിസ്ഥാനപ്പെടുത്തി മറിയ ത്തിന്റെ സ്വർഗീയമഹത്ത്വം വിശദീകരിക്കുന്ന ചാക്രികലേഖനമാണിത്. പതിനൊന്നാം പീയൂസ് പാപ്പ ക്രിസ്‌തുരാജന്റെ തിരുനാൾ ആവിഷ്കരിച്ചുകൊണ്ട് എഴുതിയ Quas Primas (ഡിസം 11,1925) എന്ന ചാക്രികലേഖനത്തിൻ്റെ തുടർച്ചയായി സ്വർലോകരാജ്ഞിയുടെ തിരുനാൾ (ഓഗസ്റ്റ് 22) സ്ഥാപിച്ചുകൊണ്ട് വി. ഗ്രന്ഥം, സഭാപിതാക്കന്മാർ, സഭാപാരമ്പര്യം എന്നിവയെല്ലാം ഉൾച്ചേർത്ത് രചിച്ച ഒരു – മരിയ വിജ്ഞാനീയ പ്രബോധനമാണിത്.
മറിയത്തെ സ്വർലോകരാജ്ഞിയായി പ്രകീർത്തിക്കുന്ന ഗീതങ്ങൾ സഭയിൽ ആദ്യകാലം മുതൽക്കേ ഉണ്ടായിരുന്നു. ‘മാഗ്‌നിഫിക്കാത്ത്’ മറിയത്തിൻ്റെ സ്തോത്രഗീതം ആദിമസഭയുടെ ഒരു മരിയൻ ഗീതമായിരുന്നു. ഇത് ഇന്ന് ലത്തീൻ സായാഹ്ന നമസ്‌കാരത്തിൽ ചൊല്ലിവരുന്നു. രാത്രി ജപത്തിൽ Salve Regina എന്ന ഗീതവും ചൊല്ലുന്നു. ഈസ്റ്റർ കാലത്ത് ‘സ്വർലോകരാജ്ഞി’ എന്ന നമസ്കാരവും ചൊല്ലി വരുന്നു. ലൊറേറ്റോ ലുത്തിനിയായിൽ (ജപമാലയിൽ) 13 തവണ മാതാവിനെ രാജ്ഞി എന്ന് അഭിസംബോധന ചെയ്യുന്നു. മാലാഖമാരുടെ രാജ്ഞി, ബാവാന്മാരുടെ രാജ്ഞി etc… ആറാം നൂറ്റാണ്ടിൽ വിരചിതമായ രാജവിശേഷങ്ങൾ ചേർത്ത മരിയൻ സ്തോത്ര ഗീതമായ അകസ്തിത്തോസ് ഗീതം ഗ്രീക്ക് സഭകളിൽ ആലപിക്കുന്നു.
സിറിയൻ യാമപ്രാർത്ഥനകളിലും മരിയൻ തിരുനാളുകളിലും മറിയത്തിൻ്റെ – രാജ്ഞിപദം വിശേഷിപ്പിക്കുന്ന ധാരാളം ഗീതങ്ങളുണ്ട്.
- മറിയം മഹാറാണി ചിത്രകലയിൽ
കിരീടധാരിണിയായി രാജസിംഹസനത്തിൽ പുത്രനെ മടിയിലിരുത്തിയിരി ക്കുന്ന ഐക്കൺ Santa Maria Regina മറിയത്തിൻ്റെ ഏറ്റവും പുരാതന ഐക്കൺ ചിത്രം (ആറാം നൂറ്റാണ്ട്) റോമിലെ പുരാതന മറിയം പള്ളിയിൽ സൂക്ഷിച്ചിരി ക്കുന്നു. മറിയത്തിൻ്റെ രാജ്ഞിപദത്തെ സൂചിപ്പിച്ചുകൊണ്ട് പന്ത്രണ്ടാം പിയൂസ് മാർപാപ്പ 1954 നവംബർ 1 ന് റോമിലെ മാതാവിൻ്റെ വലിയ പള്ളിയിലെ സംരക്ഷണ മാതാവിന്റെ (Salus Populi Romani) ഐക്കണിൽ സ്വർണ്ണകിരീടം ചാർത്തുകയുണ്ടായി. ക്രിസ്ത്യൻ രാജാവായ ജസ്റ്റീനിയൻ കോൺസ്റ്റാൻ്റിനോപ്പിളിൽ പണി കഴിപ്പിച്ച മഹാദേവാലയമായ ഹഗിയാ സോഫിയായിൽ രാജ്ഞിപദത്തിലിരി ക്കുന്ന മാതാവിന്റെ മൊസൈക്ക് ഐക്കൺ പള്ളിയിലെ പ്രധാനസ്ഥാനത്ത് പ്രതി ഷ്ഠിച്ചിരിക്കുന്നു. 6.6 × 5.1 അടി വലിപ്പമുള്ള ഈ വലിയ മരിയൻ ഐക്കൺ 2020 ൽ തുർക്കി ഗവൺമെന്റ് മോസ്ക്കായി _പഖ്യാപിച്ചതു മുതൽ മുസ്ലിം പ്രാർത്ഥന വേളകളിലൊഴികെ സന്ദർശകർക്ക് കാണാവുന്ന വിധം തുറന്നിട്ടിരിക്കുകയാണ്. ഇതേ ദേവാലയത്തിൻ്റെ കിഴക്ക് പടിഞ്ഞാറൻ പൂമുഖത്തും ഈശോയെ കൈകളിലേന്തി സിംഹാസനസ്ഥയായി കോൺസ്റ്റന്റൈൻ, ജസ്റ്റീനിയൻ എന്നീ ചക്രവർത്തിമാരുടെ അകമ്പടിയോടെ ഉപവിഷ്ഠയായ പരിശുദ്ധ കന്യകാമറി യത്തെ കാണാം.
8.സ്വർലോകരാജ്ഞിയായ മറിയം നിത്യമദ്ധ്യസ്ഥ
രാജാക്കന്മാരും രാജ്ഞിമാരും മണ്മറഞ്ഞു, രാജകൊട്ടാരങ്ങൾ മണ്ണടിയുകയോ കാഴ്‌ചബംഗ്ലാവുകളാകുകയോ ചെയ്തു. എന്നാൽ രാജാധിരാജനായ ഈശോ ഇന്നും ജീവിക്കുന്നു. “അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ.” (യോഹ 2:5) എന്ന് ആഹ്വാനം ചെയ്‌ത മറിയത്തിന്റെ മഹാമാദ്ധ്യസ്ഥ്യം ഇന്നും തുടരുകയാണ്. പ്രവാസത്തിലും, അപകടങ്ങളിലും പ്രയാസങ്ങളിലും വ്യാപരിക്കു ന്നവരുമായ, തിരുസുതൻ്റെ സഹോദരരെ മാതൃസഹജമായ സ്നേഹത്താൽ മാതൃ രാജ്യത്തിലെ സന്തോഷത്തിൽ കൊണ്ടെത്തിക്കുന്നതുവരെ അവൾ പരിപാലിക്കുന്നു. അതുകൊണ്ടാണ്, ഭാഗ്യപ്പെട്ട കന്യകയെ അഭിഭാഷക, സഹായക, ഉപകാരിണി, മധ്യസ്ഥ എന്നീ അഭിധാനങ്ങ ളിൽ വിളിച്ചപേക്ഷിക്കുന്നത് (തിരുസഭ, 62). രാജമാതാവ് ചോദിക്കുന്നതെന്തും പുത്രൻ സാധിച്ചുകൊടുക്കും എന്നാണ് – നാം കണ്ടത്. ഭൂമിയിലെന്നപോലെ സ്വർഗ്ഗത്തിലും തൻ്റെ മാദ്ധ്യസ്ഥ്യം തുടരുന്നതു വഴി അവൾ സ്വർലോകരാജ്ഞിയായി എന്നും പ്രശോഭിക്കുന്നു. കൗൺസിൽ – പ്രബോധനം ഇത് കൂട്ടിച്ചേർക്കുന്നു. “നാഥന്മാരുടെ നാഥനും (വെളി 19:16) പാപത്തെയും മരണത്തെയും ജയിച്ചവനുമായ – തൻ്റെ സുതനോട് പൂർണ്ണമായി അനുരൂപ പ്പെടാൻവേണ്ടി കർത്താവാൽ, പ്രപഞ്ച റാണിയായി അവൾ അവരോധിക്കപ്പെടുകയും ചെയ്‌തു. (തിരുസഭ 59)
(സത്യദർശനം 2025 ആഗസ്റ്റ് വാല്യം 11 ലക്കം 08)









Leave a Reply