Sathyadarsanam

സമയമില്ല. ജൂൺ മുപ്പതിനകം പുതിയ വിദ്യാഭ്യാസ നയത്തിലെ നിർദ്ദേശങ്ങൾ വായിച്ച് തീരുമാനമെടുക്കൂ

മുരളി തുമ്മാരുകുടി

പുതിയ വിദ്യാഭ്യാ നയത്തിലെ ചില നിർദ്ദേശങ്ങൾ

ഇന്ത്യയുടെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരട് പബ്ലിഷ് ചെയ്തിരുന്ന കാര്യം പറഞ്ഞിരുന്നല്ലോ. ഇതിൽ പറഞ്ഞിരിക്കുന്നതിൽ പകുതി കാര്യമെങ്കിലും നടപ്പായാൽ ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറും. ഏറെ വിപ്ലവകരമായ, പുരോഗമനപരമായ നിർദ്ദേശങ്ങൾ ഇതിൽ ഉണ്ട്.

നാനൂറിൽ പരം പേജുള്ള നയം ചുരുക്കി എഴുതുക സാധ്യമല്ല. എത്ര ചുരുക്കിയാലും നാല്പത് പേജുകൾ കവിയും. അതുകൊണ്ട് തന്നെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിർദ്ദേശങ്ങൾ പറയാം. കൂടുതൽ അറിയണം നിന്നുള്ളവർക്ക് വായിച്ചു നോക്കാമല്ലോ.

1. യു ജി സി ക്ക് സർവ്വകലാശാലകളെ നിയന്ത്രിക്കാനുള്ള എല്ലാ അധികാരവും എടുത്തു കളയുന്നു. പകരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഗ്രാന്റ്റ് നൽകുന്ന ഒരു ഏജൻസി ആയി അതിനെ മാറ്റുന്നു.

2. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ റിസർച്ച് യൂണിവേഴ്സിറ്റികൾ, ടീച്ചിങ് യൂണിവേഴ്സിറ്റികൾ, ഓട്ടോണമസ് കോളേജുകൾ എന്നിങ്ങനെ മൂന്നായി മാത്രം തരം തിരിക്കും. അഫിലിയേറ്റഡ് കോളേജ് എന്ന സംവിധാനം എടുത്തു കളയുന്നു. ഇന്ത്യയിൽ ഇപ്പോൾ ഉള്ള നാല്പത്തിനായിരത്തോളം അഫിലിയേറ്റഡ് കൊളേജുകൾക്ക് ഒന്നുകിൽ ഓട്ടോണമസ് കോളേജ് ആകാം, അല്ലെങ്കിൽ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ ഭാഗമാകാം. ഇത് രണ്ടും ചെയ്യാത്തവ പൂട്ടിക്കളയണം. യൂണിവേഴ്സിറ്റികളുടെ എണ്ണം എണ്ണൂറിൽ നിന്നും രണ്ടായിരം ആകും, ഓട്ടോണമസ് കോളേജുകൾ പതിനായിരവും. നാലിൽ മൂന്നു അഫിലിയേറ്റഡ് കോളേജുകളും പൂട്ടിപ്പോകും എന്നാണ് നയം പ്രതീക്ഷിക്കുന്നത്.

3. ഡിഗ്രി നൽകാനുള്ള അവകാശം ഓട്ടോണമസ് കൊളേജുകൾക്ക് വരെ ഉണ്ടായിരിക്കും.  ഉദാഹരണത്തിന് മഹാരാജാസ് കോളേജ് ഓട്ടോണമസ് ആയാൽ ഡിഗ്രി നൽകുന്നതും മഹാരാജാസ് കോളേജ് ആകും അല്ലാതെ മഹാത്മാ ഗാന്ധി സർവ്വകലാശാല ആവില്ല.

4. സ്വകാര്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങാം, ഇഷ്ടമുള്ള ഫീസ് നിശ്ചയിക്കുകയും ചെയ്യാം. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ഒരേ മാനദണ്ഡവും സ്വാതന്ത്ര്യവും ആയിരിക്കും എല്ലാ കാര്യത്തിലും.

5. അധ്യാപക പരിശീലനം ടീച്ചേർസ് ട്രെയിനിങ്ങ് ഇൻസ്റ്റിട്യൂട്ടുകളിൽ നിന്നും മാറി യൂണിവേഴ്സിറ്റിയുടെ ഭാഗമാക്കും. ഒറ്റക്ക് നിൽക്കുന്ന അധ്യാപക പരിശീലന കോളേജുകൾ പൂട്ടും

6. എല്ലാ ബിരുദ പഠനവും “ലിബറൽ ആർട്ട്സ്” മാതൃകയിൽ ആകും. അതായത് മെഡിസിന്റെ പഠനത്തിന്റെ കൂടെ സംഗീതമോ, കമ്പ്യൂട്ടർ സയൻസിന്റെ കൂടെ തത്വശാസ്ത്രമോ പഠിക്കാനുള്ള സ്വാതന്ത്ര്യവും അവസരവും ഉണ്ടാകും. ഒറ്റക്ക് നിൽക്കുന്ന മെഡിക്കൽ, എഞ്ചിനീയറിങ്ങ്, ലോ കോളേജുകൾ, കൃഷി ശാസ്ത്ര യൂണിവേഴ്സിറ്റികൾ ഒക്കെ മറ്റുവിഷയങ്ങളും കൂടി പഠിപ്പിക്കാൻ പറ്റുന്ന തരത്തിലേക്ക് വികസിപ്പിക്കുകയോ സംയോജിപ്പിക്കുകയോ ചെയ്യും.

7. പ്രൊഫഷണൽ കോളേജുകൾക്ക് (മെഡിസിൻ, എഞ്ചിനീയറിങ്ങ്, നിയമം) മേൽ നോട്ടം നടത്തുന്നതിൽ പ്രൊഫഷണൽ കൗസിലുകൾക്ക് (മെഡിക്കൽ കൗൺസിൽ, AICTE, ബാർ കൗൺസിൽ) ഉള്ള അവകാശം എടുത്തു് കളയും, പകരം ഇത്തരം തൊഴിലുകൾക്ക് വേണ്ട മാനദണ്ഡം ഉണ്ടാക്കുക മാത്രകും അവർക്കുള്ള ജോലി.

8. ഇന്ത്യയിൽ എവിടെയും മെഡിസിൻ കഴിഞ്ഞു വരുന്നവർക്ക് കേന്ദ്രീകൃതമായ ഒരു “എക്സിറ്റ് ടെസ്റ്റ്” ഉണ്ടാകും. അത് കഴിഞ്ഞാലേ പ്രാക്ടീസ് ചെയ്യാൻ പറ്റും എന്ന നിയമം വരും (എനിക്കിത് ഒട്ടും ഇഷ്ടപ്പെട്ടില്ല, പക്ഷെ അഥവാ വന്നാൽ വിദേശത്തു പഠിക്കുന്നവരും ഇന്ത്യയിൽ പഠിക്കുന്നവരും ഒരേ ടെസ്റ്റ് എഴുതട്ടെ)

9 . ഡിഗ്രി കോളേജുകളും സ്കിൽ പരിശീലന കേന്ദ്രങ്ങളും സംയോജിപ്പിക്കും. ഒരേ യൂണിവേഴ്സിറ്റിയിൽ നിന്നും തന്നെ ഡിഗ്രിയും, ഡിപ്ലോമയും, സർട്ടിഫിക്കറ്റും കിട്ടുന്ന സംവിധാനം വരും (തോൽക്കുന്ന എഞ്ചിനീയർമാക്ക് ഏറെ ഗുണം ചെയ്യും)

10. പതിനായിരം മുതൽ അമ്പതിനായിരം വരെ കുട്ടികൾ ഒരുമിച്ചു പഠിക്കുന്ന മെഡിസിൻ മുതൽ നിയമം വരെ ഒരേ കാമ്പസിൽ പഠിക്കാൻ പറ്റുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിബറൽ ആർട്ടുകൾ സ്ഥാപിക്കും. (രണ്ടായിരം ഏക്കർ സ്ഥലം കൊടുക്കുന്ന സംസ്ഥാനങ്ങളിൽ)

പുതിയ നയത്തിലെ നിർദ്ദേശങ്ങൾ ഇനിയും ഏറെ ഉണ്ട്. ഇത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ കരട് നയം ആയി പ്രസിദ്ധീകരിച്ചിരുന്നുവെങ്കിൽ ഇതിനകം നാട്ടിൽ സമരങ്ങൾ തുടങ്ങിയേനെ. പക്ഷെ നയം കേന്ദ്രത്തിൽ ആയതിനാലും റിപ്പോർട്ട് നീളത്തിലുള്ളതിനാലും (ഒരു പക്ഷെ ഇംഗ്ളീഷിൽ ആയതുകൊണ്ടും) ആരും തന്നെ വായിക്കുന്നില്ല എന്ന് തോന്നുന്നു, അതുകൊണ്ടു തന്നെ ഇതിനെ പറ്റി എതിർപ്പ് പോയിട്ട് ചർച്ചകൾ പോലും ഉണ്ടാകുന്നില്ല. ഇത് കഷ്ടമാണ്, കാരണം ഈ നയങ്ങൾ കേരളത്തിന് എങ്ങനെ ഗുണകരമാകും, ഏതെങ്കിലും ഒക്കെ കാര്യങ്ങൾ കേരളത്തിന് ഹാനികരമായേക്കാം, എന്താണ് നമ്മുടെ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഭാവി ഇതൊക്കെ നമ്മൾ അറിയേണ്ടതാണ്, ചർച്ച ചെയ്യേണ്ടതാണ്.” ജൂൺ മുപ്പതാം തീയതി ആണ് പൊതുജനങ്ങളുടെ നിർദ്ദേശങ്ങൾ സമർപ്പിക്കേണ്ട അവസാനത്തെ തിയതി. ഇപ്പോൾ മടിപിടിച്ചിരുന്നാൽ പിന്നെ പുതിയ നയം വരുമ്പോൾ ഒച്ചപ്പാടുണ്ടാക്കിയിട്ട് കാര്യമില്ല.

Leave a Reply

Your email address will not be published. Required fields are marked *