Sathyadarsanam

ലോകത്തിൽ ഏറ്റവും കൂടുതൽ പേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചത് ഫിലിപ്പീൻസിൽ

ലോകത്തിൽ ഏറ്റവും കൂടുതൽ ജ്ഞാനസ്നാനം നടന്നത് (2020ൽ) ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസിൽ. ഫിലിപ്പീൻസിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ചാൾസ് ബ്രൗൺ ഇത്തവണത്തെ ഈസ്റ്റർ ദിനത്തോട് അനുബന്ധിച്ച് റേഡിയോ വെരിത്താസിന് നൽകിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച് കണക്കുകൾ വെളിപ്പെടുത്തിയത്. മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് 2020ൽ ഏറ്റവും കൂടുതൽ ജ്ഞാനസ്നാനം നടന്ന സ്ഥലം ഫിലിപ്പീൻസ് ആണെന്ന് പറയാൻ സന്തോഷമുണ്ടെന്നും, ഇത് 500 വർഷത്തെ രാജ്യത്തിന്റെ കത്തോലിക്കാ വിശ്വാസത്തിന്റെ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. വത്തിക്കാൻ പുറത്തുവിടുന്ന സ്റ്റാറ്റിസ്റ്റിക്കൽ ഇയർ ബുക്കിനെ ഉദ്ധരിച്ചാണ് അപ്പസ്തോലിക് നുൺഷ്യേച്ചർ കണക്കുകൾ പുറത്തുവിട്ടത്. 16,03,283 പേരാണ് 2020ൽ ജ്ഞാനസ്നാനം സ്വീകരിച്ചത്.

കൊറോണ വൈറസ് പ്രതിസന്ധിക്കിടയിലും അവർ ആയിരിക്കുന്ന സമൂഹങ്ങളിൽ വിശ്വാസം പകർന്നു നൽകാൻ ശ്രമിക്കുന്ന ഫിലിപ്പീൻസുകാർക്ക് ഇത് വലിയൊരു അനുഗ്രഹം ആണെന്ന് ആർച്ച് ബിഷപ്പ് ബ്രൗൺ ചൂണ്ടിക്കാട്ടി. ഫിലിപ്പീൻസിനു പിന്നിൽ 15,37,710 ജ്ഞാനസ്നാനങ്ങളുമായി മെക്സിക്കോ ആണ് വരുന്നത്. പിന്നാലെ ബ്രസീലുമുണ്ട്. ഫിലിപ്പീൻസിൽ കത്തോലിക്കാ വിശ്വാസം എത്തിയതിന്റെ അഞ്ഞൂറാം വാർഷികത്തിൽ മറ്റുള്ള രാജ്യങ്ങളിലും വിശ്വാസം പങ്കുവയ്ക്കാൻ ശ്രമിക്കുന്ന പുറം രാജ്യങ്ങ ളിൽ ജോലിചെയ്യുന്ന ഫിലിപ്പീൻസുകാരെ ഫ്രാൻസിസ് മാർപാപ്പ അഭിനന്ദിച്ചിരുന്നു. കത്തോലിക്ക വിശ്വാസം രാജ്യത്തെത്തിയതിന്റെ അഞ്ഞൂറാം വര്‍ഷത്തോട് അനുബന്ധിച്ച് ഈ വർഷം അവസാനം വരെ ദണ്ഡവിമോചനം നേടാനുള്ള അവസരവും പാപ്പ ഫിലിപ്പീൻസ് ജനതയ്ക്ക് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *