Sathyadarsanam

റഷ്യ – ഉക്രെയിന്‍ യുദ്ധത്തിന്റെ സഭാമാനങ്ങള്‍


ഫാ. ജയിംസ് കൊക്കാവയലില്‍

ആമുഖം

ഇപ്പോള്‍ പോര്‍മുഖത്തായിരിക്കുന്നതുമൂലം ലോക ശ്രദ്ധയാകര്‍ഷിക്കുന്ന റഷ്യയും ഉക്രെയ്‌നും പുരാതനകാലം മുതലേ ക്രൈസ്തവ പ്രദേശങ്ങളാണ്. ഗ്രീക്ക് – ബൈസന്റയിന്‍ ആരാധനാക്രമം പിന്‍തുടരുന്നതും സജീവ വിശ്വാസ ചൈതന്യം പുലര്‍ത്തുന്നതുമായ സഭകളാണ് ഇവിടെയുള്ളത്. ഇവിടെ ക്രൈസ്തവ വിശ്വാസം ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനഭാഗത്താണ് പ്രചരിപ്പിക്കപ്പെട്ടത്. എന്നാല്‍ ഇവിടുത്തെ സഭ പിന്നീട് വിഭജിക്കപ്പെടുകയും തത്ഫലമായി തര്‍ക്കങ്ങള്‍ രൂപപ്പെടുകയും ചെയ്തു. ഈ സഭാ തര്‍ക്കങ്ങള്‍ക്ക് ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ കാര്യമായ പങ്കുണ്ട്. കൂടാതെ ഈ യുദ്ധത്തിന്റെ പരിണിതഫലങ്ങള്‍ ഈ സഭകളെ സംബന്ധിച്ച് വേദനാജനകവുമായിരിക്കും. അവയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.

1. ബൈസന്റയിന്‍ സാമ്രാജ്യം

ആദിമനൂറ്റാണ്ടുകളിലെ മതപീഡനത്തിനങ്ങള്‍ക്കുശേഷം കോണ്‍സ്റ്റന്‍ടെയില്‍ ചക്രവര്‍ത്തി അഉ313 ല്‍ മിലാന്‍ വിളമ്പരംവഴി ക്രിസ്തുമതത്തെ റോമാസാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി ഉയര്‍ത്തി. അന്നത്തെ റോമാസാമ്രാജ്യം യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നീ വന്‍കരകളില്‍ വ്യാപിച്ചു കിടന്നിരുന്ന അതിവിശാലമായ സാമ്രാജ്യമായിരുന്നു. അതിനാല്‍ ഭരണ സൗകര്യത്തിനായി അത് രണ്ടായി വിഭജിക്കപ്പെട്ടു. റോമാ തലസ്ഥാനമാക്കി പാശ്ചാത്യ റോമാ സാമ്രാജ്യവും കോണ്‍സ്റ്റാന്റിനോപ്പിള്‍ തലസ്ഥാനമാക്കി പൗരസ്ത്യ റോമാസാമ്രാജ്യം അഥവാ ബൈസന്റയിന്‍ സാമ്രാജ്യവും നിലവില്‍ വന്നു. 15-ാം നൂറ്റാണ്ടുവരെ ഇത് ശക്തമായ ക്രൈസ്തവ സാമ്രാജ്യമായിരുന്നു. പൗലോസ് ശ്ലീഹ സുവിശേഷം പ്രസംഗിച്ച പലസ്ഥലങ്ങളും ഈയിടെ വിവാദമായ ഹഗിയ സോഫിയ കത്തീഡ്രലും ഇവിടെയാണ്. ബൈബിളില്‍ ഈ പ്രദേശം ഏഷ്യാമൈനര്‍ എന്നാണ് അറിയപ്പെടുന്നത്. ബൈസാന്റിയത്തെ ഇസ്ലാമിക അധിനിവേശകരായ ഓട്ടോമാന്‍ തുര്‍ക്കികള്‍ നിരന്തരമായി ആക്രമിക്കുകയും 1453 ല്‍ കീഴ്‌പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് രാജ്യം മുഴുവനും ഇസ്ലാംമതം വ്യാപകമാക്കി. രാജ്യത്തെ ടര്‍ക്കിയെന്നും തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിനെ ഇസ്താംബൂള്‍ എന്നും പുനര്‍നാമകരണം ചെയ്തു. ഹഗിയ സോഫിയ കത്തീഡ്രല്‍ മോസ്‌ക് ആക്കി മാറ്റി. (പിന്നീട് മ്യൂസിയമാക്കിയെങ്കിലും ഇപ്പോള്‍ വീണ്ടും മോസ്‌ക് ആക്കി). ഇപ്പോള്‍ ടര്‍ക്കിയില്‍ മൂന്നുലക്ഷത്തില്‍ താഴെ മാത്രം ക്രിസ്ത്യാനികളാണ് ഉള്ളത്. പഴയ പ്രതാപിയായ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയാര്‍ക്കിസിന്റെ സ്ഥാനത്ത് ഇപ്പോള്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസായി ബര്‍ത്തലോമിയോ ക ശുശ്രൂഷ ചെയ്യുന്നു. ബൈസന്റയിന്‍ പാരമ്പര്യമുള്ള എല്ലാ ഓര്‍ത്തഡോക്‌സ് സഭകളും അദ്ദേഹത്തെ പൊതുതലവനായി കണക്കാക്കുന്നു. എങ്കിലും കാര്യമായ അധികരമൊന്നുമില്ല. ബൈസന്റയിന്‍സഭ ശക്തമായിരുന്ന കാലത്ത് അവരുടെ പ്രേഷിത പ്രവര്‍ത്തനം വഴിയാണ് ഉക്രയിന്‍ -റഷ്യ തുടങ്ങിയ പ്രദേശങ്ങള്‍ ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടത്.

2. റഷ്യയുടെയും ഉക്രെയിന്റെയും ക്രൈസ്തവവല്‍ക്കരണം

റഷ്യയിലെയും ഉക്രെയിനിലെയും ജനങ്ങള്‍ ഒരേ വംശത്തില്‍പെട്ടവരാണ്. സ്ലാവ് വംശത്തിന്റെ ഉപവിഭാഗമായ കിഴക്കന്‍ സ്ലാവ് (ഋമേെ ടഹമ്) വിഭാഗത്തിലാണ് ഇവര്‍ ഉള്‍പ്പെടുന്നത്. ഇവിടെയുള്ള ക്രൈസ്തവ സഭകള്‍ ഒന്നാം നൂറ്റാണ്ടുമുതലുള്ള പാരമ്പര്യം അവകാശപ്പെടുന്നുണ്ട്. നമ്മുടെ കര്‍ത്താവിന്റെ ശിഷ്യനായ വി. അന്ത്രയോസ് ശ്ലീഹ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അനേകായിരങ്ങളെ മാമ്മോദീസാമുക്കി എന്നാണ് ഇവരുടെ പാരമ്പര്യം.എന്നാല്‍ ഈ ക്രിസ്ത്യാനികള്‍ക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല. പിന്നീട് 9-ാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് ഈ പ്രദേശത്തേയ്ക്ക് മിഷണറിമാരെ അയച്ചെങ്കിലും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ വിജയിച്ചില്ല. തുടര്‍ന്ന് 10-ാം നൂറ്റാണ്ടില്‍ വ്‌ലാഡ്മിര്‍ മഹാരാജാവിന്റെ കാലത്താണ് ഇവിടെ ക്രൈസ്തവസഭ ശക്തമായി തീരുന്നത്. വ്‌ലാഡ്മിര്‍ അഉ 963 ല്‍ ആണ് ജനിച്ചത്. അദ്ദേഹം പേഗന്‍ മതവിശ്വാസത്തിലാണ് വളര്‍ത്തപ്പെട്ടത്. എങ്കിലും അദ്ദേഹത്തിന്റെ മുത്തശ്ശി ഓള്‍ഗ ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹം ഇന്നത്തെ ഉക്രയിന്റെ തലസ്ഥാനമായ കീവും തുടര്‍ന്ന് സമീപപ്രദേശങ്ങളും കീഴടക്കി ഭരണം നടത്തിപ്പോന്നു. അദ്ദേഹം കീവ് മലനിരകളില്‍ പേഗന്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുകയും നരബലി നടത്തുകയും ചെയ്തിരുന്നു. അക്കാലത്ത് സംഭവിച്ച ഫയദോര്‍, ജോണ്‍ എന്നിവരുടെ ധീരതയും ക്രിസ്തീയ രക്തസാക്ഷിത്വവും നിത്യജീവനെക്കുറിച്ചുള്ള സാക്ഷ്യങ്ങളും രാജാവിന്റെ മനസിനെ പിടച്ചുകുലുക്കി. അദ്ദേഹത്തിന് തന്റെ പേഗന്‍ വിശ്വാസത്തില്‍ സംശയം തോന്നുകയും സത്യം അന്വേഷിക്കാന്‍ ആരംഭിക്കുകയും ചെയ്തു. വ്‌ലാഡ്മിര്‍ തന്റെ രാജധാനിയില്‍ വിവിധ മത പ്രചാരകരെ വിളിച്ചു വരുത്തി അവരുടെ പ്രഭാഷണങ്ങള്‍ ശ്രവിച്ചു. മുസ്ലിം, യഹൂദ, ഗ്രീക്ക് മതപണ്ഡിതര്‍ അദ്ദേഹത്തെ തങ്ങളുടെ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കലും സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് ബൈസന്റയിന്‍സഭയുടെ പ്രതിനിധികള്‍ അവിടെയെത്തുന്നതും രാജാവിന് അന്ത്യവിധിയുടെ ഐക്കണ്‍ സമ്മാനിക്കുന്നതും. ഈ ചിത്രത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹത്തിന് മിശിഹായാണ് സത്യദൈവം എന്ന തോന്നലുണ്ടായി. തുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാന്‍ വ്‌ലാഡ്മിര്‍ ഏതാനും പ്രതിനിധികളെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അയച്ചു. അവര്‍ അവിടെയെത്തി ഹഗിയാസോഫിയ കത്തീഡ്രലിന്റെ മനോഹാരിതയും ഭക്തിസാന്ദ്രമായ ദേവാലയസംഗീതവും ആസ്വദിച്ചു. ആഘോഷമായ വി.കുര്‍ബാനയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നു. അവര്‍ തിരിച്ചെത്തി വ്‌ലാഡ്മിര്‍ രാജാവിനോട് പറഞ്ഞത് ഞങ്ങള്‍ ഭൂമിയിലാണോ സ്വര്‍ഗ്ഗത്തിലാണോ എന്നറിയാന്‍ സാധിക്കാത്ത വിധമുള്ള ആനന്ദാനുഭൂതിയാണ് ആസ്വദിച്ചത് എന്നായിരുന്നു. കൂടാതെ ക്രൈസ്തവ വിശ്വാസം സത്യമല്ലായിരുന്നെങ്കില്‍ അങ്ങയുടെ മഹാജ്ഞാനവതിയായ മുത്തശ്ശി ഒരു ക്രിസ്ത്യാനിയായിമാറില്ലായിരുന്നു എന്നുകൂടി കൂട്ടിച്ചേര്‍ത്തു. ഇതെല്ലാം കേട്ട രാജാവിന് ക്രൈസ്തവ വിശ്വാസമാണ് സത്യമെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് രാജാവും അദ്ദേഹത്തിന്റെ പന്ത്രണ്ട് ആണ്‍മക്കളും മാമ്മോദീസ സ്വീകരിച്ചു. വിശ്വാസസ്വീകരണത്തിന് ശേഷം അദ്ദേഹം ഇരുപത്തിയെട്ട് വര്‍ഷം രാജ്യം ഭരിച്ചു. താന്‍ കീഴടക്കിയ പ്രദേശങ്ങളിലെല്ലാം അദ്ദേഹം ക്രിസ്തുമതം പ്രചരിപ്പിച്ചു. ജീവതാവസാനം അദ്ദേഹം മക്കള്‍ക്ക് രാജ്യം വിഭജിച്ചു നല്‍കി. അവരും മതപ്രചരണം തുടര്‍ന്നു.അങ്ങനെ റഷ്യ, ഉക്രയിന്‍, സമീപപ്രദേശങ്ങള്‍ തുടങ്ങി കിഴക്കന്‍ യൂറോപ്പ് മുഴുവന്‍ ക്രിസ്തുമതം വ്യാപിച്ചു. സഭയുടെ ആരാധനാക്രമത്തിന്റെ (ലിറ്റര്‍ജി) ആകര്‍ഷണീയതയാണ് ഒരുവലിയ ഭൂപ്രദേശത്തെ മുഴുവന്‍ ക്രൈസ്തവവല്‍ക്കരിച്ചത് എന്നത് വി.കുര്‍ബാനയും കൂദാശാനുഷ്ഠാനങ്ങളും അവയുടെ പരിപൂര്‍ണ്ണതയില്‍ അനുഷ്ഠിക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

3. ഉക്രേനിയന്‍ കത്തോലിക്കാസഭ

ആഗോള കത്തോലിക്കാസഭയുടെ കൂട്ടായ്മയില്‍ ഉള്‍പ്പെടുന്ന ഒരു പൗരസ്ത്യ സഭയാണ് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭ. ലത്തീന്‍ സഭ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും അധികം അംഗസംഖ്യയുള്ള സഭയാണ് ഇത്. (മൂന്നാംസ്ഥാനം സീറോമലബാര്‍ സഭയ്ക്കാണ്). ഈ സഭയില്‍ ഉക്രെയിനിലെ ഏതാണ്ട് 9% ആളുകളും ക്രിമിയ തുടങ്ങിയ സമീപരാജ്യങ്ങളിലുള്ളവരും കുടിയേറ്റക്കാരും ഉള്‍പ്പെടെ അമ്പത്തഞ്ച് ലക്ഷത്തില്‍പരം വിശ്വാസികളാണ് ഉള്ളത്. സീറോമലബാര്‍ സഭയെപ്പോലെ തന്നെ ഇത് ഒരു മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയാണ്.

മുകളില്‍ സൂചിപ്പിച്ചതു പോലെ ഈ സഭയും റഷ്യന്‍ സഭയും ആരംഭിക്കുന്നത് വ്‌ലാഡിമിര്‍ രാജാവിന്റെ മതപ്രചാരണത്തോടെയാണ്. ഉക്രെയിന്‍ ഉള്‍പ്പെടുന്ന ഭൂപ്രദേശത്തിന് റുത്തേനിയ എന്നൊരു പേരുകൂടിയുണ്ട്. അതിനാല്‍ ഇവിടുത്തെ സഭ റുത്തേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. റഷ്യയിലെ സഭ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നും അറിയപ്പെട്ടു. ഈ റുത്തേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയും മാര്‍പ്പാപ്പയും തമ്മില്‍ 1596 ല്‍ ഉണ്ടാക്കിയ ഉടമ്പടി പ്രകാരം ഈ സഭ കത്തോലിക്കാ കൂട്ടായ്മയില്‍ ചേരുകയും റുത്തേനിയന്‍ ഗ്രീക്ക് കത്തോലിക്കാസഭ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ 1808 ല്‍ ഈ പ്രദേശം സമീപത്തുള്ള മൂന്നുരാജ്യങ്ങള്‍ കീഴടക്കിയതു മൂലം ഈ സഭയും മൂന്നായി വിഭജിക്കപ്പെട്ടു.ഇതിന്റെ മൂന്നു രൂപതകള്‍ ഓസ്ട്രിയയുടെയും ഒരു രൂപത പ്രൂസിയ (ജര്‍മ്മനി) യുടെയും ബാക്കി അഞ്ച് രൂപതകള്‍ റഷ്യയുടെയും കീഴില്‍ ഉള്‍പ്പെട്ടുപോയി. ഇതില്‍ ഓസ്ട്രിയയുടെ ഭാഗമായ മൂന്നു രൂപതകള്‍ മാത്രം ഗ്രീക്ക് കത്തോലിക്കാസഭ എന്ന പേരില്‍ കത്തോലിക്കാ കൂട്ടായ്മയില്‍ തുടര്‍ന്നു. ബാക്കി രൂപതകള്‍ നിര്‍ബന്ധപൂര്‍വ്വം റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാക്കി മാറ്റപ്പെട്ടു. 1963ല്‍ ഈ അവശിഷ്ട ഗ്രീക്ക് കത്തോലിക്കാസഭയുടെ ആദ്യ മേജര്‍ ആര്‍ച്ചുബിഷപ്പായിരുന്ന കര്‍ദ്ദിനാള്‍ ജോസഫ് സിപ്ലി ഇതിനെ ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാസഭ എന്ന് പുനര്‍നാമകരണം ചെയ്തു. ഇപ്പോള്‍ റുത്തേനിയന്‍ കത്തോലിക്കാസഭ എന്ന പേരില്‍ മറ്റൊരു സഭകൂടി കത്തോലിക്കാ കൂട്ടായ്മയില്‍ ഉണ്ട്. ഉക്രെയിനില്‍ ഏതാനും ലത്തീന്‍ കത്തോലിക്കരുമുണ്ട്.

പീഡനങ്ങള്‍

കഠിനമായ പീഡനത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും കഥയാണ് ഉക്രേനിയന്‍ കത്തോലിക്കാ സഭയ്ക്ക് പറയാനുള്ളത്. പഴയ റുത്തേനിയന്‍ കത്തോലിക്കാസഭയുടെ ഭൂരിഭാഗവും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ പിടിച്ചെടക്കി അതിനോട് കൂട്ടിച്ചേര്‍ത്ത കാര്യം മുകളില്‍ സൂചിപ്പിച്ചുവല്ലോ. തുടര്‍ന്ന് ഈ അവശിഷ്ട കത്തോലിക്കാ വിഭാഗത്തെക്കൂടി കീഴടക്കുവാനുള്ള ശക്തമായ ശ്രമങ്ങള്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ നടത്തി. ഇതിനെ ചെറുത്തതിനാല്‍ കത്തോലിക്കര്‍ കഠിന പീഡനങ്ങള്‍ ഏറ്റുവാങ്ങി. ഉക്രെയിന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതിനാല്‍ സ്റ്റാലിനും പിന്‍ഗാമികളും ഈ കത്തോലിക്കരെ ക്രൂരമായി പീഡിപ്പിച്ചു. 1946 മുതല്‍ 1989 വരെ ഉക്രേനിയന്‍ കത്തോലിക്കാസഭ നിരോധിക്കപ്പെട്ടിരുന്നു. ഈ കാലയളവില്‍ മെത്രാന്മാരും സന്യസ്തരും ആയ 800 ല്‍ അധികം പേര്‍ തുറങ്കിലടയ്ക്കപ്പെടുകയോ അതിശൈത്യമുള്ള സൈബീരിയയിലെ ലേബര്‍ ക്യാമ്പുകളിലേക്ക് നാടുകടത്തപ്പെടുകയോ ചെയ്തു. മുകാഷെവോ രൂപതയില്‍ മാത്രം 36 വൈദികരാണ് രക്തസാക്ഷികളായത്. ഇപ്രകാരമുള്ള 20 രക്തസാക്ഷികളെ 2001ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. ഈ പീഡനങ്ങള്‍ക്കെല്ലാം പിന്നില്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കരങ്ങളുണ്ടെന്ന് ഉക്രേനിയന്‍ കത്തോലിക്കര്‍ വിശ്വസിക്കുന്നു. ഇപ്പോഴത്തെ യുദ്ധത്തെ അവര്‍ കടുത്ത ഭയാശങ്കകളോടെയാണ് വീക്ഷിക്കുന്നത്. കാരണം ഈ യുദ്ധത്തിന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പിന്തുണയുണ്ട്. പ്രസിഡണ്ട് വ്‌ലാഡ്മിര്‍ പുടിന്‍ കടുത്ത ഓര്‍ത്തഡോക്‌സ് വിശ്വാസിയുമാണ്. റഷ്യ തങ്ങളുടെ രാജ്യം കീഴടക്കിയാല്‍ തങ്ങളുടെ സഭ മുന്‍കാലങ്ങളിലേതുപോലെ പീഡിപ്പിക്കപ്പെടുകയും പിടിച്ചടക്കപ്പെടുകയും ചെയ്യും എന്ന് അവര്‍ കരുതുന്നു. ഇതിന് മികച്ച ഉദാഹരണവും അവര്‍ക്ക് ചൂണ്ടിക്കാട്ടാനുണ്ട്. 2014 ല്‍ സമീപരാജ്യമായ ക്രിമിയ കീഴടക്കി റഷ്യ അതിന്റെ ഭാഗമാക്കി മാറ്റി. ക്രിമിയയില്‍ ധാരാളം ഉക്രേനിയന്‍, ലത്തീന്‍ കത്തോലിക്കര്‍ വസിക്കുന്നുണ്ട്. ഇവര്‍ റഷ്യയുടെ ഭാഗത്തു നിന്നും നിരവധി മതപീഡനങ്ങള്‍ക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ധാരാളം വൈദികര്‍ക്ക് ഇപ്പോള്‍തന്നെ നാടുവിട്ടു പോകേണ്ടതായി വന്നിട്ടുണ്ട്. ഒരു ക്രൈസ്തവസഭ തന്നെ മറ്റു ക്രൈസ്തവ സഭകളെ പീഡിപ്പിക്കുന്ന ദൗര്‍ഭാഗ്യകരമായ സാഹചര്യമാണ് ഉക്രെയിനില്‍ ഉള്ളത്.

4. കര്‍ദ്ദിനാള്‍ ജോസഫ് സിപ്ലി

ഉക്രേനിയന്‍ സഭ നേരിട്ട പീഡനങ്ങളുടെ അനുഭവ സാക്ഷിയാണ് കര്‍ദ്ദിനാള്‍ ജോസഫ് സിപ്ലി. 1939 ല്‍ മെത്രാനായ ഇദ്ദേഹംമെത്രാന്‍മാരും വൈദീകരുമടങ്ങുന്ന എണ്ണൂറില്‍പരം ആളുകളോടൊപ്പം തുറുങ്കിലടയ്ക്കപ്പെട്ടു. തുടര്‍ന്ന് സൈബീരിയയിലെ ലേബര്‍ ക്യാമ്പിലേക്ക് അയയ്ക്കപ്പെട്ടു. നീണ്ട 18 വര്‍ഷങ്ങള്‍ അദ്ദേഹം അവിടെ കഴിഞ്ഞു. 1962-65 വരെ നടന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സലില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കണമെന്ന് കത്തോലിക്കാസഭ ആഗ്രഹിച്ചു. ജോണ്‍ 23- മന്‍ പാപ്പായുടെയും അമേരിക്കന്‍ പ്രസിഡണ്ട് ജോണ്‍ എഫ്. കെന്നഡിയുടെയും പരിശ്രമഫലമായി അദ്ദേഹം മോചിതനായി. അന്ന് തുറങ്കിലടയ്ക്കപ്പെട്ട 800 ല്‍ പരം മെത്രാന്‍മാര്‍ – വൈദികരില്‍ പിന്നീട് പുറംലോകം കാണുന്ന ഏക വ്യക്തിയാണ് കര്‍ദ്ദിനാള്‍ സിപ്ലി. അദ്ദേഹം വത്തിക്കാന്‍ കൗണ്‍സിലില്‍ പങ്കെടുത്തു. പോള്‍ ആറാമന്‍ മാര്‍പ്പാപ്പ 1963ല്‍ അദ്ദേഹത്തെ ഉക്രേനിയന്‍ കത്തോലിക്കാ സഭയുടെ ആദ്യ മേജര്‍ ആര്‍ച്ചുബിഷപ്പായും 1965 ല്‍ കര്‍ദ്ദിനാളായും ഉയര്‍ത്തി. 1964ലെ ബോംബെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ അദ്ദേഹം സംബന്ധിച്ചിരുന്നു കൂടാതെ കേരളവും സന്ദര്‍ശിച്ചു. സ്റ്റാലിന്റെ കാലത്ത് നാമാവിശേഷമാക്കപ്പെട്ട ഉക്രേനിയന്‍ കത്തോലിക്കാ സഭയെ പുനരുദ്ധരിക്കാന്‍ പരിശ്രമിച്ച വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് സ്വന്തം നാട്ടില്‍ പ്രവേശനമില്ലായിരുന്നു. 1984 ല്‍ അന്തരിച്ച അദ്ദേഹത്തെ റോമില്‍ സംസ്‌കരിച്ചു. പിന്നീട് സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം 1992 ല്‍ ഉക്രെയിനിലെ ലവീവ് പട്ടണത്തിലെ സെന്റ് ജോര്‍ജ് കത്തീഡ്രലിലേക്ക് അദ്ദേഹത്തിന്റെ ഭൗതീകവശിഷ്ടങ്ങള്‍ മാറ്റി സ്ഥാപിച്ചു.

5. യുദ്ധത്തിലേക്ക് നീണ്ട സഭാ തര്‍ക്കങ്ങള്‍

ഉക്രെയ്‌നില്‍ വിവിധ സഭാവിഭാഗങ്ങള്‍ ഉണ്ടെങ്കിലും അവിടെ ഇപ്പോള്‍ ബഹുഭൂരിപക്ഷവും (78%) ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളാണ്. ഉക്രെയിന്റെ പല ഭാഗങ്ങളും റഷ്യ കൈവശപ്പെടുത്തിയ സമയത്ത് ഇവിടെയുള്ള ഉക്രേനിയന്‍ കത്തോലിക്കരെ നിര്‍ബന്ധപൂര്‍വം റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയില്‍ ചേര്‍ക്കുകയായിരുന്നുവെന്ന് മുകളില്‍ സൂചിപ്പിച്ചിരുന്നല്ലോ. ഇപ്രകാരം മോസ്‌കോ പാത്രിയര്‍ക്കാസിന്റെ അധികാരത്തിന് നിര്‍ബന്ധപൂര്‍വ്വം.കീഴ്‌പ്പെടേണ്ടിവന്ന ഉക്രെയിന്‍കാര്‍ തങ്ങളുടെരാജ്യം സോവിയറ്റ് യൂണിയനില്‍ നിന്ന് സ്വതന്ത്രമായ ശേഷം സ്വയംഭരണാധികാരമുള്ള ഒരു ഉക്രെയിന്‍ ദേശീയസഭ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു . 2014ല്‍ റഷ്യ സമീപരാജ്യമായ ക്രിമിയ പിടിച്ചടക്കിയതോടെ, അടുത്ത ഇര തങ്ങളാണെന്ന ബോധ്യത്തില്‍ അവരുടെ സ്വാതന്ത്ര്യദാഹം ശക്തമായി. തങ്ങളെ രാഷ്ട്രീയമായും സഭാപരമായും കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന റഷ്യയെന്ന വിദേശശക്തിയോടുള്ള അവരുടെ വിരോധം വര്‍ദ്ധിച്ചു. അങ്ങനെ 2018 ല്‍ അന്നത്തെ ഉക്രെയിന്‍ പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ തന്നെ അവര്‍ വിദേശ സഭാധികാരത്തില്‍ നിന്ന് മോചനം പ്രാപിച്ച് ഉക്രേനിയന്‍ സ്വതന്ത്ര സ്വയാധികാര ദേശീയ ഓര്‍ത്തഡോക്‌സ് സഭ പ്രഖ്യാപിച്ചു. ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭകളുടെ പൊതുതലവനായ കോണ്‍സ്റ്റാന്റിനോപ്പിലെ (ടര്‍ക്കി) എക്ക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ഈ സഭയെ അംഗീരകരിക്കുകയും ചെയ്തു. റഷ്യന്‍ പാത്രിയാര്‍ക്കിസിന്റെ കീഴില്‍ ഉക്രെയിനില്‍ ഉണ്ടായിരുന്ന 12000 ഇടവകകളില്‍ 7000 ഇടവകകള്‍ ഈ പുതിയ സഭയില്‍ ചേര്‍ന്നു. ഇപ്പോള്‍ നടക്കുന്ന യുദ്ധത്തില്‍ ഈ സഭാപ്രശ്‌നത്തിന് കാര്യമായ പങ്കുണ്ട്. റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് കിറിള്‍, വ്‌ലാഡ്മിര്‍ പുടിന്‍ എന്ന കടുത്ത മതവിശ്വാസിയായ റഷ്യന്‍ പ്രസിഡണ്ടിനോട് ചേര്‍ന്ന് രാഷ്ട്രീയ അധികാരവും സൈനികശക്തിയുമുപയോഗിച്ച് തന്റെ നഷ്ടപ്പെട്ടുപോയ സഭാധികാരം വീണ്ടെടുക്കാമെന്നു കരുതുന്നു. അതിനാല്‍ അദ്ദേഹം പുടിന് ഈ കാര്യത്തില്‍ പ്രേരണയും പിന്തുണയും നല്‍കിവരുന്നു.

6. വിശ്വാസ സമൂഹത്തിന്റെയും സഭാസമുച്ചയങ്ങളുടെ നാശം

ഉക്രെയിനില്‍ പൗരാണികവും കലാഭംഗി വിളിച്ചോതുന്നതുമായ അനേകം പള്ളികളും ആശ്രമങ്ങളുമുണ്ട്. കോണ്‍സ്റ്റാന്റിനോപ്പിളിലെ ഹഗിയാസോഫിയയുടെ മനോഹാരിതയും അവിടുത്തെ വി.കുര്‍ബാനയുടെ മാസ്മരികതയും കണ്ടാണല്ലോ വ്‌ലാഡ്മിര്‍ രാജാവിന്റെ പ്രതിനിധികള്‍ ക്രിസ്തുമതം സ്വീകരിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്നെ അവയെ അനുകരിക്കുന്ന കലാഭംഗിയുള്ള പള്ളികളും മറ്റ് നിര്‍മ്മിതികളും ഇവിടെ പണിതുയര്‍ത്തപ്പെട്ടിട്ടുണ്ട്. കീവിലെ സെന്റ് സോഫിയ കത്തീഡ്രല്‍, സെന്റ് ആന്‍ഡ്രൂസ്, സെന്റ് മൈക്കിള്‍സ് തുടങ്ങിയ നിരവധി പള്ളികള്‍ മനോഹാരിത തുളുമ്പുന്നതും സുവര്‍ണ്ണ താഴികക്കുടങ്ങള്‍ ഉള്ളവയുമാണ്. കൂടാതെ ഗുഹകളുടെ ആശ്രമം മുതലായ നിരവധി ചരിത്രസ്മാരകങ്ങളുമുണ്ട്. ഈ പള്ളികളുടെ അള്‍ത്താരകള്‍ ആഴമേറിയ ദൈവശാസ്ത്രം പങ്കുവയ്ക്കുന്ന മനോഹരമായ ബൈസാന്റിയന്‍ ഐക്കണുകളാല്‍ അലംകൃതമാണ്. ഇവയില്‍ പലതും നശിപ്പിക്കപ്പെടുമെന്നതും അനേകം വിശ്വാസികളും മറ്റുള്ളവരും കൊല്ലപ്പെടുതുന്നതുമാണ് ഈ യുദ്ധത്തിന്റെ ഒരു പ്രധാന ദുര്യോഗം.

ഉപസംഹാരം

ഉക്രെയിന്‍കാരും റഷ്യക്കാരും ഒരേവംശത്തില്‍പ്പെട്ടവരാണ്. അവര്‍ക്ക് ഒരേ സഭാപാരമ്പര്യമാണ് ഉള്ളത്. അതിനാല്‍ റഷ്യ ഉക്രെയിന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍
ഉക്രെയിന്‍കാര്‍ രാഷ്ട്രീയവും സഭാപരവുമായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഇവിടെ ആരു ജയിച്ചാലും പരസ്പരമുള്ള ഈ കലഹങ്ങള്‍ മൂലം പരാജയപ്പെടുന്നത് ക്രിസ്തീയതയായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *